ആയിഷ ഖാലിദ് | Short Story
|| കഥ
''ഞാനിതെവിടെയാണ് ഇരിക്കുന്നത്..?''
അവള് ആലോചിച്ചു. താന്‍ എവിടെയാണെന്നോ ഇതേതാണ് മുറിയെന്നോ അവള്‍ക്കറിയില്ല.. കര്‍ട്ടനുകളെല്ലാം കീറിപ്പറിഞ്ഞുകിടക്കുന്നു. തലയിണയില്‍ നിന്നും പഞ്ഞി പുറത്തു ചാടിയിരിക്കുന്നു. രണ്ടു മദ്യക്കുപ്പികള്‍ ഹൃദയം തകര്‍ന്ന മനുഷ്യരെ പോലെ കിടക്കയില്‍ അലക്ഷ്യമായി കിടക്കുന്നു. ഉത്തരം താങ്ങികളായ പല്ലികള്‍ക്ക് വായിക്കാന്‍ പാകത്തില്‍ വേദഗ്രന്ഥം മേശപ്പുറത്ത് തുറന്നുകിടക്കുന്നു. താഴെ നടക്കുന്ന വിക്രിയകളൊന്നും സഹിക്കാനാകാതെ തുരുമ്പിന്റെ ഭാഷയില്‍ സകല ചരാചരങ്ങളേയും ശപിച്ചുകൊണ്ട് ഫാന്‍ കറങ്ങുന്നു..
ആയിഷ ഖാലിദ്.
അതൊരു പെണ്ണിന്റെ നാമമല്ലായിരുന്നെങ്കില്‍ പ്രേമനൈരാശ്യമോ വിവാഹമോചനമോ കഴിഞ്ഞ് മദ്യവും കുറ്റബോധവും മനസില്‍ നിറഞ്ഞ് സ്വയം ഇല്ലാതാകാന്‍ ശ്രമിക്കുന്ന ഒരു പുരുഷന്റെ മുറി എന്നേ ആരും പറയൂ.
മരണദേവന്റെ കുഴലൂത്ത് കേട്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ആത്മാവിനെ പോലെ അവളെഴുന്നേറ്റു. തുറന്നുകിടക്കുന്ന വേദഗ്രന്ഥം അടച്ചുവെച്ചു. മറ്റൊന്നുമാലോചിക്കാതെ മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തി.
മതത്തില്‍ നിന്നും മദ്യത്തിലേക്ക്.
പിന്നെ പൊട്ടിച്ചിരിച്ചു..
***********
''മാഡം.. നിങ്ങളീ കുഞ്ഞിനെ പ്രസവിച്ചേ മതിയാകൂ.. ഇത്രയും മാസമായ ഒരു ജീവനെ നശിപ്പിക്കാന്‍ പാടില്ല. ഭ്രൂണഹത്യയല്ലത്, കൊലപാതകമാണ്. ഞാനതിന് കൂട്ടുനില്‍ക്കില്ല..''
ഒരമ്മയുടെ ഉറച്ചതും കരുണാര്‍ദ്രവുമായ സ്വരത്തില്‍ ഡോക്ടര്‍ ടെസ പറഞ്ഞു.
''കൊലപാതകമോ..! അതിനിത് മനുഷ്യനാണോ.. ആ മൃഗത്തിന്റെ വിത്തല്ലേ..! അസുരവിത്ത്.. ഞാനീ ലോകത്ത് ഏറ്റവും വെറുക്കുന്നയാളിന്റെ സന്തതിയെ വളര്‍ത്തണമെന്നോ..! പറ്റില്ല..!
ആയാളുമായി പിരിഞ്ഞ ആ നിമിഷം എന്റെ കുഞ്ഞ് മരിച്ചു. ഇപ്പോള്‍ ഇതൊരു ശവശരീരമാണ്. '' ആ സ്ത്രീ തുടര്‍ന്നു..
''എനിക്കൊന്നും സംഭവിക്കാതെ ഈ വയറ്റില്‍ നിന്നും എടുത്തുകളയാന്‍ പറ്റുമോ എന്നാണ് എനിക്കറിയേണ്ടത്. ഞാന്‍ പണം തരാം..''
മാതൃത്വവും കരുണയും തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ സ്ത്രീയുടെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി ടെസ പറഞ്ഞു.
''നിങ്ങളിതിനെ പ്രസവിച്ചാല്‍ മതി മാഡം. വളര്‍ത്തേണ്ട.. ദൈവം തന്ന വരമായി ആ കുഞ്ഞിനെ ഞാനെടുത്തോളാം..''
ആ സന്ദര്‍ഭത്തില്‍ ടെസയുടെ കണ്ണുകളില്‍ ഒരമ്മയുടെ നനവ് ഉണ്ടായിരുന്നു.
*******
''ഹ..ഹ..ഹ.. നീയെന്താ വിചാരിച്ചത്.. ഞാന്‍ നിന്നെ അറസ്റ്റ് ചെയ്യുമെന്നോ..! ഞാന്‍ പൊലീസല്ല. നിനക്ക് വരം തരാന്‍ വന്ന ദേവതയാണ്..''
നിലത്തുകിടക്കുന്നയാളെ നോക്കി ആയിഷ പറഞ്ഞു. ഒരു ഉന്മാദിയുടെ ഭ്രാന്തമായ ചിരി അപ്പോള്‍ അവളിലുണ്ടായിരുന്നു. ദേവതയെന്ന് വിശേഷിപ്പിച്ചപ്പോഴും നരകത്തില്‍ നിന്നുപോലും പുറത്താക്കപ്പെട്ട പിശാചിന്റെ ഭാവമായിരുന്നു അവള്‍ക്ക്. കാലുകള്‍ക്കിടയിലേക്ക് ഉന്നം പിടിച്ചുകൊണ്ട് മധുരമായി ആയിഷ പറഞ്ഞു.
'' ഒരു കര്‍മ്മം കൂടി ബാക്കിയുണ്ട്. അതിലൂടെ എന്നെന്നേക്കുമായി വിവാഹം എന്ന കുരുക്കില്‍ നിനക്ക് രക്ഷപ്പെടാം..''
അവള് പൊട്ടിച്ചിരിച്ചു. അടുത്തനിമിഷം വെടിയൊച്ച കേട്ടു. അയാള്‍ അലറിക്കരഞ്ഞു.
അവള് പകയോടെ വീണ്ടും വീണ്ടും..
''നിനക്ക് സൗഖ്യം നേരുന്നു.. എന്നെന്നേക്കും സൗഖ്യം..!''
'ദേവതയുടെ വരം' നട്ടെല്ലിന്റെ മധ്യഭാഗം തകര്‍ത്തുകൊണ്ട് കടന്നുപോയി. അയാള്‍ കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞുകൊണ്ടേയിരുന്നു..
''ഇല്ല. മരിക്കില്ല നീ. അരക്കുതാഴെ തളര്‍ന്ന് ഒരു ജീവച്ഛവമായി ജീവിക്കും. നിന്റെ ആ ഭാഗം ഇനിയൊരിക്കലും ഉപയോഗിക്കാനാകാതെ..''
അവള് പൊട്ടിച്ചിരിച്ചു. പല്ലു ഞെരിച്ചു. പിന്നെ കിതച്ചു.
''നിന്നെ കൊല്ലാനല്ല ഞാന്‍ വന്നത്. നീയത് അര്‍ഹിക്കാത്തത് കൊണ്ടല്ല.. മരണത്തേക്കാള്‍ വേദന നീ അര്‍ഹിക്കുന്നു.. നീ ജീവിക്കണം ആയിഷഖാലിദിന്റെ ഔദാര്യമായിക്കിട്ടിയ ജീവിതവുമായി ശവമായി ജീവിക്കണം.''
തോക്ക് അയാളുടെ നെറ്റിയിലമര്‍ത്തി അവള് തുടര്‍ന്നു.
''എന്നെങ്കിലുമൊരുനാള്‍ എന്നോട് പ്രതികാരത്തിനായി നീ വരണം. അപ്പോഴെനിക്ക് നിന്നെ വീണ്ടും വീണ്ടും കൊല്ലണം.. ഹ..ഹ..ഹ..''
അവള് അട്ടഹസിച്ചു.
ഇതെല്ലാം കണ്ടുകൊണ്ട് മേശക്കു പിറകില്‍ ചകിതമായ രണ്ടു കണ്ണുകള്‍ അപ്പോഴാണവള്‍ കണ്ടത്. അയാളുടെ അന്നത്തെ ഭക്ഷണം ആ കുഞ്ഞായിരുന്നു. അവള് തേങ്ങിക്കൊണ്ടേയിരുന്നു. സ്കൂള്‍സമയം കഴിഞ്ഞ് അധ്യാപകനോട് സംശയം ചോദിക്കാന്‍ വന്നതായിരുന്നു അവള്. തന്റെ മുഖവുമായി അവള്‍ക്ക് വല്ലാത്ത സാമ്യമുണ്ടെന്ന് ആയിഷ തിരിച്ചറിഞ്ഞു.
കൊടുങ്കാറ്റ് ശാന്തമായി. ചെകുത്താനെ കടലെടുത്തു. ആയിഷയുടെ മുഖത്ത് സമുദ്രത്തിന്റെ ശാന്തത തിരിച്ചുവന്നു. ആയിഷ അവളെ ചേര്‍ത്തുപിടിച്ചു.
അടങ്ങാത്ത മാതൃവാത്സല്യത്തോടെ..
*********
ഒക്കാദ എന്ന തിരക്കേറിയ നഗരത്തിലെ ഏറെ തിരക്കുപിടിച്ച വ്യക്തിത്വമാണ് ആയിഷ ഖാലിദ്. തന്റെ വീട്ടുമുറ്റത്ത് പ്രസിഡണ്ടിനെ പോലും കാത്തുനിര്‍ത്താന്‍ കെല്പുള്ളവള്. എതിരാളിയെ നിഗ്രഹിക്കാന്‍ ഏതറ്റം വരെയും പോകാന്‍ അറപ്പില്ലാത്തവള്‍. പക്ഷേ, തനിക്കിഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ ഏതു ലക്ഷ്യവും മറക്കുമവള്‍. കുറ്റബോധമെന്നത് അവള് ഒരിക്കലുമിണങ്ങാത്ത വാക്കാണ്. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു. തന്മൂലമാണ് ഇത്രയേറെ പേരെ കൊന്നിട്ടും ആയിഷ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയയായത്. ജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്നവള്‍. ഒരേസമയം തന്നെ മാലാഖയും ചെകുത്താനുമാണവള്‍.
*************
അപ്രതീക്ഷിതമായി വന്ന ആ ഫോണ്‍കോള്‍ ആയിഷയുടെ സ്മരണകളെ വീണ്ടുമുണര്‍ത്തി.
''അമ്മ..! ''
പോകേണ്ടതില്ല എന്നാണാദ്യം കരുതിയത്. പോയിട്ടെന്തിനാണ്? അമ്മയില്ലെന്ന് വിശ്വസിക്കാനാണിഷ്ടം.
''ആദ്യമനുഷ്യനായ ആദത്തെപോലെ..ഹ..ഹ ''
അവള് പൊട്ടിച്ചിരിച്ചു.
അച്ഛനുമമ്മയുമില്ലാതെ ജനിക്കുന്നതൊരു സ്വാതന്ത്ര്യം നല്‍കും. ആരോടും കടപ്പാടില്ലാതെ.
വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും കണക്കുകള്‍ സൂക്ഷിക്കാതെ.
പെട്ടെന്നുതന്നെ മനസ്സ് മാറിമറിഞ്ഞു.
''അല്ല. പോകണം. എനിക്കവരെ കാണണം.''
***************
ആ വലിയ വീടിന്റെ ഗേറ്റ് തുറന്നുകിടന്നിരുന്നു. കാര്‍ അകത്തേക്ക് കയറ്റി പോര്‍ച്ചില്‍ പാര്‍ക്കുചെയ്തു. ആയിഷ പുറത്തേക്കിറങ്ങി.
കോളിംഗ്ബെല്ലില്‍ വിരലമര്‍ത്തി.
വാതില്‍ തുറന്നത് ഒരു കൊച്ചുകുട്ടിയാണ്.
''ആരാ..?'' അവള് ചോദിച്ചു.
''ആയിഷാന്ന് പറഞ്ഞാ മതി ''
''ഓ.. എനിക്കറിയാം ഡോക്ടറമ്മ പറഞ്ഞിട്ടുണ്ട്''
ആയിഷ അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവള് ആയിഷയെ നോക്കി പുഞ്ചിരിച്ചു.
''വരൂ.. ആന്റി..''
അകത്തെ മുറിയില്‍ ഒരു വീല്‍ചെയറില്‍ ഒരു മധ്യവയസ്കയിരിക്കുന്നുണ്ടായിരുന്നു. അന്‍പത്തഞ്ചുവയസ്സ് പ്രായം തോന്നിക്കും.
''വരൂ.. മോളേ..എത്ര നാളായി നീ..?''
അവര്‍ വാത്സല്യത്തോടെ അവള്‍ക്കരികിലേക്ക് ചക്രമുരുട്ടി.
''നോ.. അങ്ങനെ വിളിക്കരുത്.. ഐ ഹേറ്റ് യൂ..''
''മോളേ..'' അവരുടെ കണ്ണുകള്‍ നിറഞ്ഞു.
''നിങ്ങള്‍ക്കെന്നെ കൊന്നൂടായിരുന്നോ..? വല്യ മനുഷ്യസ്നേഹി.. വളര്‍ത്തിവലുതാക്കിയിരിക്കുന്നു..!
ചെകുത്താന്റെ മനസും മാലാഖയുടെ ഉടലുമുള്ള ഒരു മനുഷ്യമൃഗമാണ് ഞാനിപ്പോ..''
''സത്യം നിന്നോടു തുറന്നുപറഞ്ഞ രാത്രിയെ ഞാനിന്ന് വെറുക്കുന്നു ഞാന്‍. കാരണം അന്നാണ് എനിക്കു നിന്നെ നഷ്ടമായത്..''
''ആ വിഷയം വേണ്ട. ടെസ്സ മാം. ഇപ്പോഴെന്തിനാണെന്നെ..? ''
'' അവള്..! നിന്റെ ഉമ്മ..! ജീവനുണ്ടിപ്പഴും..
ട്രസ്റ്റ് ഹോസ്പിറ്റലില്‍.. അത് പറയാനാ..''
''ഓ.. ജീവന്റെ കടം തീര്‍ക്കാന്‍..'' അവള് പുച്ഛത്തോടെ പൊട്ടിച്ചിരിച്ചു.
''നോ.. അവള്‍ക്ക് പശ്ചാത്താപമുണ്ട്..''
''പശ്ചാത്താപമോ.. എന്തിന് ? എനിക്കേറ്റ അമ്മയാണവള്‍..! എന്നെ ഇരുട്ടിലേക്ക് മാടി വിളിച്ച അമ്മ..!''
''മോളേ.. നീ തിരിച്ചുവരണം.. എന്റെ മോളായി..''
''നോ.. ഒരിക്കലുമില്ല.. ഞാന്‍ പോകുന്നു. എനിക്കവളെ കാണണം. എന്നിട്ട് ചത്തുകിടക്കുമ്പോള്‍ തിളങ്ങാനായി ഒരു ഡയമണ്ട് റിംഗ് വിരലിലിട്ടു കൊടുക്കണം....''
പിന്നെ ഒന്നും പറയാതെ വേഗത്തിലവള്‍ പുറത്തേക്ക് പോയി. അതിവേഗതയില്‍ കാറ് ഗേറ്റ് കടന്നുപോകുന്നതും നോക്കി ആ കൊച്ചുപെണ്‍കുട്ടി നിന്നു. ഇരുട്ട് മെല്ലെമെല്ലെ ഭൂമിയെ മൂടാനൊരുങ്ങുമ്പോള്‍ അവള് വാതില്‍ചാരി അകത്തേക്ക് നടന്നു. മേശപ്പുറത്ത് കറുത്ത ബാഗുണ്ടായിരുന്നു. ആയിഷ എടുക്കാന്‍ മറന്നതാകും. അവള് അതെടുത്തു തുറന്നുനോക്കി. അതിന്നുള്ളിലൊരു പിസ്റ്റളുണ്ടായിരുന്നു. കൗതുകത്തോടെ അവള് അതെടുത്ത് ജനാലയിലൂടെ നഗരത്തിന്റെ തിരക്കിലേക്ക് ഉന്നംപിടിച്ചു.