Art and Literature
ജൂത - ക്രൈസ്തവ മതങ്ങള്‍ക്ക് നടുവില്‍ തന്റെ സ്വതം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെടുന്ന എഡ്ഗര്‍ഡോയുടെയും കഥയാണ് കിഡ്‌നാപ്പ്ഡ്.
Art and Literature

കിഡ്‌നാപ്പ്ഡ്: സംഘര്‍ഷങ്ങള്‍ക്കിടയിലെ യഹൂദരും കത്തോലിക്കരും

സിദ്ദീഖ് ഹസ്സന്‍
|
12 Dec 2023 9:18 AM GMT

ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ് കിഡ്‌നാപ്പ്ഡ്. മാര്‍ക്കോ ബെല്ലോചിയോ എന്ന ഇറ്റാലിയന്‍ സംവിധായകന്റെ സംവിധാനമികവ് എടുത്ത് കാണിക്കുന്ന ചിത്രം കൂടിയാണ് 'കിഡ്‌നാപ്പ്ഡ്'. | IFFK 2023

ബോലോണിയിലെ ജൂത മോര്‍താരാ കുടുംബത്തിലെ എഡ്ഗര്‍ഡോ എന്ന കുട്ടിയെ വീട്ടുജോലിക്കാരി ജ്ഞാനസ്നാനം ചെയ്തു എന്നാരോപിച്ചു പോപ്പിന്റെ നിര്‍ദേശപ്രകാരം കുട്ടിയെ തട്ടിക്കൊണ്ടു വരുന്നു. തുടര്‍ന്ന് റോമന്‍ ചര്‍ച്ചിന്റെ രീതികള്‍ പ്രകാരം നിര്‍ബന്ധപൂര്‍വം കത്തോലിക്കനായി വളര്‍ത്തുകയും ചെയ്യുന്നു. കുട്ടിയെ വീണ്ടെടുക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളും, ജൂത - ക്രൈസ്തവ മതങ്ങള്‍ക്ക് നടുവില്‍ തന്റെ സ്വതം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെടുന്ന എഡ്ഗര്‍ഡോയുടെയും കഥയാണ് 'കിഡ്‌നാപ്പ്ഡ്'.

1850 കളില്‍ പാപ്പല്‍ സ്റ്റേറ്റ്സ്സിലെ (പോപ്പിന്റെ അധികാരത്തിലുള്ള ഇറ്റാലിയന്‍ പ്രദേശങ്ങള്‍) ബോലോണിയില്‍ വസിച്ചിരുന്ന ജൂത മോര്‍താരാ കുടുംബത്തിലെ കാത്തോലിക്കന്‍ സെര്‍വന്റ് ആയിരുന്ന 'അന്ന' തന്റെ വീട്ടുടമകളുടെ സംസാരം രഹസ്യമായി ശ്രവിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം, മോര്‍താരാ കുടുംബത്തിലെ എഡ്ഗര്‍ഡോ എന്ന സന്തതിയെ അന്ന ജ്ഞാനസ്നാനം ചെയ്തതാണെന്ന് പോപ്പ് പിയൂസ് ഒന്‍പതാമനു വാര്‍ത്ത എത്തുകയും, കുട്ടിയെ കണ്ടെടുത്തു വരാന്‍ അദ്ദേഹം ഉത്തരവിടുകയും ചെയ്യുന്നു. നിര്‍ബന്ധപൂര്‍വം മാതാപിതാക്കളില്‍ നിന്ന് അകറ്റപ്പെടുന്ന എഡ്ഗര്‍ഡോയെ തിരിച്ചു പിടിക്കാന്‍ മൊമോലോ എന്ന പിതാവും മാതാവായ മരിയന്നയും നിയമപരമായും അല്ലാതെയും ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു.

മരിയെന്ന എഡ്ഗര്‍ഡോയെ സന്ദര്‍ശിക്കുന്ന രംഗത്തില്‍ നിന്ന് കഥ വീണ്ടും ചൂടുപിടിക്കുന്നു. ജൂതനെന്ന അടയാളത്തില്‍ നിന്ന് കുട്ടി വേര്‍പ്പെട്ടു പോയിട്ടില്ലെന്ന് കാണിക്കുന്ന ഈ രംഗം വളരെ മനോഹരമായ രീതിയില്‍ തന്നെ ബെല്ലോചിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന നാടകീയ രംഗങ്ങളും, നിയമയുദ്ധവും, കത്തോലിക്കാനായി വളര്‍ത്തപ്പെട്ട എഡ്ഗര്‍ഡോയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളും പിന്നീട് എടുക്കുന്ന തീരുമാനങ്ങളുമാണ് ശേഷം കഥയില്‍.

ക്രിസ്തുവിന്റെ മരണത്തിനു കാരണക്കാരെന്ന് പറയപ്പെടുന്ന യഹൂദരെ പാപികളായാണ് കാത്തോലിക്കര്‍ കണ്ടിരുന്നത് അവര്‍ മരിച്ചാല്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാതെ ലിംബോയില്‍ അകപ്പെടുമെന്നാണ് വിശ്വാസം. എഡ്ഗര്‍ഡോ ലിംബോയില്‍ അകപ്പെടുമെന്ന് ഭയന്നാണ് അന്ന എന്ന വീട്ടുജോലിക്കാരി പ്രാദേശിക കടക്കാരന്റെ നിര്‍ദേശപ്രകാരം രഹസ്യമായി കുട്ടിയെ ജ്ഞാനസ്നനം ചെയ്യുന്നത്.

മത-പരിവര്‍ത്തനവും, ക്രൈസ്തവ-ജൂത സംഘര്‍ഷങ്ങളും തീവ്രമായ രീതിയില്‍ കാണിക്കുന്ന ഈ ചിത്രത്തില്‍ എഡ്ഗര്‍ഡോ കഥാപാത്രത്തെ അവതരിപ്പിച്ച എനിയ സലയുടെ അഭിനയ പ്രകടനം എടുത്തു പറയേണ്ടതാണ്. കഥാപാത്രം തന്റെ സ്വതം രൂപപ്പെടുന്ന കാലഘട്ടത്തിലാണ് തട്ടിയെടുക്കപ്പെടുന്നത്. ജൂത വിശ്വാസങ്ങളില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് വ്യതിചലിക്കപ്പെടുന്നതെല്ലാം തന്മയത്തമായ പ്രകടനത്തിലൂടെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ അഭിനേതാവിന് സാധിച്ചിട്ടുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ കഥാപാത്രത്തിന്റെ മനസ്സിലെന്നു പ്രേക്ഷകന് പിടികൊടുക്കാത്ത രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'എനിയ സല' തീര്‍ച്ചയായും കരഘോഷങ്ങള്‍ അര്‍ഹിക്കുന്നു. എഡ്ഗര്‍ഡോ ക്രിസ്തുവിന്റെ മേലെ തറക്കപ്പെട്ട ആണി ഊരുന്ന രംഗവും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

പോപ്പിനെ അവതരിപ്പിച്ച പോളോ പെയ്‌റോബോണിന്റെ പ്രകടനവും ശ്രദ്ധേയമാണ്. എഡ്ഗര്‍ഡോയുടെ ബയോളജിക്കല്‍ ഫാദര്‍ എന്ന നിലയിലേക്ക് ആ കഥാപാത്രത്തെ കൊണ്ട് വരുന്ന രംഗം അദ്ദേഹം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഹൈഡ് ആന്‍ഡ് സീക് കളിക്കുന്ന എഡ്ഗര്‍ഡോയെ മറ്റു കുട്ടികള്‍ കാണാതിരിക്കാന്‍ തന്റെ വസ്ത്രത്തിനു ഇടയില്‍ പോപ്പ് മറച്ചു പിടിക്കുന്ന രംഗം ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്. കാരണം, തുടക്കത്തില്‍ തന്നെ കൊണ്ട് പോവാന്‍ വരുന്ന പൊലീസുകാരില്‍ ഭയന്നു കൊണ്ട് എഡ്ഗര്‍ഡോ ആശ്രയം തേടുന്നത് തന്റെ മാതാവിന്റെ വസ്ത്രത്തിനിടയിലേക്കാണ്, രക്ഷിതാവിന്റെ സ്ഥാനം പോപ്പ് വളരെ തന്ത്രപരമായി നേടിയെക്കുന്നത് ഈ രംഗത്തില്‍ കാണാന്‍ സാധിക്കും.

ആന്റി സെമിറ്റിസവും, പോപ്പിന്റെ നയങ്ങളില്‍ പത്രമാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുണ്ടായിരുന്ന എതിര്‍പ്പുമെല്ലാം ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ സ്വതവും അഭിമാനവും നഷ്ടപ്പെടാതിരിക്കാന്‍ ഏതറ്റം വരെയും പോവുന്ന ജൂതരെയും ഈ ചിത്രത്തില്‍ കൃത്യമായി കാണിച്ചിട്ടുണ്ട്. ക്രൈസ്തവ മതം സ്വീകരിച്ചാല്‍ കുട്ടിയെ വളര്‍ത്താന്‍ അനുവദിക്കാം എന്ന വാഗ്ദാനം മൊമോലോയും മരിയെന്നയും നിരസിക്കുന്ന രംഗവും, 'താന്‍ ജൂതയായാണ് ജനിച്ചത് ജൂതയായി തന്നെ മരിക്കുമെന്ന്' മരണശയ്യയിലും മരിയെന്ന പറയുന്ന രംഗവുമെല്ലാം ഇതിനുദാഹരണമാണ്. മരിയെന്നയെ കഥാപാത്രത്തെ 'ബാര്‍ബറ റോഞ്ചി ' മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

വളരെ മനോഹമായ ദൃശ്യങ്ങളിലൂടെയും, ശക്തമായ പ്രകടനങ്ങള്‍ അഭിനേതാക്കളില്‍ നിന്നും സ്വംശീകരിച്ചെടുക്കുകയും ചെയ്യുന്നതില്‍ ബെല്ലോചിയോയുടെ സംവിധാന മികവ് എടുത്ത് കാണാന്‍ സാധിക്കും. അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും ടെന്‍ഷന്‍ ബില്‍ഡിംഗ് രംഗങ്ങള്‍ കൊണ്ടും ഏറെ ത്രില്ലിംഗ് ആയി അവതരിപ്പിക്കപ്പെട്ട ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.

Kidnapped

Director: Marco Bellocchio

Cast: Enea Sala, Leonardo Maltese, Paolo Pierobon, Fausto Russo Alesi, Barbara Ronchi

Screenwriters: Marco Bellocchio, Susanna Nicchiarelli

Duration :2 hours 15 minutes

Similar Posts