മലബാറിലെ മാപ്പിളമാര്‍: ഡോ. എസ്.എം മുഹമ്മദ് കോയയുടെ സാമൂഹിക, സാംസ്‌കാരിക, ചരിത്ര പഠനം - വായന
|ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠന ഗ്രന്ഥം മാപ്പിള മുസ്‌ലിംകളുടെ ജീവിതത്തിന്റെ സവിശേഷ ഘടകങ്ങളെ അപഗ്രഥിക്കുന്നു.
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ മാപ്പിളമാര്‍ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളുടെ ജീവിതത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം വ്യക്തമായിരുന്നു. ഇന്ത്യയുടെയും അറേബ്യയുടെയും കൂടിച്ചേരലുകള്‍ മൂലമുണ്ടായ ജീവിത രീതിയായിരുന്നുവത്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ മാപ്പിളമാരുടെ ഇടപെടലുകളെ കണ്ടെത്തുന്ന കൃതിയാണ് മലബാറിലെ മാപ്പിളമാര്‍.
മലബാര്‍ തീരത്തെ ഇസ്‌ലാമിന്റെ വ്യാപനവും, മുസ്‌ലിം വിവാഹവും, സമൂഹ വ്യവസ്ഥകളും, പോര്‍ച്ചുഗീസുകാരും മാപ്പിളമാരും തമ്മിലുള്ള ശത്രുതയും, ബ്രട്ടീഷുകാരും അറയ്ക്കല്‍ രാജകുടുംബവും, കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രവും മരുമക്കത്തായവും മാപ്പിള പൈതൃകവുമെല്ലാം സമഗ്രമായി ഈ ഗ്രന്ഥത്തില്‍ പഠനവിഷയമായിരിക്കുന്നു.
മാപ്പിള മുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകവും സമീപകാലത്തുണ്ടായ സാമൂഹികമാറ്റങ്ങളും ഡോ. എസ്.എം മുഹമ്മദ് കോയ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. പരമ്പരാഗത വിദ്യാഭ്യാസത്തോടുള്ള വിധേയത്വം, ആധുനിക വിദ്യാഭ്യാസത്തോടുള്ള വിയോജിപ്പ്, ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള എതിര്‍പ്പ്, മതപൗരോഹിത്യ യാഥാസ്ഥിതികത തുടങ്ങിയ ഘടകങ്ങള്‍ മാപ്പിള മുസ്‌ലിം സാംസ്‌കാരികതയോട് ഏതുവിധം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് വിശകലനം ചെയ്യുന്നു.
മുസ്‌ലിം സമൂഹം മലബാറില്‍ ധാരാളമായി വേരുപിടിച്ചതിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത് അവരുടെ പ്രത്യേകതരമായ വിവാഹച്ചട്ടങ്ങളായിരുന്നു. 'മുത്അ' എന്നറിയപ്പെടുന്ന ഇത്തരം വിവാഹക്കരാറുകള്‍വഴി അറബി വ്യാപാരികള്‍ തദ്ദേശീയരായ വിവാഹം ചെയ്തത് മുകളില്‍ പറഞ്ഞ തരത്തിലുള്ള താത്കാലിക വിവാഹക്കരാറുകള്‍ മുഖേനയാണ്. ഈ കരാറുകള്‍ വഴി അവര്‍ മലബാറിലെയും മറ്റു തെക്കേ ഇന്ത്യന്‍ തീരദേശങ്ങളിലെയും ധാരാളം സ്ത്രീകളെ വിവാഹം ചെയ്തു.
ഇസ്‌ലാം ഇന്ത്യയില്‍ ആദ്യമായി മലബാര്‍ തീരങ്ങളിലാണ് പ്രചരിച്ചതെന്ന് പറയപ്പെടുന്നു. കുടിയേറ്റക്കാരായ അറബികളുടെ പിന്തുടര്‍ച്ചക്കാരാണ് മലബാറിലെ മാപ്പിളമാര്‍. ഇസ്‌ലാമിക കാലത്തിനു മുമ്പുതന്നെ അറബികള്‍ ഇന്ത്യയുമായി വിപുലമായ വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മധ്യധരണ്യാഴി പ്രദേശങ്ങളും ഇന്ത്യയും തമ്മിലുണ്ടായിരുന്ന വ്യാപാര വ്യവസായങ്ങള്‍ പ്രധാനമായും പുരോഗമിച്ചതു ചെങ്കടല്‍ ഭാഗത്തു നിന്നുള്ള കച്ചവടക്കാരും ഹെലനിസ്റ്റിക് സെല്യൂസിഡുകളും തൊട്ടായിരുന്നു. തൊണ്ണൂറ് ബി.സി. കാലഘട്ടങ്ങളില്‍ ഈജിപ്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാര സഞ്ചാരം വളരെയധികം ഉയര്‍ന്ന നിലയില്‍ നടന്നുവന്നു.
തങ്ങള്‍ കുടിയേറിയ ദേശത്ത് താമസമുറപ്പിക്കുക എന്നത് പണ്ടുമുതലേ അറബ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. കച്ചവടമായിരുന്നു മുഖ്യമായ ഉദ്ദേശ്യം. ഇസ്‌ലാംമത പ്രചാരണവും മുസ്‌ലിം സമൂഹ സ്ഥാപനവും പരസ്പര പൂരകമായി വര്‍ത്തിച്ചു. ഹിന്ദു രാജാക്കന്മാരുടെ സമീപനവും സഹായവും ഇതിനു വളരെ സഹായിച്ചു. അങ്ങു വടക്ക് ബല്‍ഹാരാ രാജവംശവും മലബാര്‍ തീരദേശത്തെ സാമൂതിരി രാജവംശവും ഈ അറബ് കച്ചവടക്കാരെ സഹായിച്ചിരുന്നു. ഇതറിഞ്ഞു കൊണ്ടുതന്നെ പല മുസ്‌ലിം കച്ചവടക്കാരും അല്‍ ഹില്‍വാര, കാംബെ, കാലിക്കറ്റ്, കൊല്ലം എന്നിവടങ്ങളില്‍ നിലയുറപ്പിച്ചു. ഹിന്ദു രാജാക്കന്മാരുമായുള്ള ഇവരുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോയി. അവരുടെ മത പ്രവര്‍ത്തനത്തിനും ആചാരങ്ങള്‍ക്കും പള്ളി നിര്‍മാണങ്ങള്‍ക്കും ഒരു തടസ്സവും അനുഭവപ്പെട്ടില്ല.
ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠന ഗ്രന്ഥം മാപ്പിള മുസ്‌ലിംകളുടെ ജീവിതത്തിന്റെ സവിശേഷ ഘടകങ്ങളെ അപഗ്രഥിക്കുന്നു.
മാപ്പിള മുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകവും സമീപകാലത്തുണ്ടായ സാമൂഹികമാറ്റങ്ങളും ഡോ. എസ്.എം മുഹമ്മദ് കോയ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. പരമ്പരാഗത വിദ്യാഭ്യാസത്തോടുള്ള വിധേയത്വം, ആധുനിക വിദ്യാഭ്യാസത്തോടുള്ള വിയോജിപ്പ്, ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള എതിര്‍പ്പ്, മതപൗരോഹിത്യ യാഥാസ്ഥിതികത തുടങ്ങിയ ഘടകങ്ങള്‍ മാപ്പിള മുസ്‌ലിം സാംസ്‌കാരികതയോട് ഏതുവിധം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് വിശകലനം ചെയ്യുന്നു. അത് ആധുനികകാലത്ത് എങ്ങനെയാണ് പിന്നാക്കാവസ്ഥയുടെ കാരണമായിത്തീര്‍ന്നതെന്നും അന്വേഷിക്കുന്നു. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസനയവും മുസ്‌ലിംകളുടെയിടയിലെ നവോത്ഥാനമുന്നേറ്റങ്ങളും നിയമവത്കരണവും മാറ്റങ്ങള്‍ക്ക് കാരണമാക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ മലബാറിലെ മാപ്പിള മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ചര്‍ച്ചചെയ്യുന്നു.
ഡോ. എസ്.എം മുഹമ്മദ് കോയയുടെ മാപ്പിളാസ് ഓഫ് മലബാര്‍ എന്ന ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1984 ല്‍ ആണ്. ഏറെ വായിക്കപ്പെട്ട ഈ പഠന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് മലബാറിലെ മാപ്പിളമാര്‍.
കോഴിക്കോട്ടെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഗ്രന്ഥകാരന്‍, ചന്ദ്രികകയിലും മാതൃഭുമിയിലും പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്നു. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ലക്ചററായും റീഡറായും പ്രൊഫസറായും ഇരുപത്തിയെട്ടു വര്‍ഷക്കാലം ജോലി ചെയ്തു. മാപ്പിളാസ് മലബാര്‍ എന്ന വിഷയത്തിലെ ഗവേഷണത്തിന് 1989 ല്‍ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് 'ലഭിച്ചിരുന്നു.
യു.എ.ഇയില്‍ ജെംസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സില്‍ ജോലി ചെയ്തിരുന്ന, ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ലക്ഷ്മി നന്ദകുമാറാണ് ഈ പുസ്തകം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഡോ. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ ഒരു സമുദായത്തിന്റെ ഉദ്ഭവ വികാസ പരിണാമങ്ങള്‍ക്ക് ഒരാമുഖം എന്ന ശ്രദ്ധേയമായ പഠനമുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്‌സിന്റ ഗ്രാസ് റൂട്ടാണ്.