Art and Literature
ഖബര്‍ | Short Story
Click the Play button to hear this message in audio format
Art and Literature

ഖബര്‍ | Short Story

യൂസഫ് വളയത്ത്
|
11 Oct 2024 7:13 AM GMT

| കഥ

''ഗള്‍ഫിലുള്ള മക്കളെത്തീട്ട് കുഞ്ഞഹാജീന്റെ മയ്യിത്ത് ഇന്നേതായാലും എടുക്കുംന്ന് തോന്ന്ണ്ല്ല. നമ്മള് ബെര്‍തെ''

മൊബൈലെടുത്ത് സമയം നോക്കി കാദര്‍ അത് പറയുമ്പോള്‍ ബാപ്പുട്ടിക്ക പണിതീര്‍ന്ന ഖബറിന്റെ മുക്കും മൂലയും ഒന്നൂടെ നോക്കി തൃപ്തി വരുത്തുകയായിരുന്നു.

''കാദറേ... ഹാജിക്ക് ഖബറീകെടക്കാന്‍ പടച്ചോന്‍ നിശ്ചയിച്ച സമയാവുമ്പോ മൂപ്പരെ കൂട്ടക്കാര് ഇങ്ങട്ട് കൊണ്ടരും. അതിന് നമ്മള് രണ്ടാളും തെരക്കൂട്ടീട്ട് കാര്യല്ല. നിയ്യിപ്പ ആ പിക്കാസ് ഇങ്ങട്ടെടുക്ക്. കിഴക്കേമൂല ഒന്നൂടെ ചെത്തി എറക്കാനുണ്ടോന്നൊരു സംശയം. ആകെക്കൂടി നോക്കുമ്പൊ ഒരു ചൊര്‍ക്കില്ല''

കാദറിന് ദേഷ്യം വരാന്‍ തുടങ്ങി ''പിന്നേ... ഖബറിനല്ലേ കൊറേ ചേലും ചൊര്‍ക്കും'' ബാപ്പുട്ടിക്ക കേള്‍ക്കാണ്ടിരിക്കാന്‍ അവന്‍ പതുക്കെ പിറുപിറുത്തു.

മൂപ്പരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. മൂപ്പര്‍ക്ക് തൃപ്തിയാകുംവരെ ഓരോ ഖബറും മുക്കും മൂലയും വൃത്തിയിലും വെടിപ്പിലും ഒരുക്കണം. അകം കഴുകി തുടച്ച പോലെ കല്ലും പൊടിയും ഒപ്പിയെടുത്ത് ശുദ്ധമാക്കണം.

''മന്‍സമ്മാര് ദുന്യാവില് എന്തല്ലാം ദറജേല് കയ്യ്ണതാ.... കട്ടിലും വിരിപ്പും കോസടീം....

എന്നിട്ട് നമ്മളവരെ വെറും മണ്ണില് വെക്കുമ്പോ നല്ലോം നോക്കണം. പടച്ചോന്‍ ആദരിച്ച പടപ്പാണ് മന്‍ഷ്യമ്മാര്''

കാദറ് കേള്‍ക്കാനെന്നോണം അയാള്‍ ഉറക്കെ പറഞ്ഞ് കൊണ്ടിരുന്നു.

വിഷയം മാറ്റാനായി അവന്‍ ഒരു ചോദ്യമെറിഞ്ഞു. ''എന്തായിപ്പൊ നിങ്ങടെ വീട് പണി? ഇക്കൊല്ലം വല്ലതും നടക്ക്വോ''

''ഒന്ന് മുണ്ടാണ്ട് നിക്ക് കാദറേ... മന്‍സന് പെരക്കച്ചെന്നാ ഓളെ വകേം ഇതേ ചോദ്യള്ളൂ നയാ പൈസല്ലാണ്ട് ഞാനിതെവ്ട്ന്ന് എട്ത്തിട്ടാ?

പാവം... ഒളോടും ഞാന്‍ കൊറേ ചൂടാകും

പടച്ചോന്‍ കബൂലാക്കിയാല് അടുത്ത ഹജ്ജ് പെരുന്നാളിന് പുതിയ വീട്ടില്‍ കൂടാന്ന് പറഞ്ഞ് ഓളെ സമാധാനിപ്പിച്ചിരിക്ക്യാണ്.

പറഞ്ഞ് കൊണ്ടിരിക്കേ ബാപ്പുട്ടിക്കാന്റെ ഫോണടിച്ചു. അങ്ങേതലക്കല്‍ ഹാജ്യാരുടെ മരുമകന്‍. കാദര്‍ നോക്കിനില്‍ക്കെ ഫോണ്‍ വെച്ചിട്ട് ബാപ്പുട്ടിക്ക ഒട്ടും രസിക്കാത്ത മട്ടില്‍ പറഞ്ഞു ''അന്റെ നാവ് പൊന്നാണ്ടാ കാദറേ... ഹാജ്യാരെ ഇന്നെട്ക്കണില്ലാന്ന്. മക്കള് രാത്രി വന്ന് നാളെ പുലര്‍ച്ചെ എടുക്കാന്നാണ് തീരുമാനം''

''സാരല്ല വാപ്പുട്ട്യാക്കാ മൂപ്പരെ മക്കളല്ലെ വാപ്പാനെ ഖബറിലിറക്കണേന് മുന്നെ ഒന്നൂടെ കാണാന്‍ കൊതിണ്ടാവും. ബാപ്പിം മക്കളും അത്രക്കും സ്‌നേഹത്തില് കയിഞ്ഞോരല്ലേ...! ''

''എന്ത് സ്‌നേഹാന്നാ നിയ്യീ പറീണത്...?

സ്വര്‍ഗ്ഗത്തില് പോവാനുള്ള മയ്യത്തിനെ ഇവടെ ഐസിലിട്ട് കാത്ത് വെക്ക്ണതോ?

മരിച്ച് പോണ ചോരനെ കാണലല്ല സ്‌നേഹം. ഓല്‍ക്കും വേണ്ടി പടച്ചോനോട് മരണം വരേക്കും കൈ നീട്ടലാണ് സ്‌നേഹം. അതിന് അവനാന്റെ ചോരനെ ഏത് പള്ളിക്കാട്ടില് മറമാട്യാലും മീസാന്‍ കുത്ത്ണത് ജീവിച്ചിരിക്ക്‌ണോന്റെ നെഞ്ചിലായാ മതി''

പറഞ്ഞിട്ടും മതിവരാതെ ബാപ്പുട്ടിക്ക പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു.

കാദര്‍ ഒന്നും മിണ്ടിയില്ല. അയാളോട് പറഞ്ഞ് ജയിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് ഒന്ന് ഊറി ചിരിച്ചിട്ട് അവന്‍ ഒരുബീഡിക്ക് തീകൊടുത്തു.

''കാദറേ... അന്റെ ബീഡി വലികയ്യോളം ഞാനിതിലൊന്ന് കിടക്കട്ടെ''

അതിനും കാദര്‍ മറുത്തൊന്നും പറഞ്ഞില്ല

അത് പതിവുള്ളതാണ്. പണിതീര്‍ന്ന കബറില്‍ നീണ്ട് നിവര്‍ന്നൊരു കിടത്തം. അത് കാണുമ്പോള്‍ കാദറിന് ചിരിയും ഭയവും ഒരുപോലെ വരും.

ഖബറിനുള്ളില്‍ കിടന്ന് ബാപ്പുട്ടിക്ക പറയുന്നത് കേട്ടു ''ചെലേ ഖബറിന് മണ്ണിന്റെ മണമല്ല നല്ല

കസ്തൂരിന്റെ മണാ... ആ മണം വന്നാ ഇതീന്ന്ണീക്കാന്‍ തോന്നൂല. അത്രയും പറഞ്ഞ് നിര്‍ത്താതെയുള്ള ചിരി കേള്‍ക്കേ കാദര്‍ ചോദിച്ചു:

''നിങ്ങക്ക് പേടില്ലെ മന്‍സാ?''

''എന്തിനാണ്ടാ പേടിക്ക്ണ്? കുറച്ച് നേരം ഇതില് കെടന്ന് നോക്ക്. ഇജ്ജ് മാത്രല്ല ലോകത്ത്ള്ള മുയ്മന്‍ മന്‍സമ്മാരും ജീവിതത്തില് ഒരിക്കലേലും ഖബറില് ഒന്ന് കെടന്ന് നോക്കണന്നാണ് ഇന്റെ അഭിപ്രായം''

''ഉം. അതിന് ദുന്യാവില്ള്ള മുയ്മന്‍ മനുഷ്യന്മാര്‍ക്കും ങ്ങടെ ചേല്ക്ക് നൊസ്സുണ്ടാവണം'' ഇത്തിരി പരിഹാസത്തോടെ കാദര്‍ പറഞ്ഞെങ്കിലും അയാള്‍ അത് കേട്ടില്ല.


''ഖബറിലിങ്ങനെ കെടന്ന് ആകാശത്ത്‌നോക്ക്യാല് ഞമ്മളിങ്ങനെ വെറുമൊരു പുയ്യിനെപ്പോലെ ചെര്‍തായി തോന്നും. അപ്പൊ മന്‍സന്റെ വമ്പും വാസിം ഒക്കെല്ലാണ്ടാവും. ഒന്ന് തിര്യാനും മറ്യാനും പറ്റാണ്ട് ഖിയാമം വരെ ഈ മണ്ണിലങ്ങനെ കെടക്ക്ണത് ഓര്‍ക്കുമ്പോ ദുന്യാവില്ള്ള എല്ലാ പടപ്പുകളോടും വല്ലാത്തൊര് സ്‌നേഹം തോന്നും''

അയാള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കാദറിന്റെ ഫോണ്‍ നിര്‍ത്താതെ അടിച്ചു. ഫോണെടുത്ത അവന്‍ മറുതലക്കലെ വാക്ക് കേട്ട് ഒരു നിമിഷം സ്തംഭിച്ചു! പിന്നെ പെട്ടെന്ന് ബാപ്പുട്ടിക്കാനോട് വിളിച്ച് പറഞ്ഞു ''ങ്ങള് വേം പെരേല്‍ക്ക് ചെല്ലിന്‍ മാളുത്താക്ക് എന്തോ സുഖല്ലാത്രേ''

''എന്ത് പറ്റി?'' ഇത്തിരി വെപ്രാളത്തോടെ ഖബറില്‍ നിന്ന് കയറി വന്ന് അദ്ദേഹം ചോദിച്ചു.

''അറീല വാപ്പുട്ടിക്കാ. ഉമ്മര്‍ക്കയാണ് വിളിച്ചത്. കൂടുതലൊന്നും പറഞ്ഞീല''

അങ്ങിനെ പറയുമ്പോഴും കാദറിന്റെ നെഞ്ച് കിതച്ചു കൊണ്ടിരുന്നു. കാരണം, ഉമ്മര്‍ക്കാന്റെ ശബ്ദത്തിലെ വിറയലും കിതപ്പും കേട്ടിട്ട് അരുതാത്തതെന്തോ സംഭവിച്ച പോലൊരു തോന്നല്‍.

തേക്കിന്റെ കൊമ്പില് തൂക്കിയിട്ടിരുന്ന ഷര്‍ട്ടും മുണ്ടും എടുക്കുന്നതിനിടയില്‍ സ്വയം സമാധാനിക്കാനെന്ന പോലെ ബാപ്പുട്ടിക്ക പതുക്കെ പറഞ്ഞു ''പ്രസറോ പര്‍മേഹോ കൂടിക്കാണും. ഓള്‍ക്കത് എടക്ക്ള്ളതാ മുണ്ടാന്‍പോലും വയ്യാണ്ട് കൊയഞ്ഞ് പോകും''

പൊടുന്നനെ ബാപ്പുട്ടിക്കാന്റെ അയല്‍വാസി പയ്യന്‍ ബൈക്കുമായി അയാളെ കൂട്ടികൊണ്ട് പോവാനെത്തി.

കാദര്‍ അവന് നേരെ കയര്‍ത്തു ''എടോ മാളുത്താക്ക് സുഖല്ലെങ്കി ങ്ങള് വേഗം ആസ്പത്രീക്ക് കൊണ്ടോവായിര്ന്നിലേ? മൂപ്പര് ആസ്പത്രീക്ക് എത്തൂലേ?''

ചോദ്യം ചെറുപ്പക്കാരനോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞ് തുടങ്ങിയത് ബാപ്പുട്ടിക്കയാണ്.

''കണക്കായി ഓളെ അണക്ക് തിരീലകാദറേ. ഒരു ഭാഗം അങ്ങന്നെ മുറിഞ്ഞ് പോയാലും ഞാന്‍ കൂടെ ഇല്ലാണ്ട് ആ പടിവിട്ട് ഓള് പൊറത്തറങ്ങൂല. ബല്ലാത്തൊരു പടപ്പാണ് ഓള്. ഡോക്ടറോട് ഓളെ അസുഖം പറ്യണങ്കിലും ഞാന്‍ തന്നെവേണം''

അയാള്‍ ആ തമാശയില്‍ സ്വയം ലയിച്ച് ചിരിക്കുന്നതിനിടയില്‍ ബൈക്കില്‍ വന്ന പയ്യന്‍ കാദറിനോട് സ്വകാര്യമായി പറഞ്ഞു.

''കൊണ്ടേവണ്ട ആവശ്യം വന്നീലഇക്കാ. എല്ലാം കഴിഞ്ഞ്‌ന്''

''ഇന്നാലില്ലാഹ്...' കാദറില്‍ നിന്ന് ഒരു തേങ്ങല്‍ പുറത്ത് ചാടിയത് ബാപ്പുട്ടിക്ക കണ്ടില്ല.

ഉള്ളിലെ സങ്കടങ്ങളെ കടിച്ചമര്‍ത്തി അവന്‍ അയാളെ തിരക്ക് കൂട്ടി

''നിങ്ങളൊന്ന് വേം ചെല്ലിന്‍ വാപ്പുട്ടിക്കാ''

ബൈക്കിന് പുറകില്‍ കയറി പോവുമ്പോഴും അയാള്‍ തിരിഞ്ഞു നോക്കി പറഞ്ഞുകൊണ്ടിരുന്നു. ''കൊട്ടീം പിക്കാസും ഈടത്തന്നെ വച്ചളാ രാവിലെ വരണ്ടതല്ലേ''

കാദര്‍ വേഗം ആയുധങ്ങളെടുത്ത് തണ്ടാസ് പുരയുടെ മൂലയിലൊതുക്കി വെച്ചു. പള്ളിക്കുളത്തിലിറങ്ങി കൈകാലുകള്‍ കഴുകി വേഗത്തില്‍ ബാപ്പുട്ടിക്കയുടെ വീട്ടിലേക്ക് നടന്നു. വീടെത്താറായപ്പോള്‍ അയല്‍വാസി ബഷീറിനെ കണ്ടു.

''എന്തേ പറ്റീത് ബഷീറേ?''

''പാമ്പ് കൊത്തീതാണ് കാദറേ. പെണ്ണ്ങ്ങള് കാണുമ്പോ അലക്ക് കല്ലിന്റെ ചോട്ടില് കെടക്കേര്ന്ന്. അപ്പഴത്തിന് കാര്യം കഴിഞ്ഞ്ക്ക്ണ്. പാമ്പിനെ കണ്ട്. കൊല്ലേം ചെയ്ത്. പക്ഷേ, പോകാനുള്ളത് പോയി.'

മരണ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത് ഒറ്റക്കും കൂട്ടമായും ആളുകള്‍ നില്‍ക്കുന്നുണ്ട്. ചെറുപ്പക്കാര്‍ ഷീറ്റ് വലിച്ച് കെട്ടാനും വണ്ടിയില്‍ നിന്ന് കസേര ഇറക്കാനും തിരക്ക് കൂട്ടുന്നുണ്ട്. മുറ്റത്തിന്റെ അതിരിലെ മൂവാണ്ടന്‍ ചുവട്ടിലൊരു കസേരയില്‍ കാല്‍മുട്ടില്‍ കൈകള്‍ ഊന്നി തല കുനിച്ച് ബാപ്പുട്ടിക്ക ഇരിക്കുന്നു.

അടുത്ത് ചെന്ന് 'ബാപ്പുട്ടിക്കാ' ന്നൊരു വിളി കേട്ടതും എഴുന്നേറ്റ് ''കാദറേ ഓള്...'' പറഞ്ഞ് മുഴുമിക്കാനാവാതെ അത്രയുംനേരം അടച്ച് പിടിച്ച സങ്കടങ്ങളുടെ ഇരുണ്ട കാര്‍മേഘം കാദറിന്റെ ചുമലിലേക്ക് ആര്‍ത്ത് പെയ്തു.

ഏറെ നേരത്തിന് ശേഷം കാദര്‍പതുക്കെ അയാളെ കസേരയില്‍ പിടിച്ചിരുത്തി അടുത്തിരുന്നു. രണ്ട് പേര്‍ക്കു മിടയില്‍ നീണ്ട മൗനം തളം കെട്ടി നിന്നു. അവരിരുവരും സങ്കടങ്ങളുടെ കടല്‍പരപ്പില്‍ ആശ്വാസത്തിന്റെ തീരംതേടി കൈകാലിട്ടടിച്ച് കൊണ്ടിരുന്നു. വീടിനകവും പുറവും ആളുകള്‍ നിറഞ്ഞ് തുടങ്ങി. ഒടുവില്‍ ബാപ്പുട്ടിക്ക കാദറിന്റെ കൈ പിടിച്ച് പതിയെ പറഞ്ഞു.

''കാദറേ. ന്റെ മാളൂനെ കാണാന്‍ വരാനായിട്ട് ഓള്‍ക്ക് ദുനിയാവില് ഞാനേള്ള്. കാത്ത് വെക്കാന്‍ ഒന്നൂല്ല. സ്വന്തമായിട്ട് ഒരു വീട് ഓളെ കിനാവേനി. അത് നിറവേറ്റാന്ന് ഞാന്‍ വാക്കും കൊടുത്തീന്.പക്ഷേങ്കില് ഓളെ പടച്ചോന്‍ നേരത്തെ ബിള്‍ച്ച്. ഹാജ്യാര്ക്കും വേണ്ടി നമ്മള് വെട്ടിയ ഖബറ് ന്റെ മാളൂന് വേണം. ഞാന്‍ ഇത്തിരി നേരം കെടന്ന ഖബറാണത്. ഇന്റെ വെയര്‍പ്പ് വീണ മണ്ണാണത്. അവസാനായി ഓള്‍ക്ക് കൊടുക്കാന്‍ എനിക്ക് അത്രേങ്കിലും''

പൂര്‍ത്തിയാക്കാനാവാത്ത വാക്കുകള്‍ തൊണ്ടയിലമര്‍ന്ന് അയാള്‍ വീടിനകത്തേക്ക് നടന്ന് മറഞ്ഞു.

Similar Posts