മുഖംമൂടി സംരക്ഷിക്കുന്ന മത-കുടുംബ-സാമൂഹ്യ മാഫിയകള്‍; ഡോണ്‍ പാലത്തറയുടെ ഫാമിലി
|സുരക്ഷിത ഇടങ്ങളില്‍ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്ന സിനിമകളുടെ മുന്നിലേക്കാണ് ഡോണ്‍ പാലത്തറ ഫാമിലിയെ അവതരിപ്പിക്കുന്നത്.
കാവ്യാത്മകമായി പറഞ്ഞാല്‍ 'Family is not everyone's cup of tea'. ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലാണ് ഡോണ്‍ പാലത്തറയുടെ ഫാമിലി പ്രദര്‍ശിപ്പിച്ചത്. വിനയ് ഫോര്‍ട്ട്, നില്‍ജ, ദിവ്യപ്രഭ, മാത്യു തോമസ്, ആര്‍ഷ, ജോളി ചിറയത്ത്, സജിത മഠത്തില്‍ തുടങ്ങി മലയാള സിനിമയിലെ മുഖ്യധാരാ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഡോണ്‍ ഫാമിലിയെ ഒരുക്കിയിരുക്കുന്നത്. സിനിമയുടെ സംവിധാനം, രചന, എഡിറ്റിംഗ് എന്നിവ ഡോണ്‍ പാലത്തറ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡോണിനൊപ്പം ഷെറിന്‍ കാത്തറിന്‍ തിരക്കഥയില്‍ പങ്കുചേരുന്നു.
ഇടുക്കിയിലെ ഒരു ഗ്രാമവും അവിടെ നാട്ടുകാരുടെ പ്രിയങ്കരനായ സോണി എന്ന യുവാവിനെയും ചുറ്റിപറ്റി ആണ് കഥ മുന്നോട്ട് പോകുന്നത്. കൃത്യമായി മതത്തിന്റെ ചട്ടകൂട്ടില്‍ ജീവിക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സോണി എന്ന യുവാവിന്റെ മറ്റൊരു വല്ലാത്ത മുഖം ഉണ്ട് സിനിമയില്‍. പീഡോഫീലിക് ആയ, നാട്ടുകാര്‍ക്ക് പരിചയമില്ലാത്ത സോണി. വിനയ് ഫോര്‍ട്ട് എന്ന നടന്‍ തന്റെ കരിയറില്‍ ചെയ്തതില്‍ ഏറ്റവും മനോഹരമായി അവതരിപ്പിച്ച കഥാപാത്രം കൂടിയാണ് സോണി എന്ന് പറയേണ്ടിവരും. വളരെ മിതത്വം സൂക്ഷിച്ച്, ഭാവമാറ്റങ്ങളെ അതി മനോഹരമായി ഏറ്റവും ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വിനയിക്ക് സാധിച്ചു എന്ന് വേണം പറയാന്‍. അത്രത്തോളം ചലഞ്ചിങ് ആയൊരു കഥാപാത്രം കൂടിയാണ് സോണി. മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യന്‍. ഒപ്പം മറ്റു കഥാപാത്രങ്ങളും ഗംഭീരമാക്കി.
സോണിയുടെ പ്രവര്‍ത്തികളില്‍ ബോധവാന്മാരായ അയാളുടെ ചില കുടുംബങ്ങള്‍ക്ക് പോലും നിശബ്ദം ആകേണ്ടി വരുന്ന ഒരു അവസ്ഥയുണ്ട്. മനുഷ്യന്റെ മാനസിക വൈകല്യങ്ങളെ, അവന്‍ ഭാഗമാകുന്ന കുറ്റകൃത്യങ്ങളെ, രഹസ്യങ്ങളെ, നിശബ്ദമായി സംരക്ഷിക്കേണ്ടി വരുന്ന ഭയാനകമായ നിശബ്ദത. മതം, കുടുംബം തുടങ്ങിയ വ്യവസ്ഥിതികള്‍ 'മാഫിയ' ആയി അനുവര്‍ത്തിക്കുന്നത് ഇവിടെ കാണാന്‍ സാധിക്കും. ഉള്ളില്‍ നിന്നുള്ള കുറ്റകൃത്യങ്ങളെ പോലും സംരക്ഷിച്ചുക്കൊണ്ട്, ഉള്ളിലെ അസ്ഥികൂടങ്ങള്‍ ഒരു തരത്തിലും പുറം ലോകത്തെ കാണിക്കാതെ ഒരു ക്രിമിനല്‍ ആക്ടിവിറ്റിയെ അതി സൂക്ഷ്മമായി സംരക്ഷിക്കുന്ന മത - കുടുംബ-സമൂഹ വ്യവസ്ഥിതികള്‍. സിനിമയുടെ വ്യക്തമായ രാഷ്ട്രീയ പറഞ്ഞു വെക്കലുകള്‍ അസാധ്യമാണ്. സുരക്ഷിത ഇടങ്ങളില്‍ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്ന സിനിമകള്‍ക്ക് മുന്നിലേക്ക് ആണ് ഡോണ്‍ പാലത്തറ ഫാമിലിയെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചായഗ്രഹണം പ്രതേക പ്രശംസ അര്‍ഹിക്കുന്നു. ജലീല്‍ ബാദുഷയുടെ അതി ഗംഭീര ഫ്രെയിമുകള്‍ സിനിമ കൂടുതല്‍ മികവുറ്റതാക്കുന്നു. ആദ്യാവസാനം സ്റ്റാറ്റിക് ഫ്രെയിമുകള്‍ ആണ് സിനിമയില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഒരു തരത്തിലും ഫ്രെയിമുകളെ ചലിപ്പിക്കാതെ സാധാരണ ഫ്രെയിമുകളില്‍ നിന്നും രണ്ടടി ഉയരത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഓരോ ഫ്രെയിമുകളും ഒരു ചിത്രം എന്നോണം അര്‍ഥങ്ങള്‍ പറഞ്ഞുവെക്കുന്നു. ഒപ്പം, സിനിമയുടെ കളര്‍ പാലറ്റ്. പൊതുവെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകളുടെ ഇഷ്ട്ട സംവിധായകന്‍ ആയ ഡോണ്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ ടോണ്‍ ഗംഭീരം എന്ന് പറയാതെ വയ്യ. ഒരു സിനിമ, അതിന്റെ കഥ, പശ്ചാത്തലം എന്നിവ ആവശ്യപ്പെടുന്ന കൃത്യമായ തിരഞ്ഞെടുപ്പ്.
സിനിമയുടെ കഥാഗതി അസാമാന്യമാണ്. അതി ഗംഭീര പ്ലോട്ടും തിരക്കഥയും. ഡോണ്‍ മലയാള സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തേണ്ട ഒരു സംവിധായകന്‍ ആണ്. ഫാമിലി അതി ഗംഭീരമായ ഒരു അനുഭവം ആണ്. വീണ്ടും പറഞ്ഞുവെക്കുന്നു 'Don Palathara's Family is not everyone's Cup of Tea'.
-