ഹൂറിയ: പെണ്‍സ്വത്വത്തിന്റെ ഭൂമികയിലേക്കുള്ള വാതില്‍
|കൂടെ നിഴലായി ഉണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് ഒരു പുലരിയില്‍ മരണത്തിന്റെ കയ്യും പിടിച്ചു നടന്നു പോകുമ്പോള്‍ ഒറ്റയായി തീരുന്നവരെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അങ്ങനെയുള്ള ഒരു ഏകാന്തതയില്‍ നിന്നാണ് അബു ഇരിങ്ങാട്ടിരിയുടെ പുതിയ നോവല്‍ 'ഹൂറിയ' വായനക്കാരനു മുന്നിലെത്തുന്നത്. | വായന.
ചേറുമ്പെന്ന തന്റെ തട്ടകത്തില്‍ നിന്നുകൊണ്ട്, കഥയെഴുത്തിലെ 'തമ്പ്രാന് ഖലീഫ' അബു ഇരിങ്ങാട്ടിരി ഒരു അപ്സര സുന്ദരിയെ സൃഷ്ടിച്ചെടുക്കുമ്പോള്‍ അവളുടെ പേര് ഹൂറിയ. കേരളക്കര അത്രയൊന്നും കേട്ടു പരിചയമില്ലാത്ത മനോഹരമായ പേര്. പേരുപോലെതന്നെ ഭാവത്തിലും സ്വഭാവത്തിലും ജീവിതരീതിയിലും ധീരതയിലും തീര്‍ത്തും വ്യത്യസ്ത. മലയാള സാഹിത്യത്തില്‍ ഇതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു മുസ്ലിം സ്ത്രീ. തന്റെ ഇഷ്ടത്തിനും ആഗ്രഹങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മീതെ നില്ക്കുന്ന കാലാളുകളെ സധൈര്യം വെട്ടി മുന്നേറുന്ന തന്റേടിയായ റാണി. സ്വന്തം ജീവിതസാമ്രാജ്യത്തിലെ രാജ്ഞി ഹൂറിയ.
വായിച്ചു കഴിഞ്ഞു പുസ്തകം മടക്കിവെച്ചപ്പോള്‍ ഈ കൃതിയെക്കുറിച്ച് എഴുതണമെന്ന് തോന്നി. മികച്ച വായന ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു പരിചയപ്പെടുത്തലുമാവും എന്ന ചിന്തയും.
കൂടെ നിഴലായി ഉണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് ഒരു പുലരിയില്‍ മരണത്തിന്റെ കയ്യും പിടിച്ചു നടന്നു പോകുമ്പോള്‍ ഒറ്റയായി തീരുന്നവരെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അങ്ങനെയുള്ള ഒരു ഏകാന്തതയില്‍ നിന്നാണ് അബു ഇരിങ്ങാട്ടിരിയുടെ പുതിയ നോവല്‍ 'ഹൂറിയ' വായനക്കാരനു മുന്നിലെത്തുന്നത്. വൈധവ്യത്തിന്റെ വെളുത്ത ചുരിദാറില്‍ നിസ്സംഗതയോടെ, പ്രിയപ്പെട്ടവന്റെ ഓര്‍മകളില്‍ നനഞ്ഞ്, എന്നാല്‍ ആ വൈധവ്യത്തില്‍ ഒരിക്കലും തന്റെ ഭാവിജീവിതം സമൂഹത്തിന്റെയോ മതത്തിന്റെയോ രൂപപ്പെടുത്തലുകള്ക്കായി വിട്ടുകൊടുക്കാതെ ഹൂറിയ ജീവിക്കാന്‍ തുടങ്ങുന്നു. മൂടുപടം അണിഞ്ഞുകൊണ്ട്, അടുക്കള ഭരണം നടത്തി, സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞു മത ചട്ടക്കൂടില്‍ ജീവിക്കുന്ന ക്ളീഷേ മുസ്ലിം സ്ത്രീയില്‍ നിന്ന് ഹൂറിയ ഒരുപാട് മുന്നിട്ട് നില്ക്കുന്ന ഒരു കഥാപാത്രമാണ്. കലയും സാഹിത്യവും വായനയും ഗസലുകളും ഇടയ്ക്കിടെ ലഹരി പടര്‍ത്തുന്ന സംഗീത രാവുകളും അങ്ങനെയങ്ങനെ അവളുടെ ആകാശം പലവര്‍ണ്ണങ്ങളാല്‍ മനോഹരമായിരുന്നു.
ബാസില്‍ നസീഫ് എന്ന പ്രിയപ്പെട്ടവന്റെ മരണത്തോടെ ഒരു സാധാരണ വിധവയായ സ്ത്രീ അനുഭവിക്കുന്ന എല്ലാ അവസ്ഥകളിലൂടെയും അവളും കടന്നു പോകുന്നു. എന്നാല്‍, അത്തരം സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും സമൂഹത്തെയും കുടുംബങ്ങളെയും അവള് നേരിടുന്ന രീതി തീര്‍ത്തും വിത്യസ്തമാണ്. ഒരു അപ്പര്‍ ക്ലാസ്സ് ഫാമിലിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍ ആണിത്. അതിനാല്‍ തന്നെ കഥനായികയുടെ ചിന്തകളിലും പ്രവര്‍ത്തികളിലും മതത്തിന്റെ വെട്ടിയൊതുക്കലുകള്‍ കാണാന്‍ കഴിയില്ല. എന്നാല്‍, അദൃശ്യമായ ഒരു അതിര്‍വരമ്പ് അവള് തനിക്ക് ചുറ്റും വരച്ചിട്ടുണ്ടുതാനും. അതിനാല്‍ തന്നെയാണ് എ.പി കുഞ്ഞാമു ഹൂറിയയെ കുറിച്ചുള്ള ഗഹനമായ പഠനത്തില്‍ ഇങ്ങനെ പറയുന്നത്: 'എല്ലാ ആധുനികതാ നാട്യങ്ങള്ക്കുമിടയിലും പരിത്യക്തയായി നില്ക്കുന്ന പെണ്ണ്, വെറും പെണ്ണ് '. അദ്ദേഹത്തിന്റെ പഠനത്തില്‍ നിന്നും എടുത്ത ഏതാനും വരികളിലൂടെ ഹൂറിയയെ ഇങ്ങനെ വായിക്കാം:
'ഹൂറിയ എന്ന സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ സ്ത്രീയിലൂടെ അബു ഇരിങ്ങാട്ടിരി തുറന്നിടുന്നത് പുതിയൊരു മുസ്ലിം പെണ്‍സ്വത്വത്തിന്റെ ഭൂമികയിലേക്കുള്ള വാതിലാണ്. സ്വന്തം ശരീരത്തിനുമേല്‍ മാത്രമല്ല, സാമൂഹ്യ വ്യവസ്ഥക്കുമേല്‍ പോലും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ഹൂറിയയെ പ്രാപ്തയാക്കിയത് ഗള്‍ഫ് കുടിയേറ്റം മൂലം അവള്‍ക്ക് ലഭിച്ച എക്സ്പോഷര്‍ ആണ് എന്ന് വ്യക്തം. അബു ഇരിങ്ങാട്ടിരിയുടെ സ്വന്തം തട്ടകമായ ഏറനാട്ടിലെയും ചേറുമ്പിലെയും ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ജീവിതത്തെയും അതിലൂടെ മാപ്പിള സ്ത്രീകള്‍ ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യത്തെയും അടയാളപ്പെടുത്തുന്ന നോവലാണ് 'ഹുറിയ'. യാഥാസ്ഥിതികമെന്ന് പൊതുസമൂഹം ചാപ്പകുത്തിയ, മൂടുപടമണിഞ്ഞ മൂകവിഷാദങ്ങളുടെ ലോകത്തെ പൂര്‍ണ്ണമായും നിരാകരിച്ച്, മറ്റൊരു ലോകത്തെയും മറ്റൊരു സ്ത്രീത്വത്തെയും ഈ നോവലിലൂടെ അബു ഇരിങ്ങാട്ടിരി അവതരിപ്പിക്കുന്നു.' - എ.പി കുഞ്ഞാമു
തീര്‍ത്തും വ്യത്യസ്തവും വേറിട്ടതും മനോഹരവുമായ ഈ നോവലില്‍ മനസ്സില്‍ ഉടക്കിയ ചില കഥാപാത്രങ്ങളാണ് സംശയ രോഗിയായ ഭര്‍ത്താവിനെ അങ്ങോട്ട് മൊഴിചൊല്ലിയ ആമിന അമ്മായിയും ഇരുപതാമത്തെ വയസില്‍ വിധവയായ മൂന്ന് കുട്ടികളുടെ ഉമ്മ പാത്തു അമ്മായിയും. അതുപോലെ ഹൂറിയയുടെ ഓര്‍മകളില്‍ മാത്രം ജീവിക്കുന്ന വല്യൂപ്പയും. വല്യൂപ്പ പഠിപ്പിച്ച ചില ജീവിത പാഠങ്ങള്‍ തന്റെ ജീവിതത്തിലും തീരുമാനങ്ങളെടുക്കാന്‍ അവളെ സഹായിക്കുന്നുണ്ട്. ആഷ്ന-നിഷാദ് പ്രണയവും സ്വപ്നസമാനമായ അന്തരീക്ഷം പ്രധാനം ചെയ്യുന്നു. കവി അയ്യപ്പനെയും ചുള്ളിക്കാടിനെയും അനുകരിച്ചു നശിക്കുന്ന യുവകവി ഗിരീഷ് വാസുദേവന്‍ എന്ന കഥാപാത്രത്തെ അതിശയിപ്പുന്ന രീതിയിലാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. വേലക്കാരി റാബിയ എന്ന കഥാപാത്രമാവട്ടെ കരുത്തുറ്റവള്‍ മാത്രമല്ല തന്റേടിയുമാണെന്ന് നോവല്‍ വായിച്ചു തീരുമ്പോള്‍ ഓരോ വായനക്കാരനും തോന്നും.
വൈധവ്യത്തെ പുകമൂടിയ കണ്ണടയില്ലാതെ നോക്കിക്കാണുന്ന എഴുത്തുകാരന്, ഹൂറിയയെ തന്റേടിയായ കഥാപാത്രമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. ലളിതമായ ഭാഷയിലെഴുതിയ, ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന മികച്ച നോവല്‍ കൂടിയാണ് ഹൂറിയ. ഇതുപോലൊരു ശക്തയായ കഥാപാത്രത്തിന്റെ ഭാവി, വായനക്കാരന് വിട്ടുകൊടുത്തുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. ഒരു പക്ഷെ, ഹൂറിയയുടെ കാഴ്ചപ്പാടുകള്‍ പാടെ തകര്‍ത്ത് തരിപ്പണമാക്കിയ ചില വ്യക്തികള്‍, വിധികള്‍, സാമൂഹിക ചുറ്റുപാടുകള്‍ എന്നിവ നല്കിയ അനുഭവത്തില്‍ നിന്നും തന്റേടിയായ ഹൂറിയ ഇനിയും മികച്ച രീതിയില്‍ തന്റെ ജീവിതം പൂരിപ്പിച്ചെടുക്കുമെന്ന പ്രത്യാശ വായനക്കാര്‍ക്ക് നല്കുകയാവാം എഴുത്തുകാരന്. മുസ്ലിം സ്ത്രീയുടെ വേറിട്ട ജീവിതവും സ്വാതന്ത്ര്യ പ്രഖ്യാപനവും പുരോഗമന കാഴ്ചപ്പാടുകളും പുതുകാല ജീവിതാഘോഷങ്ങളും വളരെ ശ്രദ്ധയോടെ നോവലില്‍ അബു ഇരിങ്ങാട്ടിരി പകര്‍ത്തിവെച്ചിരിക്കുന്നു. ആ നിലയ്ക്ക് വര്‍ത്തമാന കാലം തന്നെയാണ് 'ഹൂറിയ' എന്നു പറയാനാവും. ഉമ്മാച്ചുവിനെപ്പോലെ, ഹൂറിയയെയും വരും കാലം കാണാതിരിക്കില്ല.
ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില: 180 രൂപ. മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്തത് സലിം റഹ്മാന്.