Art and Literature
കനലാഴംതേടുന്ന കവിതകള്‍
Art and Literature

കനലാഴംതേടുന്ന കവിതകള്‍

മോഹന്‍കുമാര്‍ വള്ളിക്കോട്
|
17 Dec 2022 11:31 AM GMT

സ്ത്രീത്വത്തിന്റെ വിവിധ വശങ്ങളോടുള്ള പുരുഷ സമീപനത്തിന്റെ കാഴ്ചപ്പാടുകളിലെ വൈകല്യങ്ങളെക്കുറിച്ച് കവിതകളില്‍ പലതും നമ്മളോട് പറയാതെ പറയുന്നുണ്ട്. ഇത്തരം കാഴ്ചപ്പാടുകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ബ്രിട്ടീഷ് തത്വചിന്തകയും എഴുത്തുകാരിയും , വനിതാവകാശങ്ങളുടെ വക്താവുമായിരുന്ന Mary Wollstonecraft( 1759-1797) ന്റെ A Vindication of the Rights of Woman എന്ന ലേഖനത്തില്‍ പറയുന്നത്. | കൃപ അമ്പാടിയുടെ 'പെങ്കുപ്പായം' കവിതാ പുസ്തകത്തിന്റെ വായന.

ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച കൃപ അമ്പാടിയുടെ ആദ്യ കാവ്യസമാഹാരമായ 'പെങ്കുപ്പായ'ത്തിലെ 43 കവിതകളിലൂടെ കടന്നുപോയപ്പോള്‍ ചൂടും ചൂരും സമ്മാനിച്ച, കനലാഴം തേടുന്ന കവിതകളുടെ പുതിയൊരു മുഖമാണ് കണ്ടത്.

കനലാഴം തേടുന്ന കവിതകളെന്ന് ഇവയെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും തെറ്റില്ല. പുരുഷന്റെ വാരിയെല്ലില്‍ നാവുകൊണ്ട്, രതി നമ്മുടെ ജീവനത്തിനും, പിറവി പ്രകൃതിയുടെ ജീവനത്തിനുമെന്ന് എഴുതുന്നവളെ, ദേവിയെന്നു വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടാതെ വാളും ചിലമ്പുമുള്ള പെണ്ണായി കവിതകളില്‍ പ്രത്യക്ഷപ്പെടുന്നവളെ എങ്ങനെ ഒഴിവാക്കാനാവും?

'പെങ്കുപ്പായം ' എന്ന കവിതയിലെ കല്യാണപ്പൂതി കേറി ഒട്ടിയ സന്ദര്‍ഭവിവരണവും, ഒന്നിച്ചിരുന്ന് കൊത്തങ്കല്ലാടുന്നതിന്നിടയില്‍ ഋതുമതിയായിത്തീരുന്നതും (പച്ചയിലപ്പുള്ളികള്‍ നിറഞ്ഞ പാവാടയില്‍ നിന്ന് ഒരു ചെമ്പരത്തിപ്പൂ വിരിഞ്ഞിറങ്ങി) കൈ കോര്‍ത്തോടുന്ന സ്‌നേഹ സൗഹൃദങ്ങളും, കൂട്ടുകാരി കെട്ടു മടുക്കാത്തവനൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ ഞാറ്റു കണ്ടത്തില്‍ പുല്ലരിവാള്‍ ഇണയില്ലാതെ തളിരിലകളെ ധ്യാനിച്ച് മരം കടിച്ചിരിക്കുന്നതും, ഇതേ അരിവാളുകള്‍ വീണ്ടും വരമ്പത്ത് കൊക്കുരുമ്മി വിയര്‍പ്പാറ്റി ഇരിക്കുന്നതും വയല്‍ച്ചേറിന്റെ ഗന്ധമുള്ള ഓര്‍മകളാണ്. 'അവതാളത്തില്‍ കെട്ടിയ ചരടുരഞ്ഞ്, ചങ്കും ചരടും കറുത്തയന്ന് തിരിച്ചുവന്ന്' എന്ന വരികളിലൂടെ ദാമ്പത്യത്തകര്‍ച്ചയുടെ ആഴത്തെയും കവി വ്യംഗ്യമായി സൂചിപ്പിക്കുന്നു.

പടിപ്പുര വാതില്‍ കടന്ന് കാമാസക്തനായി, കോലായിലെ തിരി താഴ്ത്തി, തൊട്ടാല്‍ അമറുന്ന ഉമ്മറ വാതില്‍ മെല്ലെ തുറന്ന് തന്റെ ഉഷ്ണരേഖകളില്‍ കിതപ്പാറ്റി, കുളിര്‍ മേനിയില്‍ ചിത്രം വരച്ച് ശയ്യാടിമയാകാനുള്ള ക്ഷണം. 'മൃദു വികാരചകിതനായാല്‍ തെല്ലിട നിന്നു പോം ബലിഷ്ഠനും' എന്ന പ്രയോഗചാരുത എടുത്തു പറയേണ്ടത്.

വിഷമിച്ചു പെറ്റവള്‍ക്കു മാത്രം പിഴച്ചവള്‍ എന്ന പേരും പെറ്റ തുണ്ടിന് തന്തയില്ലാത്ത ഛായയും ചാര്‍ത്തിക്കൊടുക്കുന്ന ദുഷിച്ച സാമൂഹ്യവസ്ഥിതിക്കു നേര്‍ക്കുള്ള കൂരമ്പാണ് 'കടുംഛായ' എന്ന കവിത.

ഷെയര്‍ മാര്‍ക്കറ്റിലെ വിലനിലവാരസൂചികയുടെ ഉയര്‍ച്ചതാഴ്ചക്കനുസൃതമായി മാത്രം ഉദ്ധരിക്കാനും മരിക്കാനും ശീലിച്ച ജനനേന്ദ്രിയവുമായി കഴിയുകയും, ടാര്‍ഗറ്റും, പ്രോഫിറ്റും, സെയില്‍സ് ടേണോവറും, ഷെയര്‍ മാര്‍ക്കറ്റുമൊക്കെയായി ലാപ് ടോപ്പില്‍ ലാഭനഷ്ടങ്ങള്‍ റ്റാലിയാക്കുകയും, ജീവിതശൈലീ രോഗങ്ങള്‍ക്കടിമപ്പെട്ട് ജീവിക്കാന്‍ മാത്രം മറന്നു പോകുന്നവരെക്കുറിച്ചുമുള്ള ശക്തമായ ആക്ഷേപഹാസ രചനയാണ് 'കിസ്മീ'.

വെയിലറുത്ത്, കരിയിലകള്‍ പറപ്പിച്ച്, മരക്കൊമ്പുകള്‍ ചീന്തിയെടുത്ത്, ചെത്തുതെങ്ങിലേറി ലഹരിയില്‍ ഉന്മത്തനായി, ഇറയത്തെ ദാരിദ്ര്യ കരിക്കലത്തില്‍ കുളിച്ച് ലഹരി മുക്തനായി കാന്തനറിയാതെ പുരയുടെ ഓടും ഇളക്കി പായിലേക്ക് ഇറ്റ് തന്നെ ആകെയൊന്നു നനച്ചു പുണര്‍ന്നുറങ്ങാന്‍ മഴ മുത്തിനോട് നടത്തുന്ന പ്രണയാഭ്യര്‍ത്ഥന 'വരവ് ' എന്ന കവിതയിലൂടെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

വേനല്‍ക്കാറ്റിനെ സങ്കല്പത്തിലാവാഹിക്കുന്ന മികച്ചൊരു ഭാവന തന്നെയാണ് 'എടാ കോ ന്താ ' എന്ന കവിത. രതിലയ കാമനകളോടെ, പ്രണയതാപത്തോടെ, ചോരനെപ്പോലെ പതുങ്ങിയെത്തുന്ന പ്രിയന്‍. പടിപ്പുര വാതില്‍ കടന്ന് കാമാസക്തനായി, കോലായിലെ തിരി താഴ്ത്തി, തൊട്ടാല്‍ അമറുന്ന ഉമ്മറ വാതില്‍ മെല്ലെ തുറന്ന് തന്റെ ഉഷ്ണരേഖകളില്‍ കിതപ്പാറ്റി, കുളിര്‍ മേനിയില്‍ ചിത്രം വരച്ച് ശയ്യാടിമയാകാനുള്ള ക്ഷണം. 'മൃദു വികാരചകിതനായാല്‍ തെല്ലിട നിന്നു പോം ബലിഷ്ഠനും' എന്ന പ്രയോഗചാരുത എടുത്തു പറയേണ്ടത്.


മുടി എന്നത് ഊര്‍ജം, സ്വാതന്ത്ര്യം, കാമം, സ്ത്രീ സ്വത്വം എന്നിവയുടെയെല്ലാം പ്രതീകമാണ്. ആദിരൂപപരമായി ഊര്‍ജം നിറഞ്ഞു നില്‍ക്കുന്ന ഈ പ്രതീകത്തെ കൃപ തന്റെ കവിതകളില്‍ സ്ത്രീ വിമോചനത്തിന്റെ പ്രതീകമാക്കി മാറ്റുന്നു. തെറിച്ച ലോകത്തിന്റെ നെഞ്ചില്‍ കുത്തുന്നതിനും, നാക്കില്‍ ചുഴറ്റുന്നതിനും, കഴുത്ത് മുറിക്കുന്നതിനും ഈ മുടിയെന്ന പ്രതീകത്തെ ഉപയോഗിക്കുന്നു. പൗരുഷമുള്ള, പ്രതിസന്ധി ഘട്ടങ്ങളില്‍ അവള്‍ക്കു തുണയാകുന്ന, ജീവിത ദുഃഖങ്ങള്‍ കൂട്ടിക്കെട്ടി പങ്കുവെക്കാന്‍ കഴിയുന്ന, ആപത്ഘട്ടങ്ങളില്‍ സംഹാരരുദ്രനാകാന്‍ കഴിയുന്ന ദൈവമാകാന്‍ കൂടി കഴിയുമെങ്കില്‍ അത്തരം ഒരു സംരക്ഷകനായി ഒരാള്‍ മതി പലരായ് അവളുടെ ജീവിതത്തിന് നിറവേകാന്‍ എന്നു പറയുന്നു. (നീയും മുടി വളര്‍ത്തെടാ)

മുടി ശക്തമായ പ്രതീകമായി മറ്റു പല കവിതകളിലും കടന്നു വരുന്നുണ്ട്.

'ദൈവമേ നീ നഗ്‌നനാണ്

നിന്നോടുള്ള ആരാധനയാല്‍ ഞാന്‍

മുടിയുലയ്ക്കും.' (ദൈവം നഗ്‌നനാണ് )


'തൊടുന്നവന്റെ മുടിയിലൂതി

നുരച്ചു കേറണം '(പേറ് )

'എന്നോടു ചേരാന്‍

മുടിക്കറുപ്പ് വാരിയണിഞ്ഞുണര്‍ന്ന് നീയും' (പേന്‍)

'ഒരു മുളംതണ്ടിലെ

തുളയടച്ചതിനുള്ളില്‍

തപസ്സായിക്കൊള്‍ക

അടങ്ങാമുടിയഴിച്ചിട്ടൊരു

കൊടുങ്കാറ്റുമായ്' (ഋതുമതി )

'നിന്റെ മുടിയിഴകളില്‍ പോലും തൂങ്ങിയാടുന്ന കുളിരാകണം '(കവേ)

'ഈരും പേനും വലിച്ച്

ഭാരമൊഴിച്ചെന്റെ മുടിയൊതുക്കാന്‍

വിളിപ്പുറത്തെനിക്കൊരു

കുറുമ്പാച്ചിയുണ്ട്' (അയലോക്കം )

ആധുനിക കാലത്ത് എല്ലാ സുഖ സൗകര്യങ്ങളും ഏറി വരുമ്പോഴും ചില ദാമ്പത്യ ജീവിതങ്ങളില്‍ നിലനില്‍ക്കുന്ന അസംതൃപ്തിയും, പൊരുത്തക്കേടുകളും, വിശ്വാസമില്ലായ്മയും.'അയലോക്കം' എന്ന കവിതയില്‍ സരസമായി പറഞ്ഞിരിക്കുന്നു.

'എന്നിട്ടും കുട്ടന്‍ സാര്‍ മാത്രം

ഭാര്യയെ പുറത്തു നിന്നു പൂട്ടിപ്പോകുന്നു.

വൈകിട്ട് അയാളും അകത്തു കേറി കുറ്റിയിടുന്നു.

അടഞ്ഞ വീട്ടില്‍ ഒരു ചീഞ്ഞ നഗരം ശ്വാസം മുറുക്കുന്നു

പൊട്ടിത്തെറിക്കുന്നു.'

സ്ത്രീജീവിതത്തിന്റെയും അവള്‍ അനുഭവിക്കുന്ന അരക്ഷിതത്വത്തിന്റെയും സമസ്ത വിഹ്വലതകളും ഒപ്പിയെടുത്തിരിക്കുന്ന കവിതയാണ് 'ഒരുത്തിയെ നോക്കുമ്പോള്‍'. സ്ത്രീയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാടുകളെ നിരാകരിച്ച് സ്വയം ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് മോചിതയാകാനുള്ള എഴുത്തുകാരിയുടെ മനസ്സിനെ ഈ കവിതയിലൂടെ വായിക്കാം. സ്ത്രീ അനുഭവിക്കുന്ന നൊമ്പരങ്ങളുടെ (അര്‍ബ്ബുദമുഴകള്‍ വെട്ടിയെടുത്ത കുഴിപ്പാടിന്‍ നോവൂറും കൃത്രിമ മുലകള്‍) നന്ദികേടിന്റെ (ഇരുന്നാട്ടി അരച്ച് പരത്തി ച്ചുട്ട് തീറ്റിച്ചവര്‍ തിരിച്ചും മറിച്ചും കൈ തുടച്ച കരിപ്പാട് ) ചെറുത്തു നില്‍പിന്റെ, ധീരനിലപാടുകളുടെ (ചൂഴ്ന്ന് നോക്കുമ്പോള്‍ തെറിപ്പാട് വീണ് അമ്പലമേറാത്ത പ്രകൃതി ലിംഗം) അരക്ഷിതത്വത്തിന്റെ (ഇരുണ്ട ഇടവഴികളില്‍ എതിര്‍പ്പാത്തവന്‍ ഞെക്കിയുരുക്കിയ അരക്ഷിതത്വത്തിന്‍വടുക്കള്‍) നിസ്സഹായതയുടെ (തിരക്കില്‍ തിമിര്‍ത്ത് തുടയ്ക്ക് നുള്ളിക്കൊണ്ടാ ദിക്കറിയാ പാച്ചില്‍) വാങ്മയ ചിത്രങ്ങളാണിവ.

മാതൃത്വത്തിന്റെ രണ്ട് ഭിന്ന മുഖങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന രചനയാണ് 'ചൊല്ലമ്മ.'

പണ്ടത്തെ സ്‌നേഹലാളനകളില്‍ നിന്നു വ്യതിരിക്തമായി അമ്മ മനസ്സിന് കാലാന്തരത്തില്‍ വന്ന മാറ്റത്തെ രൂക്ഷമായ ഭാഷയില്‍ ഈ കവിതയില്‍ വരച്ചിട്ടിരിക്കുന്നു. ഗുരുത്വം കെട്ട ചെക്കനെ തോല്പിച്ച് മാതൃത്വം മാറുന്നതിങ്ങനെ.

'ഇന്നൊരുണ്ണി

വെളിച്ചത്ത് ചോറുണ്ട്

ഇരുട്ടത്ത് ഉറങ്ങാന്‍

കുരുത്തം കെട്ട അമ്മയെ

കെട്ടിപ്പിടിച്ചപ്പോള്‍

എടുത്ത് നിലത്തടിച്ച് കൊന്ന്

ഒറ്റയ്ക്കുറങ്ങി 'അമ്മ'.'

'ഒരു സാധാരണ ജീവിതം മതി' എന്ന് സമാശ്വസിക്കുന്ന സ്ത്രീഹൃദയത്തില്‍ ആത്മരോഷത്തിന്റെയും പൊട്ടിത്തെറിയുടെയും വാക്കുകള്‍ കവിതയായി രൂപാന്തരപ്പെടുന്നതെങ്ങനെയെന്ന് കാട്ടിത്തരികയാണ് 'പുറമ്പോക്ക് 'എന്ന കവിത. ജീവിതത്തില്‍ ചില മനുഷ്യര്‍ മാത്രം വേണ്ടുംവണ്ണം വായിക്കപ്പെടുകയോ അടയാളപ്പെടുകയോ ചെയ്യുന്നില്ല. അത് ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ കുത്തിക്കുറിക്കപ്പെട്ടതു കൊണ്ടല്ല, മറിച്ച് വായിക്കാന്‍ മാത്രം കാത്തു നില്‍ക്കാതെ കനം കുറഞ്ഞ അക്ഷരങ്ങള്‍ പേറി, ആര്‍ക്കും പിടികൊടുക്കാതെ, കാറ്റടി ച്ച്, ഓടയില്‍ വീണ്, മഴ നനഞ്ഞു കിടക്കുന്ന മഞ്ഞ നോട്ടീസ് ആവുന്നതുകൊണ്ടാണ്. അത്തരം മനുഷ്യ ജന്മങ്ങള്‍ക്ക് ജീവിതം എന്നത് പളുങ്കോ പാത്ര മോ ഒന്നുമല്ല, പിണ്ണാക്കാണ് എന്ന കവിയുടെ ഉപഹാസം, ജീവിതത്തില്‍ നാം മാറ്റി നിര്‍ത്തുന്നവരേയും, അവഗണിക്കുന്നവരേക്കുറിച്ചുമുള്ള കവിയുടെ പ്രതിഷേധവും, പാര്‍ശ്വവത്ക്കരണത്തിനെതിരെയുള്ള ശക്തമായ നിലപാട് വെളിവാക്കുന്നതുമാണ്. എന്നാല്‍ ഇത്തരം ഇല്ലായ്മകളും വല്ലായ്മകളും പുറത്തു കാട്ടാതെ, എല്ലാം സഹിച്ച്, പുറമേ ചിരിച്ച് നടക്കുന്ന ഒരു വിഭാഗവും, കാപട്യം ഒളിപ്പിച്ച്, മേനി നടിച്ച്, പൊങ്ങച്ചം കാട്ടി നടക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്.

അറിഞ്ഞോ, അറിയാതെയോ തനിക്കും മേല്‍പ്പറഞ്ഞ ചില ജീവിതാനുഭവങ്ങളിലൂടെയും ചിന്താസരണിയിലൂടെയും പലപ്പോഴും കടന്നു പോകേണ്ടതായി വന്നിട്ടുണ്ട് എന്ന് പറയാനാണ് അവരിലൊരാളായി കവി തന്നെത്തന്നെ അവരോധിച്ച്, കക്ഷം കീറിയ ബ്ലൗസിനു മുകളിലൂടെ തിളങ്ങുന്ന ഷാളും പുതച്ച്, സെല്‍ഫിയെടുത്ത്, മറ്റുള്ളവര്‍ക്കയച്ചുകൊടുത്ത് സുഖ സൗകര്യക്കാരിയായി മാറുന്നത്.

ഈ കവിതയിലെ നാടന്‍ പദപ്രയോഗങ്ങളായ 'മഴ തേനും പാലും, ഗന്ധര്‍വ്വ ഗാനവുമൊന്നുമല്ല, കോപ്പാണ് എന്നതും, കാറ്റ്, കുളിരും കനവുമൊന്നുമല്ല തേങ്ങയാണ് എന്നതും, കുട്ടിക്കാലം എന്നത് സുന്ദരം, സുരഭിലം ഇവയൊന്നുമല്ല, വെറും മണ്ണാങ്കട്ട എന്നതും ജീവിതത്തോടും, ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാത്തവയോടെല്ലാം നമുക്ക് തോന്നുന്ന വെറുപ്പിന്റെയും ആത്മരോഷത്തിന്റെയും, നിസ്സഹായതയില്‍ നിന്നുയരുന്ന പുലമ്പലുകളുടേയും സൂചകങ്ങളാണ്.

സ്ത്രീത്വത്തിന്റെ വിവിധ വശങ്ങളോടുള്ള പുരുഷ സമീപനത്തിന്റെ കാഴ്ചപ്പാടുകളിലെ വൈകല്യങ്ങളെക്കുറിച്ച് ഈ കവിതകളില്‍ പലതും നമ്മളോട് പറയാതെ പറയുന്നുണ്ട്. ഇത്തരം കാഴ്ചപ്പാടുകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ബ്രിട്ടീഷ് തത്വചിന്തകയും എഴുത്തുകാരിയും , വനിതാവകാശങ്ങളുടെ വക്താവുമായിരുന്ന Mary Wollstonecraft( 1759-1797) ന്റെ A Vindication of the Rights of Woman എന്ന ലേഖനത്തില്‍ പറയുന്നത്.


'Would men but generously nsap our chains,and be content with rational fellowship instead of slavish obedience,they would find us more observant daughters,more affectionate sisters,more faithful wives,more reasonable mothers-in a word,better citizens.We should then love them with true affection,because we should learn to respect ourselves;and the peace of mind of a worthy man would not be interrupted by the idle vanity of his wife,nor the babes sent to nestle in a strange bosom,having never found a home in their mother's.'

'എനിക്ക് നിന്റെ കവിതകളിലെ ആ ആര്‍ദ്രനിലാക്കീറാകണം' എന്ന മോഹം ഉള്ളിലുണ്ടെങ്കിലും (കവേ ) കൃപ അമ്പാടിയുടെ കവിതകള്‍ ഒട്ടും കാല്പനിക ഭാഷയിലല്ല, പരുക്കന്‍ ഭാഷയില്‍ത്തന്നെയാണ് നമ്മളോട് സംവദിക്കുന്നത്. കീഴ്‌വഴക്കങ്ങളില്‍ നിന്ന് വ്യതിചലിച്ച് വേറിട്ട ശൈലിയിലും ഭാഷയിലും എഴുതപ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഈ പെങ്കുപ്പായത്തിനുള്ളിലെ ഉള്ളടക്കത്തിന്റെ തിരക്ഷോഭം, എല്ലാ കോണില്‍ നിന്നും കലയുടെ കൃത്യത പാലിക്കുന്ന കാഴ്ചയേക്കാള്‍ കൂടുതല്‍ നമ്മെ ആകര്‍ഷിക്കുന്നത്.

'A winning wave, deserving note,

In the tempestuous petticoat;

A careless shoestring,in whose tie

I see a wild civility-

Do more bewitch me than when art

Is too precise in every part.' ( Delight in Disorder -Robert Herrick )



Similar Posts