Art and Literature
അവുക്കര്‍ | Short Story
Art and Literature

അവുക്കര്‍ | Short Story

അനസ് മാള
|
11 Oct 2024 3:45 AM GMT

| കഥ

ജൂതന്മാര്‍ നാടുവിട്ടപ്പോള്‍ ഉപേക്ഷിച്ച ഓടുപാകിയ പുരാതന കെട്ടിടങ്ങള്‍ നിരന്ന തെരുവിലെ തിരക്കില്‍, ഒരു ജൗളിക്കടയുടെ മുന്നിലായി ഹസാര്‍ഡ് ലൈറ്റിട്ട് കാര്‍ നിര്‍ത്തിയതേയുള്ളു. അതാ, അവുക്കര്‍ കാറിനുനേരെ നോക്കി അഭിവാദ്യം ചെയ്യുന്നു. മാര്‍ബിള്‍ ഡിസൈന്‍ പോലെ വിണ്ടുകീറിയ കിറിയിലൂടെ മുറുക്കാന്‍ നീര് ഒലിച്ചിറങ്ങിയത് ഇടത്തേ കൈത്തലം കൊണ്ട് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അവന്‍. കടന്നുപോയ കാലം അടയാളപ്പെടുത്തിയ മാറ്റങ്ങള്‍ക്കിടയിലും ഒരു ശിശുവിനെപോലെ നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് അവന്‍ കാറിനോട് ചേര്‍ന്നുനിന്നു, അകത്ത് ആരെന്നറിയാന്‍ ഗ്ലാസ്സിലൂടെ ചൂഴ്ന്ന് നോക്കി.

''ഓഹ്... എന്തൊക്കിണ്ട് വിശേസം? കൊറേ നാളായല്ലാ കണ്ടിട്ട്''

അടച്ചിട്ട ഗ്ലാസിന് വെളിയിലെ ശബ്ദം അത്ര വ്യക്തമായില്ലെങ്കിലും അതായിരിക്കുമല്ലോ അവന് ചോദിക്കാനുണ്ടാവുക എന്ന് ഊഹിച്ചു. നഗരത്തില്‍ വെച്ച് ആരെ എപ്പോള്‍ കണ്ടാലും അവന്റെ പതിവാണല്ലോ അത്. വിശേഷങ്ങള്‍ ചോദിക്കുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചാണ്. വല്ലതും കിട്ടുന്നതുവരെ തല ഒരുവശം ചെരിച്ച്, ദയനീയമായി വിടര്‍ത്തിച്ചിരിച്ച് അവന്‍ നില്‍ക്കും. ഒന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് കണ്ടാല്‍, 'ഓഹ്, നീയൊക്കെ വല്യ ആളായില്ലേ' എന്നുറക്കെ ഒച്ചയിടും. അല്ലെങ്കില്‍ ആളുകളുടെ പിടിച്ച കൈ വിടാതെ നിര്‍ത്തി വെറുപ്പിച്ചുകൊണ്ടിരിക്കും. ആ പിടുത്തത്തില്‍ നിന്ന് ഊരിപ്പോകാനുള്ള വ്യഗ്രതയില്‍ ചിലര്‍ വിഫലമായ അടവുകളിറക്കും. ചിലപ്പോഴൊക്കെ പത്തോ അമ്പതോ രൂപ കൊടുത്ത് തടി രക്ഷപ്പെടുത്തി എന്ന ഭാവത്തില്‍ ആളുകള്‍ ഒഴിഞ്ഞുപോകും. അവുക്കറിനും അത് മതിയാവും.

ആളുകള്‍ക്ക് മുന്നില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന അവുക്കറിനെ അലോസരമോ വെറുപ്പുമൂലമോ അവഗണിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ മിക്കയാളുകളും കൈയില്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരതി ഒരു ചില്ലറത്തുട്ടെങ്കിലും കൈമാറാതിരിക്കില്ല. അത് കിട്ടിയ സന്തോഷത്തോടെ 'ശരിയെന്നാ' എന്ന് അത്യുച്ഛത്തില്‍ ഉദ്‌ഘോഷിച്ച് അവന്‍ അടുത്ത മറ്റൊരാളിലേക്ക് പിന്മാറും. നഗരത്തിലെ പല സ്ഥാപനങ്ങളും അവരുടെ പരസ്യനോട്ടീസ് വിതരണം ചെയ്യാന്‍ ഏല്‍പിക്കുന്നതും അവുക്കറിനെയാണ്. അവര്‍ അതിന് പ്രതിഫലമായി എന്തെങ്കിലും നല്‍കുകയും ചെയ്യും. കരുണയുടെയും നേരംപോക്കിന്റെയും സമ്മിശ്രമായ സമീപനം കച്ചവടക്കാരില്‍ നിന്നും നഗരത്തില്‍ വന്നുപോകുന്നവരില്‍ നിന്നും അവനുണ്ടായി.

അബൂബക്കര്‍ എന്നാണ് അവന്റെ ശരിയായ പേര്. അവുക്കര്‍ എന്നേ ആളുകള്‍ വിളിക്കൂ. ഓര്‍മവെച്ച കാലം മുതലേ അവുക്കര്‍ നഗരത്തിലുണ്ട്. 'ഓഹ്... എന്തൊക്കിണ്ട് വിശേസം' എന്ന അഭിസംബോധനയോടെ ഓര്‍ക്കാപ്പുറത്ത് അവുക്കറുടെ പെണ്‍ശബ്ദം ആളുകളുടെ മുന്നിലേക്ക് ചാടിവീഴും. വെളുത്ത്, ഉയരം കൂടി എലുമ്പിച്ച അവന് അന്ന് ഇരുപതുകഴിഞ്ഞിട്ടേ ഉള്ളൂ. അസ്വാഭാവികമായ വിധത്തില്‍ വളഞ്ഞുകുനിഞ്ഞ് അവന്‍ നടക്കുന്നത് കാണുന്നവര്‍ക്ക് തന്നെ ഒരു ഭാരമാണ്. വായില്‍ എപ്പോഴും മുറുക്കാന്‍ ഉണ്ടാകും. കൈയില്‍ വെറ്റിലയും അടക്കയും ചുരുട്ടിപ്പിടിച്ചിരിക്കും. കുടുക്കുകള്‍ അഴിഞ്ഞ് അലസമായി ധരിച്ച ഷര്‍ട്ടും കറയും ചെളിയും പുരണ്ട മടക്കിക്കുത്തിയ വെള്ള മുണ്ടുമാണ് സ്ഥിരം വേഷം. നില്‍ക്കുമ്പോഴും നടക്കുമ്പോഴും പറ്റെവെട്ടിയ തലമുടിയില്‍ ഇടതുകൈ കൊണ്ട് ഇടക്കിടെ വെറുതെ ഉഴിഞ്ഞുകൊണ്ടിരിക്കും.

സദാസമയവും തുറിച്ചുനോക്കികൊണ്ടിരിക്കുന്ന അവന്റെ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കിയാല്‍ ദൈന്യതയുടെ ഒരു തീക്കടല്‍ കാണാം. ഒരുപക്ഷെ ഉള്ളില്‍ തിളയ്ക്കുന്ന ഏതോ സങ്കടങ്ങള്‍ സ്വയം തിരിച്ചറിയാതെയോ, അതോ തന്റെ സര്‍വ്വ വികാരവിചാരങ്ങളും കെട്ടുപോയതോ, അല്ലെങ്കില്‍ ഒരുപക്ഷെ അവന്‍ അനുഭവിച്ചിരിക്കാവുന്ന എല്ലാ വേദനകളും ഉള്ളിലമര്‍ത്തിവെച്ച് ശീലിച്ചുപോന്നതോ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട അതേ അവുക്കറാണോ ഇത്? അന്നത്തെ ഇരുപതുകാരന്റെ രൂപത്തില്‍ വലിയ മാറ്റങ്ങളില്ല. തലമുടിയിലും അങ്ങിങ്ങായുള്ള കുറ്റിത്താടിയിലും നര വന്നുതുടങ്ങിയിട്ടേയുള്ളു. മുറുക്കിമുറുക്കി ചുണ്ടിലും കിറിയിലും വീണ വടുക്കള്‍. അതേ പെണ്‍ശബ്ദം, അംഗവിക്ഷേപങ്ങള്‍, അതേ ആവശ്യങ്ങള്‍. സംസാരത്തില്‍ പോറലുകള്‍ വീണിട്ടുണ്ടോ?

അതിനിടയിലൊരിക്കല്‍ അവുക്കര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അവന്‍ അത്തരക്കാരനാണെന്ന് ഒരിക്കലും അതുവരെ ചിന്തിച്ചില്ല. അവന്റെ നിഷ്‌കളങ്കമായ പെരുമാറ്റങ്ങളില്‍ നിന്ന് അങ്ങനെ ചിന്തിക്കാനെ ആര്‍ക്കും കഴിയൂ. പക്ഷെ അതെങ്ങനെ അവുക്കറിന് സാധിച്ചു?

വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. അന്ന് നഗരത്തില്‍ ഉരുണ്ടുകൂടിയ പുകമറയ്ക്കകത്ത് ഒരു കഥ വികസിച്ചുവന്നു. അതിനുമെത്രയോ വര്‍ഷങ്ങള്‍ക്ക് മുന്നേ മറ്റൊരു കഥയുണ്ട്. നഗരത്തില്‍ നിന്നും കുറെ ദൂരെ മാറി ഒരു വയല്‍ഗ്രാമത്തിലെ കഥ. കൃഷി ഉപജീവനമാക്കിയ ഗ്രാമവാസികള്‍. നിഷ്‌കളങ്കതയുടെ ഹരിതഭംഗി ചുറ്റിയ ഉള്‍നാടന്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ആളുകള്‍...

ചെളിച്ചേറില്‍ മുഴുകിയ കഠിനാധ്വാനത്തിന്റെ പകലൊഴിഞ്ഞ് നിശ്ശബ്ദമായ, മഴക്കോള് തണുപ്പിച്ച ഒരു രാത്രിയില്‍, ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന കുഞ്ഞന്‍ വറീത് ''കള്ളന്‍ കള്ളന്‍'' എന്ന് പൊടുന്നനെ ഒച്ചവെച്ച് ആ നാടിന്റെ ഉറക്കം കെടുത്തി. മേല്‍കഴപ്പ് തീര്‍ക്കാന്‍ പച്ചക്കള്ള് മോഷ്ടിച്ച് പങ്കുവെച്ച് തൊട്ടപ്പുറത്തെ പറമ്പില്‍ ഇരുന്നവരും നിരത്തിലൂടെ വെറുതെ നടക്കാനിറങ്ങിയവരും വൈകുന്നേരക്കഞ്ഞിക്ക് ഒരുക്കം നടത്തുന്നവരും പകലിലെ ക്ഷീണം തീര്‍ക്കാന്‍ വെറുതെ കിടന്നവരും വറീതിന്റെ ഒച്ചകേട്ട് ഓടിക്കൂടി.

കള്ളനല്ല അതെന്ന കാര്യം മനസ്സിലാക്കിയെന്നപോലെ ഓടിവന്നവരില്‍ ഓരോരുത്തരും എന്തൊക്കെയോ പിറുപിറുത്ത് തിരിച്ചുപോകാന്‍ തുടങ്ങി. ''വേറെ പണിയില്ലാഞ്ഞിട്ടാണോ, നാളെ പണിക്കുപോവാനുള്ളതാ'' എന്നാരോ പറയുന്നത് കേട്ടു. ഓടിവന്ന് തലയെത്തിനോക്കിയ പെണ്‍കുട്ടികളെ വീട്ടുകാര്‍ വഴക്കുപറഞ്ഞ് വീട്ടിലേക്ക് തിരിച്ചോടിച്ചു. സ്ഥലത്തെ ചെറുപ്പക്കാര്‍ അവരുടെ മനോഗതങ്ങളിലൂടെ ഊളിയിട്ടുപാഞ്ഞു. അവര്‍ എന്തൊക്കെയോ പറയുകയും ചുണ്ടമര്‍ത്തി ചിരിക്കുകയും ചെയ്തു. ''ഉറക്കം കളഞ്ഞല്ലോടാ'' എന്ന് ആരോ കുഞ്ഞന്‍ വറീതിനെ ചീത്തപറഞ്ഞു. അബദ്ധം പിണഞ്ഞതില്‍ വെന്ത് കുഞ്ഞന്‍ വറീത് കുറച്ചുനേരം അവിടെ നിന്നു. പിന്നെ എവിടേക്കോ പോയി.

പുറത്തെ ബഹളങ്ങള്‍ കേട്ട് ഉറക്കം തെളിഞ്ഞ്, പതിയെ ചെറ്റവീടിന്റെ ആളുയരമില്ലാത്ത ഇറയത്ത് വന്ന് കുനിഞ്ഞുനിന്ന് അവുക്കര്‍ കണ്ണുകള്‍ തിരുമ്മി. അത്ര വ്യക്തമല്ലാത്ത തൊടിയിലെ ഇരുട്ടില്‍ ആളുകളുടെ അനക്കമറിഞ്ഞ് പരിഭ്രമിച്ച് ഉമ്മയെ വിളിച്ചു. അകത്ത് ഉമ്മ ആ വിളികേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍ കിടന്നു. അവുക്കര്‍ അകത്തെ മുറിയില്‍ ചെന്ന് ഉമ്മയെ നോക്കി. ഉമ്മ പതിവില്ലാത്തതുപോലെ കമിഴ്ന്ന് കിടക്കുന്നതോ കരയുന്നതോ അതിശയത്തോടെ നോക്കി അവന്‍ കുറച്ചുനേരം നിന്നു. പിന്നെ തന്റെ മുറിയിലെ തഴപ്പായയില്‍ ചെന്ന് കിടന്നു.

പിറ്റേന്ന് രാവിലെ മുതല്‍ കവല പുതിയ വര്‍ത്തമാനങ്ങളാല്‍ സജീവമായി. പീടികകളിലും ചായപ്പീടികകളിലും ആളുകള്‍ പതിവിലും ഉന്മേഷത്തോടെ എന്തൊക്കെയോ പറഞ്ഞുനടന്നു. വൈകിട്ട് കവലയില്‍ എന്തോ വാങ്ങിക്കാനെത്തിയ അവുക്കറെ ആളുകള്‍ കാണുന്ന മുറയ്ക്ക് കൈപൊത്തി ശബ്ദം കുറച്ച് എന്തോ പറഞ്ഞു. ചിലര്‍ എന്തൊക്കെയോ കൊള്ളിച്ചും തോണ്ടിയും സംസാരിച്ചു. എന്താണ് കാര്യമെന്ന് അവുക്കറിന് മനസ്സിലായില്ലെങ്കിലും എന്തോ ഒരു അസ്വസ്ഥതയുടെ വേരുകള്‍ അവനില്‍ പൊട്ടിമുളയ്ക്കുന്നുണ്ടായിരുന്നു.

അവുക്കര്‍ വീട്ടിലെത്തിയപ്പോള്‍, ഉമ്മ പാടത്തെ പണികഴിഞ്ഞുവന്ന്, മഴയത്ത് നനയാതിരിക്കാന്‍ ധരിക്കാറുള്ള പ്ലാസ്റ്റിക് ഷീറ്റ് അയയില്‍ വിരിക്കുന്നത് കണ്ടു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഉമ്മാക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമായിരുന്നോ എന്ന് ഒരുനിമിഷം അവുക്കര്‍ ചിന്തിച്ചു. തെല്ല് അറച്ചുനിന്ന്, പിന്നെ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കരഞ്ഞുചോദിച്ചു, ''ഉമ്മ ചീത്തയാണോ ഉമ്മാ?'' അപ്രതീക്ഷിത ചോദ്യം കേട്ട ആഘാതത്തില്‍ ഉമ്മ കുഴഞ്ഞുവീണു. അവുക്കര്‍ പരിഭ്രമിച്ച് ഉമ്മയെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ മുതിരും മുമ്പേ അവര്‍ സ്വയം താങ്ങി എഴുന്നേറ്റു, ''എനിക്ക് കുഴപ്പൊന്നും ഇല്ല മോനെ'' എന്ന് വിതുമ്പി.

ഗ്രാമം അവുക്കറിന് പതിയെ അന്യദേശം പോലെ തോന്നിത്തുടങ്ങി. കവലയിലെ സ്ഥിരം കൂട്ടുകാര്‍ അവനുമായി കൂട്ട് കൂടാന്‍ വൈമുഖ്യം കാണിച്ചു. കറ്റ മുറിഞ്ഞ പാടത്തെ പതിവു കളിവിനോദങ്ങള്‍ക്ക് ആരും വിളിക്കാതെയായി. ഉമ്മയുടെ നേരെ നോക്കാനും വിഷമം. അസ്വസ്ഥതകളുടെ വല്ലാത്ത ഒരു ഭാരം അവനെ ഭയപ്പെടുത്തി. അങ്ങനെയിരിക്കെ, വല്ലപ്പോഴും മാത്രം പൊടിപരത്തി കവലയിലെത്താറുള്ള നഗരത്തിലേക്കുള്ള ബസ്സില്‍ ഒരുദിവസം അവന്‍ കയറിയിരുന്നു. ഉമ്മാക്ക് കൂട്ടിന് ഇനിയാരുണ്ട് എന്ന് ചിന്തിക്കാന്‍ അവന്‍ അപ്പോഴേക്കും മറന്നുപോയിരുന്നു. കിലോമീറ്ററുകളോളം തളര്‍ന്നിരുന്നുപോയ ഉറക്കത്തിനൊടുവില്‍ അരിച്ചാക്കിന്റെയും തവിടിന്റെയും മണമുള്ള നഗരവഴികളിലൊന്നില്‍ അവന്‍ ആദ്യമായി ഇറങ്ങി...

പകലിന്റെ സജീവതയെ പുകമറയിലാക്കിയ ഒരു ദിവസം. തലേന്ന് അര്‍ധരാത്രി മുതല്‍ ഏതാണ്ട് പൂര്‍ണമായും കത്തിത്തീര്‍ന്ന നാലുനില കെട്ടിടത്തില്‍ ഇപ്പോഴും പുകയുയരുന്നു. റെസ്‌ക്യൂ സൈന്യവും പൊലീസും രംഗം വിട്ടിട്ടില്ല. വാഹനങ്ങള്‍ കടന്നുപോകാന്‍ താല്‍കാലിക റോഡ് ഒരുക്കിയിട്ടുണ്ട്. കത്തിയ കെട്ടിടത്തിന്റെ അസ്ഥികാണാന്‍ തിക്കിത്തിരക്കിവരുന്ന ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് കഷ്ടപെട്ടു. റോഡിലടക്കം അവര്‍ നാടകെട്ടി ബന്തവസ്സാക്കി. പത്രക്കാര്‍ പൊലീസുകാരോട് ചോദ്യമുനകളുമായി ഉന്തിക്കയറുന്നുണ്ട്. ''ഒന്നും പറയാനായിട്ടില്ല'' എന്ന് പൊലീസുകാര്‍ അവര്‍ക്ക് മറുപടി നല്‍കി മടുത്തു. എന്നാലും ആരാ ഈ കൊലച്ചതി ചെയ്തത്? ചിലപ്പോ ഇന്‍ഷ്യൂറന്‍സ് തട്ടാന്‍ ഉടമസ്ഥന്‍ തന്നെ ഒപ്പിച്ചതാവണം... അതുകൊണ്ടല്ലേ ആളപായമൊന്നും ഇല്ലാതിരുന്നത്..., അല്പം മാറിനിന്ന് ആളുകള്‍ ചന്നം പിന്നം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

കെട്ടിടത്തിന്റെ തൊട്ടുപിന്നില്‍ ആള്‍മറയില്ലാത്ത ഒരു കിണറുണ്ട്. അധികമാരും പ്രവേശിക്കാത്ത, കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥലമാണത്. നഗരത്തിലെ മുക്കുമൂലകള്‍ പരിചയമുള്ള അവുക്കര്‍ പൊലീസിന്റെ ബന്തവസ്സിനിടയിലും എങ്ങിനെയോ നുഴഞ്ഞുകയറി കിണറിനടുത്തെത്തി. അതിന്റെ വക്കില്‍ നിന്ന് എന്തോ എടുത്ത് ഒളിപ്പിക്കുന്നതായി ആരുടെയോ ശ്രദ്ധയില്‍പെട്ടു. ഒരു ചരടില്‍ കോര്‍ത്തുകെട്ടിയ നിലയില്‍ പാതി കത്തിയ സിഗരറ്റുകെട്ട് ആയിരുന്നു അത്. താമസിയാതെ ഒരു പൊലീസുകാരന്‍ അവുക്കറിന് സമീപത്തെത്തി.

കെട്ടിടത്തിന് പിന്നിലെ കിണറിനടുത്ത് നിന്ന് പാതികരിഞ്ഞ സിഗരറ്റുകെട്ട് കണ്ടെത്തിയെത്തിയിട്ടുണ്ടെന്നും കെട്ടിടം മനഃപ്പൂര്‍വം കത്തിച്ചതാണെന്ന് സംശയിക്കുന്നുവെന്നും കെട്ടിട ഉടമയോടുള്ള വ്യക്തി വിരോധമാണോ കൃത്യത്തിന് പിന്നിലെന്ന് പരിശോധിക്കുമെന്നും ഉടമയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പത്രക്കാരെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും അതിനുശേഷം അറസ്റ്റുണ്ടാവുമെന്നും കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഔദ്യോഗികമായി പേര് വെളിപ്പെടുത്തിയില്ലെങ്കിലും പത്രക്കാര്‍ക്ക് കാര്യം മനസ്സിലായിരുന്നു. പിറ്റേന്നിറങ്ങിയ ചില പത്രങ്ങളില്‍ പിടികൂടിയ പ്രതിയെപറ്റി വാര്‍ത്ത വന്നു. പൊലീസ് അറസ്റ്റുചെയ്തത് അവുക്കര്‍ എന്ന് വിളിക്കപ്പെടുന്ന അബൂബക്കര്‍ എന്ന ഒരാളെയാണെന്നും അയാള്‍ ഈ നാട്ടുകാരനല്ലെന്നും അകലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്നതാണെന്നും പത്രങ്ങള്‍ ആഘോഷിച്ചു. അന്വേഷണം തീരുംമുന്നേ അറസ്റ്റ് പ്രഖ്യാപനം നടത്തിയ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പോലീസിന് ഈര്‍ഷ്യ തോന്നിയിരിക്കണം.


കെട്ടിടം തീവെച്ചുനശിപ്പിച്ച പ്രതി അവുക്കറിന്റെ വേരുകള്‍ മണത്ത് പത്രക്കാര്‍ അവന്റെ ഗ്രാമത്തിലെത്തി. നഗരത്തില്‍ നിന്ന് പത്രക്കാര്‍ തങ്ങളെ തേടി ഗ്രാമത്തിലെത്തിയ ഉത്സാഹത്തില്‍ അന്നാട്ടുകാര്‍ പുളകം കൊണ്ടു. പണ്ടൊരിക്കല്‍ നാടുവിട്ട അവുക്കറിനെ പറ്റി നാട്ടുകാര്‍ അവരവരുടെ ഭാവനകളില്‍ വിരിഞ്ഞത് മതിവരെ പറഞ്ഞുകൂട്ടി. അവര്‍ പറഞ്ഞതെല്ലാം ചെവിയോട് ചെവി ഓടിനടന്നു. ആളുകള്‍ കൗതുകത്തോടെയും ആവേശത്തോടെയും അടക്കം പറഞ്ഞ പല കാര്യങ്ങളും പത്രത്താളുകള്‍ വെളിച്ചത്തുകൊണ്ടുവന്നു. ഉടമയെയും അവുക്കറിന്റെ ഉമ്മയെയും ബന്ധപ്പെടുത്തി സ്‌കൂപ്പുകള്‍ കൊണ്ട് പത്രങ്ങള്‍ ആഘോഷിച്ചു.

തന്നെ ചോദ്യം ചെയ്യുന്ന പൊലീസുകാരെ അവുക്കര്‍ നിശ്ശബ്ദമായി നോക്കിയിരുന്നു. പറയാതെ പലതും അവന്‍ പറയുന്ന പോലെ പോലീസിന് തോന്നി. തന്നെ ക്രൂരമായി നോക്കുന്ന പൊലീസുകാരെ അവന്‍ ദയനീയമായി നോക്കി. അവന്റെ നിശ്ശബ്ദതക്കുമേലെ പോലീസ് ആവുന്നിടത്തോളം കൈവെച്ചു. ശരീരം നുറുങ്ങുന്ന വേദനകള്‍ക്കിടയിലും അവന്‍ നിസ്സംഗത വിടാതെ ഇരുന്നു.

ചോദ്യം ചെയ്യല്‍ അധികം നീണ്ടുപോയില്ല. എല്ലുനുറുങ്ങി, മാംസം നൊന്ത്, താന്‍ മരിച്ചുപോകുമോ എന്ന് കരുതിയ വേളയില്‍, അവന്‍ തനിക്ക് വിശക്കുന്നു എന്ന് കരഞ്ഞുവിളിച്ചു. നല്ല വിഷമം വരുമ്പോ അവന് നല്ല പോലെ വിശക്കും. പണ്ട് തനിക്ക് വിശക്കുമ്പോള്‍ ഉമ്മ കരയാറുള്ളത് അവനോര്‍ത്തു. അപ്പോള്‍ അവന്റെ കണ്‍പീലി കുതിര്‍ന്നു.

സത്യം പറഞ്ഞാല്‍ വയറുനിറയെ ബിരിയാണി വാങ്ങിത്തരാം എന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫറിട്ടു. ഇല്ലെങ്കില്‍ നടുവൊടിയും വരെ പെരുമാറുമെന്ന് ഇടക്കുകയറി ഒരു പൊലീസുകാരന്‍ പറഞ്ഞു. പറഞ്ഞത് ഇഷ്ടപ്പെടാത്ത മട്ടില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആ പോലീസുകാരനെ കൈപൊക്കി തടഞ്ഞു. ചതഞ്ഞ ശരീരത്തിലിരുന്ന് അവുക്കര്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്കനുസരിച്ച് മൂളിക്കൊണ്ടിരുന്നു. പൊലീസ് അതെല്ലാം ഉറച്ച മൊഴികളായി രേഖപ്പെടുത്തി. ആവശ്യത്തിന് വേണ്ട ചേരുവകള്‍ ചേര്‍ത്ത് അവര്‍ കുറ്റപത്രം വേവിച്ചെടുത്തു. ചൂടാറും മുന്നേ അത് മാധ്യമങ്ങള്‍ക്ക് വിളമ്പി. വയറുനിറഞ്ഞ്, നാടുനീളെ ഛര്‍ദ്ദിച്ച്, കൃത്യം നടത്തിയ അവുക്കറിനെ അവര്‍ കോടതിയെക്കാള്‍ മുന്നെ വിസ്തരിച്ചു... നാട്ടുകാര്‍ക്ക് മുന്നില്‍ നടന്ന വിചാരണയ്ക്കിടെ കോടതി അവുക്കറിന് ആറ് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

കുറച്ചുമാസങ്ങള്‍ക്ക് ശേഷം തൊഴില്‍പരമായ കൃത്യവിലോപത്തിന് ഡിസ്മിസ് ചെയ്യപ്പെട്ട പാപ്പച്ചന്‍ എന്ന പോലീസുകാരന്‍ ഒരു മാധ്യമസമ്മേളനം വിളിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്ന് അയാള്‍ മീഡിയക്കാരോട് പറഞ്ഞു. വസ്തുതകള്‍ തെളിവുസഹിതം വിശദീകരിക്കുന്നതിനിടെയാണ് അറിയപ്പെടുന്ന ഒരു വ്യവസായിക്കുവേണ്ടി സര്‍ക്കിള്‍ നടത്തിയ തിരക്കഥയില്‍ തനിക്കും ഭാഗമാകേണ്ടിവന്നത് അയാള്‍ വ്യക്തമാക്കിയത്. വ്യവസായി തന്റെ എതിരാളിയുടെ കെട്ടിടം സഹായികളെ ഉപയോഗപ്പെടുത്തി തീവെച്ചതാണെന്ന യഥാര്‍ഥ കഥ അയാളെടുത്ത് പുറത്തിട്ടു. നഗരത്തിലെ അഗ്‌നിബാധക്കു പിന്നാലെ അന്വേഷണമെന്ന വ്യാജേന പൊലീസ് സംഘം സ്ഥലം പരിശോധിക്കുമ്പോഴാണ് അവിചാരിതമായി അവുക്കറിനെ കൈയില്‍ കിട്ടുന്നത്. അവന്‍ കിണറ്റിനരികില്‍ നിന്ന് സിഗരറ്റുകെട്ട് എടുക്കുന്നത് കണ്ട നാട്ടുകാരന്‍ തന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നുവെന്ന് അയാള്‍ മൊഴിഞ്ഞു. ഈ വാര്‍ത്ത പക്ഷെ പിറ്റേന്നിറങ്ങിയ പത്രങ്ങള്‍ ഉള്‍പേജിലെവിടെയോ ഉള്ള പെട്ടിക്കോളത്തില്‍ ഒളിപ്പിച്ചുവെച്ചു.

വര്‍ഷങ്ങള്‍ അവുക്കറിനെ മറന്ന് പിന്നെയും മുന്നോട്ട് പോയി. രണ്ട് വര്‍ഷം ബാക്കിയിരിക്കെ, ഏതോ ഒരു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശിക്ഷാകാലാവധി റദ്ദാക്കപ്പെട്ട് അവന്‍ ജയില്‍മോചിതനായി. പോകാന്‍ മറ്റൊരിടമില്ലാത്ത അവന്‍, തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നഗരത്തില്‍ പിന്നെയുമെത്തി. ആളുകള്‍ തന്നെ സമീപിക്കുന്നതില്‍ മാറ്റങ്ങളെന്തെങ്കിലും ഉണ്ടോ എന്നൊന്നും ചിന്തിക്കാതെ, പരിക്കേല്‍ക്കാത്ത പഴയ നിഷ്‌ക്കളങ്കമായ ചിരിയോടെ, അസഹ്യമായ മുറുക്കാന്‍വാടയോടെ അവന്‍ ഇപ്പോഴും നഗരത്തെരുവുകളിലെ മുക്കുമൂലകളിലും കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.

Similar Posts