ഭാഷ | Poetry
|| കവിത
ഇന്നലെ കിനാവിലൊരു
വിദേശ യാത്രപോയി
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പുറപ്പെട്ടതിനാല്‍
അവിടേക്ക് വേണ്ട ഭാഷപോലും ഞാനൊരുക്കി വെക്കാന്‍ മറന്നു.
അവിടെയെത്തി കാലുകുത്തിയപ്പോള്‍ ഉടുതുണിയല്ലാതെ മറ്റൊന്നുമില്ല.
സ്വപ്നമല്ലേ അപൂര്‍ണ്ണതകള്‍ കാണുമല്ലോ?
അടുത്ത നിമിഷം എന്റെ മനോഹരമായ ആശയങ്ങളെ
ഞാനവിടത്തുകാര്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങി.
കേട്ടുകേള്‍വിയുടെ ഓര്‍മയിലവിടുത്തെ ഭാഷയെ
വേണ്ടാത്തിടത്ത് മുറിച്ചും
വേണ്ടിടത്ത് മുറിക്കാതെയും
ഒരുവിധം ഞാന്‍ ഏച്ചുകെട്ടി.
കേള്‍വിക്കാരുടെ മുഖഭാവങ്ങളില്‍ നിന്ന്
ഒന്നും മനസ്സിലായില്ലെന്നും
എന്നാലെന്റെയുള്ളില്‍ സ്വര്‍ണം പൂശിയ
ആശയങ്ങളുണ്ടെന്നും അവര്‍ക്കു മനസ്സിലായതിന്റെ അടയാളം
ഞാന്‍ നിസ്സഹായതയോടെ വായിച്ചെടുത്തു.
വികാരഭാവങ്ങള്‍ മുഖത്ത് കാട്ടാതെ
എന്റെ ഭാഷയില്‍ ഞാനവരോട് കരഞ്ഞു നോക്കി.
അതുപോലുമവര്‍ക്ക് മനസ്സിലായില്ല.
എന്റെ പെരുമാറ്റങ്ങള്‍ കണ്ട്
ഇതേതോ ആവിഷ്‌കാരമാണെന്നവര്‍ കരുതിക്കാണും.
കൂടുതല്‍ പിന്നെയവിടെ നിന്നില്ല
ഭാഷപഠിക്കാതെയിനി കിനാവിലേക്ക് പോലുമില്ലെന്ന
ഉറച്ച തീരുമാനത്തില്‍ സ്വപ്നത്തിന് പുറത്തേക്ക്
ഞാന്‍ ശ്വാസമയച്ചു.