Art and Literature
ആഹ്ലാദത്താല്‍ മഴമേഘം നിറക്കുന്ന എല്‍മ
Click the Play button to hear this message in audio format
Art and Literature

ആഹ്ലാദത്താല്‍ മഴമേഘം നിറക്കുന്ന എല്‍മ

സുനേനാ ബാവാസ്
|
24 Dec 2022 3:13 PM GMT

സ്‌നേഹവലയങ്ങളില്‍ സ്വയം കൊരുത്ത് പറിഞ്ഞു പോയവരെ, സ്മൃതികളിലൂടെ പ്രസവിക്കുക വഴി എല്‍മയില്‍ ചില നക്ഷത്രങ്ങള്‍ തെളിഞ്ഞ് കഴിഞ്ഞിരുന്നു. ആ വെളിച്ചത്തില്‍, നമ്മുടെ സ്വപ്നങ്ങളില്‍ പോലും തിളങ്ങുന്ന സ്വര്‍ണവാലുള്ള ഒരു സ്‌നേഹ സമവാക്യം കാണാം. | ഫര്‍സാനയുടെ നോവല്‍-എല്‍മയുടെ വായന.

ഇഷ്ടം തോന്നിയിട്ടാണ് എല്‍മയെ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അവളിലേക്കുള്ള ദൂരവും കുറവായിരുന്നു. മഴയുള്ള ഒരു ദിവസം എല്‍മയെ വായിക്കാനെടുത്തു. പതിവ് പകല്‍സ്വപ്നങ്ങളെ കണിശമായി തടഞ്ഞുനിര്‍ത്തി, പുതിയ നൂറോളം ദീര്‍ഘചതുര കഥാവാഹകരെ തൊട്ടതും വേഗത്തിലായിരുന്നു. അതിനു ശേഷം പുസ്തകം അടച്ചുവെച്ചു. ഇതളുകള്‍ തീരുന്നിടം നോക്കി, കൃത്യമായി പകുത്തു എല്‍മയെന്ന പൂവിനെ മൂന്നുദിവസം കൊണ്ട് നുകരാം എന്ന് തീരുമാനിച്ചതും അപ്പോഴാണ്. സമയക്കുറവിനാലോ, ബാക്കിയറിയാനുള്ള ത്വര എനിക്കുള്ളില്‍ പാകതയെത്താത്തതു കൊണ്ടോ അല്ലായിരുന്നു അത്. അതിനുള്ള കാരണം വഴിയേ പറയാം.

'ദൈവവും ചെകുത്താനും കൈകോര്‍ത്തു പിടിച്ചെഴുതിയ പുസ്തകം' എന്നാണ് നോവലിനെ ഫര്‍സാന വിശേഷിപ്പിക്കുന്നത്. എല്‍മ ജന്മം കൊണ്ട വേളയിലെ കയറ്റിറക്കങ്ങള്‍ തുറന്നു കാണിക്കുമ്പോള്‍, എല്‍മ എങ്ങനെയാണു ഇത്രയും മിനുസപ്പെട്ടതെന്ന അതിശയം നമുക്കുണ്ടാകില്ല. 'എല്‍മ', ദൈവത്തിന്റെ കവചം എന്നര്‍ഥമുള്ള പേരോടു കൂടെ അവള്‍ ആദ്യമേ നമ്മുടെ ഇഷ്ടം സ്വന്തമാക്കിയിരിക്കും.

ഒന്ന്

ഞെരുക്കങ്ങളുള്ള വഴികളില്‍ നിന്നാണ് എല്‍മയെ അറിഞ്ഞു തുടങ്ങിയത്. അതാണവളെ എന്തിനും ഏതിനും പ്രാപ്തയാക്കിയതും. പീഡകളോളം നമ്മെ അണിയിച്ചൊരുക്കുന്ന മറ്റെന്തുണ്ട്? എല്‍മ എന്നെ കൈനീട്ടി ക്ഷണിച്ചത് സമുദ്രത്തിലേക്കാണ്. ശ്വാസത്തെ അടക്കി നിര്‍ത്തി, മറ്റൊന്നും ആലോചിക്കാതെ തിരിച്ചു കൊടുത്തത് സ്‌നേഹമറിയാനും കണ്ടെത്താനും കേള്‍ക്കാനുമുള്ള വിടര്‍ന്ന മനസ്സാണ്. മുഖ്യ ഉപദേശങ്ങളില്‍ ഒന്നായ, 'തേടിയെത്തുന്നതിനെ കാത്തിരിക്കുക' എന്നതിനപ്പുറം, തേടി നടക്കുന്നതില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്നു. എന്നാല്‍, ചില അപ്രതീക്ഷിത സമ്മാനങ്ങള്‍ കാലം തരുന്നത്, ആഹ്ലാദത്താല്‍ മഴമേഘം നിറക്കുന്ന നമ്മുടെ കണ്ണുകളോടുള്ള പ്രണയം കൊണ്ടാണത്രേ!

എല്‍മയില്‍ ഊര്‍ജം നിറച്ച ഗ്രാനി, ഉള്ളം കൊണ്ട് കരുത്തയായ സിസ്റ്റര്‍ ആന്‍, ഹൃദയഭിത്തികള്‍ തുറന്ന് സമ്മതം ചോദിക്കാതെ കൂടുകൂട്ടി പാട്ടുപാടുന്ന ഷേറ, നനവുള്ള ഉറപ്പുള്ള ചില നഷ്ടങ്ങള്‍, ഔഷ്വിറ്റ്‌സിന്റെ അമ്ലരസമുള്ള ചിത്രങ്ങള്‍.. അങ്ങനെ ചില പുതിയ മനുഷ്യരും, വലിയ മാറ്റങ്ങളും ചേര്‍ന്ന് അവളുടെ ജീവിതം കരയും കടലും ചേരുംപോലെ പൂര്‍ണമാക്കുകയാണ്.

ഗില്‍ബര്‍ട്ട് എന്നത്, 'എല്‍മയില്‍' മറ്റാര്‍ക്കും പൂരിപ്പിക്കാനാകാത്ത ഒരു അധ്യായമാണ്. ആ പ്രണയ ഭൂമിയില്‍ ആശ്വാസവും വിശ്വാസവും അര്‍പ്പിച്ച്, വ്യാഖ്യാനങ്ങള്‍ക്കതീതമായ അസാധാരണമായ ചില കണ്ടുമുട്ടലുകളുടെ കാരണം തിരയുമ്പോഴാണ് ' ഇരട്ട നാളങ്ങള്‍' എന്ന, 'കഥ പറഞ്ഞ കഥ'യിലേക്കെത്തിയത്. പുസ്തകം അടച്ചു വെച്ച് നിശബ്ദയായിരിക്കാന്‍ തോന്നിയത് അപ്പോഴാണ്. വായന നീട്ടിവെക്കാനുള്ള എന്റെ കാരണവും അതായിരുന്നു. എല്‍മ ഉറപ്പുതന്ന സമുദ്രത്തിനു നടുവിലെ മനോഹരമായ ഒരു ദ്വീപ്! ഹൃദയം ചിലയിടങ്ങളില്‍ ഉടക്കിപ്പോകാറില്ലേ? അങ്ങനെ കടലിനേക്കാള്‍ ആഴമുള്ള ഒരു കര, അതായിരുന്നു 'ഇരട്ട നാളങ്ങള്‍.' അവിടെ കുറേ നേരമങ്ങനെ ഇരുന്നു..

രണ്ട്

ഗില്‍ബര്‍ട്ട് എന്ന സ്‌നേഹമന്ത്രത്തിലൂടെ ചില്ലകള്‍ പടര്‍ത്തുന്ന, പൂക്കള്‍ വിരിയിക്കുന്ന, തണലു വിരിക്കുന്ന, കൊഴിഞ്ഞ ഇലകളെ യാത്രയയക്കുന്ന, പ്രണയത്തിന്റെ കാറ്റില്‍ കുളിരുന്ന എല്‍മ..

ഇനിയെന്ത് എന്ന് ചിന്തിക്കും മുമ്പേ, നമ്മെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, അതിരുകള്‍ മായ്ച്ചു ലോകത്തെ വലുതാക്കുന്ന, സ്‌നേഹമായി പെയ്തു കൊണ്ട് ചിലപ്പോള്‍ കണ്ണു നിറയ്പ്പിക്കുന്ന ഷേറ.


എല്‍മയുടെ ചിന്താമുകുളങ്ങളെ, എന്തിന്, അവള്‍ പോലും ഓര്‍ക്കാത്ത അവളുടെ കുഞ്ഞു സ്വപ്നങ്ങളെപ്പോലും സ്‌നേഹപ്പൂക്കളാക്കി അതിശയകരമാം വിധം തിരികെ നല്‍കുന്ന ഗില്‍ബര്‍ട്ട്. ആ സൗരഭ്യത്തിന് കീഴെ, അവളുടെ ആത്മാവും ശരീരവും ഒതുക്കിപ്പിടിച്ച് ഇനിയുമിനിയും തീരാത്ത ഭംഗിയുള്ള ഒന്നാണ് സ്‌നേഹം എന്ന് പറഞ്ഞും പറയാതെയും അവന്‍ ഒഴുകി. ചെറിയ അസൂയ ജനിപ്പിക്കും വിധം മനോഹരമായ ഒരു പ്രണയഗീതം. ജീവന് അതീതമായി, അറ്റുപോകാത്ത വേരുകളായി ചിലര്‍ അവസാനംവരെ നമ്മില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ തെളിവായി ഗ്രാനിയുണ്ട് നോവലിലുടനീളം.

പിന്നെയും നമ്മള്‍ കണ്ടിട്ടില്ലാത്ത പുതിയ ചിലര്‍..

കാഴ്ചകള്‍ നിറഞ്ഞ ദിവസത്തിന് ഇരുട്ടെന്ന ഭാഗം കൂടെയുണ്ടല്ലോ. വെളിച്ചം മരിക്കുമ്പോള്‍ ക്ഷണം കാത്തുനില്‍ക്കാതെ ഇരുട്ട് സൃഷ്ടിക്കപ്പെടുന്നു. അപ്പോഴും ഭയം വേണ്ടതില്ല. കാരണം, പ്രത്യാശയുടെ പല നിറങ്ങളായി വെളിച്ചം ആകാശത്ത് പുനര്‍ജനിച്ചു കൊണ്ടേയിരിക്കും..

മൂന്ന്

ഇനിയെന്താണ് കാലം എല്‍മക്ക് കരുതിവെച്ചിട്ടുള്ളത് എന്നറിയാനുള്ള സ്‌നേഹവും മുറുകെ പിടിച്ചാണ് മൂന്നാം ദിവസം പുസ്തകം കയ്യിലെടുത്തത്. അന്നത്തെ വായനയില്‍ കഥയിലുണ്ടായ ചില മാസ്മരികതകളെ കുറിച്ച് എഴുതണമെന്നുണ്ട്. പക്ഷെ, ഇനിയും 'എല്‍മ' വായിച്ചിട്ടില്ലാത്തവര്‍ക്ക്, അതിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഉണര്‍വിനെ അത് നേര്‍മ്മപ്പെടുത്തും. അതിനാല്‍, അത് വേണ്ട.

മൂന്നാം ദിവസമായപ്പോഴേക്കും, സ്‌നേഹവലയങ്ങളില്‍ സ്വയം കൊരുത്ത് പറിഞ്ഞു പോയവരെ,

സ്മൃതികളിലൂടെ പ്രസവിക്കുക വഴി എല്‍മയില്‍ ചില നക്ഷത്രങ്ങള്‍ തെളിഞ്ഞ് കഴിഞ്ഞിരുന്നു. ആ വെളിച്ചത്തില്‍, നമ്മുടെ സ്വപ്നങ്ങളില്‍ പോലും തിളങ്ങുന്ന സ്വര്‍ണവാലുള്ള ഒരു സ്‌നേഹ സമവാക്യം കാണാം. എല്‍മ തന്ന മുറിവുകളിലെല്ലാം മരുന്നു പുരട്ടി തലോടിയിട്ടാണ് അവള്‍ മറയുന്നത്. സ്‌നേഹം എല്ലായിടത്തും അതിന്റെ പൂര്‍ണത പ്രാപിച്ചതു കൊണ്ട് മാത്രമാണത്.

എല്‍മ ഒരിക്കലും യാത്ര പറയുന്നില്ല..

ചുറ്റിലുമുള്ളവര്‍, 'എന്തു പറ്റി' എന്ന് ചോദിക്കുംവിധം അല്‍പനേരത്തേക്കവള്‍ എന്നെ മൗനിയാക്കി. സ്വസ്ഥമായ ആഴങ്ങള്‍ സൃഷ്ടിച്ചു മനസ്സിലിടം നേടിയവരില്‍ ഒരാളായി.

വാല്‍ക്കുറി: ചിലതൊന്നും തീര്‍ന്നു പോകല്ലേ എന്ന് നമ്മളാശിക്കില്ലേ.. അതുപോലെ ഫര്‍സാനയോട് ചോദിച്ചു വാങ്ങിയ 'കഥ പറഞ്ഞ കഥ', അതിവിശിഷ്ടമായ ഒരു മധുരം പോലെ ഇനിയും മുഴുവന്‍ വായിച്ചു തീര്‍ക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.


Similar Posts