'കഥ' | Short Story
|| കഥ
''കാട്ടിലെ തുറസ്സ്.. മാലാഖമാരുടെ വേഷമണിഞ്ഞ സമപ്രായക്കാരായ മൂന്നു പെണ്‍കുട്ടികളെ പോലെയുള്ളവര്‍ കമിഴ്ന്നു കിടക്കുന്നു. അതിലൊരാള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു.''
സ്ക്രീനിലെ മൂന്നു വാചകങ്ങളില്‍ കണ്ണുടക്കി. ധ്യാനത്തിലേക്കാഴാനൊരുമ്പെടുന്ന യുവകഥാകൃത്തുക്കളെ
സാകൂതം നോക്കി. ഡോ. ഷാജഹാന് ഒരു അശരീരിയുടെ മാന്ത്രികതയോടെ പറഞ്ഞു,
''ഇന്ന് നിങ്ങള്‍ പഠിക്കുന്ന ലെസെണ് - ടെലസ്കോപ്പിങ്ങ് ഇന്‍ സ്റ്റോറി റൈറ്റിങ്ങ്. ഇരുപത് വരിയില്‍ കവിയാതെ ഒരു കഥ വിരിയിച്ചെടുക്കണം. ഇന്‍ക്യുബേഷന്‍ പിരിയഡd ഇരുപ്പത്തിയൊന്ന് മിനിറ്റ്''
ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ പുസ്തകചട്ടയില്‍ വിരലുകൊണ്ട് സ്വയം സൃഷ്ടിച്ച ഒരു പ്രാകൃതതാളത്തില്
ഒരു നിമിഷം മതി മറന്നുകൊണ്ട് അയാള്‍ തുടര്‍ന്നു.
''ചാറ്റ് ജിപിടിയുടെ ഇക്കാലത്തും നിങ്ങള്‍ക്ക് നേരം വെളുത്തിട്ടില്ലാന്ന് ഇവിടെയുള്ള ഓരോ കഥാഭ്രൂണത്തെയും സ്കാന്‍ ചെയ്യുന്ന എനിക്കറിയാം. സ്ക്രീനിലേക്ക് നോക്കൂ. വൈറ്റ് ഫ്രോക്കില്‍
മൂന്ന് സ്പെസിമെനുകള് നിങ്ങളുടെ മുന്നിലുണ്ട്. ത്രീ ഏന്ജല്സ് ഇന്‍ പ്യുവര്‍ വൈറ്റ്. ആന്‍ഡ്
ഡാര്‍ക്ക് ഗ്രീന്‍ ഫോറസ്റ്റ്. സിലക്ട് യുവര്‍ കളര്‍. നിങ്ങളുടെ കൈയിലെ മന്ത്രവടി ചുഴറ്റൂ. കോമണ്‍ വെല്‍ത്ത്
ഷോര്‍ട്ട് സ്റ്റോറി കോമ്പറ്റീഷന് മാത്രം മുന്നില്‍ കാണൂ..''
ഉള്ളിലെ യന്ത്രമനുഷ്യന് തല്‍ക്ഷണം ചിന്തിച്ചു തുടങ്ങി. റേപ്പ്, ഗ്യാങ്ങ് റേപ്പ്, കിഡ്നാപ്പ്, ഡ്രഗ്സ്.
യെസ്; ക്രാഫ്റ്റില്‍ പുതിയ എക്സിപിരിമെന്റാവാം. ഫ്ളാഷ് ഫോര്‍വേഡിങ്ങ് യൂസ് ചെയ്യാം. ക്യാരക്ടേര്‍സ്
എണ്ണം കുറവ് മതി. പിന്നെ, കഥയുടെ പേര് ഒറ്റവാക്കിലൊതുങ്ങണം. കഴിഞ്ഞ ശില്‍പ്പശാലയില്‍
ആഞ്ഞാഞ്ഞ് ആക്കം കൂട്ടി തറപ്പിച്ച തിയറികളെല്ലാം പവര്‍ പോയിന്റ് പ്രസന്റേഷന് പ്രിവ്യൂവിനേക്കാളും ഭംഗിയായി കടന്നുവന്നു.
പക്ഷെ, ഇവിടെയും..
ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ മുഴങ്ങുന്ന ഈ പുരുഷശബ്ദത്തിലും അതേ കഥപറച്ചിലുകാരിയുടെ
അതിജീവനശ്വാസം തിരിച്ചറിയുന്നിടത്ത് ഞങ്ങളെല്ലാം പരാജയപ്പെടുന്നു.
അയാള്‍ തുടരുകയാണ്
''മാലാഖമാര്‍ക്ക് ജെന്‍ഡറുണ്ടോ?. ആണോ പെണ്ണോയെന്ന് തിരിച്ചറിയാത്ത മാലാഖയ്ക്ക് നിങ്ങള്‍ ഏതുടുപ്പാണ് തുന്നി വെച്ചിരിക്കുന്നത് ? കനോപ്പികള്‍ വിരിയുന്ന മഴക്കാടുകളില്‍ തുറസ്സുകളുണ്ടോ?''
ഡോ. ഷാജഹാന് സ്വതസിദ്ധമായ ആ മനോഹരസ്മിതത്തില് തന്റെ പെര്ഫക്ഷന് തിയറി ഒളിപ്പിച്ചുവെച്ചു കൊണ്ട് ആ സെഷനവസാനിപ്പിച്ചു പുറത്തേക്ക് നടന്നു.
അയാളിലൂടെ ഷെഹ്റാസാദ് തന്റെ ആയിരത്തിരണ്ടാം കഥ പറയുവാന്‍ തുടങ്ങി.
പണ്ട് പണ്ട്. ഒരിടത്തൊരിടത്ത്.
കോണ്‍ക്രീറ്റ് കാട് മാത്രമുണ്ടായിരുന്ന ഒരു കാലത്ത് അതിനകത്ത് ഒളിച്ചിരുന്നൊരു തുറസ്സിന്റെ
വെയില്വെട്ടങ്ങളിലേക്ക് മൂന്ന് മനുഷ്യരൂപികളെ വെളുത്ത വസ്ത്രങ്ങളുടുപ്പിച്ച ശേഷം അയാള്‍ തള്ളി താഴേയ്ക്കിട്ടു..! വീഴ്ചയുടെ ആഘാതത്തില്‍ ഒരു മനുഷ്യരൂപി മരിച്ചു പോയി. അതൊരു ട്രാന്‍സ് ജെന്‍ഡറായിരുന്നു!
മൃതപ്രായയായ മറ്റൊന്ന് ഇരുകൈയും മാറില്‍ പിണച്ചും കാലുകള്‍ പരമാവധി അടുപ്പിക്കാന്‍ ശ്രമിച്ചും
ഞരങ്ങിക്കൊണ്ടേയിരുന്നു..!
അവസാനത്തെ മനുഷ്യരൂപി മുഖത്ത് പറ്റിയ മണ്ണപ്പാടെ തുടച്ച്, മുട്ടുകാലുകുത്തിയുയര്ന്ന് നീട്ടി ഒരു തുപ്പും
തുപ്പിക്കൊണ്ടുറക്കെ ചോദിച്ചു: '' ഓഹ്.. ഇതാണ് ഡാര്‍വിന്റെ സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ലാന്‍ഡ് അല്ലേ? താന്‍ എന്നുമെന്നും എന്റെ കഥയെഴുതിയാല്‍ മതി ''.