Art and Literature
പതികാലം-സ്മൃതി സമൃദ്ധിയുടേയും ജലസമൃദ്ധിയുടേയും വാങ്മയങ്ങള്‍
Art and Literature

പതികാലം-സ്മൃതി സമൃദ്ധിയുടേയും ജലസമൃദ്ധിയുടേയും വാങ്മയങ്ങള്‍

മോഹന്‍കുമാര്‍ വള്ളിക്കോട്
|
9 May 2023 7:50 AM GMT

പഴമയ്ക്കും, പഴഞ്ചൊല്ലിനും, മൂത്തവര്‍ക്കും, മുതുനെല്ലിക്കയ്ക്കുമൊക്കെ മഹത്തായ സ്ഥാനമാണുള്ളത്. ഇവയെല്ലാം ആദ്യം ചവര്‍ക്കുമെങ്കിലും അനുഭവത്തിലൂടെ പിന്നീട് മധുരിക്കും. വിലക്കുകളും അരുതുകളും കൊണ്ടാണ് ഇവ പലപ്പോഴും ആദ്യം മുന്നിലെത്തുന്നത്. കെ. രാജഗോപാലിന്റെ 'പതികാലം' കവിതാ പുസ്തകത്തിന്റെ വായന.

പ്രശസ്ത കവി കെ. രാജഗോപാലിന്റെ കാവ്യസമാഹാരമായ 'പതികാലം' സ്മൃതി സമൃദ്ധിയുടേയും ജല സമൃദ്ധിയുടേയും വാങ്മയങ്ങളാണ് വായനക്കാരന് സമ്മാനിക്കുന്നത്. ഇവയിലെ വൈവിധ്യം ബാല്യകാലത്ത് സ്‌കൂളിലെ അച്ചു കുത്തലിന്റെ ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതു മുതല്‍ (ചങ്ങല) വിരലിന്റെ ശലഭ സ്പര്‍ശം കൊണ്ട് 'സ്മൃതിയെ നിരാധാര ശ്രുതിയിലുയര്‍ത്തി ' കാപി രാഗത്തിലൂടെ സംഗീതത്തിന്റെ അഭൗമ തലത്തിലേക്ക് നമ്മെ ഉയര്‍ത്തുന്ന പുല്ലാങ്കുഴല്‍ വാദകന്‍ ഡോ. എം. രമണി, ഇടയ്ക്ക വിദ്വാന്‍ ഞെരളത്ത് രാമപ്പൊതുവാള്‍ എന്നിവരെപ്പറ്റിയുള്ള ഓര്‍മച്ചിത്രങ്ങളും കടന്ന് കുരവച്ചേച്ചിയേയും ഡ്രൈവിങ്ങ് ഗുരുനാഥനേയും പോലെ നാട്ടുമണമുള്ള നാടന്‍ കഥാപാത്രങ്ങള്‍ വരെ നീളുന്നു.

മറവിയുടെ മരം വീണ് മനസ്സിന്റെ വഴി അടയുന്നുണ്ടെങ്കിലും, ചലനമറ്റുപോയ മില്ലിരുന്ന സ്ഥലത്തേക്ക് നോക്കിയിരിക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് പഴയ പ്രണയകാലമാണ്. (മില്ലോടുന്നില്ലെന്നാലും നിന്നോടു മിണ്ടാ, നിന്നും ഒച്ച ഞാനുയര്‍ത്തുന്നു) അത് അത്ര പെട്ടെന്ന് മറക്കുവതെങ്ങനെ? കാരണം ഒഴിവുദിനങ്ങള്‍ കിട്ടുമ്പോള്‍ പോലും ഓര്‍മകള്‍ വെറുതെ വിടാറില്ല.

'ഇന്നും കുട മറന്നോ?

കുന്നിലെത്തവേ

കന്നിമഴ തിരക്കുന്നു.

കന്നു കുളമ്പു കുത്തും പോലെ നിന്നോര്‍മ്മ

വന്നു തീത്തുള്ളി പെയ്യുന്നു.' (ഒഴിവ് )

വെയിലത്തുപ്പുനീര്‍ മുക്കി ഉണക്കുന്ന വറ്റലുകള്‍ പോലെയാണ് ഓര്‍മ്മകള്‍. നാം വിശപ്പു മുക്കി ഉണ്ണുകയാണ് വീണ്ടും വീണ്ടും അവ. 'ഭൂമിതന്നുപ്പെന്നു നിന്നെ ഇനി കാലം വിളിക്കുമോ ? എന്ന് കവി ചോദിക്കുന്നുണ്ട്. (കൊണ്ടാട്ടം )

പുല്ലാങ്കുഴലിലൂടെ ഡോ. എം. രമണിയുടെ കാപി രാഗവിസ്താരം കേട്ടിരിക്കുമ്പോള്‍, മഴയോ, വെയിലോ, മൃതിയോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ആ നിറവിന്റെ അവസ്ഥയില്‍,' മതിയായ്, മതിയായ്, വേണ്ട, നി വേണ്ട ' എന്ന് തനിയേ ജീവ പുസ്തകമടച്ചിരുന്ന്, കാതുകള്‍ക്കിമ്പമേറി അലയുന്ന ആ പ്രാണസ്വര ശരം മാത്രം ശേഷിക്കട്ടെ എന്നാണ് കവി ആഗ്രഹിക്കുന്നത്. (പ്രാണസ്വരം). (വൈകുന്നേരം സമയം പാടാന്‍ പറ്റിയ രാഗങ്ങളിലൊന്നാണ് കാപി രാഗം എന്നതും ജീവ പുസ്തകമടച്ചിരിപ്പും ശ്രദ്ധേയം)

പ്രപഞ്ച വിസ്മയത്തെ, ജീവിത വിസ്മയത്തെ, ആര്‍ക്ക് എങ്ങനെ അളക്കാന്‍ കഴിയുമെന്നാണ് കവി ചോദിക്കുന്നത്.

'എത്ര ചുവടാ, ലളന്നെടുക്കും

അറ്റമില്ലാത്തൊരീ വിസ്മയത്തെ.? (ചീട്ടു കൊട്ടാരം )

മരണമെന്ന പ്രഹേളികക്കു മുന്നില്‍ മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന മോഹ സങ്കല്‍പങ്ങളെല്ലാം നിമിഷങ്ങള്‍ കൊണ്ട് തകര്‍ന്നടിയുന്ന ചീട്ടു കൊട്ടാരങ്ങളാണന്ന് കവി നമ്മെ ഓര്‍മിപ്പിക്കുന്നു. തന്റെ ആത്മ സുഹൃത്തിനേക്കുറിച്ച് കേട്ട ഒരു ദുഃഖ വാര്‍ത്തയും അദ്ദേഹത്തോടൊപ്പമുള്ള കവിയുടെ സ്മൃതിചിത്രങ്ങളും, ഭാവ സുന്ദര കല്‍പനകളിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് 'ചീട്ടു കൊട്ടാരം' എന്ന കവിതയില്‍. സുഹൃത്തിനേപ്പറ്റി കേട്ട വാര്‍ത്ത ഒരു തോന്നലായിരിക്കട്ടെ എന്ന് ആശ്വാസം കൊള്ളുമ്പോള്‍ത്തന്നെ, അറിയാതെ കണ്ണില്‍ നിന്നും കാതിലേക്ക് ഒരു കണ്ണുനീര്‍ച്ചോലയുടെ പുറപ്പാട് കവി അറിയുന്നുണ്ട്. മരണമെന്ന കരിംപൂതത്തിന്റെ സൂചകമാണ് കവിതയിലെ, പ്ലാസ്റ്റിക്ക് കുപ്പത്തൊട്ടിയില്‍ നിന്നും കത്തിപ്പുകഞ്ഞ് ഉയിര്‍ക്കുന്ന പൂതം. സിനിമാകൊട്ടകയില്‍ പണ്ട് വിറ്റ പാട്ടു പുസ്തകത്തിലെ കഥാവസ്തു പോലെ, ഇടവേളയില്‍ നുണഞ്ഞ പാലൈസു പോലെ ഈ ജീവിതം തന്നെ ഓര്‍മകള്‍ കൊണ്ടും, തോന്നലുകള്‍ കൊണ്ടും നിര്‍മിച്ചതാണെന്ന് കവി പറയുന്നു. സുഹൃത്തിനൊപ്പം, ഒറ്റമുറിയില്‍, ഒറ്റത്തടിയായി, ചെറുപ്പത്തിന്റെ തിളപ്പില്‍ കഴിഞ്ഞ നാളുകള്‍ കവി ഓര്‍ത്തെടുക്കുന്നു.


ആ നാളുകളില്‍, ചുറ്റുവിളക്കില്‍ എണ്ണത്തിരികള്‍ കത്തിക്കെടുമ്പോലെ, അടുത്തതാര്? എന്ന മരണ വാര്‍ത്തകള്‍ക്കായി അച്ചുനിരത്തി തളര്‍ന്ന പത്രസ്ഥാപന മുറ്റത്തിരുന്ന്, ചെയ്ത സ്വയംകൃതാനര്‍ഥങ്ങള്‍ ഓര്‍ത്തെടുത്തതും ഓര്‍മയിലെത്തുന്നു.

കോവിഡ് കാലത്ത്, സൗഹൃദങ്ങള്‍ക്ക് സംഭവിച്ച അകല്‍ച്ചയേയും, വിലക്കു കല്‍പ്പിക്കേണ്ടി വന്ന മാനുഷികാവസ്ഥയേയും കുറിച്ച് കവി പറയുന്നത് എത്ര സത്യാത്മകം.

'വാര്‍ത്തകളെ ചേര്‍ത്തിണക്കി നമ്മള്‍

വര്‍ത്തമാനത്തെ പടുത്തു പോകെ

പാര്‍ക്കാന്‍ വരേണ്ട വിരുന്നുകാരാ

പാലിക്കുവാന്‍ പനി ത്തീണ്ടലുണ്ട്.'

രണ്ട് റൊട്ടിത്തുണ്ടുകള്‍ പോലെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഓര്‍മകള്‍ കൊണ്ട് തമ്മില്‍ ഒട്ടിച്ചു തിന്നു തിന്ന്, നാവു പോലും കലിച്ചു പോവുകയും, കല്‍ക്കണ്ടമെന്ന് രുചിച്ചതെല്ലാം കയ്പ്പായിരുന്നു എന്നറിഞ്ഞ് മടുത്തു പോവുകയും, കൈയുറയിട്ട് ഇളകുന്ന പ്രേതമുദ്രകള്‍ കണ്ട് ഭയന്നു പോവുകയും ചെയ്ത കടുത്ത ജീവിതാനുഭവങ്ങളിലൂടെയാണ് നാം കടന്നുപോയത്. മൗനത്തിന്റെ ഭാഷ പോലും എത്ര ശക്തിയുള്ളതാണ്.

'എങ്കിലും വീണ്ടും മുഖമറകള്‍ക്കുള്ളി, ലടക്കം

കൊറിച്ചു നമ്മള്‍.

മട്ടോളമാറ്റിക്കുടിപ്പു കാപ്പി-

ക്കപ്പോളം ആറിത്തണുത്ത മൗനം.'

റെയില്‍വേ സ്റ്റേഷന്‍ പരിസരവും, റെയില്‍പ്പാളങ്ങളും, കാവലില്ലാത്ത ലെവല്‍ ക്രോസ് ഗേറ്റും, ചുറ്റുവട്ടക്കാഴ്ചകളും സൂക്ഷ്മം നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ഹൃദ്യമായ ഓര്‍മ വിരുന്നൊരുക്കുന്ന കവിതയാണ് 'അശ്വഹൃദയം.'

കണ്ട് യാത്ര പറയുന്നതിനായി, കവിതയില്‍ കണ്ടു വെയ്ക്കപ്പെടുന്ന സ്ഥലം കൂടിയാണിത്.

തുരുമ്പിച്ച് കുമിളിച്ച് നില്‍ക്കുന്ന വേലിയും, ഇരുണ്ട പാളങ്ങളുടെ വായ്ത്തലയ്ക്കല്‍ കാണപ്പെടുന്ന മുറിയും, ബീറ്റുകാരുടെ കൂടം കൊണ്ടുള്ള മുട്ടും, ഒക്കെ ലെവല്‍ക്രോസ് അടുത്തെത്തി എന്നതിന്റെ സൂചകങ്ങളായി കവിതയില്‍ കടന്നുവരുന്നു.

ഒറ്റ വാതില്‍ക്കോട്ടയുടെ ഗേറ്റുപുര വരാന്തയില്‍, തേപ്പടര്‍ന്നു പോയ ചാരുബഞ്ചിലെ ചതുരങ്ങളും, സമയം തള്ളിനീക്കാനായുള്ള തായം കളിക്ക് ഉപയോഗിക്കുന്ന പനങ്കുരുക്കളും, ഇരുപത്തി എട്ടുനായും പുലിയും കളി ശേഷിപ്പുകളും, കള്ളവെട്ടിന്നിരയായ ചീട്ടുകളിയിലെ ക്ലാവറിന്റെ മറുഗുലാനും, കന്നാസില്‍ ആരോ കൊണ്ടു വെച്ചിരിക്കുന്ന കള്ളവാറ്റും, വട്ടു സോഡയും എല്ലാം, അവസാനമെവിടെയെന്ന് ആര്‍ക്കും തിട്ടമില്ലാത്ത, പുറ്റു മൂടുന്ന കാത്തിരിപ്പിന്റെ ചേതോഹരവും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമായ നിശ്ചല ദൃശ്യങ്ങളാണ്.

വാഗണ്‍ ട്രാജഡി ചരിത്രം മുതല്‍ മീറ്റര്‍ ഗേജ്, കരി, ഡീസല്‍, ഇലക്ട്രിക് മെയില്‍, മെട്രോ കടന്ന് 'അതിവേഗ ശ്രുതി മീട്ടി കടന്നുവരാനിരിക്കുന്ന തിരക്കിന്റെ മഴവില്ല്' (കെ-റെയില്‍) വരെയുള്ള പരിണാമഗതിക്രമത്തിനിടയില്‍, ഈ റെയില്‍വേ ട്രാക്കുകളില്‍ സിഗ്‌നലു കിട്ടാതെ, കാലം എത്രത്തോളമാണ് ശ്വാസം മുട്ടി നിന്നിട്ടുള്ളത് ?

വേഗ പ്രയാണത്തിന്റെ പുതിയ അവതാരത്തോട് കവിക്ക് പറയാനുള്ളതിതാണ്.

'തിളയ്ക്കും ആവിക്കലങ്ങള്‍ക്കടുപ്പു കല്ലിളക്കല്ലേ,

ചുടലത്തെങ്ങിലെ കോളാ-

മ്പികളോടു കയര്‍ക്കല്ലേ.

അനച്ചക്കഞ്ഞിക്കു മുന്നില്‍

വിശപ്പു കെട്ടവസാനം

തല വെച്ചോ, രുറങ്ങുന്ന

തഴപ്പായ ചുരുളാണേ

ചവുട്ടിത്തേച്ചു പോകല്ലേ.'

ഇത് പരിസ്ഥിതിക്ക് ദോഷമാകാത്ത വിധം വേണം കടന്നുപോകാനെന്നുള്ള അപേക്ഷ, ഇതിലും മനോഹരമായി എങ്ങനെ പറയാന്‍ കഴിയും?

ഈ കവിത വായിക്കുമ്പോള്‍, വേഗതയുടെ പ്രതീകമായി കരുതപ്പെടുന്ന അശ്വങ്ങള്‍, പ്രകൃതിയുടെ വശ്യചാരുതയ്ക്കു മുന്നില്‍ നിശ്ശബ്ദരായി, ചീറ്റുകയോ, അക്ഷമയോടെ നിലത്തു ചവിട്ടുകയോ ചെയ്യാതെ തലകുനിച്ചു നില്‍ക്കുന്ന ജന്തുക്കളായി TED HUGHES ന്റെ THE HORSES എന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഓര്‍മയിലെത്തുന്നു.

'The frost showed it's fires

But still they made no sound.

Not one nsorted or stamped,

Their hung heads patient as the horizons,

High over valleys, in the red leveling rays- '

ഈ തിരക്കിന്റെ മഴവില്ല് ഏറെ കരുതലോടെ കടന്നുപോകട്ടെ എന്ന് നമുക്കും ആശിക്കാം.

കുതിരകളെ ശരിയായ മാര്‍ഗത്തിലൂടെ നയിക്കുന്നതിനുള്ള അശ്വഹൃദയമന്ത്രം വശമാക്കിയ നളനേപ്പോലെ ഈ വേഗാശ്വത്തെ ശരിയായ പാതയിലൂടെ നയിക്കാന്‍ അധികാരികള്‍ക്ക് കഴിയട്ടെ. വഴികളിലെ കെടുവളം തഴയ്ക്കുന്ന കൂവയും, കമ്യൂണിസ്റ്റ് പച്ചയും വെട്ടിമാറ്റപ്പെടട്ടെ.


കവിതയില്‍ ,

'വളവിനപ്പുറം പാട-

ത്തുരുക്കിന്റെ വിരലുകള്‍

ഞെരിക്കുന്ന വയലിനില്‍

റെയില്‍ പാളം പുളയുമ്പോള്‍' എന്ന വരികള്‍ വായിക്കുമ്പോള്‍ ഒരു ബീഥോവന്‍ സിംഫണി പോലെ കാവ്യാസ്വാദകന്റെ മനസ്സിലും ആഹ്ലാദത്തിന്റെ അലകളുയരുന്നു.

കവിത ചിന്തേരടിച്ചു മിനുക്കുന്ന വേളയില്‍ പ്പോലും വേണ്ടാത്ത വാക്കുകള്‍ കളയാന്‍ മനസ്സു കാട്ടാത്തവരാണ് നാം. അത്രത്തോളം ലാളിച്ച് നമ്മള്‍ വാക്കിനെ വഷളാക്കിയിരിക്കുന്ന ഇക്കാലത്ത്, എല്ലാം അല്‍പം അധികമായി പ്പോയി എന്ന ചിന്തയോടെ, ഈ പ്രപഞ്ചത്തെ മുഴുവന്‍ കവിതയില്‍ അളന്നിട്ട കവി ശ്രീ. ആറ്റൂര്‍ രവിവര്‍മ്മയെ ഓര്‍മയിലേക്ക് ആവാഹിച്ചെടുക്കുന്ന മനോഹരമായ കാവ്യശില്‍പമാണ് 'പതികാലം.'

ഉത്സവത്തായമ്പകയുടെ കലാശക്കൊട്ടിന്നവസാനം, കേമത്തങ്ങള്‍ക്കിടയില്‍ 'ഒച്ച കൂടിയോ ലേശം': എന്ന് സംശയിക്കുന്നവനും, മേളപ്പെരുക്കത്തിനിടയില്‍ 'ഇത്ര കൂട്ടണോ കാലം' എന്ന് ചോദിക്കുകയും ചെയ്യുന്ന പ്രിയ കവിയെ ഓര്‍മിക്കുന്നതിന്നിടയില്‍, കാലം ബാക്കി വെക്കുമോയെന്നും, മിച്ചമെന്തുണ്ടാകുമെന്നും അറിയാതെ എണ്ണം കേറ്റി കൊട്ടുകയാണ് താനും എന്നും, തനിക്ക് ഇപ്പോള്‍ വീണ്ടും ഒച്ച പൊന്തുന്നുണ്ടോ എന്നും സംശയിക്കുകയാണ് കവി.

ഈ ഓര്‍മകളുടെ തിരത്തള്ളല്‍ കാലത്തിനിടയില്‍ ചിലപ്പോള്‍ നമുക്ക് തോന്നാം. മൗനമല്ലേ നല്ലത്? കാരം അലുത്ത് മണക്കുന്ന മറപ്പുരയിലെ ആ മൗനത്തിന്റെ ചൂര്.

രാജഗോപാലിന്റെ കവിതകളില്‍ ജലം മൂല്യങ്ങളും വികാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ആഹ്ലാദത്തിന്റേയും, (ചെടിക്കു കോരുന്ന തോട്ടക്കാരന്‍ കൊളുത്തി ചുഴറ്റുന്ന ജല പൂത്തിരി) ശക്തിയുടേയും, (രാത്രിയുടെ ഓവറയില്‍ ഉറക്കത്തെ മൂത്രം മുട്ടിച്ച് കിടക്കയിലിട്ട് ഉരുട്ടാന്‍ പോന്ന കെല്‍പുള്ളത്) നിരാശയുടേയും (കിഴി കറന്നെടുത്ത നൂലുപോലെ നേര്‍ത്തൊഴുക്കുന്ന ജലം) തിരിച്ചറിവിന്റേയും

(പൈപ്പിലൂടൊഴുകുന്നതും ഒരു പുഴയുടെ കൈവഴി) ചെറു നൊമ്പരത്തിന്റേയും (വാഷ് ബേസിനില്‍ ബ്ലേഡിന്റെ അശ്രദ്ധ കൊണ്ട് ഭിത്തിക്കണ്ണാടിയിലേക്ക് തെറിക്കുന്ന മഞ്ചാടി നീറ്റല്‍) പ്രതീകമായി ജലം മാറുന്നു. ഒഴുക്ക് ഒട്ടും നിസ്സാരമല്ല. ശുചി മുറിയിലെ കടവിലിരിക്കുമ്പോള്‍, കിണറ്റിലെ മോട്ടോറിന്റെ പമ്പിംഗിനായി ഭിത്തിയിലെ സ്വിച്ച് ബോര്‍ഡില്‍ വിരലമര്‍ത്തുന്നതിനെ, സ്വിച്ച് ബോര്‍ഡില്‍ പിയാനോ പടവുകള്‍ അമരേണ്ട താമസം കിണറിനു കുളിരുകയും, വീണ്ടും ഒരു പുഴ മേലോട്ടൊഴുകാനും തുടങ്ങുമത്രേ. (എതിരൊഴുക്ക് )

പഴമയ്ക്കും, പഴഞ്ചൊല്ലിനും, മൂത്തവര്‍ക്കും, മുതുനെല്ലിക്കയ്ക്കുമൊക്കെ മഹത്തായ സ്ഥാനമാണുള്ളത്. ഇവയെല്ലാം ആദ്യം ചവര്‍ക്കുമെങ്കിലും അനുഭവത്തിലൂടെ പിന്നീട് മധുരിക്കും. വിലക്കുകളും അരുതുകളും കൊണ്ടാണ് ഇവ പലപ്പോഴും ആദ്യം മുന്നിലെത്തുന്നത്.

'ഇരവെട്ടി വിഴുങ്ങി, ചൂണ്ട-

ക്കയര്‍ പൊട്ടിച്ചലറി നടക്കു

ന്നൊരു കാലന്‍ വാളയെ- വേണ്ടാ കരയാകെ മുടിക്കുന്നവനെ

മുളകിട്ട് രുചിക്കില്ലാര്‍ക്കും

വറചട്ടിയില്‍ മൂക്കില്ലൊട്ടും.

മുള്ളാണ് അറിയാ, തണു പോലെ

ഉള്ളില്‍ച്ചെ, ന്നപകടമാക്കും.' (മരങ്കൊത്തി)

തന്റെ ജീവിത പരിസരങ്ങളേയും, ചലനങ്ങളേയും ക്യാമറക്കണ്ണുകളോടെ ഒപ്പിയെടുക്കുന്ന കവിയെ പതികാലത്തില്‍ നമുക്ക് ദര്‍ശിക്കാം. മരങ്കൊത്തി എന്ന കവിത തന്നെ ഇതിന് ഉത്തമോദാഹരണമാണ്.

മരം വെട്ടുകാരന്‍ ഒരു മരം വെട്ടിയിടുന്നതിന്റെ ചിത്രം ഈ സൂക്ഷ്മനിരീക്ഷണ പാടവത്തിന് അടിവരയിടുന്നതാണ്.

'മുതലപ്പല്ലടരും വാളാല്‍

മുറി വെച്ചുരുളാക്കി ഉരുട്ടി

കൊടുവിക്കാന്‍ കഴയിട്ടുന്തി

അലവാങ്കിനു കുത്തിമറിക്കെ

എടി അമ്പടി പെണ്ണേ- ഭാരം!

ഇരു തോളിലുമേറ്റി വലഞ്ഞു.'

കിണറും ഒരര്‍ഥത്തില്‍ മരം തന്നെയാണ് എന്ന് കവി പറയുന്നതില്‍ കാര്യമുണ്ട്.

'കിണറും മരമാ, ണില വീശാന്‍

തല കീഴെന്നതിനു പ്രമാണം.

മുറിപാടില്‍ തെളിയും കാതല്‍

വലയങ്ങ, ളര ഞ്ഞാണങ്ങള്‍

തൊടി കൊണ്ട് തളപ്പിട്ടോരോ

പടിയെണ്ണിയിറങ്ങിച്ചെന്നാല്‍

അലറും ജലമുണ്ടതില്‍ ആയുസ്സലിയാനരുതാത്ത കടുപ്പം.'

അലറുന്ന മരങ്ങള്‍ പോലെയുള്ള ചില മീനുകളും, കിണര്‍ വെള്ളവും ഒക്കെ ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. അതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.

'അറിയാതെ ചവുട്ടിപ്പോയാല്‍

അതി, ലിത്തിള്‍പ്പൊറ്റ വഴുക്കും

അതു കോരിയെടുക്കരു-താഴച്ചതി ചൂണ്ട കൊളുത്തി വലിക്കും.'

തത്വചിന്താപരമായ ചില ജീവിത ദര്‍ശനങ്ങള്‍ ഇതിനിടെ എത്ര ഹൃദ്യമായാണ് കവി ചില കവിതകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. നമുക്കെല്ലാം ഈ ജീവിതമാകുന്ന വണ്ടി ഒന്നു പാര്‍ക്കു ചെയ്യാന്‍ ആറടി മണ്ണിന്റെ ആവശ്യമല്ലേ ഉള്ളൂ?

'രാത്രി വൈകിയോടിയെത്തും

നേരം ആറടിക്കണക്കില്‍

പാര്‍ക്കു ചെയ്യാന്‍ ഇടം കൂടി കൊണ്ടു പോരണേ.' (ഒരുപ്പോക്കന്‍)

ഇത്രമാത്രം ഒച്ചയും ബഹളവും, വേവലാതിയുടേയും കാര്യമുണ്ടോ?

ഡ്രൈവിങ്ങ് പഠിപ്പിച്ച ഗുരുനാഥനും ചോദിക്കുന്നത് ഇതു തന്നെയാണ്.

'എച്ചെഴുതി പഠിച്ചു പണ്ടാരാണ്ട്

എച്ചിലാക്കിയ റോഡുകളല്ലേ.

ചത്തു കെട്ടു പോം നമ്മെക്കരുതി

ഇത്ര കൈ ബലപ്പിക്കണോ സാറേ? ' (ഡ്രൈവിങ്ങ് സ്‌കൂള്‍)

നമ്മുടെ മനസ്സും, പ്രാണനും, ഭാഷണ, ദര്‍ശന ശ്രവണശക്തികളും പ്രവര്‍ത്തിക്കുന്നത് ആരുടെ ആജ്ഞയനുസരിച്ചാണ്?

നമുക്ക് സത്യമായി തോന്നുന്ന ജഗത്തും, വാസ്തവിക പ്രപഞ്ചവും തമ്മിലുള്ള പൊരുത്തക്കേടാണ് സുഖ ദുഃഖങ്ങള്‍ക്കു കാരണമായിത്തീരുന്നത്.

തന്റെ ഉള്ളിലുള്ള ജഗത്തു തന്നെയാണ് ബാഹ്യ പ്രപഞ്ചമെന്നു ധരിക്കുന്നതില്‍ നിന്നുണ്ടാകുന്ന സുഖ ദുഃഖാദി വികാരങ്ങള്‍ തന്റെ ഉള്ളിലല്ല, ബാഹ്യ വസ്തുക്കളിലാണ് സ്ഥിതി ചെയ്യുന്നതെന്ന തെറ്റിദ്ധാരണയാണ് മായ.

സര്‍വാധിഷ്ഠാനമായ മനുഷ്യ ജീവിത സത്തയെക്കുറിച്ചുള്ള പ്രശ്‌നവുമായിട്ടാണ് കേനോപനിഷത്ത് ആരംഭിക്കുന്നതു തന്നെ.

ഈ ദാര്‍ശനികതയുടെ പൊരുള്‍ കൂടി ഉള്‍ക്കൊള്ളുന്ന വരികള്‍ 'ദ്വാരപാലകന്‍' എന്ന കവിതയില്‍ കാണാം.

'നീ ഇടയ്ക്ക ഞരമ്പു ഞെരിക്കെ

ലോല നീലാംബരത്തോല്‍ തരിക്കെ

തീ പടര്‍ന്നെഴുതുന്നൊരീ ജന്മ ജ്വാലയില്‍ ശ്രീലകം നീറി നില്‍ക്കെ

കാലുരച്ചു ചാഞ്ചാടുകയാണീ

മോഹമായ മൃഗം-ലോക വാസം.'

ദ്വാരപാലകാ നമ്മളിന്നോളം

കാവലേറ്റുവോ നമ്മുടെ ജന്മം ?


മനുഷ്യ മനസ്സെന്ന പ്രഹേളികയെക്കുറിച്ചും, അതിന്റെ സ്വഭാവ വൈചിത്ര്യങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് പരിധിക്കു പുറത്ത്, ഇരട്ട, കയ്പനാരകം എന്നീ കവിതകള്‍.

അതിരിലെ മുള്ളു നാരകം അകല്‍ച്ചയുടേയും, സ്‌നേഹ ബന്ധങ്ങള്‍ക്കതിരു കല്‍പ്പിച്ച് ജീവിക്കുന്നവരോടുമുള്ള കവിയുടെ പ്രതിഷേധത്തിന്റെ പ്രതീകമാണ്. അതില്‍ ഒരിക്കലും കാക്കയോ കുയിലോ പാടുവാനെത്തുന്നില്ല. കുരുവികള്‍ മുട്ടയിട്ട് അതിന്റെ പൊത്തില്‍ അടയിരിക്കുന്നില്ല. കായ്ച്ച കാലം പോലും ഓര്‍മയില്ലാതെ, കാതലില്ലാതെ, പൂക്കളില്ലാതെ, തൊട്ടുതലോടാനെത്തുന്ന കാറ്റിനു പോലും സുഗന്ധമേകാതെയുള്ള ജന്മം.

'അതിനു ചില്ല കൂട്ടി നൂലു-

പാകുവാന്‍ ചിലന്തി-

ത്തറിയി, ലോടമെന്ന പോലൊരോന്തനക്കമില്ല.'

ഈ വരികളില്‍ കാണുന്ന picturesque image എടുത്തു പറയേണ്ടതു തന്നെയാണ്.

കയ്പു നാരകച്ചോട്ടില്‍ പാമ്പിനേപ്പോലെ അതിര് വരച്ച്, വിലക്കു കല്‍പിക്കപ്പെട്ട് കാണുന്ന പാത, മനസ്സിലുറഞ്ഞുകൂടുന്ന അതൃപ്തിയുടേയും വെറുപ്പിന്റേയും പ്രതീകമാണ്. അതുകൊണ്ടാണ് തന്റെ പട്ടം, അതിന്റെ ചില്ലകളിലുടക്കി തൂങ്ങി മരിച്ചിട്ടും, അവിടെ നിന്ന് നിലവിളി കേട്ടിട്ടും, എത്തി നോക്കാനോ, അതിര് കടന്നു ചെന്ന് അന്വേഷിക്കാനോ, അത് വെട്ടി മാറ്റണമെന്ന് അലമുറയിടാനോ തയ്യാറാകാത്തത്.

നാം നിസ്സാരമെന്നും, പ്രയോജനരഹിതമെന്നും കരുതുന്ന പ്രപഞ്ചത്തിലെ എല്ലാ സസ്യജന്തു ജാലങ്ങളെക്കൊണ്ടും അതിന്റേതായ ഗുണങ്ങളും ഉപകാരവുമുണ്ടെന്നും, വെട്ടിമാറ്റലിലല്ല, വെച്ചു പിടിപ്പിക്കലിലും നിലനിര്‍ത്തലിലൂടെയുമാണ് പ്രകൃതിയുടെ തനിമ നിലനിര്‍ത്താന്‍ കഴിയുന്നത് എന്നുള്ള വലിയൊരു പാഠവും ഈ കവിത നമ്മെ ഓര്‍മിപ്പിക്കുന്നു.

'മുന കറത്തു പാകമായ

മുള്ളിനെങ്ങു പോകും?

അതു പറഞ്ഞ് വെട്ടിമാറ്റി-

യില്ല താരും അന്നേ.'

ഇതേ മനസ്സുകൊണ്ടു തന്നെയാണ് പങ്കു പോരാതെ തമ്മില്‍ തല്ലി പിരിയാനും, ബീഡിക്കു വേണ്ടിയുള്ള തപ്പലിനിടയില്‍, പക നിറഞ്ഞ മനസ്സോടെ പാള പ്പൊതിക്കുള്ളിലെ കൊലക്കത്തി കൊണ്ട് കൂട്ടു വീശുകാരന്റെ ചങ്ക് അറുത്തെടുത്ത് പൂണിക്കുള്ളില്‍ ഒളിപ്പിക്കാനും തയ്യാറാകുന്നത്. (പരിധിക്കു പുറത്ത്)

ഉള്ളില്‍ നീറുന്ന കുറ്റബോധത്തോടെ, ഊത്തയ്ക്കു വീശാന്‍ പോകുമ്പോള്‍ കൂട്ടുകാരനെ വിളിക്കുകയും, അയാള്‍ തുടയ്ക്കു കൈകള്‍ പൂട്ടി സുഖ നിദ്രയിലായിരിക്കുമെന്നും, ചെറ്റയ്ക്ക് മുട്ടി വിളിക്കാത്തതാണ് തെറ്റായിപ്പോയതെങ്കില്‍, അത് തന്റെ തെറ്റു തന്നെയെന്ന് കുറ്റബോധം നിറഞ്ഞ മനസ്സോടെ ഏറ്റുപറയുന്നതും വിചിത്രമായ ഈ മനസ്സു തന്നെ.

ചന്ദ്രബിംബത്തെ പലരും കവിതകളില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും

'മിന്നല്‍ കൊണ്ടാരോ മുറി-

ച്ചിട്ടതുപോലെ മേഘ-

ത്തുണ്ടലുവയില്‍, അണ്ടി-

പ്പരിപ്പായ് ചന്ദ്രക്കല.' -

എന്ന അപൂര്‍വ്വസുന്ദരമായ ഉപമ മറ്റാരും പ്രയോഗിച്ചു കണ്ടിട്ടില്ല.

അതുപോലെ,

'ആറ്റുവാളയെ കീറും

കീറ്റിലകളില്‍ മുട്ട-

പ്പരിഞ്ഞില്‍ ഭൂഖണ്ഡങ്ങള്‍

ചിതറി കിടപ്പല്ലേ? - എന്ന കാവ്യഭാവനയും ഗംഭീര മെന്നേ പറയേണ്ടൂ.

പ്രശസ്ത ഹംഗേറിയന്‍ കവിയായ GYORGY PETRI യുടെ Night Song of the Personal Shadow എന്ന കവിത, ഇതുപോലൊരു പ്രമേയമാണെങ്കിലും ശ്രീ. രാജഗോപാലിന്റെ കവിത അതിന്റെ വേറിട്ട ശൈലി കൊണ്ടും, അവതരണ ഭംഗി കൊണ്ടും കൂടുതല്‍ ആകര്‍ഷകമാകുന്നുണ്ട്.

The rain is pissing down,

You scum.

And you, you are asleep

In your nice warm room-

I must wait for my relief, I've got to wait till you crawl out of your hole,

get up from beside your old woman........

The time will come

When I feed you to fish in the Danube.


ഇതേ മനസ്സു തന്നെയാണ് കൊള്ളിയും മരുന്നും പോലെ ഒട്ടി നിന്ന് മൂത്രപ്പുരയ്ക്കുള്ളില്‍ കുരുത്തക്കേട് കാട്ടുന്നതും, ഒരാള്‍ തളപ്പിട്ടാല്‍ മറ്റേയാള്‍ തെങ്ങിന്‍ മണ്ടയ്ക്ക് ചെല്ലുകയും, മാട്ടമൂറ്റുമ്പോള്‍, മൂപ്പും പെരുപ്പും മറ്റേയാള്‍ക്കാണെന്ന മാനസികാവസ്ഥയുള്ള 'ഇരട്ട'യായ് നമ്മുടെ ഇടയില്‍ ജീവിക്കുന്നതും.

'എന്നിലെ പെണ്ണിന്‍ മനസ്സമ്മതം നിന്നോടായി

നിന്റെ ചൂരേറ്റാ, ലപ്പോള്‍

ചുരക്കും ഞാനെന്നായി.' (ഇരട്ട)

ഗ്രാമജീവിതത്തിന്നിടയിലെ നഷ്ട ബാല്യത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന രചനയാണ് 'തത്സമയം.'

നമ്മുടെ മഹത്തായ കാര്‍ഷിക സംസ്‌കാരത്തേക്കുറിച്ചുള്ള മധുരമൂറുന്ന ശബ്ദമാണതില്‍ മുഴങ്ങുന്നത്.

പഴമയില്‍ നിന്നും പുതുമയിലേക്ക്, പാരമ്പര്യത്തില്‍ നിന്നും ആധുനികതയിലേക്കുള്ള ചുവടുമാറ്റം എത്ര സുന്ദരമായി ഈ കവിതയില്‍ പറഞ്ഞു വെച്ചിരിക്കുന്നു.

ഒരു പൂള് തേങ്ങ, ഒരു തിരി മുളക്, ഒരു കല്ലുപ്പ്, ഒരു പിടിത്താള്, ഒരു മണി മല്ലി ഇവ കൂട്ടിയരച്ച ചമ്മന്തിയും കൂട്ടി ഒരു കവിള്‍ കഞ്ഞി, വക്കു തേമ്പിയ നീലക്കരയിട്ട കവിടിപ്പിഞ്ഞാണത്തില്‍ മോന്തുന്ന ആ പഴയ കാലത്തില്‍ നിന്നും, കഴുത്തില്‍ കയര്‍ കുടുക്കി കണക്കില്‍പ്പെടുത്തുന്ന ആധുനിക കാലത്തേക്കുള്ള ദൂരമാണത്.

കാര്‍ഷിക വിജ്ഞാന പാഠങ്ങളില്‍ തുടങ്ങി (ഒരു വെയി, ലുണക്കിനു വാലമീ നെല്ല്... ചെറുകിഴങ്ങി, ന്നേറ്റമിങ്ങനെ പോരാ) കത്തിപ്പടരുന്ന പരുത്തി, കടുക് പാടങ്ങളെ സാക്ഷിയാക്കി, അവകാശങ്ങള്‍ക്കു വേണ്ടി നിരത്തില്‍ കുത്തിയിരിക്കേണ്ടി വരുന്ന കാര്‍ഷിക ജനതയുടെ ധര്‍മസങ്കടങ്ങളിലേക്കും ഈ കവിത വിരല്‍ ചൂണ്ടുന്നു. ആധുനികതയുടെ പരസ്യപ്പെടുത്തുന്ന ലോകത്തിന്നോളം ഇല്ലാതിരുന്നവരാണെങ്കിലും, വീണ്ടും കുറേക്കൂടി ലൈനില്‍ തുടര്‍ന്നാല്‍ ആ സംസ്‌ക്കാരത്തിലേക്ക് ഞങ്ങള്‍ തിരിച്ചെത്താം എന്ന പുനര്‍ജനിയുടെ വെളിച്ചവും പകരുന്നുണ്ട് ഈ കവിത.

കാലം ജീവിത പരിസരങ്ങളില്‍ വരുത്തിയ മാറ്റങ്ങളേയും ചുറ്റുമുള്ള ജീവചലനങ്ങളേയും കൗതുകപൂര്‍വ്വം നോക്കിക്കാണുന്ന കവിയെ നമുക്ക് ഈ സമാഹാരത്തില്‍ ദര്‍ശിക്കാം. (കാതു പിടിച്ചങ്ങനെ നിന്നാല്‍ കാലം കുറുകുന്നത് കേള്‍ക്കാം )

'മില്ലിരുന്നിടത്ത്

കല്ലുരല്‍ പോല്‍ അടിത്തറ

തൂവാനക്കുഴികളില്‍

നെല്ലുകുത്തുവാന്‍ മഴ.

ചക്കിലാടിയ കൊപ്രാ-

ക്കൊത്തു പോല്‍ ചെങ്കല്ലട.'( മറവി കുത്തുന്ന മില്ല് )

'നോക്കുമ്പോഴുണ്ട്, അതിരു കടന്ന്, വേലിപ്പത്തലുകള്‍ക്കും മീതേ

വെയിലിന്റെ രണ്ടു ചെണ്ടുകള്‍

മാറാടി മറയുന്നു.' (മരുമക്കത്തായം )

'വെയിലിന്റെ താറാപ്പറ്റം

മുറ്റം മെഴുകുമ്പോഴെല്ലാം

കൂടെ ഒരു കാവടിക്കാരന്‍

മയിലുപോലെ ചികഞ്ഞു

നടക്കുന്നു.'

'തണലങ്ങനെ നിന്നിടം കട്ട-

ക്കളമായ്, മരമുട്ടികള്‍ ചൂള

ക്കനലാകാന്‍ കാത്തു കിടക്കെ' ( മരങ്കൊത്തി )

'ദര്‍പ്പണം' എന്ന കവിത ദാമ്പത്യത്തിലെ ഒരുമയുടേയും, പരസ്പര സ്‌നേഹ വിശ്വാസങ്ങളുടേയും, പരിഭവങ്ങളുടേയും ഗീതകമാണ്.

'ഒന്നുമാര്‍ക്കും മനസ്സിലാവില്ലെന്ന് ' തന്റെ നേര്‍പാതി പരിഭവക്കെട്ടഴിക്കുമ്പോള്‍ വായടപ്പിക്കുന്ന കവിയുടെ മറുപടി ഇങ്ങനെയാണ്.

'ഒന്നു പോല്‍ അറിയുന്നവര്‍, തങ്ങളില്‍

നിന്നപരം പകുത്തെടുക്കുന്നവര്‍

കുറ്റിരുട്ടിലൊറ്റയ്ക്കായിരുന്നുവോ?

കൂട്ടുവേണമെന്നാരോ പറഞ്ഞുവോ ?'

സ്ത്രീജന്മത്തിന്റെ കഷ്ടപ്പാടുകളും, വിഹ്വലതകളും ഒപ്പിയെടുത്തിരിക്കുന്ന കവിതയാണ് 'ഒരു പുറം കവിയാതെ'. ഒരു ജന്മം മുഴുവന്‍ വീടിനു വേണ്ടി ജീവിച്ചു തീര്‍ക്കുന്നവള്‍ക്ക് വീടടച്ച് പുറത്തേക്കിറങ്ങുമ്പോഴും, തിരികെ അണയുമ്പോഴും അത്തരം ചിന്തകളില്‍ നിന്ന് മോചനമില്ല. കിണറ്റിലെ വെള്ളം പോലും

അവളുടെ തിരക്കും, ധൃതി പിടിച്ചുള്ള ദിനചര്യകളും കണ്ട് ഞെട്ടുന്നു.

'തിടുക്കപ്പെട്ടൊരാള്‍ മൊത്തിക്കുടിച്ചു പോയതിന്‍ ഞെട്ടല്‍

അടക്കാതെ കിണര്‍ വെള്ളം തുടിക്കുന്നുണ്ടോ?'

സ്വാര്‍ത്ഥ ചിന്തകളില്ലാതെ, പകലന്തിയോളം കഷ്ടപ്പെടുന്ന അവള്‍ക്ക് ആ വീട്ടില്‍ നിന്നും പൂര്‍ണ്ണമായ തൃപ്തിയും, സന്തോഷവും ലഭിക്കുന്നുണ്ടോ?

ആ വീട് അതിന്റെ അനുഭവക്കുറിപ്പുകള്‍ എഴുതി വെക്കുമ്പോള്‍, അതിനിടയിലെങ്ങാനും അവള്‍ക്കു വേണ്ടി ഒരു ഉപകാരസ്മരണയെങ്കിലും എഴുതി വെച്ചത് കണ്ടുവോ? എന്നാണ് കവിയുടെ ചോദ്യം.

'പോപ്പിനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ', 'വാസവദത്തയെ ഊത്തു പഠിപ്പിക്കല്ലേ' എന്നൊക്കെ തമാശക്ക് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, വിഴുപ്പലക്കുന്നവര്‍ക്കും ദേഹമനക്കാതെ ബ്യൂട്ടിയൊപ്പുന്ന ഫേഷ്യല്‍ കുരുവികള്‍ക്കും, ഒളിഞ്ഞും തെളിഞ്ഞും, വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നവര്‍ക്കുമുള്ള ചുട്ട മറുപടി, ചിരി മലരിയിലൂടെ നല്‍കുന്ന കുരവച്ചേച്ചിയുടെ ഈ ചോദ്യം, ഗ്രാമത്തനിമയുള്ള പച്ചയായ ചില കുരുട്ടുകളുടെ ചിരി പടര്‍ത്തുന്ന മുന വെച്ച മറുപടികളേയും ചോദ്യങ്ങളേയും ഓര്‍മിപ്പിക്കുന്നതാണ്.

'പഫ്‌സുപോലെ പൊള്ളി വിരിഞ്ഞ പാളിത്തുരുമ്പിനോടു വേണോ പെയ്ന്ററേ,

കമ്പി ബ്രഷുകൊണ്ടുള്ള ഈ ഒരയ്ക്കല്‍?' (കുരവ ച്ചേച്ചി)

'പതികാലം' നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന, കെട്ട കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

'തട്ടിവീഴുമ്പോള്‍ പേടി പെരുത്ത കാലത്തിന്റെ

ഇരുണ്ട മുഗശാലയ്ക്ക കത്തോ പുറത്തോ നാം?' (നോണ്‍-വെജ്)

ഫ്‌ളാറ്റു സംസ്‌ക്കാരത്തേയും, (ചായ്പ്പില്‍ നി, ന്നടുപ്പിന്റെ പുകച്ചില്ലകള്‍ കോതി ഫ്‌ളാറ്റില്‍ നട്ടപ്പോള്‍ രുചിക്കൂ, ട്ടില വീശാതായി) എന്തിലും ഏതിലും മായം കലര്‍ത്തുന്ന മനുഷ്യന്റെ ദുഷ്പ്രവണതകളേയും, (കനലില്‍ കമ്പിക്കാലില്‍ ഉരുളക്കൊഴുപ്പു വെന്ത്, അജിനോമോട്ടോവിന്റെ വാസനാവികൃതിയില്‍) ജാതിയുടേയും, മതത്തിന്റേയും, വര്‍ണ്ണത്തിന്റേയും പേരിലുള്ള വേര്‍തിരിവുകളേയും, വിഷ ചിന്തകളേയും (തൊട്ടു തിന്നുവാന്‍ തഴപ്പായ നീര്‍ത്തുമ്പോള്‍ വിഷം മുറ്റിയ നൂറ്റാണ്ടുകള്‍ തീണ്ടിയിട്ടില്ല തമ്മില്‍) ഒക്കെ കവി പരിഹസിക്കുന്നുണ്ട്. ഈ രുചി സാമ്ര്യാജ്യത്തില്‍ അകപ്പെട്ടു പോയ നമ്മുടെ അവസ്ഥയെക്കുറിച്ച് കവി പറയുന്നതിങ്ങനെ.

'തൊട്ടുനക്കുമ്പോഴേയ്ക്കും

വിശപ്പു കെട്ടു നമുക്ക്

ഉറ കൂടിയാലൊട്ടും

പുളിക്കാതായി നമ്മള്‍.'

പാതി വേവിച്ചാലെന്തും

പോഷകം നമുക്കിപ്പോള്‍'

ഡി.സി.ബുക്‌സ് ആണ് പുസിതകത്തിന്റെ പ്രസാധകര്‍.

കവിത ചിന്തേരടിച്ചു മിനുക്കുന്ന വേളയില്‍ പോലും വേണ്ടാത്ത വാക്കുകള്‍ കളയാന്‍ മനസ്സു കാട്ടാത്തവരാണ് നാം.

Similar Posts