Art and Literature
മലയാള കവിത
Art and Literature

ചുവടുവെക്കാന്‍ തുടങ്ങുകയാണ് ഞങ്ങള്‍, നിങ്ങള്‍ക്ക് മാറി നില്‍ക്കാം

സുനില്‍ മാലൂര്‍
|
6 April 2023 6:07 AM GMT

നിലവിളിയെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു അടുത്തിരുത്തുമ്പോള്‍ ആരൊക്കെയോ ചൂരലുമായി വരുന്നെന്ന പ്രണയ കവിതയിലെ എഴുത്തിനുപോലും വായനക്കാരനെ ചക്രവാളത്തിനപ്പുറത്തെ കാഴ്ചകളിലേക്കും സ്വാതന്ത്ര്യത്തിനു മുകളിലുള്ള ഇടപെടലുകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. അക്ബറിന്റെ 'കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല' എന്ന കവിതാ പുസ്‌കത്തിന്റെ വായന.

ഒരു ശില്‍പി ഒരു വെണ്ണക്കല്‍ പ്രതിമ നിര്‍മിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആ പ്രതിമയുടെ രൂപം അയാളുടെ ബോധമനസ്സില്‍ ഉടലെടുത്തിട്ടുണ്ടാവും. അപ്പോള്‍ ആ പ്രതിമയുടെ/കലാരൂപത്തിന്റെ ആശയപരമായ അസ്തിത്വം അതിന്റെ യഥാര്‍ഥ അസ്തിത്വത്തിനു മുന്‍പ് തന്നെ രൂപപ്പെട്ടതാണെന്നാണ് അരിസ്റ്റോട്ടിലിന്റെ മതം. അക്ബറിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ 'കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല' എന്ന പുസ്തകത്തിലെ 'വിപരീതപദങ്ങള്‍' എന്ന കവിതയും അതില്‍നിന്നും മുകളില്‍ തലക്കെട്ടായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വരികളും അരിസ്റ്റോട്ടിലിന്റെ സമീപനങ്ങളെ താദാത്മ്യപ്പെടുന്നുണ്ട്. ഒരു കവി താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ മാനവ ധ്വംസനങ്ങള്‍ക്കെതിരെ ഉള്ളില്‍ കടിച്ചമര്‍ത്തിവെക്കുന്ന പ്രതിഷേധ ശബ്ദങ്ങളെ ഉലയൂതി, ഒരു ശില്‍പത്തിന്റെ സ്‌കെല്‍ട്ടന്‍ ആയി രൂപപ്പെടുത്തുകയും, അവയെ വാക്കുകളുടെയും ഭാഷയുടെയും പരിമിതികളെക്കൂടി പരുവപ്പെടുത്തി തനിക്കുനേരെതന്നെ പാഞ്ഞുവന്നേക്കാവുന്ന വിഷാസ്ത്രങ്ങളെപ്പറ്റിക്കൂടി ഉത്കണ്ഠപ്പെട്ട്, രൂപപ്പെടുത്തുന്ന നിലപാടുകള്‍ കൂടിയാണ് കവിത. ഒരു ചുവടു വെക്കാന്‍ തുടങ്ങുകയാണ് ഞങ്ങള്‍. നിങ്ങള്‍ മാറി നില്‍ക്കണമെന്നത് കവിതയിലെ അന്ത്യശാസനവും.

ഈറ്റപ്പൊളി അടര്‍ന്നുവീഴുന്ന മണ്ണില്‍ കാട്ടുമൃഗങ്ങളുടെ മുരള്‍ച്ചയെ മറികടന്നെത്തുന്ന പണിയെടുക്കുന്നവന്റെ പാദസ്പന്ദനം ഇന്ന് കാണുന്ന നേര്യമംഗലം രൂപപ്പെടുന്നതിന്റെ തന്നെ ചരിത്രമെന്ന നിലയില്‍ നാളിതുവരെയുള്ള കവിതകളിലെല്ലാം അക്ബര്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ആ നിലയ്ക്ക് തന്റെതന്നെ ദേശത്തോടും കാടിനോടും പുഴയോടും വേണ്ടപ്പെട്ടവരോടുമൊക്കെ വൈയക്തികമായ അടുപ്പമുള്ള കവിതകള്‍ ഈ സമാഹാരത്തിലുമുണ്ട്. എങ്കിലും തന്റെ നാല് ദിക്കുകളുടെ അങ്ങേയറ്റത്ത് വസിക്കുന്ന മനുഷ്യര്‍ക്കു മേല്‍ പോലും ചാടിവീഴാന്‍ വെമ്പിനില്‍ക്കുന്ന ദുഷ്ടലാക്കുകളെപ്പറ്റി വിളിച്ചുപറയുക എന്ന അവൈയക്തിക സമീപനവും അക്ബറിന്റെ പുതിയ സമാഹാരത്തില്‍ കാണാനാകും.


പ്രകൃതിയെ രൂപാന്തരപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ അതിനെ മാനവികവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഏറ്റവും ഭംഗിയായി തെളിഞ്ഞുകാണുന്നത് കലയിലാണെന്ന് സോവിയറ്റ് റഷ്യയിലെ കലാനിരൂപകനും എഴുത്തുകാരനുമായ കെ ദൊല്‍ഗോവ് പ്രസ്താവിച്ചിട്ടുണ്ട്. അക്ബര്‍ തന്റെ ചുറ്റുപാടുകളെ കവിതയിലേക്ക് ആവാഹിക്കുമ്പോഴും ഇതേ മാനവീകരണം നടത്തുന്നതായി കാണാം. അക്ബറിനെ തന്നെ അടയാളപ്പെടുത്തുംവിധം ദൊല്‍ഗോവ് വീണ്ടും പറയുന്നു, ഏതൊരു കലാസൃഷ്ടിയും മാനവ സൃഷ്ടിയായിരിക്കുമെന്നതാണ് കലയുടെ മാനവ സ്വഭാവത്തിനുള്ള ദൃഷ്ടാന്തം എന്ന്. കലാസൃഷ്ടിയില്‍ മനുഷ്യനെ അടയാളപ്പെടുത്തുന്നതോടെ അവന്‍തന്നെ കലയുടെ വിഷയവുമായി പരിണമിക്കുന്നത് കാണാന്‍ കഴിയും. അക്ബര്‍ തന്റെ ഭാവാത്മകമായ കവിതയിലൂടെ യാഥാര്‍ഥ്യത്തോടുള്ള തന്റെ നിലപാടും വൈകാരിക അനുഭവങ്ങളും വ്യക്തിപരതയിലൂന്നിയും അതേസമയം വൈയക്തികക്ക് പുറത്തുള്ള ചുറ്റുപാടുകളെ ഉദ്ബോധിപ്പിച്ചും പുതുക്കിപ്പണിതുമാണ് നിര്‍വഹിച്ചുട്ടള്ളത്.

'സെയിന്റ് ഹിറ്റ്ലര്‍' എന്ന കവിതയില്‍ കാണാതെ പഠിച്ച ചരിത്രമൊക്കെ മൊത്തവും തെറ്റായിരുന്നെന്ന് പ്രസ്താവിക്കുമ്പോഴും, ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തത് നല്ലവനാകാന്‍ വേണ്ടിയായിരുന്നെന്ന ബ്ലാക്ക് ഹ്യൂമര്‍ രേഖപ്പെടുത്തി, മറിച്ചു മനുഷ്യന്‍ പഠിക്കപ്പെടാത്ത മറ്റൊരു ചരിത്രമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന സൂക്ഷ്മത കവി പാലിക്കുന്നുണ്ട്. ഈ ചെറു കവിതകളുടെ ഒടുവില്‍ മുഹമ്മദ് എന്ന പേര് വെറും പേരുമാത്രമോ എന്ന ചോദ്യം സമകാലിക ജീവിതപരിസരത്ത് നവോത്ഥാനത്തിന്റെ എല്ലാ അടയാളപ്പെടുത്തലുകളും പേരുകള്‍ മാത്രമായി അവശേഷിക്കപ്പെടുന്നതിന്റെ അപകടത്തിലേക്കും വിരല്‍ ചൂണ്ടുന്നു. നിലവിളിയെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു അടുത്തിരുത്തുമ്പോള്‍ ആരൊക്കെയോ ചൂരലുമായി വരുന്നെന്ന പ്രണയ കവിതയിലെ എഴുത്തിനുപോലും വായനക്കാരനെ ചക്രവാളത്തിനപ്പുറത്തെ കാഴ്ചകളിലേക്ക് സ്വാതന്ത്ര്യത്തിനു മുകളിലുള്ള ഇടപെടലുകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. അക്ബര്‍ ഏറെ പറഞ്ഞിട്ടുള്ള നേര്യമംഗലം കാടും ജീവിതവും രേഖപ്പെടുത്തുന്ന ഈ സമാഹാരത്തിലെ 'കാടുള്ളം' എന്ന കവിതയില്‍ പോലും ജനിതക കോവേണിപോലെ കവിയെ ഇഴപിരിച്ചു ചേര്‍ക്കുമ്പോഴും ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയെ ഓര്‍മിപ്പിക്കും വിധം പ്രകൃതിക്ക് മേല്‍ കൈകള്‍ വിരിച്ചുപിടിച്ച കവിയുടെ മാനവിക സമീപനത്തെ കണ്ടെത്താന്‍ കഴിയും. ചോതി പാപ്പനെപോലെ അയാള്‍ അപ്പോഴും കാടുമായി നടക്കുകയും മനുഷ്യര്‍ക്കിടയില്‍ ജീവിക്കുകയും ചെയ്തു.

ഈ സമാഹാരത്തിലെ ഒട്ടനവധി കവിതകള്‍ വേറിട്ട വായനാനുഭവം തരുന്നതും പുതിയൊരു ഉള്‍ക്കാഴ്ചയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നതുമാണെന്നിരിക്കെ അതില്‍നിന്നും ഏതാനും കവിതകളോ വരികളോ അടര്‍ത്തിയെടുത്ത് അഭിപ്രായം രേഖപ്പെടുത്തുന്നത് ഔചിത്യമല്ല എന്ന തിരിച്ചറിയുന്നുണ്ടെങ്കിലും ഈ അഭിപ്രായങ്ങള്‍ 'കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല' എന്ന കവിതാസമാഹാരത്തിന്റെ ചെറുവായന മാത്രമാണ്.

ലെനിന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ 'അഹ'ത്തില്‍ നിന്നും തത്വശാസ്ത്രത്തിനും കലയ്ക്കും ആരംഭിക്കാന്‍ ആകില്ലെന്നിരിക്കെ, അഹം കവികളും നിരൂപകരും ഇക്കവിതകളെ തിരസ്‌കരിക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അക്ബറിന്റെ കവിതകള്‍ മത്സര പരീക്ഷകള്‍ക്ക് കാണാതെ പഠിക്കേണ്ടുന്ന ചരിത്രമല്ലാതെ ഇവിടെ അവശേഷിക്കും. കല മനുഷ്യനും പ്രകൃതിയ്ക്കും ഒന്നിച്ചുകൂടാനുള്ള ഒരു സമ്മേളന സ്ഥലമാണെന്നും സംജ്ഞാനവും ആത്മബോധവും നേടുന്നതിനുള്ള ഒരു മാര്‍ഗവും ഉപാധിയുമാണെന്ന ദൊല്‍ഗോവിന്റെ വാക്കുകളെ ഓര്‍മപ്പെടുത്തിക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന മനുഷ്യര്‍ക്ക് ഇടയില്‍ത്തന്നെ അക്ബറിന്റെ കവിതകള്‍ ഉണ്ടാവും.


Similar Posts