Art and Literature
കോര്‍ണീഷ് | Short Story
Click the Play button to hear this message in audio format
Art and Literature

കോര്‍ണീഷ് | Short Story

നാസര്‍ കാരക്കാട്
|
11 Oct 2024 1:51 PM GMT

| കഥ

വിന്‍ഡോ എസിയുടെ കടകട ശബ്ദത്തില്‍ മുഴുകി ഉറക്കിനും ഉണര്‍ച്ചക്കും മധ്യേയുള്ള ഒരു ഉന്മാദാവസ്ഥയില്‍ മുഴുകി കട്ടിയുള്ള കമ്പളത്തിനകത്ത് അങ്ങനെ കിടന്നു. സമയം ഏതാണ്ട് പതിനൊന്നായിക്കാണും എന്ന ധാരണയുണ്ട്. എഴുന്നേറ്റ് കുളിച്ച് ദുഹ്ര്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ പോണം എന്നതില്‍ കവിഞ്ഞ പണിയൊന്നുമില്ല. വീണ്ടും എപ്പോഴോ ഉറക്കിന്റെ ലാസ്യഗഹ്വരങ്ങളിലേക്ക് നൂണ്ട് പോയത് അറിഞ്ഞില്ല.

പന്തലും തോരണങ്ങളും അലങ്കാര വെളിച്ചങ്ങളും പുതിയ വീടിന്റെ മുറ്റത്ത് നിറഞ്ഞിരിക്കുന്നു. വീട്ടിലേക്ക് താമസം മാറലും റിനുവിന്റെ കല്യാണവും ഒരുമിച്ചാണ്. പന്തലിന്റെ പ്രവേശന കവാടത്തില്‍ നിന്ന് വരുന്ന അതിഥികളെയൊക്കെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ്.

ഉമ്മ വീട്ടിനകത്തും തിരക്കിലാണ്. റിനു പുതുമണവാട്ടിയായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. ആകെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. പുതുമാപ്പിള എത്തി. വാപ്പയില്ലാത്തത് കൊണ്ട് ആങ്ങളയായ ഞാന്‍ വേണം നിക്കാഹ് നടത്തികൊടുക്കാന്‍. വേദിയില്‍ മുസ്ലിയാരും മണവാളനും താനും ഇരുന്നു. ഖുതുബക്ക് ശേഷം ഞങ്ങളുടെ കൈ തമ്മില്‍ കൂട്ടിപ്പിടിപ്പിച്ച് മുസ്ലിയാര്‍ ചൊല്ലിത്തന്നു.

അല്‍ഹംദു ലില്ലാഹി....

വസ്സലാത്തു ...

വസ്സലാമു...

''കബീറെ.. ജ്ജ്ത് വരെ നീച്ചില്ലെടാ... എന്താ അന്റൊക്കെ ഒരു സൊഗം.. ഇഷ്ട്ടം മാതിരി കെടന്നൊറങ്ങാ..''

കമറുക്കയാണ് പുള്ളി ഷാര്‍ജയില്‍ ടാക്‌സി ഓടിക്കുകയാണ്. കൂടെ ഹുണ്ടി ബിസിനസും ഉണ്ട്. ചെറിയ ഒഴിവ് കിട്ടുമ്പോഴൊക്കെ മുറിയില്‍ വന്നുപോകും. ഹുണ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ലാന്‍ഡ് ഫോണില്‍ മാത്രമേ കൈകാര്യം ചെയ്യൂ.

പെട്ടെന്ന് ചാടിയെഴുന്നേറ്റു മൊബൈല്‍ എടുത്ത് സമയം നോക്കി. പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. കണ്ട സ്വപ്നത്തിന്റെ മായികവലയത്തില്‍ നിന്ന് മുക്തമാകാതെ ബെഡില്‍ തന്നെ ഇരുന്നു. ഒരു വര്‍ഷത്തിലധികമായി ഈ ഉറക്കം തുടങ്ങിയിട്ട്. ഇടക്ക് ചില പാര്‍ട്ട് ടൈം ജോലികളൊക്കെ തരപ്പെട്ടുവെങ്കിലും തൊഴില്‍ വകുപ്പിന്റെ പരിശോധന രൂക്ഷമായതിനാല്‍ തുടരാന്‍ കഴിഞ്ഞില്ല.

മറ്റുള്ളവരുടെ ഔദാര്യം പറ്റി മടുത്തു. അമ്മാവന്റെ മകന്‍ ജാബിര്‍ ഉണ്ട് ദുബൈയില്‍. അവന്‍ ഇടക്ക് വരും. പോകുമ്പോള്‍ ഒരു നൂറു ദിര്‍ഹം കയ്യില്‍ വെച്ചുതരും 'വട്ടച്ചെലവിന് ഇതിരിക്കട്ടെ'. വേണ്ട എന്ന് പറയാന്‍ ആയിരം വട്ടം മനസ്സ് തുടികൊട്ടുമെങ്കിലും വിറക്കുന്ന കൈകളാല്‍ അത് വാങ്ങിപ്പോകും. അന്ന് മുഴുവന്‍ പിന്നെ ആധിയാണ്, ആത്മനിന്ദയാണ് 'തന്റെ ഈ ദുര്‍വിധി മാറാത്തതെന്താണ് റബ്ബേ....'

സഹമുറിയാനായ കണ്ണൂരുകാരന്‍ കളിയാക്കും 'ഗള്‍ഫില്‍ എത്താനാണ് പണി എത്തിയാല്‍ പിന്നെ പണിയില്ല'.

ഉറങ്ങി മടുക്കുമ്പോള്‍ ഇടക്ക് കോര്‍ണീഷില്‍ പോയിരിക്കും. ഷാര്‍ജ ഇറാനി മാര്‍ക്കറ്റിന്റെ അവിടുന്നും ഹയാത്ത് റീജന്‍സിയുടെ മുന്നിലൂടെയുള്ള റോട്ടിലൂടെ നടന്നാല്‍ നല്ല മണപ്പുറമുള്ള കോര്‍ണീഷില്‍ എത്താം. ഉച്ച വരെ ആരും ഉണ്ടാവുകയില്ല. ഏകാന്തതയുടെ മൂകതയില്‍ കടലിന്റെ അപാരതയിലേക്ക് നോക്കി ഇരുന്നാല്‍ ദുനിയാവിന്റെ അപ്പുറം കാണാം. അവിടെ സുന്ദരമായ രമ്യഹര്‍മ്യങ്ങള്‍ കാണാം. നിറയെ കുട്ടികളുടെ പൊട്ടിച്ചിരിയുള്ള, സുന്ദരികളായ ഹൂറികളുള്ള, ചുറ്റും പൂന്തോട്ടങ്ങളുള്ള....

കടലില്‍ ഇറങ്ങി ഊളിയിട്ട് ദുനിയാവിന്റെ അങ്ങേക്കരയിലേക്ക് പോകാന്‍ കൊതിയാകും.

കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല. തീരത്തോട് ചേര്‍ന്ന ഭാഗത്ത് തന്നെ കയര്‍ കെട്ടിത്തിരിച്ചിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള ഭാഗമാണെന്ന് മുന്നറിയിപ്പ് ബോര്‍ഡ് വെച്ചിട്ടുണ്ട്. ജനത്തിരക്കുണ്ടാകുന്ന വൈകുന്നേരങ്ങളില്‍ പൊലീസ് കാവല്‍ ഉണ്ടാകും. നീന്താന്‍ പഠിച്ചിട്ടില്ലാത്ത തനിക്ക് വെള്ളത്തിലേക്ക് ഇറങ്ങുന്നത് തന്നെ പേടിയാണ്.

അല്ലാഹു അക്ബര്‍ .. അല്ലാഹു അക്ബര്‍.....

ബാങ്ക് കേള്‍ക്കുവോളം ആ ഇരിപ്പ് തുടര്‍ന്നു.

ഞാന്‍ വന്നതിന് ശേഷം കൈതൊഴിലറിയാവുന്ന ചിലരൊക്കെ വരികയും ആഴ്ചക്കോ പത്ത് ദിവസത്തിനോ അകം ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. തനിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ ഭാരമല്ലാതെ മറ്റൊന്നുമില്ലാത്തത് കൊണ്ട് ഇന്റര്‍വ്യൂവിന് കയറിയിറങ്ങി മടുത്തതല്ലാതെ.

'ഇനി ഞാന്‍ വരുമ്പഴേക്കും ഇതിന്റെ പണി നമുക്ക് തീര്‍ക്കണം. അപ്പഴക്കും കബീറിനും ഒരു ജോലിയാകും റിനുവിന്റെ കല്യാണവും വീടിരിക്കലും നമുക്ക് ഒന്നിച്ച് നടത്താ.' ലീവിന് വന്ന ഉപ്പ കൂട്ടുകാരനെ കാണാനായി വീട്ടില്‍ നിന്നിറങ്ങി പോകുമ്പോ ബെല്‍റ്റ് വാര്‍ക്കാത്ത തറയിലേക്ക് നോക്കി പറഞ്ഞതാണത്രെ ഇത്

'കുഴഞ്ഞു വീണതാ.. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും..' ഉപ്പയുടെ കൂട്ടുകാരന്‍ ഉസ്മാന്‍ക്കയുടെ വാക്കുകള്‍ മുറിഞ്ഞു.

വീടുപണി, രഹന എന്ന റിനുവിന്റെ കല്യാണം, അനിയന്റെ പഠനം, കുടുംബ ഭാരം എല്ലാം ഒരു ബി-ടെക് കാരന്റെ തലയിലേക്ക് വന്ന് പതിക്കുകയായിരുന്നു. നാട്ടില്‍ പല ശ്രമവും നടത്തിയിട്ടും ഫലമില്ലാതെയാണ് ഇഷ്ടമില്ലാത്ത പ്രവാസ ജീവിതത്തിന് വഴങ്ങേണ്ടിവന്നത്.

''എടാ, ഈ കണ്ണീര്‍ സീരിയലിലെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരൊക്കെ ബി ടെക് കാരാണോ?''

ദുഹ്ര്‍ നമസ്‌കാരം കഴിഞ്ഞ് ഇതികര്‍ത്തവ്യതാമൂഢനായി ബെഡില്‍ കിടക്കുന്ന തന്നോട്, കട പൂട്ടി ഉച്ചഭക്ഷണത്തിനെത്തിയ റാഫിയുടേതാണ് ചോദ്യം.

''അതെന്താ നീ അങ്ങനെ ചോദിച്ചത്''

''അല്ലാ... അവരൊക്കെ ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്നതായി കാണാം, അത്‌കൊണ്ട് ചോദിച്ചതാ...''

റാഫിയുടെ തമാശകള്‍ പലപ്പോഴും ഒരു പ്രതിപക്ഷ ബഹുമാനവും ഇല്ലാത്തതാണ്.

റബ്ബേ... എനിക്കിനി തീരെ ജോലി കിട്ടില്ലായിരിക്കുമോ..? ഗള്‍ഫിന്റെ സാധ്യതകള്‍ മങ്ങിയെന്ന് നാട്ടില്‍നിന്ന് പലവുരു കേട്ടിട്ടുള്ളതാ.

ആവശ്യങ്ങളുടെ ആയിരം തിരമാലകള്‍ അപ്പോള്‍ കബീറിന്റെ നെഞ്ചിലേക്ക് ഇരമ്പി വരികയായിരുന്നു.

വീട് .... സഹോദരിയുടെ വിവാഹം.....സഹോദരന്റെ പഠനം .....

പേപ്പര്‍ വിരിച്ച് ഭക്ഷണം കഴിക്കാനിരുന്ന കബീര്‍ വെറുതെ അലക്ഷ്യമായി അതിലെ വര്‍ത്തകളിലൂടെ കണ്ണോടിച്ചു.

ബ്ലഡ് മണി നല്‍കി

നാദാപുരം: ദുബൈ ജുമൈറാ ബീച്ചില്‍ കളിക്കുന്നതിനിടെ അടിയൊഴുക്കില്‍ പെട്ട് മരിച്ച നാദാപുരം അദ്രമാന്റവിട കോയിന്നി യൂസുഫിന്റെ കുടുംബത്തിന് ദുബായ് സര്‍ക്കാര്‍ ഒരു ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കി.

വാര്‍ത്ത വായിച്ച കബീറിന്റെ ഹൃദയത്തില്‍ ഗൂഢമായ ചില തീരുമാനങ്ങളുടെ അടിയൊഴുക്ക് രൂപപ്പെടുകയായിരുന്നു. അത് വേലിയേറ്റമായി തന്റെ ആവശ്യങ്ങള്‍ക്ക് മേല്‍ പൊങ്ങിനിന്നു. പിന്നെ വേലിയിറക്കമായി നിരാശയുടെയും നിസ്സഹായതയുടെയും കീഴടങ്ങലിന്റെയും ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് പിന്‍വലിഞ്ഞു.

ഇപ്പോള്‍ തിരമാലകള്‍ ഇല്ലാത്ത ശാന്തമായ കടലാണ് ദുനിയാവിന്റെ അങ്ങേതലക്കലുള്ള, പൂന്തോട്ടത്തിന് നടുവിലുള്ള, ഹൂറികളുള്ള കൊട്ടാരത്തിലേക്ക് തന്നെയും വഹിച്ചുള്ള സ്വര്‍ണ്ണയാനം അതിലൂടെ സ്വച്ഛന്ദം നീങ്ങുന്നുണ്ട്. അതില്‍ പരാജിതന്റെ മുഖഭാവത്തോടെ നിര്‍വികാരതയുടെ ഇരിപ്പിടത്തില്‍ താന്‍ ഇരിക്കുന്നുണ്ട്.

അന്ന് രാത്രി കബീറിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ പലതിന്റെയും തിരക്കഥകള്‍ മെനയുകയായിരുന്നു.

ഉപ്പയിട്ട തറയില്‍ വീടുയരുന്നതും റിനുവിന്റെ കല്യാണം നടക്കുന്നതും സാദിഖ് വലിയ ജോലിക്കാരനായി കുടുംബത്തിന് താങ്ങാകുന്നതും അവരുടെയൊക്കെ സന്തോഷത്തിന് രുചിക്കൂട്ടായി ലവണജലത്തില്‍ അലിഞ്ഞുചേര്‍ന്ന് ഉപ്പാകാന്‍ തനിക്ക് സാധ്യമാകുന്നതും സ്വപ്നം കാണുകയായിരുന്നു.

സുബഹി നമസ്‌കാരത്തിന് ശേഷം അല്‍പം ഉറങ്ങി. ഒന്‍പത് മണിക്ക് തന്നെ എഴുന്നേറ്റു കുളിച്ച് തയ്യാറായി പുറത്തിറങ്ങി. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയില്‍ ആയിരിക്കണം. ഹയാത്ത് റീജന്‍സിക്ക് മുന്നിലൂടെ കോര്‍ണീഷ് ലക്ഷ്യമാക്കി കുതിച്ചുനടന്നു. എന്നോ കണ്ട മൂന്നാംപക്കം എന്നസിനിമ അവന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞുനിന്നിരുന്നു.



Similar Posts