Art and Literature
ബിലാത്തിപ്ലാവ് | Short Story
Art and Literature

ബിലാത്തിപ്ലാവ് | Short Story

റഹീമ ശൈഖ് മുബാറക്ക്
|
11 Oct 2024 6:48 AM GMT

| കഥ

മുറിയില്‍ പതിവില്ലാത്ത മണം പരക്കുന്നതായി അലിയാര്‍ക്ക് തോന്നി. ബിലാത്തിപ്ലാവിന്റെ മണം. പ്രിയപ്പെട്ട ഭാര്യ അടുക്കളയില്‍ പാകം ചെയ്യുന്ന കടച്ചക്കയുടെ കൊതിപ്പിക്കുന്ന ഗന്ധം. മുറിയിലേക്ക് കടന്നുവരാന്‍ പോകുന്നത് ഭാര്യയായിരിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. തനിക്കരിക്കിലേക്ക് പതിയെ കടന്നുവരുന്ന കാലടികള്‍ അവളുടെതാകുമെന്ന പ്രതീക്ഷയോടെ അയാള്‍ കിടന്നു.

**************

കുറെയേറെ കാലമായി അലിയാര്‍ കിടപ്പ് രോഗിയായി തന്നെ തുടരുകയാണ്. ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പാണത് പുറത്ത് കനത്ത മഴയുണ്ടായിരുന്ന ഒരു രാത്രി അയാള്‍ക്ക് കടച്ചക്ക തിന്നാന്‍ പൂതിയുണ്ടായി. വീടിനു പുറകുവശത്തുള്ള വിശാലമായ പറമ്പില്‍ നിന്നും കടച്ചക്ക പിഴുതെടുക്കാന്‍ പുറപ്പെട്ടുപോകുമ്പോള്‍ പ്രായത്തിന്റെ വയ്യായ്കകള്‍ അലിയാരില്‍ ആശങ്കയുണ്ടാക്കിയതേയില്ല. പിറ്റേന്ന് കാലത്ത് ചേറും ചെളിയും പിരണ്ടിടത്ത് നിന്നും മക്കള്‍ മൂന്നും ചേര്‍ന്ന് പൊക്കിയെടുത്ത് കൊണ്ടുവരുമ്പോഴും അയാള്‍ കടച്ചക്കയെന്ന് മന്ത്രിച്ചുകൊണ്ടേയിരുന്നു.

ആ വീഴ്ചയ്ക്ക് ശേഷം, ഇന്നുവരെയും എഴുന്നേറ്റ് നടക്കാന്‍ അലിയാര്‍ക്ക് കഴിഞ്ഞിട്ടില്ല. കിടപ്പായതിന് ശേഷം പരിചരണം മുഴുവന്‍ മക്കളായിരുന്നു. കുളിപ്പിക്കലും മറ്റു കൃത്യനിര്‍വഹണങ്ങളുമെല്ലാം അവര്‍ യാതൊരു മടിയും കൂടാതെ ചെയ്തു കൊടുക്കുന്നു. ഭക്ഷണകാര്യങ്ങള്‍ മുറപോലെ മരുമക്കളും ഏറ്റെടുത്തിരുന്നു. മരുമക്കളായി മൂന്നുപേരുണ്ട്. കുറേക്കാലം അവര്‍ മൂന്നുനേരങ്ങളെ കൃത്യമായി ഭാഗിച്ചുകൊണ്ട് അയാളെ തീറ്റിച്ചു. ഇപ്പോള്‍ അവസ്ഥക്ക് മാറ്റമുണ്ട്. ഗ്‌ളൂക്കോസ് ഞരമ്പിലൂടെ അലിയാരുടെ വിശപ്പും ദാഹവും ശമിപ്പിക്കുന്നു.

സൗദാബി ആരോഗ്യവതിയായ ഭാര്യയാണ്. പ്രായമധികരിക്കും തോറും അവള്‍ ചെറുപ്പമായി കൊണ്ടിരിക്കുകയാണ്. പക്ഷേ, പറഞ്ഞിട്ടെന്തിന് വീണ് കിടപ്പ് തുടങ്ങിയതില്‍ പിന്നെയൊരിക്കലും അവളയാളെ പരിചരിച്ചിട്ടില്ല. എന്തിനേറെ ഒരുവട്ടം പോലും അവള്‍ അലിയാരുടെ മുറിയിലേക്ക് പ്രവേശിച്ചിട്ടില്ല. ആദ്യമൊന്നുമതില്‍ യാതൊരു വിധത്തിലുള്ള നിരാശയും അലിയാര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. സാവധാനം സന്ദര്‍ശകര്‍ക്കായി ഒഴിച്ചിട്ട ഇരിപ്പിടം ആരേയും പ്രതീക്ഷിക്കാനില്ലാതെ ശൂന്യമായി കിടക്കാന്‍ ആരംഭിച്ചപ്പോള്‍ അയാള്‍ക്ക് ഭാര്യയുടെ അവഗണനയില്‍ വേദന അനുഭവപ്പെട്ടു തുടങ്ങി. അന്ന് കടച്ചക്ക പറിക്കാന്‍ ഇറങ്ങിപുറപ്പെട്ടുപോയ രാത്രിയിലും അലിയാര്‍ ഭാര്യയെ കുട്ട് വിളിച്ചതാണ്. അവള്‍ വന്നില്ല. ബിലാത്തിപ്ലാവിന്റെ ചുവട്ടില്‍ നിന്നും അലിയാര്‍ അവരുടെ മുറിയിലേക്ക് നോക്കുമ്പോള്‍ നീളന്‍ മുടിയിഴകളെ കോതിയൊതുക്കി സൗദാബി ജനലോരത്ത് ഇരിക്കുകയായിരുന്നു. പൊഴിഞ്ഞു വീണ അനവധി കടച്ചക്കകളുടെ മൃതദേഹങ്ങള്‍ക്ക് നടുവില്‍ അയാളന്ന് നിരാശയോടെ നിന്നു.

മണ്ണാത്തറ മുഹമ്മദ് ഹാജിയുടേ ഏഴുമക്കളില്‍ മൂത്തവളായിരുന്നു സൗദബീ. കൊയ്ത്ത്കാലം കഴിഞ്ഞ് കുടകരനാടിന്റെ ഓരോ ദേശത്തും വേലകള്‍ അരങ്ങേറുന്ന സമയം ഒരു രാത്രിയിലായിരുന്നു അലിയാര്‍ സൗദാബിയെ കെട്ടി കൊണ്ടുവരുന്നത്. കാളവണ്ടിയില്‍ മീനച്ചൂടിന്റ വിയര്‍ക്കുന്ന രാത്രിയില്‍ നൃത്തമാടുന്ന റാന്തല്‍ വിളക്കിന്റെ വെട്ടത്തില്‍ അവളുടെ മനോഹരമായ മുഖത്തേക്ക് അയാള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. അവള്‍ക്കരികില്‍ ബിലാത്തിപ്ലാവിന്റെ ഒരു കുഞ്ഞുചെടിയുമുണ്ടായിരുന്നു.

''ഇതെന്തിനാണ്''

ഒരു പുഞ്ചിരിയില്‍ പൊതിഞ്ഞ് അലിയാര്‍ ചോദിച്ചു.

''കടച്ചക്ക തിന്നാന്‍ പൂതിയുണ്ടായാ..''

അവള്‍ ചിരിച്ചു ആ ചിരിയുടെ അകമ്പടിയില്‍ കൊട്ടും പാട്ടുമായി വേലസംഘങ്ങള്‍ കടന്നുപോയി.

വലിയ കുടുംബമായിരുന്നു അലിയാരുടേത്. മൂന്നോ നാലോ കൈകള്‍ കൂട്ടിവെച്ച് എണ്ണിയാലും കവിഞ്ഞു പോകവുന്നത്രയും ആളുകള്‍ അയാളുടെ കുടുംബത്തിലുണ്ടായിരുന്നു. കെട്ടി കൊണ്ടുവന്നവളെ പ്രേമിച്ചു നടക്കാനൊന്നും അനുവാദമുണ്ടായിരുന്നില്ല. പെട്ടന്ന് തന്നെ കര്‍ക്കശക്കാരനായ ഭര്‍ത്താവായി അലിയാര്‍ പരിണാമം ചെയ്യപ്പെട്ടു. ഒരുപക്ഷേ, ൃപ്രകടിപ്പിക്കേണ്ട പ്രായത്തില്‍ സ്‌നേഹം നിഷേധിച്ചത് കൊണ്ടാവണം ഭാര്യയിപ്പോള്‍ അയാളുടെ ദയനീയമായ അവസ്ഥയെ അവഗണനയോടെ സമീപിക്കുന്നത്. വിവാഹം കഴിഞ്ഞ് കൃത്യം രണ്ടാം വര്‍ഷം സൗദാബി സുന്ദരാനായൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭാര്യയോടുള്ള പ്രണയം അയാളില്‍ ഇരട്ടിച്ചതന്നായിരുന്നു.

'യൂസഫ്'

അവന്റെ ഇളം ചുവപ്പ് പടര്‍ന്ന ചെവിയിലേക്ക് മൂന്ന് വട്ടം അലിയാരാ പേര് വിളിച്ചു.

മക്കള്‍ അലിയാരുടെ കിടപ്പ് സ്ഥാനം ജനാലയോട് ചേര്‍ത്ത് മാറ്റിയിരുന്നു. ഇപ്പോള്‍ പഴയത് പോലെയല്ല അയാള്‍ക്ക് പച്ച പിടിച്ച കാഴ്ചകള്‍ ആസ്വദിക്കാം. കണ്ണെത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടവരമ്പുകള്‍. വരമ്പിറങ്ങി വെയില്‍ വെളിച്ചം മുറി അലങ്കരിക്കുന്നുണ്ട്. എല്ലാത്തിനുപരി അയാള്‍ക്ക് ഇപ്പോള്‍ സൗദാബിയെ കാണാന്‍ കഴിയുന്നുണ്ട്. ഉച്ച തിരിയുമ്പോള്‍ പതിവായി അവള്‍ ആ വരമ്പോരത്ത് ഉണ്ടാകും. കുളിച്ചൊരുങ്ങി കുപ്പായവും മുണ്ടും ചുറ്റി നീണ്ട മുടിയിഴകളിലെ ഈറന്‍ തോര്‍ത്താതെ അവളവിടെ അങ്ങനെ നില്‍ക്കും. ഭാര്യയെ വിളിക്കണമെന്ന് അലിയാര്‍ ആഗ്രഹിക്കും, എന്തോ അങ്ങനെ ചെയ്യില്ല. ബിലാത്തിപ്ലാവിന്റെ ചുവട്ടില്‍ അവളിങ്ങനെ നില്‍ക്കുന്നത് അലിയാര്‍ ദുഃഖത്തോടെ നോക്കി കിടക്കും.

കല്യാണം കഴിഞ്ഞ് ആറെഴു വര്‍ഷങ്ങള്‍ കഴിഞ്ഞൊരു സന്ധ്യക്ക് ബിലാത്തിപ്ലാവിന്റെ ചുവട്ടില്‍ പതിവില്ലാതെ സൗദാബിയുമായി അലിയാര്‍ കുശലം പറഞ്ഞിരുന്നു.

''ബിലാത്തിപ്ലാവിന്റെ, ചരിത്രം അറിയോ നിങ്ങക്ക്''

അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

''ഈഹും...'' അയാളൊന്ന് അമര്‍ത്തി മൂളി.

''ഞാന്‍ ഈ ബിലാത്തിപ്ലാവിന്റെ മണം നോക്കുകയായിരുന്നു. ഇതങ്ങു തിഹതിദ്വീപില്‍ നിന്നും കടല് കടന്നുവന്നത് തന്നെയാണ്. എത്രയെത്രയോ കരകളുടെ കാറ്റും മഴയും മണ്ണും മണവും മാറി മാറി അനുഭവിച്ച് ഒടുവിലിവിടെയിങ്ങനെ നമ്മുടെ രുചിയേ തൊട്ടുരുമി..''

ഒന്നും മനസിലായില്ലെങ്കിലും ജ്ഞാനിയേ പോലെയൊന്ന് മൂളി അയാള്‍ സൗദാബിയോട് ചേര്‍ന്നിരുന്നു. അവള്‍ ബിലാത്തിപ്ലാവിന്റെ കഥ പറയുകയായിരുന്നു.

ക്ഷാമം ബാധിച്ച ഒരു ദ്വീപിന്റെ കഥ, വിശപ്പടക്കാന്‍ ആഹാരം തേടി നടന്നൊരു കുടുംബത്തിന്റെ കഥ. അവര്‍ ഭക്ഷണം തേടി അലഞ്ഞു. കാട്ടുചെടികളെ നിരാശയോടെ ഭക്ഷിച്ചു. ഗുഹക്കുള്ളില്‍ അഭയം തേടി. സ്വന്തം കുടുംബത്തിന്റെ ദയനീയമായ അവസ്ഥയില്‍ മനംനൊന്ത് കുടുംബനാഥന്‍ സ്വജീവന്‍ ബലി കഴിക്കാന്‍ തീരുമാനിച്ചു. ഗുഹക്ക് ചാരെ തന്നെ അടക്കം ചെയ്യുമെന്നും, അവിടെ തന്റെ കുഴിമാടത്തിന് മുകളില്‍ കുടുംബത്തിന്റെ വിശപ്പടക്കാന്‍ പാകത്തിന് താനൊരു വൃക്ഷമായി പുനര്‍ജനിക്കുമെന്നും അയാള്‍ ഭാര്യയോട് പറഞ്ഞു. ഒരു പ്രഭാതത്തില്‍ ഭര്‍ത്താവിനെ കാണാതെ തിരഞ്ഞു നടന്ന ഭാര്യക്ക് മുന്നില്‍ അയാള്‍ കായ്ക്കുന്ന വൃക്ഷമായി പുനര്‍ജനിച്ചു നിന്നു.

അടുത്ത രണ്ട് ദിവസങ്ങളിലും മഴയുണ്ടായിരുന്നു. പുതുമഴയൊടുങ്ങാന്‍ ഭാവമില്ലാതെ പെയ്തു. പാടവരമ്പുകള്‍ നിറഞ്ഞൊഴുകി. കടച്ചക്കകള്‍ മണ്ണിലേക്ക് ഞെട്ടറ്റു വീണു. സൗദാബി പുറത്തേക്ക് വന്നതേയില്ല. ചേറിന്റെ മണം അയാളുടെ ഉള്ളിലേക്ക് ഇരച്ച് കയറി. ഒരു കര്‍ക്കടകത്തിലായിരുന്നു സൗദാബിയുടെ രണ്ടാമത്തെ പ്രസവം നടക്കുന്നത്. അവള്‍ ബിലാത്തിപ്ലാവിന് ചുവട്ടില്‍ പെറ്റ് കിടക്കുകയായിരുന്നു. മഴ നനഞ്ഞ മണ്ണില്‍ ചേറിന്റെ മണത്തില്‍ ബിലാത്തിയുടെ ചുവട്ടില്‍ അവള്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിനെ പെറ്റിട്ടു.

സന്തോഷത്തോടെ അയാള്‍ ആ കുഞ്ഞിന്റെ ചെവിയിലേക്ക് പേര് വിളിച്ചു

'യാക്കൂബ്'

വഴി തെറ്റിയ സഞ്ചാരിയെ പോലെ പ്രകൃതിയും സമയവും ജനാലകള്‍ക്ക് അപ്പുറം അയാള്‍ക്ക് മുന്നിലൂടെ പല വേഷങ്ങളില്‍ കടന്നുപോയികൊണ്ടേയിരുന്നു. പ്രായത്തിന്റെ കടന്നുപിടിത്തം അധികരിച്ചിട്ടും ജീവിതം തീര്‍ന്നുപോകുന്നില്ലെന്നുള്ള നിരാശ അലിയാരേ തീര്‍ത്തും അവശനാക്കി. ഇനിയും ജീവിക്കാന്‍ മക്കളുടെ പരിചരണം മാത്രം പോരെന്നൊരു തോന്നല്‍.

മക്കള്‍ മുറിയിലേക്ക് കടന്നുവരുമ്പോള്‍ ഭാര്യയുടെ പേര് അയാള്‍ പതിയെ മന്ത്രിക്കും. ചിലപ്പോഴൊക്കെ അവളെ പ്രതീക്ഷിക്കുകയും ചെയ്യും. ഇതേ മുറിയിലാണ് സൗദാബി മൂന്നാമത് പ്രസവിക്കുന്നത്. അതൊരു കൊയ്ത്തു കാലമായിരുന്നു.

മൂന്നാമതും ആണ്‍കുട്ടി, അവളുടെ മുഖത്ത് നിരാശയുണ്ടായിരുന്നു.

എങ്കിലും പ്രിയപ്പെട്ട മകന് അവളൊരു പേര് നിര്‍ദേശിച്ചു. അത്യധികം സന്തോഷത്തോടെ അലിയാര്‍ മകനെയാ പേര് വിളിച്ചു.

'അഹമ്മദ്'

അഹമ്മദിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളുടെയും ചുമതല അലിയാരുടെ കൈകളിലായിരുന്നു. സൗദാബി മൂത്തകുഞ്ഞുങ്ങളെ ആവോളം പരിചരിച്ചിരുന്നു. അവര്‍ മിടുക്കന്മാരായി വളരുകയും ചെയ്തു. ഇക്കാക്കമാര്‍ ഉമ്മ പതിച്ചു നല്‍കിയ കഥകള്‍ കുഞ്ഞഹമ്മദിന് കൈമാറും. ബിലാത്തിപ്ലാവിന്റെ കഥകള്‍. അഹമ്മദ് വളരുമ്പോള്‍ സൗദാബീ കിടപ്പിലായിരുന്നു. അലിയാരുടെ മുറിയില്‍ കട്ടിലന്നും ജനാലയോട് ചേര്‍ത്തിട്ടിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് മക്കള്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതും നോക്കി സൗദാബി ഒറ്റക്ക് കിടക്കും. അലിയാര്‍ക്ക് തിരക്കായിരുന്നു. തിരക്കൊഴിഞ്ഞൊരു നേരമില്ലെന്നായപ്പോള്‍ അവള്‍ക്ക് ഏകാന്തത ശീലമായി.

ഇന്ന് അലിയാര്‍ ഒറ്റക്കാണ്. ഏകാന്തതയോട് അയാള്‍ പട പൊരുതുന്നു. സൗദാബിക്ക് ഇപ്പോള്‍ തിരക്കുകളൊന്നുമില്ല എങ്കിലുമവള്‍ അലിയാരുമൊത്ത് സമയം ചിലവഴിക്കാന്‍ ആഗ്രഹിച്ചില്ല. മഴ പൂര്‍ണ്ണമായും ഒഴിഞ്ഞിരുന്നു ബിലാത്തിയുടെ ചില്ലകള്‍ വെയില്‍ വെളിച്ചത്തില്‍ അലങ്കരിച്ചു നിന്നു. എന്തുകൊണ്ടോ ഇപ്പോള്‍ സൗദാബി വരമ്പോരാത്ത് വരാറില്ല. മക്കളോട് അതെ കുറിച്ച് അയാള്‍ അന്വേഷിക്കുന്നുണ്ട്.

'അവള്‍ക്ക് സുഖക്കേട് വല്ലതും..'

പക്ഷേ അലിയാരുടെ ഭാഷയിപ്പോള്‍ മക്കള്‍ക്ക് വശമില്ല. ഭാഷ മാത്രമല്ല അയാളുടെ വിശപ്പും ദാഹവും ആഗ്രഹങ്ങളും അവര്‍ക്ക് അജ്ഞാതമായിരിക്കുന്നു.

************

സൗദാബി അലിയാരുടെ അരികിലേക്ക് ചേര്‍ന്നിരുന്നു. അവളുടെ മൃദുലമായ കൈവിരലുകള്‍ അയാളുടെ നരച്ച മുടിയിഴകള്‍ക്ക് മീതെ സാവധാനത്തില്‍ സഞ്ചരിച്ചു.

''എന്തിനാണിപ്പോള്‍ ഈ വൈകിയൊരു സന്ദര്‍ശനം''

അവളൊന്ന് ചിരിച്ചു. ട്ടും ദിര്‍ഘമല്ലാതിരുന്ന ചിരിയുടെ ഒടുക്കം അവര്‍ സംസാരിച്ചു തുടങ്ങിയിരുന്നു.

''എഴുന്നേറ്റ് നടക്കരുതോ?''

''ആഗ്രഹച്ചിട്ട് ഒക്കണ്ടേ''

''ശ്രമിച്ചു നോക്കാല്ലോ''

''കൂട്ടിയ കൂടില്ല''

''ചടഞ്ഞു കൂടിയിങ്ങനെ കിടക്കാന്‍ നാണം തോന്നുന്നില്ലേ, ഞാനൊന്ന് സഹായിച്ചാലോ''

അലിയാര്‍ സൗദാബിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അയാള്‍ക്ക് അവളെ വിശ്വാസമാണ്. പക്ഷേ, തനിക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. എങ്കിലും സൗദാബി നീട്ടിപിടിച്ച അവളുടെ ദൃഢമായ കൈകളെ അയാള്‍ തന്റെ ശോഷിച്ച കൈകളാല്‍ മുറുകെ പിടിച്ചു. തന്റെ ശരീരം ഒരു തൂവല്‍ പോലെയാണ് അയാള്‍ക്ക് തോന്നി. താന്‍ നടക്കുകയല്ലെന്നും വായുവിലൂടെ സ്വയം ഒഴുകുകയണെന്നും അലിയാര്‍ കരുതി.

സൗദാബി വളരെ എളുപ്പത്തില്‍ അയാളെ പുറത്തേക്ക് എത്തിച്ചിരിക്കുന്നു. അവരിപ്പോള്‍ ബിലാത്തിയുടെ ചുവട്ടിലിരുന്ന് സായാഹ്നം കാണുകയാണ്. പണ്ടെങ്ങോ ഒരു സായാഹ്നത്തെ ഓര്‍മിപ്പിക്കും വിധം അലിയാര്‍ സ്‌നേഹിക്കപ്പെടുകയാണ്.


ഈ അത്ഭുത കാഴ്ച്ചയില്‍ മക്കള്‍ അമ്പരക്കുമെന്നതില്‍ അലിയാര്‍ക്ക് സംശയമില്ല. ഭാര്യയോട് ചേര്‍ന്നിരിക്കുമ്പോഴും അയാള്‍ മക്കളെ പ്രതീക്ഷിച്ചു. സൗദാബി യാതൊന്നും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അവള്‍ നിശബ്ദം ചുവന്ന ആകാശകാഴ്ച്ചയിലേക്ക് ഇറങ്ങിപോയി. ബിലാത്തിയുടെ ചില്ലകള്‍ക്കിടയിലൂടെ തണുത്ത കാറ്റ് വീശി. അലിയാരുടെ മുറിക്കുള്ളില്‍ നിന്നും ജനാല വഴിയേ സാമ്പ്രാണിയുടെ മണം പരന്നു.

s

Similar Posts