Art and Literature
ചെലുമ്പി
Click the Play button to hear this message in audio format
Art and Literature

ചെലുമ്പി

ആരിഫ അവുതല്‍
|
29 March 2023 12:34 PM GMT

| കഥ

ഉറക്കം വരാതെ വര്‍ത്താനം പറഞ്ഞുകിടക്കുന്ന രാത്രിയില്‍,

വെല്ലിമ്മ കിടക്കുന്ന അയ്‌നികട്ടിലിന്റെ അടുത്തുള്ള പച്ച നിറത്തിലുള്ള തുരുമ്പ് കേറിയ തകരത്തിന്റെ അലമാരയില്‍ കൊട്ടി ശബ്ദമുണ്ടാക്കും, എന്നിട്ടും ആമിന വര്‍ത്താനം നിര്‍ത്തിയില്ലെങ്കില്‍ വീണ്ടും കൊട്ടും.

എന്നിട്ട് വെല്ലിമ്മാടെ അടഞ്ഞ ശബ്ദം കനപ്പിച്ച് പറയും.

'ചെലുമ്പിയാണ് കുട്ട്യോള്‍ ഉറങ്ങുന്നില്ലെ? ചെലുമ്പി അങ്ങോട്ട് വരണോ?'

അത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ വേണ്ടെന്നു പറഞ്ഞവള്‍ വെല്ലിമ്മാനെ കെട്ടിപ്പിടിക്കും,

വെറ്റില മണക്കുന്ന വെല്ലിമ്മാടെ മാറിടത്തില്‍ മുഖം അമര്‍ത്തി, അടഞ്ഞു കിടക്കുന്ന മരത്തിന്റെ ജനവാതിലിന്റെ വിടവിലൂടെ ഇടയ്ക്കവള്‍ പുറത്തെ ഇരുട്ടിലേക്ക് ഇടംകണ്ണിട്ടു നോക്കും,

ചെലുമ്പി ഇരുട്ടില്‍ ചെമ്പോത്തിന്റെ പോലുള്ള ചുവന്ന കണ്ണുരുട്ടിയവളെ നോക്കുന്നുണ്ടോ എന്ന്.

മിണ്ടാതെ വാ പൊത്തിപ്പിടിച്ചു ശ്വാസം പോലും നേര്‍പ്പിച്ചു കൊണ്ട് പിന്നെയെപ്പോഴോ ഭയപ്പാടില്‍ വെല്ലിമ്മാട് ചേര്‍ന്നവള്‍ കിടന്നുറങ്ങും.

സ്‌കൂളില്‍ പോകുമ്പോള്‍ രാധൂന്റെ വീടെത്തുന്നവരെ തിരിഞ്ഞ് പോലും നോക്കാതെ ഒരൊറ്റ ഓട്ടമാണ്,

ചെലുമ്പി പുറകെവരും!

ഒറ്റക്ക് നടക്കുന്ന കുട്ട്യോളെ പിടിച്ച് കൊണ്ടുപോകും.

രാധൂന്റെ വീടെത്ത്യാല്‍ പിന്നെ കൂട്ടിനു ആളായല്ലോ, മാത്രമല്ല രാധു കൂടെ ഉണ്ടെങ്കില്‍ ചെലുമ്പി അടുത്തേക്ക് വരില്ലത്രെ! ഓള്‍ടെ അരയില്‍ തങ്കത്തില്‍ കെട്ടിയ ഒരു ഏലസുണ്ട്, ഏതോ മൂത്ത മന്ത്രവാദി ജപിച്ചുകൊടുത്തതാണ്, അത് അരയില്‍ കെട്ട്യേ പിന്നെ രാധൂനു ചെലുമ്പിനെ പെടില്ല്യ,!

ഓടികിതച്ചു രാധൂന്റെ വീടിന്റെ ചെമ്പരത്തി വേലിയുടെ അടുത്ത് ചെന്ന് കിതപ്പ് മാറാതെ നീട്ടി വിളിച്ചു

രാധൂ.. രാധൂ.....

തോള്‍ സഞ്ചി മാറോടു ചേര്‍ത്ത് ഇടക്കിടക്കു പുറകിലേക്ക് നോക്കി ചെലുമ്പി തന്നെ പിടിക്കാന്‍ ശൂന്യതയില്‍ നിന്നും പൊട്ടിവീഴുന്നുണ്ടോ എന്നവള്‍ കിതപ്പോടെ നോക്കിക്കൊണ്ടിരുന്നു.

ആമിനാ, ഇയ്യ് വന്നിട്ട് ഒത്തിരി നേരായോ?

ഭയംമുറിപ്പിച്ചുകൊണ്ട് രാധു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഇല്ല വാ, പോകാം.

ആമി, ഇയ്യിന്നലെ എടുത്ത പാഠം പഠിച്ചോ? നടക്കുന്നതിനിടയില്‍ കാലില്‍ തടഞ്ഞ കല്ല് ഉരുട്ടിവിട്ടുകൊണ്ട് രാധു ചോദിച്ചു.

ഇല്ല, ബുക്കില്‍ ഒരു ചിത്രണ്ട്, ചെഞ്ചായം തേച്ചു കൂര്‍ത്ത പല്ലുള്ള ഒരു ചിത്രം.

അയ്യോന്റെ ആമി.. അത് തെയ്യത്തിന്റെ ചിത്രാണ്

ആ ചിത്രത്തിലെ പൂതത്തിന്റെ മോറാണ് ചെലുമ്പിക്ക്!

ഏട് മറിക്കുമ്പോ ചുവന്ന കയ്യും കൂര്‍ത്ത നഖവും ന്റെ അടുത്തേക്ക് നീട്ടും,

രാധൂ, അനക്കൊന്നും പേടിക്കേണ്ട അന്റെ അരയില്‍ മൂത്ത മന്ത്രവാദിടെ തങ്കേലസ് ഉണ്ടല്ലോ.

അനക്കും വേണോ ഏലസ്?

അയ്യോ എനിക്ക് എങ്ങനെ കിട്ടാനാ?

എന്റെ കയ്യില്‍ പൈസ കൊടുക്കാന്‍ ഇല്ലാലോ?


ഒരു വഴിണ്ട്. അച്ഛന്‍ മൂത്ത മന്ത്രവാദിടെ അടുത്ത് പോണുണ്ട്ന്ന്, പുതിയ വീട് വെക്കുന്ന കാര്യം പറയാനാത്രേ, ന്റെ ഏലസ് അരേന്ന് കാണാതെ പോയെന്ന് നൊണ പറഞ്ഞാല്‍ മതി. അപ്പോനിക്ക് പുത്യേത് കിട്ടും. അത് ഇയ്യെടുത്തോ. പിന്നെ അനക്കും ന്റെ പോലെ പേടിക്കണ്ടല്ലോ. പേടിയില്യാണ്ട് ഉറങ്ങാം,

പാഠം വായിക്കാം, ഒറ്റക്ക് നടക്കാം. നിന്നെ പിടിച്ചോണ്ട് പോകാന്‍ ഒരു ചെലുമ്പിക്കും വരാനൊക്കൂല.

രാധു കല്ലുതട്ടി താളത്തില്‍ പറഞ്ഞത് കേട്ട് ആമി തുള്ളിച്ചാടി. ചെലുമ്പിയില്‍ നിന്നുള്ള മോചനം

നെഞ്ചിലെപ്പോഴും കുടുങ്ങികിടന്നിരുന്ന ഭീമന്‍ പാറക്കെട്ട് പോലുള്ള ഭയത്തിന്റെ കനം നുറുങ്ങി ആയിരം കഷ്ണങ്ങളായി ചിന്നിച്ചിതറി ദൂരേക്ക് തെറിക്കുന്നപോലെ ആമിനാക്ക് തോന്നി. പിടിച്ചോണ്ട് പോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെലുമ്പി തന്റെ അരയില്‍ കിടക്കാന്‍ പോകുന്ന തങ്കേലസു കണ്ട് പേടിച്ചോടുന്നതോര്‍ത്ത് ആമിന പൊട്ടിച്ചിരിച്ചു.

അന്റുപ്പ വന്നീനോ? രാധു ചോദിച്ചു.

ഉം.

ന്നിട്ട്?

വേറെ കെട്ടീന്ന് പറയണേ ഉള്ളതാണോ?

അറിയില്ല, വെല്ലിമ്മാട് എന്തൊക്കെയോ പറഞ്ഞു വെക്കം പോയി.

ഉം.

അന്റുമ്മാക്ക് വയ്യാണ്ടായപ്പോ വെല്ലിമ്മാടെ അടുത്ത് കൊണ്ടാക്കി പോയപ്പോ കെട്ടീട്ട് ഉണ്ടാവും എന്ന് എന്റമ്മ അപ്പൊത്തന്നെ പറഞ്ഞത്രേ.

അന്റുമ്മ മരിക്കുമ്പോ അനക് മൂന്ന് ദിവസം പ്രായണ്ടാര്‍ന്നോള്ളൂത്രേ. ആടിന്റെ പാല് വെള്ളം ചേര്‍ത്ത് ഇയ്യ് കുടിക്കുനെ കണ്ടപ്പോ എന്റമ്മ കരഞ്ഞീണ്ട്ന്ന്. ഉമ്മാന്റെ സ്‌നേഹം കിട്ടാണ്ട് വളരുക കഷ്ട്ടം തന്നെയെന്ന് എന്റമ്മ എപ്പളും പറയും. വെല്ലിമ്മന്റെ കാലം കയിഞ്ഞ അനക്കാരാ?

മതി രാധു. ഇക്ക് കേള്‍ക്കണ്ട. എനിക്കുമ്മാടെ കാര്യം കേക്കണേ കണ്ണീരു ചാടും.

ഉരുളന്‍ കണ്ണീര് ചാലു വരച്ചത് കയ്യിന്റെ പള്ളക്കൊണ്ട് തുടച്ച് ആമിന പറഞ്ഞു.

പൊടുന്നനെ ആമിന ചിരിച്ചു, ചെറിയ ചുണ്ടുകള്‍ മന്ത്രിച്ചു

'മൂത്ത മന്ത്രവാദിടെ തങ്കേലസ്'

പിറ്റേന്ന് രാധു ആമിനയെ തിരഞ്ഞു വന്നു, ചുരുട്ടിപ്പിടിച്ച കയ്യില്‍ വിരല്‍ വിടവിലൂടെ ഒരു തിളക്കം ആമിനയുടെ കണ്ണില്‍ മിന്നി.

ആമിന കൈ നീട്ടിയേലസ് മേടിച്ചു.

പെട്ടന്ന് അവളുടെ ഉള്ളില്‍ നിന്ന് ഇരു കൈകളും ചെവി അമര്‍ത്തിപ്പിടിച്ചു നിലവിളിച്ചുകൊണ്ട് ചെലുമ്പി ദൂരെക്കോടി. ഓടിയോടി ചെലുമ്പി എങ്ങോ മറഞ്ഞു.

ആമിന ചിരിച്ചു, പൊട്ടിപ്പൊട്ടി ചിരിച്ചു.

ഇപ്പോള്‍ പേടിതോന്നുന്നില്ല. ഒറ്റക്ക് നടക്കാം, ഓടാം, ചാടം ആമിന നിന്നുച്ചാടി.

ഓടിപ്പോയി തോള്‍സഞ്ചിയിലെ മലയാളം പുസ്തകം തുറന്നു ചെഞ്ചായം തേച്ച ചെലുമ്പിടെ മോറുള്ള പൂതത്തിന്റെ പടമുള്ള ഏട് നിവര്‍ത്തിവച്ചു.

ഹ ഹ പൂതം കയ്യ്‌ക്കെട്ടി ആമിനയെ പേടിച്ചിരിക്കുന്നു. കൂര്‍ത്ത നഖങ്ങള്‍ ഒടിഞ്ഞു. ആമിക്കിപ്പോ ചെലുമ്പിനെ പേടില്ല്യാ. ചെലുമ്പിക്ക് ആമീനെയാ ഇപ്പോ പേടി. ആമിന കുലുങ്ങി ചിരിച്ചു.

അന്ന് രാത്രി വെല്ലിമ്മ തകരത്തിന്റെ അലമാരയില്‍ ആഞ്ഞുക്കൊട്ടി ആമിന ചിരിച്ചു,

വെല്ലിമ്മ അന്തംവിട്ടു.

അടഞ്ഞ ശബ്ദം കനപ്പിച്ചു പറഞ്ഞു

'കുട്ട്യോള്‍ ഉറങ്ങീലെ? ചെലുമ്പിക്ക് കുട്ട്യോളെ വേണം'

അപ്പോഴും ആമിന ചിരിച്ചു.

വെല്ലിമ്മ മൂക്കത്തു വിരല്‍ വച്ചു.

ഇയ്യെന്താ പെണ്ണെ ഉറങ്ങാത്തൂ?

'വെല്ലിമ്മ കഥ പറയ് അപ്പൊ ഞാനൊറങ്ങാം'

ഇക്ക് കഥ ഒന്നും പറയാനറീല.

എങ്കി വെല്ലിമ്മ പണ്ട് പേടിപ്പിക്കാന്‍ പറയ്ണ ചെലുമ്പിന്റെ കഥ പറയ്.

ആമിന ആത്മവിശ്വാസം ശകലം വിടാതെ പറഞ്ഞു. പണ്ട് ചെലുമ്പിടെ പേര് പറയുമ്പോഴേക്കും വിറക്കുന്ന പെണ്ണ് ചെലുമ്പിടെ കഥ ചോദിക്കുന്നു. വെല്ലിമ്മ അത്ഭുതം കൂറി. തലഭാഗത്ത് വച്ചിരിക്കുന്ന മുറുക്കാന്‍ ചെല്ലം തുറന്നു ഇളം പച്ച നിറത്തിലുള്ള ഒരിലയെടുത്തു ചുണ്ണാമ്പ് കൊണ്ട് നീളത്തില്‍ കുറി വരച്ചു മടക്കി വായിലിട്ടൊതുക്കി,

വെല്ലിമ്മാടെ ചുണ്ടില്‍ ചുവപ്പ് പടര്‍ന്നു.

പണ്ട്, ന്റെ ചെറുപ്പത്തില്‍, അന്നിവടെ മുഴുവന്‍ ജന്മിടെ ഭൂമിയാര്‍ന്ന്. അന്ന് എല്ലാരും ജന്മിടെ പണിക്കാരും. കറുകറുത്തൊരു പെണ്ണുണ്ടാര്‍ന്ന്, ചെലുമ്പി.

ചെലുമ്പിടെ കെട്ട്യോന്‍ കുഞ്ഞിക്കണ്ണന്‍, പിന്നെ ചെലുമ്പിന്റെ അതെ നിറമുള്ള ഒരു കുട്ടീം. ചെലുമ്പി കുട്ടിനെ നോക്കും. കുഞ്ഞിക്കണ്ണന്‍ ജന്മിടെ പാടത്തു പണിക്ക് പോകും. പാടത്തിനു നടുക്കുള്ള തോട് വറ്റി വരണ്ടു. ജന്മിടെ കൃഷി പാടെ നസിച്ചു. വെല്ലിമ്മ മുറുക്കാന്‍ ആഞ്ഞു തുപ്പി.

ന്നിട്ടോ?

'ന്നിട്ട് ജന്മി നമ്പൂരിശ്ശനെ വിളിച്ചു, കളം വരച്ചു.

പുതിയൊരു കൈവഴി വെട്ടണം. വെട്ടിയ കൈവഴിക്ക് കരിങ്കല്ല്‌കൊണ്ട് ഭിത്തി പണിയണം. നമ്പൂരിശ്ശന്‍ കണ്ണടച്ചുകൊണ്ട് പറഞ്ഞു.

ചെലുമ്പിടെ കെട്ട്യോന്‍ കുഞ്ഞിക്കണ്ണന്‍ കൈവഴി വെട്ടി. കരിങ്കല്ല് ചുമന്നു ഭിത്തിക്കെട്ടാന്‍ വന്നു. നമ്പൂരിശ്ശന്‍ പിന്നെ പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി. പഞ്ചഭൂതങ്ങള്‍ക്ക് പ്രീതി വേണം. എങ്കിലെ വിസാരിച്ച പോലെ വെള്ളം കിട്ടൂ. പ്രീതിക്ക് കീഴാളന്റെ ചോര തന്നെ വേണം. പിന്നെ കുഞ്ഞിക്കണ്ണനെ ആരും കണ്ടിട്ടില്ല. നേരം അന്തിയായപ്പോ ചെലുമ്പി കുട്ടിനെ മാറില്‍ ചേര്‍ത്ത് തെരഞ്ഞുവന്നപ്പോ ജന്മി അട്ടഹസിച്ചു. പെണ്ണ് മിണ്ടാതെ കണ്ണീരൊപ്പി ഓടിപ്പോയി.

കുഞ്ഞിക്കണ്ണന് എന്തൂറ്റി?

ആമിന കുഞ്ഞിക്കണ്ണ് മിഴിച്ചു ചോദിച്ചു.

ബലി കൊടുത്ത്.

വെല്ലിമ്മ മുറുക്കാന്‍ ചവച്ചു യാതൊരു ഭാവ വെത്യാസവുമില്ലാതെ പറഞ്ഞു.

പിന്നെ ഭിത്തിടെ പണി നടന്നു. പണി കഴിഞ്ഞു കുറെ നാളുകൂടീട്ടും പുതിയ കൈവഴിയിലൂടെ വെള്ളം വന്നില്ല. ജന്മി നമ്പൂരിശ്ശനെ മൂക്കറ്റം ചീത്ത വിളിച്ചു.

അപ്പൊ നമ്പൂരിശ്ശന്‍ വിക്കി വിക്കി പറഞ്ഞു

'പൂതങ്ങള്‍ക്ക് തൃപ്തി വന്നില്ല.

തൃപ്തിക്കിപ്പോ എന്താ വേണ്ടേ?

ഇളം ചോര

ഇളം കീയാളച്ചോര'

അന്ന് രാത്രി ചെലുമ്പി ഓടി പാഞ്ഞു വന്നു കുട്ടിനെ തൊട്ടിലില്‍ കണ്ടില്ലെന്ന്.

കരിങ്കല്ല് ഭിത്തിയില്‍ വീണ്ടും ചോര ചാലിട്ട് ഒലിച്ചു.

ഇളം ചോര.

പിറ്റേന്ന് നേരം വെളുത്തപ്പോ എല്ലാരും കണ്ടത്, ഭിത്തിയില്‍ സ്വയം തലയടിച്ചു ചത്ത ചെലുമ്പിനെയാ.

പിന്നെ ഇന്നാട്ടിലെ കുട്ട്യോളെ മൊത്തം ചെലുമ്പിടെ ആത്മാവ് കൊണ്ടോവും.

കണ്ണില്‍ തളം കെട്ടിയ കണ്ണ് നീര് ഇറ്റിച്ചു ആമിന ചോദിച്ചു അതെന്താ?

ഓള്‍ടെ കുട്ടിനെ കൊന്നില്ലേ അതോണ്ട്.

പിന്നെയാമിനാക്ക് ഉറക്കം വന്നില്ല. കട്ടിലിന്റെ താഴെ ഒതുക്കി വച്ചിരുന്ന തോള്‍സഞ്ചി വലിച്ചെടുത്തു. മലയാളം പാഠപുസ്തകത്തിലെ പൂതത്തിന്റെ ഏട് മറിച്ചു. ചെലുമ്പിടെ മോറുള്ള പൂതമപ്പോള്‍ കരയുന്നു. സ്‌നേഹത്തോടെ ആമിനയെ മാടി വിളിച്ചു.

ആമിന അരയിലെ തങ്കേലസൂരി ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. പുസ്തകത്തിലെ പൂതത്തിന്റെ മാറില്‍ തലചായ്ച്ചു കിടന്നു.


ആരിഫ അവുതല്‍


Similar Posts