പഹല്‍ഗാമിലെ പെണ്‍കുട്ടി - പതിനെട്ടുകാരന്റെ സഞ്ചാരവഴികള്‍
|വി.പി മുഹമ്മദ് അനസിന്റെ 'പഹല്‍ഗാമിലെ പെണ്‍കുട്ടി' യാത്രാ പുസ്തകം വായന
അനസിനെ എഴുത്തുകാരെനെന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയമുണ്ട്. പിന്നെ അവന്റെ യാത്ര വിശേഷങ്ങള്‍ കണ്ട് അനിയന് മുഹമ്മദ് ഇടയ്ക്കിടെ അനസിനെ കുറിച്ച് പറയാറുണ്ടായിരുന്നു. ' യാത്രപുസ്തകം വരുന്നുണ്ട്, നിങ്ങളുടെ എല്ലാവരുടെയും പിന്തുണ വേണമെന്ന് ' പറഞ്ഞു അവന് മെസ്സേജയച്ച സമയത്ത് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി. പുസ്തകം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുകയായിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്ക് ഹോസ്റ്റല്‍ അഡ്മിഷനുമായിട്ട് ബന്ധപ്പെട്ട് പെട്ടെന്ന് പോകേണ്ടി വന്നു, 'പുസ്തകം വരാണെല് സൂക്ഷിച്ചു എടുത്തു വെക്കണേ' എന്ന് ഉമ്മാനോട് പറഞ്ഞാണ് ട്രെയിന്‍ കയറിയത്.
അനസും പോണ്ടിച്ചേരി യൂനുവേഴ്സിറ്റി വിദ്യാര്‍ഥി ആണെന്നും, ഞങ്ങള്‍ കയറിയ അതേ ട്രെയിനില്‍ അവനുണ്ടെന്നും സുഹൃത്തായ ഇല്‍ത്താഫ് പറഞ്ഞപ്പോഴാണ് അറിയുന്നത്. പറഞ്ഞു കഴിയുന്നതിനു മുന്‍പ്, പുസ്തകവും കൈയില്‍ പിടിച്ചു കുറച്ച് സുഹൃത്തുക്കളോടൊപ്പം അവനെത്തി. കാണലും പരിചയപ്പെടലും കഴിഞ്ഞു. സുഹൃത്ത് ഒമര്‍ അവന്റ കൈയില്‍ നിന്നും അപ്പൊ പുസ്തകം വാങ്ങിച്ചിരുന്നു. അങ്ങനെ ' പഹല്‍ ഗാമിലെ പെണ്‍കുട്ടി' എന്റെ കയ്യിലും എത്തി. അവന് വാങ്ങിയതാണേലും, 'ഞാന്‍ വായിക്കട്ടെ' എന്ന് ചോദിച്ചപ്പോ, ഒരു മടിയും കൂടാതെ അവനത് വെച്ചു നീട്ടി.
ഒരു പതിനെട്ടുകാരന് ഇന്ത്യയുടെ പ്രധാനപ്പെട്ട പല നഗരങ്ങളും ഗ്രാമങ്ങളും ഒറ്റക്ക് സഞ്ചരിച്ചു, അവ അതുപോലെ വായനക്കാരന് മുന്നില്‍ പങ്ക് വയ്ക്കുന്നു. ഓരോ കാഴ്ചയും അതിലേറെ അവന്റെ ഉള്‍കാഴ്ചകളും, മറയില്ലാതെ ലളിതമായി കോറിയിട്ടത് ഒരുപാട് ഇഷ്ടമായി. യാത്രപ്രേമികള്‍ക്ക് പൊതുവായുള്ള പൊരുത്തങ്ങള്‍, യാത്രയോടുള്ള കാഴ്ചപ്പാടുകള്‍ ഞാന്‍ മനസ്സിലാക്കി തുടങ്ങിയത്, ബീനയുടെ യാത്രാവിവരണ പുസ്തകത്തിലൂടെയാണ്. മറ്റനേകം യാത്രികരെപോലെ അത് അനസിലും ഞാന്‍ കണ്ടു. യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശം ഓരോ അനുഭവങ്ങളെ വിലയിരുത്തുന്നതില്‍ നിന്നും നമ്മള്‍ക്കത് മനസ്സിലാക്കാം.
രാജസ്ഥാനും കശ്മീറും പഞ്ചാബും ഡല്‍ഹിയും ഞാനും മുന്‍പ് സഞ്ചാരിച്ചത് കൊണ്ടായിരിക്കണം, എന്നിലേക്ക് ഈ പുസ്തകം രണ്ട് രീതിയിലാണ് സന്നിവേശിച്ചത്, ഒന്ന് അനസ് കണ്ട കാഴ്ചകളും അനുഭവങ്ങളും, അവന്റെ വിവരണങ്ങളും അഭിപ്രായങ്ങളും. രണ്ട് ഞാന്‍ പോയ യാത്രകളുടെ ഓര്‍മകളും അനുഭവങ്ങളും, ചിലയിടത്തു ഞാന്‍ പുസ്തകം നെഞ്ചോട് ചേര്‍ത്ത്, ഓര്‍മകളുടെ തള്ളിച്ചയായിരുന്നു, ആ വേലിയേറ്റം കാരണം ഇടയ്ക്ക് എനിക്ക് ഓരോ പോസ് എടുക്കേണ്ടി വന്നു. അവയെ വീണ്ടും തലോടി, അതിലൂടെയൊക്കെ വീണ്ടും സഞ്ചരിച്ചു. ഞാന്‍ പോയ ഇടങ്ങളില്‍ ഞാന്‍ കണ്ടതും കാണാത്തതും അവന് കണ്ടിരുന്നു. ഇത്രയേറെ അനുഭവങ്ങള്‍, ഒരു വിവരവും ചോര്‍ന്നു പോകാതെ അവന് അടയാളപ്പെടുത്തിയത്, എനിക്ക് അത്ഭുതം തോന്നി. അതുപോലെ ഇനിയും എഴുതാനുള്ള ആവേശം കേറി.
ഞാന്‍ നേരിടുന്ന വലിയ വെല്ലുവിളി മറവിയാണ്, പലതും മറന്നു തുടങ്ങിയിരുന്നു. പക്ഷേ, ഈ പുസ്തകം ഏറെക്കുറെ ഓര്മിച്ചെടുക്കാന് എന്നെ സഹായിച്ചു. അതുപോലെ അനുഭവങ്ങള്‍ പെട്ടെന്നു എഴുതി വെക്കണമെന്ന ഒരു ആന്തലും ഉള്ളിലുണ്ടാക്കി.
ഒറ്റയും തെറ്റായുമായുള്ള യാത്രകള്‍, കിലോമീറ്ററുകളോളം നടന്നു ഓരോ സ്ഥലത്ത് എത്തിപ്പെട്ടത്, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇച്ചിരി ഭക്ഷണം കഴിച്ചത്, വിശപ്പ് നിയന്ത്രിച്ചത്. ഇച്ചിരി നടക്കുമ്പോഴേക്ക് തളരുന്ന, ഭക്ഷണം കഴിച്ചില്ലേല്‍ വാടുന്ന, വലിയ ബാഗ് ചുമക്കുന്ന എന്നെ സംബന്ധിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കേണ്ട കാര്യങ്ങളാണ്. ചെലവ് ചുരുക്കി, കൈയിലുള്ള റിസോഴ്സ് ഉപയോഗിച്ച് എങ്ങനെ യാത്രചെയ്യാം എന്നതിന്റെ ഉദാഹരണമാണ് അവന്റ ഓരോ യാത്രയും, ഗൂഗിള്‍ മാപ്പും, പരിചയമുള്ള ആളുകളോട് വിവരം തിരക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്.
രാജസ്ഥാനിലെ കോട്ടകളും, മനുഷ്യരും, ആദ്യമായി മണലാരിണ്യവും മരുഭൂമിയും തൊട്ടപ്പോള്‍ അവരനുഭവിച്ച അനുഭൂതിയും, ഡല്‍ഹിയിലെ ഖബര്‍സ്ഥാനും ചരിത്ര നിര്‍മിതികളും, ഭൂമിയിലെ പറുദീസയും അവിടുത്തെ ആളുകളുടെ നരക തുല്യമായ ജീവിതവും, മനുഷ്യരെ ആനന്ദത്തിലാക്കുന്ന കാലാവസ്ഥയും മഞ്ഞും മലകളും, മുംബൈയിലെ കാമാത്തിപുരയും, ട്രെയിന്‍ യാത്രകളിമെല്ലാം വായനക്കാരനെയും കൂടെ കൂട്ടുന്നു.
ഇന്ത്യയുടെ മത സാംസ്കാരിക വൈവിധ്യം അനുഭവിക്കണമെങ്കില്‍ തുറന്ന മനസ്സോടെ യാത്ര ചെയ്യണം. യാത്രികന്റെ ശരീരം ക്ഷീണിച്ചെങ്കിലും, മനസ്സ് എപ്പോഴും ഉണര്‍ന്ന് ഊര്‍ജസ്വലമായിരിക്കും, അവര്‍ ഒഴുകാന്‍ വിധിക്കപ്പെട്ടവരാണ്. ഓരോ ഇടങ്ങളും കാഴ്ചകളും അനുഭവങ്ങളും തുറന്നു തരുന്ന യാഥാര്‍ഥ്യ തലങ്ങളും അവരെ കൂടുതല്‍ സഹാനുഭൂതിയുള്ളവരാക്കുന്നു, അവരുടെ ലോകം പ്രപഞ്ചം പോലെ തന്നെ വിശാലമാണ്, അവരെല്ലാവരെയും ഒരുപോലെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
പുതിയ അനുഭവങ്ങളും കാഴ്ചകളും നല്കുന്ന സന്തോഷവും സന്താപവും അറിവും അന്താളിപ്പും അനുഭൂതിയും പ്രണയവും നിസ്സഹായതയും പ്രതീക്ഷയും നിരാശയും ഇതില്‍ പ്രകടമാണ്. ഇറങ്ങുമ്പോഴും കയറി ചെല്ലുമ്പോഴും മുത്തം കയറി യാത്രയാക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉമ്മയും ഉമ്മാമ്മയും, സഹായിക്കാനും ഊര്‍ജം നല്‍കാനും എപ്പോഴുമുള്ള സുഹൃത്തുക്കളും, ധനസ്ഥിതിയും ഭാഷ പരിജ്ഞാനവും പരിമിതമാണെങ്കിലും ഇറങ്ങി പുറപ്പെടുന്ന മനോഭാവവും, യാത്രകളില്‍ കണ്ട പല മുഖങ്ങളോടും കാഴ്ചകളോടും സമീപനവും, ഞങ്ങള്‍ക്ക് ഒരുപോലെയാണെന്ന് തോന്നി.
യാത്ര പോകുന്നവരെ ഒരുപാട് ഇഷ്ടമാണ്. ഒറ്റയ്ക്ക് ധൈര്യത്തോടെ ഇറങ്ങി പുറപ്പെട്ട അനസിനെ ഓര്‍ക്കുമ്പോള്‍ ബഹുമാനവും സന്തോഷവും അഭിമാനവും തോന്നുന്നു, അതോടൊപ്പം പോയ ഇടങ്ങളില്‍ ഇനിയും കാണാനും അറിയാനുമുണ്ടെന്ന തിരിച്ചറിവ്, അവന്റെ അനുഭവങ്ങള്‍ നല്കിയ പുത്തന്‍ അറിവുകള്‍. അടുത്ത യാത്രയ്ക്കുള്ള ഊര്‍ജവും പ്ലാനുമായി തിരിച്ചു വീടണഞ്ഞ അവന്, ഇറങ്ങി പുറപ്പെടാത്ത യാത്ര പ്രേമികള്‍ക്ക് പ്രചോദനമാണ്.