എസ്.ഐ ആനന്ദിൻ്റെ അന്വേഷണവും കണ്ടെത്തലും; കുറ്റമറ്റൊരു ക്രൈം ത്രില്ലർ
|തൊണ്ണൂറുകളുടെ പശ്ചാത്തലം കുറ്റമറ്റ രീതിയിൽ പുനഃസൃഷ്ടിക്കുന്ന ഈ ചിത്രത്തിൽ ടൊവീനോയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് കാണാം
മറ്റു ജോണറിലുള്ള സിനിമകളെ അപേക്ഷിച്ച് കുറ്റാന്വേഷണ ചിത്രം ചെയ്യുന്ന സംവിധായകനു മുന്നിലുള്ള പ്രധാന വെല്ലുവിളി, ആദ്യാന്തം പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുനിർത്തണമെന്നതും സ്ക്രീനിനു പുറത്തേക്ക് ചിന്തിക്കാനുള്ള അവസരം നൽകാതിരിക്കണം എന്നതുമാണ്. ആ വെല്ലുവിളിക്കു മുന്നിലുള്ള സംവിധായകന്റെ ജയപരാജയങ്ങൾ ചിത്രത്തിന്റെ തന്നെ ബോക്സോഫീസിലെ വിജയപരാജയങ്ങളെ നിർണയിക്കുന്നു. ആ കടുത്ത പരീക്ഷണത്തിൽ വിജയിക്കുന്നുണ്ട് ടൊവിനോ തോമസ് നായകനായ "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന ചിത്രത്തിന്റെ സംവിധായകൻ ഡാർവിൻ കുര്യാക്കോസ്. രണ്ട് അന്വേഷണങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ടൊവീനോയുടെ കരിയറിലെ മികച്ച പ്രകടനങ്ങൾക്കൊന്നിനു കൂടിയാണ് വേദിയായിരിക്കുന്നത്.
തൊണ്ണൂറുകളിൽ നടന്ന രണ്ട് ക്രൂരമായ കൊലപാതകങ്ങൾ, അവയ്ക്കു പിന്നാലെയുള്ള നാല് പൊലീസുകാരുടെ ജീവിതം, അതിനിടയിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങൾ എല്ലാം ചേർന്ന ഒരു മികച്ച ക്രൈം ത്രില്ലറാണ് "അന്വേഷിപ്പിൻ കണ്ടെത്തും." ഒരു കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ശേഷം തിരിച്ച് സർവീസിൽ കയറിയ എസ്.ഐ ആനന്ദ് നാരായണന്റെ (ടൊവീനോ) ഓർമകളിലൂടെയാണ് ചിത്രത്തിലെ ആദ്യത്തെ അന്വേഷണം ചുരുൾ നിവരുന്നത്. നടപ്പുമാതൃകകൾ അനുസരിച്ചാണെങ്കിൽ ലൗഡ് ആയി മുഴച്ചുനിൽക്കേണ്ട ഒരു കഥാപാത്രത്തെ സൂക്ഷ്മമായ അഭിനയം കൊണ്ട് ടൊവിനോ മികച്ചതാക്കി മാറ്റുന്നു. സമീപകാലത്ത് ക്രൈം ത്രില്ലർ എന്ന പേരിൽ ചവറുപോലെ വന്നുപോകുന്ന സിനിമകളിൽ നായകന്റെ സ്വഭാവത്തിനു മേൽ പതിച്ചുനൽകുന്ന അനാവശ്യമായ വെച്ചുകെട്ടലുകൾ ഈ ചിത്രത്തിലില്ല എന്നത് ആശ്വാസകരമാണ്.
അന്വേഷണ സംഘത്തിലെ പൊലീസുകാരായി വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാലൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ വെട്ടുകിളി പ്രകാശിന്റെ അച്ഛൻ കഥാപാത്രവും ശ്രദ്ധേയമാകുന്നു. കോട്ടയം നസീർ, മധുപാൽ, ബാബുരാജ്, സിദ്ധിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, സാദിഖ്, അസീസ് നെടുമങ്ങാട്, ശ്രീജിത് രവി, ബാലാജി ശർമ്മ, പ്രേംപ്രകാശ്, നന്ദു, അർത്ഥന ബിനു, അശ്വതി മനോഹരൻ, രമ്യ സുവി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ജിനു വി എബ്രഹാമിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു ത്രില്ലർ കഥ ആവശ്യപ്പെടുന്ന സൂക്ഷ്മതയും ജാഗ്രതയും പാലിക്കാനും കഥാപാത്രങ്ങൾക്ക് ഐഡന്റിറ്റി നൽകാനും ജിനു ശ്രദ്ധിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ നടന്ന സംഭവത്തെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ ആ കാലത്തെ ചിത്രീകരിച്ച രീതിയും വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റുകളിലൊന്നു കൂടിയാണ് ആർട്ട് ഡയറക്ടറായ ദിലീപ് നാഥിന്റെ ഈ പിരീഡ് മാനേജ്മെന്റ്.
ചിത്രത്തിന്റെ മൂഡ് ആവശ്യപ്പെടുന്ന കളർ ടോണോടു കൂടിയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ സന്തോഷ് നാരായണൻ ദൃശ്യങ്ങളെ ചിത്രത്തിന്റെ ജോണർ അർഹിക്കുന്ന തലത്തിലേക്ക് എലവേറ്റ് ചെയ്യുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊരു വിഭാഗം ചിത്രത്തിന്റെ മൂഡ് നിശ്ചയിക്കുന്നതിൽ നിർണായക പങ്കുള്ള സൈജു ശ്രീധറിന്റെ എഡിറ്റിങ് ആണ്.
രണ്ട് പകുതികളിലായി പറയുന്ന രണ്ട് അന്വേഷണങ്ങളും മികച്ചതാണെങ്കിലും ആദ്യപകുതിയാണ് കൂടുതൽ മികച്ചു നിന്നത്. വർഷങ്ങളായി തെളിയാതെ കിടക്കുന്ന ഒരു കേസ് രണ്ടാം പകുതിയിൽ കൈകാര്യം ചെയ്യുമ്പോൾ ആദ്യപകുതി നൽകിയ ഹൈ ഫീലിലേക്കെത്തുന്നില്ല. എങ്കിലും അവസാനത്തോടടുക്കുമ്പോൾ ചിത്രം ട്രാക്കിൽ കയറുകയും അപ്രതീക്ഷിതമായ, അപ്പീലിങ് ആയൊരു ക്ലൈമാക്സ് സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.
ചുരുക്കത്തിൽ, ലോങ് റൺ അർഹിക്കുന്ന ഒരു ഡീസന്റ് വാച്ച് ക്രൈം ത്രില്ലർ എന്ന് "അന്വേഷിപ്പിൻ കണ്ടെത്തും" ചിത്രത്തെ വിശേഷിപ്പിക്കാം. ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയം അർഹിക്കുന്നുണ്ട്.