Art and Literature
ആഴി ആര്‍ക്കേവ്‌സ്
Art and Literature

കടലെടുത്ത ജീവിതക്കാഴ്ചകള്‍ ആഴിയില്‍ നങ്കൂരമിടുമ്പോള്‍

റാഷിദ നസ്രിയ
|
30 March 2023 4:56 PM GMT

അതിവേഗം കടലെടുത്തുകൊണ്ടിരിക്കുന്ന ചെല്ലാനം എന്ന പ്രദേശത്തെ ചവിട്ടുനാടക കലാകാരന്‍മാരുടെ ജീവിത പരിസരമാണ് കെ.ആര്‍ സുനില്‍ എന്ന ഫോട്ടോഗ്രാഫറുടെ ഫ്രെയിമുകളില്‍ നിറയുന്നത്. ചിത്രങ്ങളുടെ ആവിഷ്‌കാരാനുഭവങ്ങള്‍ പങ്കുവെക്കുന്നു. അഭിമുഖം: കെ.ആര്‍ സുനില്‍/റാഷിദ നസ്രിയ, ഇന്ദു രമ വാസുദേവന്‍

കടല്‍ സഞ്ചാരം, കടല്‍ മനുഷ്യര്‍ എന്നിവയെ അടിസ്ഥാനമാക്കി കേരളത്തില്‍ കാര്യമായ ഡോക്യുമെന്റേഷന്‍സ് ഒന്നും നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമായ ഈ മേഖലകളിലേക്ക് താങ്കളുടെ ശ്രദ്ധ വരുന്നതിനെക്കുറിച്ച്?

പ്രാചീന തുറമുഖ നഗരമായ മുസിരിസ് എന്ന ഇന്നത്തെ കൊടുങ്ങല്ലൂരാണ് എന്റെ ജന്മദേശം. എന്നാല്‍, കടലുമായി ബന്ധപ്പെട്ട മനുഷ്യരെ കൂടുതല്‍ അടുത്തറിഞ്ഞത് മറ്റൊരു പഴയ തുറമുഖ നഗരമായ പൊന്നാനിയില്‍ എത്തിയപ്പോഴായിരുന്നു. മത്സ്യത്തൊഴിലാളികളും ഉരുവില്‍ സഞ്ചരിച്ചവരും കച്ചവടക്കാരുമടക്കം ആ തുറമുഖത്തിന്റെ ചരിത്രവും ജീവിതവും പറയുന്ന മനുഷ്യരെ അറിഞ്ഞ്, വര്‍ഷങ്ങളെടുത്ത്, നിരന്തരം യാത്രകള്‍ ചെയ്ത് പകര്‍ത്തിയ ചിത്രങ്ങള്‍ 2014 കൊച്ചി മുസിരിസ് ബിനാലെയില്‍ 'വാനിഷിംഗ് ലൈഫ്വേള്‍ഡ് ' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൊന്നാനിയിലെ മനുഷ്യരാണ് സത്യത്തില്‍ എന്നെ കടലുമായും കടലിന്റെ ചരിത്രവുമായും അടുപ്പിച്ചതെന്ന് പറയാം. ഏതൊരു തുറമുഖത്തിനും ചില പൊതുസ്വഭാവങ്ങളുണ്ട്. തുറന്ന മനസ്സോടെ മനുഷ്യരെ സ്വീകരിക്കുന്ന, വിശാല മനസ്സുള്ള, വിവിധ സംസ്‌കാരങ്ങളെ അടുത്തറിഞ്ഞ മനുഷ്യരാണവര്‍. അത്തരം നിരവധി പ്രത്യേകതകള്‍ നമ്മെ അങ്ങോട്ടടുപ്പിക്കും. ഇതുവരെ കടലില്‍ യാത്ര ചെയ്തിട്ടില്ലാത്ത ഞാന്‍ സത്യത്തില്‍ കടലിനെയറിഞ്ഞത് അവരിലൂടെയാണ്. മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, പാണ്ടികശാലകള്‍, തങ്ങള്‍മാര്‍, അറേബ്യന്‍ സ്വാധീനമുള്ള ആര്‍ക്കിടെക്ച്ചറുകള്‍, കാലങ്ങളോളം ഉരുവില്‍ തൊഴിലെടുത്തവര്‍, അവരുടെ അനുഭവങ്ങള്‍-പാട്ടുകള്‍ എല്ലാം എന്നെ സംബന്ധിച്ച് കടല്‍ തന്നെയാണ്. മനുഷ്യ ജീവിതത്തിന്റെ ചരിത്രം കടലുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നതിലാണ് പലപ്പോഴും എന്റെ താല്‍പര്യം.



കടല്‍, കടലിന്റെ ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട്, മട്ടാഞ്ചേരി ജൂ ടൗണിലെ കാശി ഹലേഗ്വാ ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്ന 'സീ എ ബോയിലിംഗ് വെസല്‍'എന്ന പ്രദര്‍ശനത്തില്‍ താങ്കളുടെ തീം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു?

കടല്‍ വഴി എത്തിച്ചേര്‍ന്നവരാണല്ലോ നമ്മെ കാലങ്ങളോളം അടക്കിഭരിച്ചിരുന്നത്. സംസ്‌കാരങ്ങള്‍, മതങ്ങള്‍, പല ഭാഷകള്‍ തുടങ്ങിയവയുടെ കടന്നുവരവും കടല്‍ വഴി തന്നെ. സീ എ ബോയിലിംഗ് വെസല്‍ എന്ന എന്റെ വര്‍ക്ക് ചവിട്ടുനാടകത്തെ കുറിച്ചാണ്. 16,17 നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസുകാരുടെ ഇടപെടലാണ് ചവിട്ടുനാടകത്തിന്റെ രൂപപ്പെടലിന് കാരണം. കൊടുങ്ങല്ലൂര്‍ കൊച്ചി ഭാഗത്താണ് തുടക്കം. കടല്‍ വഴിയുള്ള അധിനിവേശത്തിന്റെ ചരിത്രം കൂടിയാണ് ചവിട്ട് നാടകത്തിന്റേത്. തീരദേശത്തെ മത്സ്യത്തൊഴിലാളികളായ ലാറ്റിന്‍ ക്രിസ്ത്യാനികളാണ് ഈ ആര്‍ട്ട് ഫോം പ്രധാനമായും പ്രചരിപ്പിച്ചതും തുടരുന്നതും. അവരുടെ ചരിത്രവും വര്‍ത്തമാനവുമെല്ലാം കടലുമായി ബന്ധപ്പെട്ടതാണ്.

നമുക്ക് ധാരാളം കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചുകള്‍ ഉണ്ട്. സ്വതന്ത്രമായ ഭാഷയുണ്ട്. ഈ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചിന്റെ ഔട്ട്പുട്ട് ആണല്ലോ ചവിട്ടുനാടകം? താങ്കള്‍ എങ്ങനെയാണ് ചവിട്ടു നാടകത്തെ പൊളിറ്റിക്കലി പ്ലേസ് ചെയ്യുന്നത്?

അതിനുള്ള ഉത്തരം പറയണമെങ്കില്‍ ഈ കലാകാരന്‍മാരിലേക്ക് ഞാന്‍ എത്തിപ്പെട്ടതിനെക്കുറിച്ചും അവരുടെ ജീവിത പരിസരങ്ങളിലൂടെ യാത്ര ചെയ്തതിനെക്കുറിച്ചും പറയണം. 2015 ലെ ഗോതുരുത്തിലെ ചുവടി ഫെസ്റ്റിലാണ് ആദ്യമായി ചവിട്ടുനാടകം കാണുന്നത്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ കലാരൂപത്തെ പുതിയ ലോകത്തിന് പരിചയപ്പെടുത്താനും ആ കലാകാരന്‍മാര്‍ക്ക് വേദി ലഭ്യമാക്കാനുമായിരുന്നു അഞ്ചുദിവസം നീണ്ടുനിന്ന ആ ഫെസ്റ്റിവല്‍. അന്നു കണ്ട ചവിട്ടുനാടകങ്ങള്‍ സത്യത്തില്‍ എന്നെ വളരെ എക്‌സൈറ്റ് ചെയ്യിച്ചു. ഞാന്‍ അവരോട് സംസാരിക്കുകയും ചിത്രമെടുക്കുകയും ചെയ്തു. അവിടെ ദിവസേന മേക്കപ്പ് ചെയ്യാനായി എത്തിയിരുന്ന ഒരു ആളുണ്ടായിരുന്നു. ഓരോ ദിവസവും ഞാന്‍ ചിത്രമെടുക്കുന്നതിനിടെ അദ്ധേഹം എന്നോട് നാടക ലോകവുമായി ബന്ധപ്പെട്ട കുറെ കഥകള്‍ പറഞ്ഞു. അയാള്‍ പഴയ ബാലെ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. സംസാരത്തിനിടെ ഇരുപതോളം ചവിട്ടു നാടക കലാകാരന്‍മാരെ അദ്ദേഹം അണിയിച്ചൊരുക്കി.


ചുവടി ഫെസ്റ്റിലെ അവസാന ദിവസത്തെ ചവിട്ടുനാടകം ചെല്ലാനം പരിസരത്തെ ആളുകളുടേതായിരുന്നു. കടലിലും മറ്റും വെയിലു കൊണ്ട് തൊഴിലെടുക്കുന്ന ആ മനുഷ്യര്‍ക്ക് പൊതുവെ കറുത്ത നിറമായതിനാല്‍ മേക്കപ്പിന് ഏറെ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ പതിവുപോലെ എന്നോട് സംസാരിക്കാന്‍ സമയമുണ്ടാവില്ലെന്നും സൂചിപ്പിച്ചു. ആവശ്യത്തിന് ചിത്രങ്ങള്‍ കിട്ടിയെങ്കില്‍ നാളെ വരേണ്ടെന്നും ഉപദേശിച്ചു. എന്നിട്ടും ഞാന്‍ പിറ്റേ ദിവസം പോയി. ആ മനുഷ്യരുടെ ചവിട്ടുനാടകം കണ്ടു. തമിഴിലായിരുന്നു അവരുടെ നാടകം. അവര്‍ രാജാക്കന്മാരും, റാണികളും, ഭടന്മാരുമായി വേഷം കെട്ടുമ്പോള്‍ അനുഭവിക്കുന്ന സന്തോഷവും അഭിമാനവും നേരിട്ടറിഞ്ഞു. മികച്ച അഭിനേതാക്കളായിരുന്നു. എന്തൊക്കെയോ സവിശേഷത ആ നാടകാവതരണത്തില്‍ അനുഭവപ്പെട്ടു. അതിനാലാവണം എനിക്കവരോട് വല്ലാത്ത കണക്ഷന്‍ അനുഭവപ്പെട്ടു. അന്ന് തിരിച്ചു പേരുന്നതിനു മുന്‍പേ ഫോണ്‍ നമ്പറുകള്‍ കൈമാറാനും മറന്നില്ല. മാസങ്ങള്‍ക്കു ശേഷം അവരുടെ കൂട്ടത്തില്‍ നിന്ന് ഒരാളുടെ വിളിവന്നു. ചെല്ലാനത്തിനടുത്ത് കണ്ണമാലിയില്‍ ചവിട്ടുനാടക റിഹേഴ്‌സല്‍ ആരംഭിച്ചെന്നും ആത് കാണാന്‍ വരണമെന്നും പറയാനായിരുന്നു ആ വിളി.

ചെല്ലാനം റൂട്ടിലെ കണ്ണമാലിയില്‍ മത്സ്യത്തൊഴിലാളികള്‍ നിറഞ്ഞു താമസിക്കുന്ന ഒരു ഏരിയയില്‍ ആയിരുന്നു ആ റിഹേഴ്‌സല്‍. അങ്ങനെ ആ കലാകാരരുമായി അടുപ്പമായി. ചവിട്ടുനാടകം എത്രമാത്രമാണ് ആ മനുഷ്യരുടെ ഉള്ളിലുള്ളതെന്ന് നേരിട്ടനുഭവിക്കുന്ന നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയി. ഞാന്‍ ഇട്ക്കിടക്ക് അവരെ കാണാന്‍ പോവുന്നത് തുടര്‍ന്നു. രണ്ടുമൂന്ന് വര്‍ഷങ്ങളും കടന്നുപോയപ്പോള്‍ സ്വാഭാവികമായും നല്ല സൗഹൃദമായ ചിലര്‍ അവരുടെ പഴയ ചിത്രങ്ങള്‍, കൈവശം സൂക്ഷിച്ചിരിക്കുന്ന ചുവടി (സ്‌ക്രിപ്റ്റ് )കള്‍ തുടങ്ങിയവ കാണിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചു. ഭക്ഷണം തന്നു. അതെല്ലാം അവരുടെ സന്തോഷമായിരുന്നു. അപ്പോഴാണ് ഞാന്‍ ആ കലാകാരരുടെ വീടിന്റേയും പരിസരങ്ങളുടേയും അവസ്ഥകള്‍ സത്യത്തില്‍ തിരിച്ചറിയുന്നത്. രാജാവും രാജ്ഞിയും മന്ത്രിയും യുദ്ധവീരന്മാരും ആയി അഭിനയിക്കുന്ന, അരങ്ങില്‍ വിസ്മയം തീര്‍ക്കുന്ന ആ മനുഷ്യരുടെ യഥാര്‍ഥ ജീവിതം പക്ഷേ, നേരെ മറിച്ചായിരുന്നു. ഉപ്പുവെള്ളം കയറി ദ്രവിച്ചു തുടങ്ങിയ ഭിത്തികളുള്ളതും ചെറുതുമായ വീടുകളും വെള്ളക്കെട്ടുള്ള ചുറ്റുപാടുകളും മറ്റും. സുനാമിക്കു ശേഷമുള്ള കാലാവസ്ഥാ വ്യതിയാനം സമ്മാനിച്ച ദുരിത കഥകളാണ് പലര്‍ക്കും പറയാനുള്ളത്. അവരെ കേവലം ഡോക്യുമെന്റ് ചെയ്യുക മാത്രമല്ല വേണ്ടത് എന്ന തോന്നലിലേക്ക് എത്തിച്ചത് ആ യാത്രകളാണ്. വേതനമോ അംഗീകാരങ്ങളോ ഒന്നും കിട്ടാതെ, കലക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന ദലിത് ക്രൈസ്തവരായ കലാകാരന്‍മാരെ അവരുടെ തന്നെ വീടിന്റെ പശ്ചാത്തലത്തില്‍, അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായിത്തന്നെ അടയാളപ്പെടുത്തണമെന്ന ചിന്തയുണ്ടയി. നാലഞ്ചു വര്‍ഷം പലപ്പോഴായി ചിത്രങ്ങളെടുത്തു. വേലിയേറ്റത്തില്‍ കയറുന്ന അഴുക്കു വെള്ളം ചിലപ്പോള്‍ അവരുടെ വീടിനകത്തും ഉണ്ടായിരുന്നു. രാത്രി വെള്ളം കയറുന്നതിനാല്‍ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലൂടെ കടന്നുപോവുന്ന ചിലരെയും കണ്ടു. പല കാരണങ്ങളാലും പിന്‍നിരയിലേക്ക് മാറ്റപ്പെട്ട ആ കലാകാരന്‍രുമായി നമ്മുടെ കലയിലൂടെ ഐക്യപ്പെടലാണ് ശരിയെന്ന് തോന്നി.


ചിത്രങ്ങളില്‍ ഫോട്ടോഗ്രാഫര്‍ നടത്തിയ തിരഞ്ഞെടുപ്പ്, മുഖ്യധാരയില്‍ ഇടം പിടിക്കാത്ത മനുഷ്യരെ മുന്നിലേക്ക് കൊണ്ടുവരുന്ന രാഷ്ട്രീയം പറയുന്നത് ബോധപൂര്‍വം ആണോ?

അത് തികച്ചും സ്വാഭാവികമാണ്. നമ്മള്‍ അറിഞ്ഞ അവരുടെ ജീവിതം തന്നെയാന് ആ രീതി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. സ്റ്റേജില്‍ രാജാവും രാജ്ഞിയും മറ്റും ആയി വിസ്മയിപ്പിക്കുന്ന ആ കലാകാരന്‍മാരുടെ ജീവിതാവസ്ഥകളിലെ വൈരുധ്യങ്ങള്‍ ചിത്രങ്ങളില്‍ പ്രകടമാവണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കേവലം കാണുന്നത് പകര്‍ത്തലല്ല ശരിയെന്ന് തീരുമാനിച്ചു. പുതിയ കാലത്തെ ലോക പ്രശസ്തരായ പലരുടേയും വര്‍ക്കുകള്‍, പ്രത്യേകിച്ച് ബിനാലെ പോലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന പൊളിറ്റിക്കലായ വര്‍ക്കുകള്‍ നമ്മെ സ്വാഭാവികമായും മാറ്റി ചിന്തിപ്പിച്ചിട്ടുണ്ട്.

ചിത്രങ്ങളില്‍ പലപ്പോഴും ഫോട്ടോഗ്രാഫര്‍ ഔട്ട്‌സൈഡര്‍ ആണ്. പുറത്തുനിന്ന് നോക്കുന്ന കാണിയുടെ കാഴ്ച അതിലുണ്ട്. ഡോക്യുമെന്റ് ചെയ്യാന്‍ പോകുമ്പോള്‍ അത്തരം നൈതിക പ്രതിസന്ധി ബാധിക്കാറുണ്ടോ? ഇത്രയും പരിസ്ഥിതി ജാഗ്രതയുള്ള ഒരു വിഷയമായിരിക്കെ എങ്ങനെയാണ് ഈ ജാഗ്രത പുലര്‍ത്തി ഫോട്ടോ എടുക്കുന്നത്?

ജാഗ്രത സ്വാഭാവികമായി നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ടാവണം. ഒന്നാമത് നമ്മള്‍ പലപ്പോഴായിട്ടാണെങ്കില്‍ പോലും എത്രയോ വര്‍ഷങ്ങള്‍ ആ മനുഷ്യരിലൂടെ സഞ്ചരിക്കുന്നു. കേവലം ഔട്ട്‌സൈഡര്‍ അല്ല. പെട്ടെന്ന് ഫോട്ടോ എടുത്ത്മടങ്ങുകയല്ല രീതി.എന്റെ പല വര്‍ക്കുകളും അങ്ങനെ ചെയ്യുന്നതാണ്. 2014 മുതല്‍ ഞാന്‍ അവരുമായിട്ട് ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് വരെ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനിടെ മറ്റ് സീരീസുകള്‍ തുടരുകയും ചെയ്യും. നാം ചെയ്യുന്ന വര്‍ക്കുകളില്‍ നമ്മുടെ മനസ്സും നിലപാടും ഉണ്ടാവും. സ്വാഭാവികമായും കരുതലും ജാഗ്രതയുമുണ്ടാവും.


ക്യാമറ ഒരു കേള്‍വിക്കാരനായി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്?

നമുക്ക് മുമ്പിലുള്ള ആളുകള്‍ കേവലം ഒബ്ജക്ട് മാത്രമല്ലല്ലോ. അവരറിഞ്ഞതും അനുഭവിച്ചതുമായ ജീവിതം തന്നെയാണ് വര്‍ക്കിലും ഉണ്ടാവുന്നത്. ഒരാളുടെ ചിത്രം എടുക്കുന്നതിനു മുമ്പ് അവരെ കഴിയാവുന്നത്ര കേള്‍ക്കാനും അറിയാനും ശ്രമിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ചെയ്ത ഹോം എന്ന സീരീസ് മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്തം. പാതിയും കടലെടുത്ത, ആളുകള്‍ ഒഴിഞ്ഞു പോയ വീടുകളെക്കുറിച്ചാണ് ആ സീരീസ്. സത്യത്തില്‍ അതിലും മനുഷ്യരുടെ സാന്നിധ്യമുണ്ട്, തൊട്ടുമുന്‍പ് അവിടെ ജീവിച്ചിരുന്ന, ഒഴിഞ്ഞു പോയ ആളുകളുടെ അദൃശ്യ സാന്നിധ്യമാണെന്ന് മാത്രം. ആ തകര്‍ന്ന വീടുകളുടെ ചുവരുകളില്‍ കോറി വരച്ച ചിത്രങ്ങള്‍, ചായങ്ങള്‍, പിറന്നാള്‍ ആഘോഷിച്ച കുട്ടികളുടെ ചിത്രങ്ങള്‍, പേരുകള്‍, തോരണങ്ങള്‍, കളഞ്ഞിട്ടു പോവേണ്ടിവന്ന വീട്ടുപകരണങ്ങള്‍ തുടങ്ങിയ അവിടെ കാണുന്നതെല്ലാം നമ്മോടു സംസാരിക്കുന്നുണ്ട്. തീരദേശത്തെ സാധാരണക്കാരന് കഷ്ടപ്പെട്ടുണ്ടാക്കിയ തലമുറകളുടെ ഓര്‍മകള്‍ നിറഞ്ഞ വീടിനോടും ചുറ്റുപാടുകളോടും എത്രമാത്രം അറ്റാച്ച്‌മെന്റ് ഉണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.


പൊന്നാനി, കൊടുങ്ങല്ലൂര്‍, ചെല്ലാനം മൂന്ന് വൈവിധ്യമാര്‍ന്ന തീരദേശജീവിതമാണ്. വൈവിധ്യങ്ങളുടെ ഈ കണ്ടെടുക്കലിനെ കുറിച്ച്?

അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. പലതും നമ്മളിലേക്ക് എത്തിച്ചേരുന്നതുമാവാം. പ്രധാന സീരിസുകളിലൊന്നായ 'മഞ്ചുക്കാര് ' പോലും ഞാന്‍ തേടി പോയതല്ല. പൊന്നാനിയിലൂടെ നടക്കുമ്പോള്‍ കടപ്പുറത്ത് പ്രായമായ ചിലര്‍ ഇരിക്കുന്നതു കണ്ട് അടുത്തു ചെന്നപ്പോള്‍ അതിലൊരാള്‍ ചുമ്മാ പാടുന്നതു കേട്ടു. പരിചയപ്പെട്ടപ്പോള്‍, അതുവരെ പരിചിതമല്ലാത്ത ഒരു ലോകം തുറന്നു കിട്ടുകയായിരുന്നു. നാല്‍പ്പതോളം വര്‍ഷങ്ങള്‍ കടലില്‍ ജീവിച്ച, ഉരുവില്‍ തൊഴിലെടുത്ത മനുഷ്യനായിരുന്നു അദ്ദേഹം. പാടിയിരുന്നത് ഉരുവിലെ തൊഴില്‍ ജീവിതങ്ങളെക്കുറിച്ചുള്ള പാട്ടും. എത്രയോ തുറമുഖങ്ങളെ, മനുഷ്യരെ, സംസ്‌കാരങ്ങളെ, ശാന്തവും രൗദ്രവുമായ കടലിനെ, കാറ്റിനെ, മരണങ്ങളെ കണ്ടയാളാണത്. രണ്ടു ദിവസം കടലില്‍ മരണത്തെ മുഖാമുഖം കണ്ട് കിടന്ന് രക്ഷപ്പെട്ടയാളുമാണ്. അവരൊക്കെ ഞാന്‍ തേടി പോയതല്ല. എത്തിച്ചേര്‍ന്നതാണ്. വ്യത്യസ്തതകള്‍ പലപ്പോഴും സ്വാഭാവികമായി സംഭവിക്കുന്നതാണ്.


ഈ എക്‌സിബിഷന്‍ എന്താണ് മുന്നോട്ടുവെക്കുന്നത്?ചവിട്ട് നാടകം ആര്‍ട്ടിസ്റ്റുകളുടെനില്‍പ്പിനെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?

ചവിട്ടുനാടക കലാകാരിലൂടെ പറയാന്‍ ശ്രമിച്ചത് ആ പ്രാചീന കലാരൂപത്തിന്റെയും കലാ പ്രവര്‍ത്തകരുടേയും നിലനില്‍പ്പിനെക്കുറിച്ച് മാത്രമല്ല. അവരും നമ്മളുമൊക്കെ ചവിട്ടി നില്‍ക്കുന്ന മണ്ണിന്റെ നിലനില്‍പ്പിനെ കുറിച്ചുമാണ്. വികസിത രാജ്യങ്ങളില്‍ പലതിന്റേയും പരിസ്ഥിതി വിരുദ്ധ ചെയ്തികള്‍ ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ സമുദ്രോഷ്മാവ് വീണ്ടും ഉയരുമെന്നും വരുന്ന പത്തുനാല്‍പത് വര്‍ഷത്തിനകം ലോകത്തെ പല തുറമുഖങ്ങളും തീരങ്ങളും വെള്ളത്തിന് അടിയിലാകുമെന്ന ഗൗരവമായ പഠനങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വായിച്ചതാണ്. പെട്ടെന്നൊന്നും നമ്മെ ബാധിക്കാത്ത കേവല പഠനങ്ങള്‍ മാത്രമാണ് അതെന്നാണ് പലരുടേയും ധാരണ. എന്നാല്‍, തീരദേശങ്ങളിലെ ചവിട്ടുനാടക കലാകാരരുടെ ജീവിത ചുറ്റുപാടുകള്‍, വര്‍ഷംതോറും ഏറി വരുന്ന വേലിയേറ്റ വെള്ളം അതിന്റെ ആദ്യ സൂചനകളല്ലേ? ഇരകള്‍ ഇപ്പോള്‍ ആ സാധു മനുഷ്യര്‍ മാത്രമാണ്. കൊച്ചിയെന്ന മെട്രോ നഗരം ചെല്ലാനത്തുനിന്നും അത്ര ദൂരെയല്ലെന്ന യാഥാര്‍ഥ്യം ഓര്‍ക്കേണ്ടതാണ്.


കൊച്ചി ആഴി ആര്‍ക്കെവ്‌സില്‍ സീ എ ബോയിലിങ് വെസല്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന കലാ പ്രദര്‍ശനത്തില്‍ ചവിട്ടുനാടകം - സ്റ്റോറി ടെല്ലേഴ്‌സ് ഓഫ് ദി സീ ഷോര്‍ എന്ന ശീര്‍ഷകത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.


Similar Posts