നവമലയാള സിനിമയെ പിറകോട്ടുവലിക്കുന്ന 'ഇരട്ട'കള്‍
|വിമര്‍ശനാത്മകമായ എഴുത്തുകളിലൂടെയും ആസ്വാദന നിലവാരത്തിന്റെ ഉയര്‍ച്ചയിലൂടെയും പരിണമിച്ചുണ്ടായതാണ് ഇപ്പോള്‍ കാണുന്ന മലയാള സിനിമയിലെ മാറ്റം. പല നടന്മാരും സംവിധായകരും അതൊക്കെ ഏറ്റുപറഞ്ഞും തിരുത്തിയും സിനിമയെ നവീകരിച്ചു കൊണ്ടിരിക്കെയാണ് വീണ്ടും പുറകോട്ട് വലിക്കുന്ന നല്ല ഒന്നാന്തരം സ്ത്രീവിരുദ്ധതയുമായി 'ഇരട്ട'യുടെ വരവ്.
ജോജു ജോര്‍ജ് എന്ന നടന്റെ അഭിനയമികവിനാല്‍ വന്‍ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ഇരട്ട. ഒരു നടന്റെ അഭിനയ വൈഭവം പ്രകടിപ്പിക്കാനുള്ള വേദി മാത്രമല്ല സിനിമ, അതിലുപരി കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം കൂടി ചര്‍ച്ചയാകുമ്പോഴാണ് ആ സിനിമ നല്ല രീതിയില്‍ വിലയിരുത്തപ്പെട്ടുവെന്ന് പറയാനാകൂ. അല്ലാത്തപക്ഷം അതിനെ ഒരു സാങ്കേതിക തികവെന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. സാങ്കേതികതയെക്കാള്‍ ഉപരി, സാംസ്‌കാരികവും സാമൂഹികവുമായി പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിവുള്ള ഒരു മാധ്യമം എന്ന നിലയില്‍ സിനിമക്കും അത് കൈകാര്യം ചെയ്യുന്ന ആശയങ്ങള്‍ക്കും ഒരുപാട് സാമൂഹിക പ്രതിബദ്ധത ഉണ്ട്.
എല്ലായ്‌പോഴും നന്മ വാരി വിതറണം എന്നല്ല, സംവിധായകന്റെയും എഴുത്തുകാരന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യം സിനിമയില്‍ മുഖ്യമാണെന്നിരിക്കെ പല കാലങ്ങളിലായി ചര്‍ച്ചകളിലൂടെയും തുറന്നെഴുത്തുകളിലൂടെയും മാറ്റിയെടുത്ത പലതും ഗ്ലോറിഫൈ ചെയ്യപ്പെടുന്നു എന്നിടത്താണ് 'ഇരട്ട' എന്ന സിനിമയോട് വിയോജിക്കേണ്ടി വരുന്നത്. സ്ത്രീ വിരുദ്ധതയുടെ ഇരട്ടത്താപ്പ്, അത് പൊതിഞ്ഞവതരിപ്പിച്ച ഒരു അവിശുദ്ധ സൃഷ്ടി, അതാണ് ഇരട്ട.
ജീവിതത്തില്‍ എന്തൊക്കെ തെറ്റ് ചെയ്താലും അവസാനം ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നതിലൂടെ ന്യായീകരിക്കപ്പെടുന്ന വല്ലാത്തൊരു ജീവിതം ആണല്ലോ പുരുഷന്മാരുടേത്. ഇത് ഇങ്ങനെ തന്നെയാണെന്ന് അടിവരയിടാന്‍ മലയാള സിനിമ ഒരു കാലഘട്ടത്തില്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടുമുണ്ട്. വിമര്‍ശനാത്മകമായ എഴുത്തുകളിലൂടെയും ആസ്വാദന നിലവാരത്തിന്റെ ഉയര്‍ച്ചയിലൂടെയും പരിണമിച്ചുണ്ടായതാണ് ഇപ്പോള്‍ കാണുന്ന മലയാള സിനിമയിലെ അങ്ങനെയല്ലാത്ത മാറ്റം. പല നടന്മാരും സംവിധായകരും അതൊക്കെ ഏറ്റുപറഞ്ഞും തിരുത്തിയും സിനിമയെ നവീകരിച്ചു കൊണ്ടിരിക്കെയാണ് വീണ്ടും പുറകോട്ട് വലിക്കുന്ന നല്ല ഒന്നാന്തരം സ്ത്രീവിരുദ്ധതയുമായി 'ഇരട്ട'യുടെ വരവ്.
തിയറ്റര്‍, ഒ.ടി.ടി വിജയത്തിന് ശേഷം പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണല്ലോ ഈ എഴുത്ത്. അതുകൊണ്ടുതന്നെ സിനിമയെ തകര്‍ക്കുകയെന്നതല്ല, പകരം സിനിമ കൊണ്ടുപോകുന്ന ആശയത്തെ വിമര്‍ശനാത്മകമായി തുറന്നെഴുതുക മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തമാണല്ലോ.
ഒരേ മുഖത്തോട് കൂടി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതം പറയുന്ന ഒരു ക്രൈം ത്രില്ലറാണ് 'ഇരട്ട'. ഒരു ഇടവേളക്ക് ശേഷം രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ കടന്നുവന്ന അഴുക്ക് പിടിച്ച ഭൂതകാലത്തിലൂടെ വളര്‍ന്ന വില്ലന്മാരുടെ കഥ പറയുന്ന ട്രെന്‍ഡിന്റെ തുടര്‍ച്ചയാണ് ഇരട്ടയും. ഏതൊരു ക്രിമിനലിനും ഒരു കെട്ട ഭൂതകാലം ഉണ്ടാകും എന്നായിരിക്കും ഇത്തരം സിനിമകളുടെ ആകെ തുക. വലിയ വിജയമാണ് ഈ ട്രെന്‍ഡ് മലയാളത്തിലും അന്യ ഭാഷകളിലും ഉണ്ടാക്കിയത്. അഞ്ചാം പാതിരാ, ഫോറന്‍സിക്, പാപ്പന്‍ തുടങ്ങി വില്ലന്മാരോട് അനുകമ്പ തോന്നിക്കുന്ന പല സിനിമകളും ഇക്കൂട്ടത്തില്‍ പിറവിയെടുത്തു. അങ്ങനെയല്ലാത്ത സല്യൂട്ടും, കൂമനും, ജോസഫും പോലെയുള്ള ക്രൈം ത്രില്ലറുകളും വന്നു.
മുറിവേറ്റ ബാല്യത്തില്‍ നിന്നും വളരുന്ന ഒരാള്‍ ചെയ്യുന്ന കുറ്റങ്ങള്‍ ആവിഷ്‌കരിച്ചത് മനസിലാക്കാം. പക്ഷെ, ആ കുറ്റങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്, പ്രത്യേകിച്ചും പെണ്‍കുട്ടിയോടുള്ള അതിക്രമം പോലും വിശുദ്ധ മാക്കപ്പെടുന്നത് അംഗീകരിക്കാനാകാത്തതാണ്. കാരണം, രക്തബന്ധത്തിന്റെ കെട്ടുപാട് മാത്രമാണ് താന്‍ ഒരു പെണ്‍കുട്ടിയോട് ചെയ്ത അതിക്രമത്തെ കുറിച്ച് വിനോദില്‍ കുറ്റബോധമുണ്ടാക്കുന്നത്. അല്ലെങ്കില്‍ അതും നീതീകരിക്കാവുന്ന ഒരു ചെയ്തിയില്‍ ഒതുങ്ങിയേനെ. അസമയത് 'ഒരു പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തിന്റെ കൂടെ ലോഡ്ജില്‍ കണ്ടപ്പോള്‍ തന്നെ അവള്‍ റേപ്പ് ചെയ്യപ്പെടേണ്ടവളാണെന്നും ഉപയോഗിക്കേണ്ടവളാണെന്നും തോന്നേണ്ടതാണെന്ന് സിനിമ പറയാതെ പറയുന്നുണ്ട്. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്ന സാഹചര്യവും ലോഡ്ജ് മുറിയും മദ്യപാനവും അസമയവും ഒക്കെ ഒരുമിച്ച് ഒത്തിണങ്ങി വന്നത് എങ്ങനെയാണ്.
ഒരു പെണ്ണിന്റെ സാരിത്തുമ്പ് കണ്ടാല്‍ പോലും റേപ്പ് ചെയ്യാന്‍ തോന്നുന്ന വിനോദിന് പക്ഷെ, ആരെയൊക്കെ റേപ്പ് ചെയ്യണം ചെയ്യണ്ട എന്നൊക്കെ നല്ല ബോധ്യം ഉണ്ട്. നല്ല പെണ്ണിനെ കണ്ടാല്‍ മാറണ്ടേ എന്ന് ചോദിക്കുന്ന വിനോദ് തന്റെ അത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒരു നല്ല പെണ്ണിനേയും കണ്ടിട്ടില്ല എന്ന് തന്നെ വേണം പറയാന്‍. അത്രയും കാലം അയാള്‍ ഇടപഴകിയ, അയാള്‍ക്കൊപ്പം താമസിച്ച് അയാള്‍ പറയുമ്പോള്‍ ഇറങ്ങി പോയവരെല്ലാം മോശം പെണ്ണുങ്ങളും. 'ഒരാളേം ഞാന്‍ ഒരു ദിവസത്തില്‍ കൂടുതല്‍ നിര്‍ത്തിയിട്ടില്ല, എനിക്കാരേം വിശ്വാസമില്ല' എന്ന് വിനോദ് പറയുന്നതിലൂടെ അയാള്‍ക്കൊപ്പം ഇറങ്ങി വന്ന, അല്ലെങ്കില്‍ അയാള്‍ ഇറക്കി വിട്ടപ്പോള്‍ കടിച്ചു തൂങ്ങാതെ ഇറങ്ങിപ്പോയ മുഴുവന്‍ സ്ത്രീകളെയും അടച്ചാ ക്ഷേപിക്കുകയാണ്. മാലിനി എന്ന കഥാപാത്രം വന്നതിലൂടെ വിനോദില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നതിലൂടെ സിനിമയിലെ സ്ത്രീ വിരുദ്ധത ഊട്ടി ഉറപ്പിക്കുകയാണ്. നല്ല പെണ്ണുങ്ങള്‍ക്കും സിനിമ ചില വിശേഷണങ്ങള്‍ കല്‍പിച്ചിട്ടുണ്ട്. വാക്കുകളില്‍ മിതത്വം പാലിച്ച്, മിഴികളില്‍ ഈറന്‍ പൊതിഞ്ഞും അതിക്രമങ്ങളില്‍ നിസംഗത പൂണ്ടും അപലതയുടെ മൂര്‍ത്തി ഭാവം. തന്റെ യാതനകളില്‍ നിന്നും കൈ പിടിച്ചുയര്‍ത്തുന്ന കരങ്ങളില്‍ എത്രത്തോളം ചളി പുരണ്ടാലും അയാളോട് തോന്നുന്ന പ്രണയാരാധന. മറ്റൊരു ദേവാസുരം ടച്ച്.
ആത്മാഭിമാനത്തെ പോലും ചോദ്യം ചെയ്ത നായകനോട് വേറെ എവിടെയും പോകാനില്ലാത്തത് കൊണ്ട് മാത്രം തോന്നുന്ന പ്രണയവും, ഒത്തുപോവലും. സ്ത്രീ അപലയാണെന്നും സംരക്ഷിക്കപ്പെടേണ്ടവളാണെന്നും വീണ്ടും വീണ്ടും സിനിമ പറഞ്ഞ് കൊണ്ടേയിരിക്കുന്നു. ഒരു അടി കിട്ടിയപ്പോള്‍ ആത്മാഭിമാനത്തിന് ക്ഷതമേറ്റ് ഒരു കുടുംബ ജീവിതത്തില്‍ നിന്നും തിരിച്ചു വരവ് പോലും ഇല്ലാതെ ഇറങ്ങി പോകുന്ന 'തപ്പട്'ലെ അമൃതയെ പോലുള്ള നായികമാരുടെ കാലത്താണ് നായകനൊന്ന് കരഞ്ഞു വിളിച്ചപ്പോഴേക്കും തിരിച്ചുവരാന്‍ ഒരുങ്ങി നില്‍ക്കുന്ന മറ്റൊരു നായിക; പ്രമോദിന്റെ ഭാര്യ.
സ്ത്രീവിരുദ്ധത പറയാതെ ക്രൈം ത്രില്ലറുകള്‍ പറയാന്‍ കഴിയില്ലെന്ന വാശിയാണ് മലയാളത്തിലെ പല സിനിമക്കാര്‍ക്കും. സാങ്കേതിക, സംവിധാന, അഭിനയ, ദൃശ്യ മികവിനാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമയെ ഇക്കൂട്ടത്തില്‍ ചേര്‍ത്ത് പറയേണ്ടി വരും. 'ഇലവീഴാ പൂഞ്ചിറ'. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ അതിക്രൂരമായി കൊല്ലപ്പെടേണ്ടവരാണെന്ന നെറികെട്ട രാഷ്ട്രീയമാണ് ഇലവീഴാ പൂഞ്ചിറയില്‍ കൈകാര്യം ചെയ്തത്. സമൂഹത്തില്‍ അത്തരത്തിലുള്ള കഥകളും നടക്കുന്നുണ്ട്. ആ കഥയും രേഖപ്പെടുത്തണ്ടേ എന്ന് ചോദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വേണം. പക്ഷെ, അങ്ങനെ കൊലപാതകം നടത്തിയ ആളെ ന്യായീകരിക്കുകയും അയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നശിപ്പിച്ച് ശുഭ പര്യവസാനിയായി ചിത്രീകരിക്കുന്നിടത്താണ് സിനിമയുടെ നിലപാട് അങ്ങേയറ്റം വിമര്‍ശിക്കപ്പെടേണ്ടത്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന അങ്ങേയറ്റം മൂഢ സദാചാര ചിന്താഗതി ഈ കാലഘട്ടത്തിലും സിനിമയില്‍ വന്നു പോകുന്നതും ആഘോഷിക്കപ്പെടുന്നതും അപലപനീയമാണ്. ഇങ്ങനെ ക്രൈം ത്രില്ലറുകളില്‍ മനഃപൂര്‍വം തിരുകി കയറ്റുന്ന സ്ത്രീവിരുദ്ധതകള്‍ അവസാനിപ്പിക്കേണ്ടത് തന്നെയാണ്.
കാലന്തരങ്ങളായി തുടരുന്ന പലതും തിരുത്തി എഴുതി വിജയം കണ്ട പല സിനിമകളും നമുക്ക് മുന്നിലുണ്ട്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തിന് മറുപടി കൊടുത്ത നായകനെ ആത്മാഭിമാനത്തിന്റെ പേരില്‍ ജീവിതത്തില്‍ നിന്ന് തള്ളി കളഞ്ഞ ഇഷ്‌ക്കിലെ വസുദ, ഗാര്‍ഹിക പീഡനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച ജയ ജയ ജയ ഹേ യിലെ ജയ, നാറുന്ന പൊതുബോധത്തെ അടുക്കളയിലെ മാലിന്യം കൊണ്ട് കുളിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നായിക, ബലാത്സംഘത്തിന് ഇരയാകേണ്ടി വന്നിട്ടും ധാര്‍മികത ചോദ്യം ചെയ്ത ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയ ടീച്ചറിലെ ദേവിക. അങ്ങനെ ഒരു പിന്‍വിളിയില്‍ പൊറുക്കപ്പെടേണ്ടതല്ല പല ആണത്തങ്ങളും എന്ന് അടയാളപ്പെടുത്തി കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം പുറകോട്ട് വലികള്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ.