Art and Literature
ത്രേതായുഗത്തിലെ സീത മീടു എന്ന വാക്കിലൂടെ നമ്മുടെ കൂടെയുണ്ട്
Art and Literature

ത്രേതായുഗത്തിലെ സീത 'മീടു' എന്ന വാക്കിലൂടെ നമ്മുടെ കൂടെയുണ്ട്

പി ലിസ്സി
|
21 Oct 2022 12:49 PM GMT

എറണാകുളം സ്വദേശിയായ സിനി പണിക്കരുടെ ആദ്യത്തെ നോവലാണ് യാനം സീതായനം.. Sita: Now You Know Me' എന്ന പേരില്‍ ഇംഗ്ലീഷിലാണ് ആദ്യം ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഡ്രഗ്‌സ് ആന്‍ഡ് നര്‍കോട്ടിക്സ് വിഭാഗത്തില്‍ സീനിയര്‍ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് സിനി പണിക്കര്‍. യാനം സീതായനത്തെ കുറിച്ചും സീതയെ കേന്ദ്രകഥാപാത്രമായി നോവല്‍ ചെയ്യാനുള്ള സാഹചര്യത്തെ കുറിച്ചും എഴുത്തുകാരി സംസാരിക്കുന്നു. | അഭിമുഖം: സിനി പണിക്കര്‍ / പി. ലിസ്സി

മീടുവിന്റെ പശ്ചാത്തലത്തിലാണ് 'യാനം സീതായനം' എന്ന നോവലിന്റെ ആശയം മനസ്സില്‍ തോന്നിയത് എന്ന് പറഞ്ഞിട്ടുണ്ട്. ആ സംഭവങ്ങള്‍ കേട്ടപ്പോള്‍ എന്തുകൊണ്ട് സീതയെ ആദ്യം ഓര്‍മവന്നു?

ലൈംഗികപീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ ഒന്നിച്ചു നിന്നു പോരാടുന്ന ഒരു പ്രസ്ഥാനമാണല്ലോ മീടു. സീതയുമായി അതിനു പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. എന്നാല്‍, സ്ത്രീകള്‍ ഇന്നും അഭിമുഖീകരിക്കുന്ന മറ്റനവധി പ്രശ്‌നങ്ങളിലേക്ക് മീടു ശ്രദ്ധ തിരിക്കുന്നുണ്ട്. ശാസ്ത്രസാങ്കേതികവിദ്യകളിലും മെഡിക്കല്‍ രംഗത്തും എല്ലാം നമുക്ക് സങ്കല്‍പിക്കാനാവാത്ത പുരോഗതി ഉണ്ടായികാണുമ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ അതൊന്നും അത്രയുമായിട്ടില്ല. പുരാണകഥകളിലെ, അല്ലെങ്കില്‍ ചരിത്രകഥകളിലെ സ്ത്രീകള്‍ അനുഭവിച്ചതൊക്കെത്തന്നെ-അനീതിയും അക്രമവും ഉപേക്ഷിക്കപ്പെടലും വിവസ്ത്രയാക്കലും റേപ്പും അങ്ങനെ എല്ലാം തന്നെ-ഇന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. യുക്രൈനെ റഷ്യ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നുള്ള സ്ത്രീകളുടെ പലായനം നിങ്ങള്‍ ടിവിയില്‍ കണ്ടില്ലേ? റഷ്യന്‍ പട്ടാളക്കാരുടെ പിടിയില്‍ പെട്ടാല്‍ അവര്‍ക്ക് സംഭവിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് അവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. അതാണ് അവര്‍ കിട്ടിയതും കൈയിലെടുത്ത് കുട്ടികളെയും കൂട്ടി അയല്‍രാജ്യങ്ങളിലെക്ക് ഓടി രക്ഷപ്പെട്ടത്. ഇതൊക്കെ കാണുമ്പോള്‍ പുരാണസ്ത്രീകളും ഇന്നത്തെ സ്ത്രീകളും തമ്മില്‍ എന്താണു വ്യത്യാസം എന്നു തോന്നിപ്പോകും. അതുകൊണ്ടാവാം ദുരന്തനായികമാര്‍ ആയിട്ടുള്ള പുരാണ സ്ത്രീ കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ മനസ്സിലേക്ക് തള്ളിക്കയറുന്നത്.

'യാനം സീതായന'ത്തിലേക്കുള്ള യാത്രകള്‍ എത്രത്തോളം ദുര്‍ഘടമായിരുന്നു. കാരണം, സീത എന്ന കഥാപാത്രം ആള്‍ക്കാര്‍ക്കിടയിലുണ്ടാക്കിയിട്ടുള്ള സങ്കല്‍പങ്ങള്‍ വേറെയാണ്. അതിലൊരു പൊളിച്ചെഴുത്ത് നടത്തുമ്പോള്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ എന്തൊക്കെയായിരുന്നു?

കുറച്ച് ദുര്‍ഘടം തന്നെ ആയിരുന്നു ആ യാത്ര. ഞാന്‍ മുപ്പത് വര്‍ഷങ്ങളായി വാഷിംങ്ടണിലാണ് ജീവിക്കുന്നത്. പിന്നെ, എന്റെ പ്രവര്‍ത്തനമേഖല ആണെങ്കില്‍ കെമിസ്ട്രിയും ഫോറന്‍സിക് സയന്‍സും ഡ്രഗ് ട്രാഫിക്കിങ്ങ് അന്വേഷിക്കുന്നതും ഒക്കെയാണ്. ഇതിഹാസങ്ങളോ എഴുത്തോ ഒന്നും തന്നെ മനസ്സിലേക്ക് അങ്ങനെ കടന്നു വരാറില്ല - വരേണ്ട സാഹചര്യങ്ങളും ഇല്ല. സമയം കിട്ടുമ്പോള്‍ കുറച്ചു വായിക്കും - അത്ര തന്നെ. അങ്ങനെയുള്ള എന്നിലേക്ക് സീത വളരെ ശക്തിയോടെ പ്രവേശിച്ചു. എന്നെക്കൊണ്ട് അവളെക്കുറിച്ച് എഴുതിച്ചേ അടങ്ങൂ എന്നു വാശിപിടിച്ചു നിന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. സീതയുടെ ബാധ എന്നില്‍ കൂടിയതുപോലെ എന്നു വേണമെങ്കില്‍ പറയാം. അവള്‍ ഇന്നുള്ള സ്ത്രീ തന്നെ ആണെന്നും അവളുടെ കഥ ഇന്നുള്ള സ്ത്രീയുടെ കഥ പറച്ചില്‍ ആകണമെന്നും ഞാന്‍ അപ്പോള്‍ തീരുമാനിച്ചു. ഒരു പൊളിച്ചെഴുത്ത് ഇല്ലെങ്കില്‍ പിന്നെ അവളെക്കുറിച്ച് എഴുതുന്നതില്‍ എന്താണ് അര്‍ഥം? ആ പൊളിച്ചെഴുത്തിലില്‍ മൂലകഥയെ എങ്ങനെ സമീപിക്കണം, അതില്‍നിന്നും എത്ര എടുക്കണം എന്നെല്ലാം ചിന്തിച്ചു. എന്റെ സീതയെ എങ്ങനെ ശക്തിപ്പെടുത്തണം എന്നതും എനിക്ക് വളരെ പ്രധാനമായി തോന്നി. ഞാന്‍ നോവലില്‍ വരുത്തിയ പല മാറ്റങ്ങളും അങ്ങനെ ഉണ്ടായതാണ്. ഈ സീത കുറേക്കൂടി സ്‌ട്രോങ്ങ് ആകാമായിരുന്നു എന്നു പറഞ്ഞ വായനക്കാര്‍ ഉണ്ട്. അവളിലെ തന്റേടം കൂടിപ്പോയെന്നു പറഞ്ഞവരും ഉണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. എഴുതാനുള്ള എന്റെ സ്വാതന്ത്ര്യം ഞാന്‍ മാനിക്കുന്നതുപോലെ, അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും ഞാന്‍ മാനിക്കുന്നു. ഏതായാലും ഇതു വായിച്ച സ്ത്രീകളില്‍ ഭൂരിഭാഗവും അവരെത്തന്നെ ഈ സീതയില്‍ കാണുന്നു എന്നു പറഞ്ഞു കേള്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ത്രേതായുഗത്തിലെ സീത മീടു എന്ന രണ്ടു വാക്കുകളിലൂടെ നമ്മുടെ കൂടെ നില്‍ക്കുന്നു, ഇപ്പോഴും. നമുക്ക് കൂട്ടും ശക്തിയും തന്നുകൊണ്ട്.



ആദ്യം ഇംഗ്ലീഷില്‍ നോവല്‍ എഴുതിത്തുടങ്ങാന്‍ കാരണമെന്തായിരുന്നു. ഇംഗ്ലീഷില്‍ മുമ്പ് എന്തെങ്കിലും സാഹിത്യരചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

മലയാളത്തില്‍ എഴുതാനുള്ള പേടിയാണ് എന്നെ ആദ്യം ഇംഗ്‌ളീഷില്‍ എഴുതിപ്പിച്ചത്. ചോറിനു മോരുകറിയും കാബേജും ചിക്കനും മതിയോ എന്നൊക്കെയുള്ള പരിമിതമായ മലയാളം ഉപയോഗിച്ചു ജീവിക്കുന്ന ഒരു പ്രവാസിയാണല്ലോ ഞാന്‍. മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള സ്‌നേഹം ഉള്ളില്‍ എന്നും നന്നായുണ്ടെങ്കിലും മലയാളത്തിലുള്ള വായനയും അത്രയ്‌ക്കൊന്നുമില്ല. അതാണ് ഇംഗ്‌ളീഷില്‍ എഴുതാന്‍ കാരണം. ഇംഗ്‌ളീഷില്‍ ഞാന്‍ ഇതിനു മുന്നേ ഒന്നും എഴുതിയിട്ടില്ല. മലയാളത്തില്‍ ചില കവിതകളോ ലേഖനങ്ങളോ കലാകൗമുദി പോലുള്ള ആനുകാലികങ്ങളില്‍ പണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്കവാറും എഴുത്തുകാര്‍ ചെറുകഥകളില്‍ നിന്നാണ് നോവലില്‍ എത്തുന്നത്. ഞാന്‍ ആകട്ടെ ഒരു കഥ പോലും എഴുതി പ്രസിദ്ധീകരിച്ചിട്ടില്ല.

മലയാളത്തിലെഴുതുമ്പോഴാണോ ഇംഗ്ലീഷില്‍ എഴുതുമ്പോഴാണോ എഴുത്തുകാരി എന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി തോന്നിയത്?

അത് മലയാളത്തില്‍ എഴുതിയപ്പോള്‍ ആയിരുന്നു. സാനു മാഷിനെ എനിക്ക് ഞാന്‍ മഹാരാജാസില്‍ പഠിക്കുന്ന കാലം മുതലേ പരിചയമുണ്ട്. അദ്ദേഹം അപ്പോഴേക്കും അവിടെ നിന്ന് റിട്ടയര്‍ ആയെങ്കിലും. മലയാളത്തിലുള്ള എഴുത്തിന്റെ കാര്യവും, അതില്‍ നിന്നും കൈവന്ന സുഖത്തെപ്പറ്റിയും ആഹ്ലാദത്തെപ്പറ്റിയും മാഷിനോട് ഞാന്‍ പറഞ്ഞപ്പോള്‍ മാഷ് പറഞ്ഞത് മാതൃഭാഷയുടെ സുഖവും സ്‌നേഹവും അമ്മ തരുന്നപോലെയല്ലേ, അത് അമ്മിഞ്ഞപ്പാലുപോലെ മധുരമുള്ളതല്ലേ എന്നാണ്. എത്ര വാസ്തവം എന്നെനിക്ക് തോന്നിപ്പോയി.




എഴുതിത്തുടങ്ങിയപ്പോള്‍ എഴുത്തുകാരിക്ക് പറയാനുള്ളത് സീതയിലൂടെ എങ്ങനെയാണ് പറയാന്‍ ശ്രമിച്ചത്?

വലിയ നിശ്ചയം ഇല്ലാതെ, എഴുത്ത് എവിടം വരെ എത്തുമെന്നൊന്നും ഒരു തീര്‍പ്പുമില്ലാതെ തുടങ്ങിയതാണ് ഈ നോവല്‍. എന്നാലോ ചില ഉറച്ച ചിന്തകള്‍ ഈ സീതയെപ്പറ്റി, അവളുടെ കഥ പറയുന്നതിനെപ്പറ്റി എനിക്ക് ഉണ്ടാകുകയും ചെയ്തു. പഴയ ലോകവും പുതിയ ലോകവും ഏതാണ്ട് ഒരേ ലോകമാണ് ഇന്നുമുള്ള ഭൂരിപക്ഷം സ്ത്രീകള്‍ക്കും എന്നു ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അവരുടെ പ്രശ്‌നങ്ങള്‍, ദുരന്തങ്ങള്‍, കെടുതികള്‍ - എല്ലാം തുടരുന്നു. അതുകൊണ്ട് പഴയ ലോകവും എന്നാല്‍ പുതിയ, സമകാലീനമായ കാഴ്ച്ചകളും തോന്നലുകളും എന്ന ഒരു സമീപനമാണ് ഞാന്‍ എഴുതാനായി സ്വീകരിച്ചത്. രണ്ടും ഒരുമിച്ചു ചേര്‍ത്തുള്ള കഥ പറച്ചില്‍. അതിലൂടെ എനിക്കു പറയാനുള്ളത് ഞാന്‍ പറയുകയും ചെയ്തു.

സീത എന്ന കഥാപാത്രം സിനി പണിക്കരെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. സീതയെ പുനര്‍വായന ചെയ്യാന്‍ തുടങ്ങിയത് എന്നുമുതലായിരുന്നു?

2017-നു മുന്നേ സീത എന്നെ സ്വാധീനിച്ചിട്ടേ ഇല്ല. 2017-ല്‍ അമേരിക്കയില്‍ എമ്പാടും ആഞ്ഞടിച്ച ശക്തമായ ഒരു പ്രതിഷേധക്കാറ്റ് ആയിരുന്നു മീടു. അപ്പോള്‍ എങ്ങനെയോ സീത മനസ്സില്‍ വന്നു. രാമായണങ്ങളും സീതയെപ്പറ്റിയുള്ള പുസ്തകങ്ങളും ലേഖനങ്ങളും കവിതകളും വായിക്കാന്‍ ആരംഭിച്ചു. ഗുരു നിത്യചൈതന്യയതിയുടെ സീത നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകം, മഹാകവി കുമാരന്‍ ആശാന്റെ ചിന്താവിഷ്ടയായ സീത, സുഗതകുമാരി ടീച്ചറുടെ പാദപ്രതിഷ്ഠ എന്ന കവിതയിലെ സീത.. അങ്ങനെ അന്നു മുതല്‍ എന്നെ സ്വാധീനിച്ച സീതമാരും പുസ്തകങ്ങളും എഴുത്തുകാരും അനവധിയാണ്. ആദികവി മുതല്‍ ഇന്നു വരെയുള്ളവര്‍. എന്റെ സീതയ്ക്ക് വേണ്ടി ഞാന്‍ എല്ലാവരോടും നന്ദി പറഞ്ഞും കടപ്പെട്ടും നില്‍ക്കുന്നു.

പുരാണകഥകള്‍ ധാരാളം കേട്ടുവളര്‍ന്ന ബാല്യമായിരുന്നോ? എന്തുകൊണ്ടായിരിക്കും സീത ഇത്രയേറെ ആഴത്തില്‍ പതിഞ്ഞത് എന്ന് ചിന്തിക്കാറുണ്ടോ?

ഈ ചോദ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും അതെ. എന്റെ അമ്മയുടെ അമ്മ പുരാണങ്ങളില്‍ വിദൂഷിയും നല്ലൊരു കഥ പറച്ചിലുകാരിയും ആയിരുന്നു. അതുകൊണ്ട് അമ്മമ്മക്കാണ് ഞാന്‍ ഈ നോവല്‍ സമര്‍പ്പിച്ചിട്ടുള്ളത്. പിന്നെ, എനിക്കു ധൈര്യവും ശക്തിയും നല്‍കി വളര്‍ത്തിയ അമ്മക്കും. പക്ഷേ, സത്യം പറയട്ടെ, രാമായണവും അതിലെ കഥകളും എന്നെ ഒട്ടും ആകര്‍ഷിച്ചിട്ടില്ല. അമ്മമ്മയോടവ പറയാനും അധികം ആവശ്യപ്പെട്ടിട്ടില്ല. സീത എനിക്ക് അധികം താല്‍പര്യം തോന്നാത്ത, ഇഷ്ടമോ സ്‌നേഹമോ തോന്നാത്ത ഒരു കഥാപാത്രവും ആയിരുന്നു. മീക് എന്ന ഇംഗ്‌ളീഷ് പദത്തിന്റെ പര്യായമായി - എന്തും സഹിക്കുന്ന, പ്രതിഷേധിക്കാന്‍ അറിയാത്ത ഒരു സ്ത്രീയായി സീത എന്നും ഉള്ളില്‍ നിന്നു. എനിക്ക് പണ്ട് മുതലേ അത്തരം സ്ത്രീകളോട് വലിയ താല്‍പര്യം ഇല്ല. അങ്ങനെയുള്ള എന്നെ സീത എന്ന ബാധ കൂടിയതും, ഈ നോവല്‍ എന്നെക്കൊണ്ട് എഴുതിപ്പിച്ചതും വലിയ അതിശയമായി എനിക്കു തോന്നുന്നുണ്ട്. ഒരു പക്ഷേ, നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക്, തങ്ങളിലെ സ്വരമോ ശക്തിയോ സ്വയം കണ്ടെത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക്, അതെങ്ങിനെ സാധിച്ചു കൊടുക്കാനാവും എന്ന് എന്നില്‍ എന്നുമുണ്ടായിരുന്ന ചിന്തയാവും ഈ സീതയായി പരിണമിച്ചത്.


ഒരുപക്ഷേ ഇന്ത്യയില്‍ ശ്രീകൃഷ്ണനെക്കാളും ആരാധകരുള്ളത് ശ്രീരാമനാണ്. പുരുഷ സങ്കല്‍പത്തിന്റെയൊക്കെ മൂര്‍ത്തീരൂപമായിട്ടാണ് അദ്ദേഹത്തെ പലപ്പോഴും ചിത്രീകരിക്കുന്നത്. പക്ഷേ, സിനി പണിക്കരുടെ ശ്രീരാമന്‍ എങ്ങനെയുള്ളയാളാണ്. രാമായണത്തില്‍ സീതക്ക് ശേഷം മനസ്സില്‍ ഇടം കൊടുത്ത കഥാപാത്രം ആരായിരിക്കും?

ദൈവികത കഴിയുന്നത്ര ഒഴിവാക്കി, മനുഷ്യകഥയായിട്ടാണ് ഞാന്‍ ഈ നോവല്‍ രചിച്ചത്. അങ്ങനെ സീത മാത്രമല്ല, രാമനും ഇതില്‍ വെറും മനുഷ്യന്‍ തന്നെ. കുറ്റങ്ങളുള്ള, ബലഹീനതകള്‍ക്ക് വിധേയനാകുന്ന ഒരു രാമനാണ് ഈ നോവലില്‍. നല്ലൊരു നായകനായി തുടങ്ങി, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നായകനായി തുടങ്ങി, എന്നാല്‍ അവസാനം വില്ലന്‍ ആകുന്ന ഒരു കഥാപാത്രം. എന്നാലോ, ആ രാമനില്‍ പ്രണയമുണ്ട്, പശ്ചാത്താപമുണ്ട്, സങ്കടമുണ്ട്. പക്ഷേ, അതൊന്നും രാമനെ പ്രിയ കഥാപാത്രം ആക്കുകയില്ല. സീത കഴിഞ്ഞാല്‍, ഒരു പക്ഷേ ഈ നോവല്‍ വായിച്ചവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ലക്ഷ്മണനും വാല്മീകിയും ജനകനും ആയിരിക്കും.

മീടുവിന്റെ അടിസ്ഥാന ആദര്‍ശം എന്നുളളത് എംപവര്‍ ത്രൂ എംപതി എന്നാണ്. ഒരു അതിജീവിതയെ അവളോടൊപ്പം നിന്ന് പരിധികളില്ലാതെ പിന്തുണക്കാന്‍ എത്ര പേര്‍ കേരളത്തിലുണ്ടാകും? ഒരു പെണ്‍കുട്ടിയോ ഒരു സ്ത്രീയോ ഒരു പരാതി ഉന്നയിച്ചാല്‍, അവള്‍ എന്തെങ്കിലും ചെയ്തു കാണും എന്ന മുന്‍വിധിയോടെ, അവള്‍ ഇത് വരുത്തി വച്ചതാണ് എന്ന മുന്‍വിധിയോടെ, അവള്‍ക്കിത് കിട്ടേണ്ടതാണ് എന്ന തീരുമാനത്തോടെയാണ് മിക്കവരും - അതും സ്ത്രീകള്‍ ഉള്‍പ്പെടെ - പ്രതികരിക്കുക.

രാമായണത്തിന്റെ പലവിധ വായനകളും ഇന്നുണ്ട്. ആ എഴുത്തുകള്‍ക്കിടയില്‍ നിന്ന് വായനക്കാര്‍ യാനം സീതായനത്തെ വായിക്കപ്പടേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമാണ്?

യാനം സീതായനത്തിലെ സീതയെ നിങ്ങള്‍ ഇതുവരെയും കണ്ടിട്ടില്ല. അറിഞ്ഞിട്ടില്ല. അതുകൊണ്ട് അവളെ വായിക്കൂ, അറിയൂ എന്നാണ്. പൊതുവെ പറഞ്ഞാല്‍, നോവലുകളോ മറ്റു പുസ്തകങ്ങളോ സമൂഹത്തില്‍ അത്ര കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ല - ഉണ്ടാക്കുകയുമില്ല. എന്നാലും വായിക്കുന്നവരില്‍ കുറച്ചുപേരിലെങ്കിലും അവ പുതിയ ചിന്തകള്‍ ഉണ്ടാക്കും. അവയെപ്പറ്റി കുറച്ച് സംഭാഷണങ്ങള്‍ ഉണ്ടാകും. അങ്ങനെ ചെറിയ ചലനങ്ങള്‍ ഉണ്ടാകും. അത്തരത്തില്‍ ആലോചിക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഇതാണ് - യാനം സീതായനം വായിച്ച പെണ്‍കുട്ടികള്‍ മീക് ആകാതിരിക്കാന്‍ പരിശ്രമിച്ചാല്‍, ഈ സീത അവര്‍ക്ക് ജീവിതം എന്ന പരീക്ഷണയാത്ര തരണം ചെയ്യാനുള്ള ഉള്‍ക്കാഴ്ചയും ശക്തിയും പകര്‍ന്നാല്‍, അവരിലെ ചിന്തകളില്‍ വെളിച്ചവും അവ പുറത്തു പറയാനുള്ള ശബ്ദവും ധൈര്യവും അവരില്‍ പകര്‍ന്നാല്‍ എത്ര നന്നായിരിക്കും!

എന്നിലൊരു എഴുത്തുകാരിയുണ്ട്. അതെല്ലെങ്കില്‍ എനിക്ക് എഴുത്തിലൂടെ വായനക്കാരോട് സംവദിക്കാന്‍ കഴിയും എന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം ഏതായിരുന്നു?

ഏതാണ്ട് ഒരു പത്തു വയസ്സു മുതല്‍ എഴുതണം - എന്തെങ്കിലും കാര്യമായത് എഴുതണം - എന്നു ഞാന്‍ കരുതി, മോഹിച്ചു. പിന്നീട് ജീവിതത്തിരക്കുകള്‍, ജോലിത്തിരക്കുകള്‍, പ്രവാസ ജീവിതം - ഇതെല്ലാം കാരണം അതൊരിക്കലും നടക്കില്ല എന്നും തിരിച്ചറിഞ്ഞു. പിന്നെ ഈ സീത ഉള്ളില്‍ കയറിയപ്പോഴാണ് ആ പഴയ തോന്നലിന് പുതുജീവന്‍ വച്ചത്. ജീവിതം നമ്മളില്‍ നിന്നും എന്തെല്ലാം എടുക്കുന്നു, പിന്നെ എന്തൊക്കെ തിരികെ നല്‍കുന്നു എന്നൊക്കെ ആലോചിക്കാന്‍ ഇതെന്നെ പ്രേരിപ്പിച്ചു. ജീവിതമെന്ന പ്രഹേളിക എന്നൊക്കെ എഴുത്തുകാര്‍ പറയാറുള്ളത് ഓര്‍മിപ്പിച്ചു. മഹാകവി ഇതുപണ്ടേ, നൂറു വര്‍ഷങ്ങള്‍ക്കു മുന്നേ, സീതയെക്കൊണ്ടുതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. ''ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്ന പോലെ പോം!..''

സാധാരണ മിക്കവരും ജോലിയൊക്കെ കിട്ടുന്നതിന്റെ മുമ്പാകും എഴുത്തിലൊക്കെ സജീവമാകുക. ജോലിയൊക്കെയായാല്‍ പതുക്കെ എഴുത്തില്‍ നിന്ന് പിന്‍വലിയുന്നവരുമുണ്ട്. പക്ഷേ, താങ്കള്‍ തിരക്കുപിടിച്ച ജീവിതത്തിനിടയിലാണ് എഴുത്ത് സീരിയസ്സായി കണ്ടെതെന്ന് തോന്നുന്നു. അതിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

എത്ര ബുദ്ധിമുട്ടാണ് ജോലിയില്‍ ഇരുന്നുകൊണ്ട് ഒരു നോവല്‍ എഴുതിത്തീര്‍ക്കാന്‍ എന്നു ശരിക്കും മനസ്സിലായി. പല എഴുത്തുകാരും അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ ജോലി എന്നു പറഞ്ഞാല്‍ രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതല്ല. മിക്കവാറും ദിവസവും പത്തോ അതിലേറെ മണിക്കൂറോ ജോലിയില്‍ ആണ്. പിന്നെ വീക്കെന്‍ഡില്‍ പോലും ഒഫീഷ്യല്‍ യാത്രകള്‍ ഒക്കെ കാണും. ഞാനാകട്ടെ ഒരു വര്‍ക്‌ഹോളിക്കാണ്. അങ്ങനെയുള്ള തിരക്കില്‍ ഇത് എഴുതിയെടുക്കാന്‍ നന്നായി പ്രയാസപ്പെട്ടു. ഇംഗ്‌ളീഷില്‍ ഉള്ള എഴുത്ത് മുറുകി വന്നപ്പോള്‍ പിന്നെ ഒരു മാസം അവധി എടുത്തു. അല്ലാതെ നിവൃത്തി ഇല്ലായിരുന്നു.


സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത മേഖലയിലാണ് ജോലി ചെയ്യുന്നത്. താമസിക്കുന്നത് വിദേശത്തും. ജോലി്കകും കുടുംബത്തിനും ശേഷം എഴുത്തിന് സമയം കണ്ടെത്തുന്നത് എപ്പോഴാണ്. യാനം സീതായനം എഴുതിത്തീര്‍ക്കാന്‍ എത്ര സമയമെടുത്തു?

സീതയെപ്പറ്റി ആദ്യം ഇംഗ്‌ളീഷിലും പിന്നെ മലയാളത്തിലും എഴുതിയത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു. ഡ്രഗ്‌സിന്റെയും നര്‍ക്കോട്ടിക്‌സിന്റെയും ലോകത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിച്ചിട്ട്, വീക്കെന്‍ഡില്‍ ത്രേതായുഗത്തിലേക്കുള്ള യാത്രയായിരുന്നു. ഐഫോണിന്റെയും സ്ട്രീമിങ്ങിന്റെയും ലോകത്തുനിന്നും പര്‍ണ്ണശാലകളുടെയും ഉപനിഷത്ചിന്തകളുടെയും കാലത്തേക്കുള്ള യാത്ര. എഴുതുമ്പോള്‍ ആധുനിക വാക്കുകള്‍ കഴിയുന്നത്ര ഒഴിവാക്കണം. ഇതൊക്കെയാണെങ്കിലും സീത അനര്‍ഗളമായി എന്നോട് സംസാരിച്ചിരുന്നതിനാല്‍, എഴുത്ത് ഒരു പ്രവാഹം പോലെ എന്നില്‍ നിന്നും ഒഴുകി. ഇംഗ്‌ളീഷിലെ ആദ്യ ഡ്രാഫ്റ്റ് (Sita: Now You Know Me) 2018ന്റെ അവസാനത്തോടെ, നാലു മാസം കൊണ്ടു തീര്‍ന്നു. പിന്നെ 2019-ല്‍ അതിന്റെ റിവിഷന്‍ പല തവണ നടത്തി. 2020-ല്‍ മലയാളം നോവലും തീര്‍ത്തു. ന്യൂ ഡല്‍ഹിയിലെ രൂപ പബ്ലിക്കേഷന്‍സ് ഇംഗ്‌ളീഷ് നോവല്‍ 2021- ല്‍ മാര്‍ച്ചിലും, കോഴിക്കോട്ടെ പൂര്‍ണ പബ്ലിക്കേഷന്‍സ് യാനം സീതായനം ആ കൊല്ലം സെപ്റ്റംബറിലും ഇറക്കി. രണ്ടും ആമസോണില്‍ കിട്ടും. മലയാളം പൂര്‍ണയില്‍നിന്നും വാങ്ങുന്നതാവും എളുപ്പം.

കേരളത്തില്‍ ആദ്യമായി മീടു വെളിപ്പെടുത്തലുണ്ടായപ്പോള്‍ അതുണ്ടാക്കിയ ഞെട്ടല്‍ വലുതായിരുന്നു. പക്ഷേ, ഇന്നത് വലിയൊരു തമാശയായിട്ടാണ് പൊതുസമൂഹം കാണുന്നത്. മീടു എന്നത് കളിയായി പറയുന്നത് ധാരാളം കേള്‍ക്കാറുണ്ട്. ഈ മനോഭാവം എന്തുകൊണ്ട് മാറുന്നില്ല?

പ്രധാനപ്പെട്ട ചോദ്യമാണിത്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നുള്ള പ്രസ്ഥാനങ്ങള്‍ ഒക്കെ അമേരിക്കയില്‍ ഈയിടെ വന്നപ്പോള്‍ മീടുവിന് അമേരിക്കയില്‍ പോലും ക്ഷീണം തട്ടിയതായി തോന്നി. എന്നാലോ, അമേരിക്കന്‍ പ്രസിഡണ്ട് ആകാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്ന ആന്‍ഡ്രു കോമോ എന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ പദവി മീടുവിലൂടെ തെറിക്കുന്നതാണ് പിന്നെ ഞങ്ങള്‍ ഇവിടെ കണ്ടത്. അതിലൂടെ മനസ്സിലായത് സ്ത്രീകള്‍ ഒന്നിച്ചു നിന്നാല്‍ ആര്‍ക്കും അവരെ തകര്‍ക്കാന്‍ ആവില്ല എന്നതാണ്.


പക്ഷേ, ഇന്ത്യയിലെയോ കേരളത്തിലെയോ സ്ഥിതി ഇന്നും ഇങ്ങനെയല്ലല്ലോ. മീടു പോലുള്ളവയെ ഇല്ലാതാക്കാനും, അല്ലെങ്കില്‍ തരം താഴ്ത്തി കാണിക്കാനും മറ്റും കേരളത്തില്‍ എത്ര എളുപ്പമാണ്. പിന്നെ സ്ത്രീകള്‍ ആണെങ്കില്‍ അവിടെ ഒന്നിച്ചു നില്‍ക്കാതെ, തങ്ങളില്‍ തന്നെ വിഭാഗീയത ഉണ്ടാക്കുന്നു. മീടുവിന്റെ അടിസ്ഥാന ആദര്‍ശം എന്നുളളത് എംപവര്‍ ത്രൂ എംപതി എന്നാണ്. ഒരു അതിജീവിതയെ അവളോടൊപ്പം നിന്ന് പരിധികളില്ലാതെ പിന്തുണക്കാന്‍ എത്ര പേര്‍ കേരളത്തിലുണ്ടാകും? ഒരു പെണ്‍കുട്ടിയോ ഒരു സ്ത്രീയോ ഒരു പരാതി ഉന്നയിച്ചാല്‍, അവള്‍ എന്തെങ്കിലും ചെയ്തു കാണും എന്ന മുന്‍വിധിയോടെ, അവള്‍ ഇത് വരുത്തി വച്ചതാണ് എന്ന മുന്‍വിധിയോടെ, അവള്‍ക്കിത് കിട്ടേണ്ടതാണ് എന്ന തീരുമാനത്തോടെയാണ് മിക്കവരും - അതും സ്ത്രീകള്‍ ഉള്‍പ്പെടെ - പ്രതികരിക്കുക. ഇതു മാറാതെ, ഈ ചിന്താവിധികള്‍ മാറാത്തിടത്തോളം, ഏതു പ്രസ്ഥാനത്തിനും അവിടെ വലിയ ആയുസ്സില്ല എന്നതാണ് ദുഃഖകരമായ സത്യം.

സാഹിത്യത്തില്‍ നിന്ന് മാറിയൊരു ചോദ്യം. ഗവണ്‍മെന്റിന്റെ ഡ്രഗ്‌സ് ആന്‍ഡ് നര്‍കോട്ടിക്സ് വിഭാഗത്തില്‍ സീനിയര്‍ സയന്റിസ്റ്റാണ്. കേരളത്തിലാകട്ടെ ലഹരിയെകുറിച്ച് വാര്‍ത്തകളില്ലാത്ത ദിവസവും ഇല്ല. ഞെട്ടിപ്പിക്കുന്ന രീതിയിലേക്കാണ് കേരളത്തിന്റെ പോക്ക്. സയന്റിസ്റ്റ് എന്ന രീതിയില്‍ കേരളത്തിലെ ഈ പ്രശ്‌നങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. നമുക്ക് എവിടെയാണ് പിഴക്കുന്നത്. എന്താണ് ഇതിന് ചെയ്യാനാകുക?

മനുഷ്യരാശി എന്നും സബ്സ്റ്റന്‍സ് അബ്യുസ് (sustance abuse ) - മദ്യം മുതല്‍ മയക്കുമരുന്നുകള്‍ വരെ - നടത്തിയിട്ടുണ്ട്. അത് ഇന്നും നാളെയും എന്നും തുടരുകയും ചെയ്യും. പിന്നെ നമുക്ക് ചെയ്യേണ്ടത്, ചെയ്യാനാവുന്നത് - അതിന്റെ വ്യാപ്തി കുറക്കുക, നമ്മുടെ കുടുംബത്തെ അതിന്റെ പിടിയില്‍ കൊടുക്കാതിരിക്കുക, അതില്‍ പെടുന്നവരെ രക്ഷിക്കാന്‍ നോക്കുക എന്നൊക്കെയാണ്. ഓരോ കുടുംബവും വിചാരിച്ചാല്‍ മതി - ഇതിനൊക്കെ തടയിടാന്‍. പക്ഷേ, അങ്ങനെ ഉണ്ടാവില്ലല്ലോ. മനുഷ്യര്‍ പല വിധം. കുടുംബങ്ങളും അതിലെ പ്രശ്‌നങ്ങളും പല വിധം. കേരളത്തില്‍ മദ്യം എന്നത് വലിയ പ്രശ്‌നമായി നില്‍ക്കെ, ലഹരി മരുന്നുകളും കൂടി വര്‍ധിച്ചാല്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാന്‍ കൂടി വയ്യ! ലഹരിമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നവരെപ്പറ്റി അന്വേഷിക്കുന്നതോടൊപ്പം, ഇതിനെതിരെ വ്യാപകമായ തോതിലുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ ആവശ്യമാണ്. ഡിമാന്‍ഡ് ഇല്ലെങ്കില്‍ സപ്ലൈ നിലക്കും. അവയുടെ കേരളത്തിലേക്കുള്ള വരവ് നില്‍ക്കും.


പിന്നെ, ഇതിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ അത് മറച്ചുവയ്ക്കാതെ, കാര്യങ്ങള്‍ എല്ലാവരുമായും തുറന്നു സംസാരിച്ചിട്ട്, സത്യാവസ്ഥകള്‍ വെളിപ്പെടുത്തുകയും വേണം. അത് അവര്‍ക്കും മറ്റു കുടുംബങ്ങള്‍ക്കും എത്രയോ സഹായമാകും. പണ്ടൊക്കെ അമേരിക്കയിലും ഇതൊക്കെ മറച്ചുവെക്കുന്ന പതിവുണ്ടായിരുന്നു. ഇന്നു ഞാന്‍ കാണുന്നത് മിക്ക കുടുംബങ്ങളും തങ്ങളുടെ മകനോ മകളോ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയായാല്‍, അല്ലെങ്കില്‍ അതില്‍പ്പെട്ടു മരിച്ചുപോയാല്‍, അവരുടെ മരണം മറ്റുള്ള കുട്ടികള്‍ മരിക്കാതിരിക്കാനുള്ള ഒരു കാരണമായി, അവരുടെ ദുരിതവും നഷ്ടവും മറ്റു മാതാപിതാക്കള്‍ക്കു വരരുത് എന്ന വാശിയോടെ, ഡ്രഗ്‌സിന്റെ വില്പനക്കും മറ്റും എതിരായി സദാ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായാണ്.

അങ്ങനെ പല മാതാപിതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ കണ്ണീരിന്റെ ഉപ്പും അവരുടെ ദുഃഖവും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇതിലൂടെയും ഞാന്‍ കാണുന്നത് മറ്റൊരു ''മീടു'' ആണ്. കാരണം, നാം ഒന്നിച്ചു നിന്നാലല്ലേ ഏതു കാര്യത്തിലും ഒരു മാറ്റമോ പുരോഗതിയോ വരുത്താനാകൂ. കേരളം ഈ നാശത്തിന്റെ തുടക്കത്തില്‍ ആണ്. ശ്രദ്ധിച്ചാല്‍ നമുക്കത് തടയാന്‍ കഴിയും. അതിനു കഴിയണം.



Similar Posts