Art and Literature
കൊച്ചി ബിനാലെ
Art and Literature

ബിനാലെ - സമകാലിക കലയിലേക്ക് ഒരു ചെരിഞ്ഞിറക്കം

ലെനിന്‍ സുഭാഷ്
|
30 March 2023 6:01 PM GMT

കലയിലൂടെ കല മാത്രമല്ല കാലവും ഒഴുകുന്നു. കാലാന്തരങ്ങളില്‍ വരുന്ന കലയുടെ മാറ്റം അത് സൃഷ്ടിക്കപ്പെടുന്ന ഭൂമികയിലെ രാഷ്ട്രീയത്തിന്റെ, ഭാവുകത്വത്തിന്റെ, ബോധ്യങ്ങളുടെ സൂചികയാണ്. എന്നും ഏറെ മുന്നേ നടന്നിട്ടുള്ളവരാണ് കലാകാരന്‍മാര്‍, കലയാണ് അവരുടെ പ്രവചനം. കൊച്ചിയില്‍ രണ്ടുവര്‍ഷത്തില്‍ സംഭവിക്കുന്ന ബിനാലെ എന്ന സംഗമം അടഞ്ഞ വാതിലുകളുടെ ശബ്ദത്തോടെയുള്ള തുറക്കലുകളാണ്.

സമകാലിക കലയുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമാണ് കൊച്ചി-മുസിരിസ് ബിനാലെ. അടരുകളായി കിടക്കുന്ന കൊച്ചിയുടെ കച്ചവട പാരമ്പര്യവും ഇഴപിരിഞ്ഞ് കിടക്കുന്ന വിവിധ എത്‌നിക് ഗ്രൂപ്പുകളുടെ ജീവിതവും പരുവപ്പെടുത്തിയ ഒരു സാംസ്‌കാരിക സ്‌പോഞ്ചാണ് കൊച്ചി. അതിലേക്ക് ബിനാലെ ഒഴിക്കുന്ന വൈവിധ്യങ്ങളുടെ ഏതളവ് ജനസഞ്ചയവും ആഗിരണം ചെയ്യപ്പെടും. കൊച്ചി-മുസിരിസ് ബിനാലെയെക്കുറിച്ച് എന്തെങ്കിലും എഴുതുക എന്നത് വലിയ സാഹസമാണ്. ആസ്വാദകഹൃദയവും തലച്ചോറും ചേര്‍ന്ന് ബോധ്യങ്ങളുടെ ഒരു ഡാര്‍ക് റൂം സൃഷ്ടിച്ചാലേ ബിനാലേയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടികള്‍ വ്യക്തമായി ഡെവെലപ്പ് ചെയ്‌തെടുക്കാനാകൂ. കൃത്യമായ ചിത്രം കിട്ടിയാല്‍ തന്നെ അവയെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുക എന്നത് അതിലും ശ്രമകരമാണ്. നല്ല ചിത്രത്തിന് ആയിരം വാക്കുകളേക്കാള്‍ വിലയുണ്ടെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടികള്‍ എല്ലാം തന്നെ വാക്കുകളുടെ പിടിയില്‍ നിന്ന് കുതറുമെന്ന് ഉറപ്പാണ്.

ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള തൊണ്ണൂറ് കലാകാരന്‍മാരുടേതടക്കം ഇരുന്നുറിലധികം വരുന്ന ആവിഷ്‌കാരങ്ങള്‍ ഇത്തവണ ബിനാലെയില്‍ ഉണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ കൊമ്പൗണ്ടാണ് പ്രധാന വേദി. ആസ്പിന്‍വാള്‍ ഗോഡൗണും തൊട്ടുമുന്നിലെ ഫെറിയും കുറച്ചകലെക്കാണുന്ന ഷിപ്പിയാഡും വേമ്പനാട് കായലുമെല്ലാം ചേര്‍ന്ന ഫ്രെയ്മില്‍ ഈ പ്രധാനവേദി തന്നെ ഒരു ക്ലാസിക്കല്‍ ചിത്രമാണ്. എന്നാല്‍, ഉള്ളിലേക്ക് കടന്നാല്‍ സമകാലിക കലയുടെ കനമുള്ള ഗൗരവം അന്തരീക്ഷം ഉള്‍ക്കൊണ്ടതായി കാണാം.

ഒരോ കലാസൃഷ്ടിയും അത് വരുന്ന പ്രദേശത്തിന്റെ മണ്ണ് പറ്റിയ തായ്‌വേരോടെയാണ് ഇവിടെ പറിച്ച് നട്ടിട്ടുള്ളത്. ആ മണ്ണിന്റെ മണം കിട്ടിയാല്‍ അത് തുറന്നുതരുന്ന വിഷയങ്ങളും ഗ്രഹിക്കാനാകും. ബിനാലെ ക്യുറേറ്റര്‍ ഷുബ്ഗി റാവു എഴുതിയ പോലെ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ കെല്‍പുള്ള മഷിയും അതിനെ മാറ്റാന്‍ ശക്തിയുള്ള ആക്ഷപഹാസ്യത്തിന്റെ തീയും സിരകളിലൂടെ ഒഴുക്കിയാണ് കലാകാരനും കാണികളും ബിനാലേക്കെത്തുന്നത്. ബിനാലെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവയില്‍ മനസിനോട് ചേര്‍ന്നുനിന്ന ചില കലാസൃഷ്ടികളുടെ ആസ്വാദനം മാത്രമാണ് ഇനിയുള്ള ഭാഗം.

പാലിയാനിറ്റ്‌സിയ-മൃദുവായതിനെ കല്ലാക്കി മാറ്റിയ കഥ, അഥവാ കല്ലിനെ അപ്പമാക്കിയ അനുഭവം

തൂവെള്ള മേശവിരിപ്പിന് മുകളില്‍ അതിഥികളെ കാത്ത് മുറിച്ച്‌വെച്ച പാലിയാനിറ്റ്‌സിയകള്‍ (ഉക്രൈനിയന്‍ റൊട്ടി). ഉക്രൈനിയന്‍ കലാകാരി സന്ന കദ്രേ്യാവയുടെ ഈ കലാസൃഷ്ടി യുദ്ധത്തോടും അധിനിവേശത്തോടുമുള്ള അവരുടെ പ്രതിഷേധമാണ്. അവയുടെ കാഠിന്യത്തെ വെല്ലുവിളിക്കുകയാണ് സന്ന. ബെറെസോവോ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത്, നദിയുടെ ഒഴുക്കുകൊണ്ട് രൂപം കൊണ്ട ഉരുളന്‍ കല്ലുകള്‍ ശേഖരിച്ചാണ് ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. പാലിയാനിറ്റ്‌സിയകള്‍ ഉക്രൈനിന്റെ ആഥിത്യമര്യാദയെ സൂചിപ്പിക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കീവ് വിട്ട് രാജ്യത്തിന്റെ പടിഞ്ഞാറേക്ക് പലായനം ചെയ്ത സന്ന കദ്രേ്യാവ അധിനിവേശത്തിനെ ശക്തമായി എതിര്‍ക്കുന്ന കലാകാരിയാണ്. റഷ്യയില്‍ നിന്ന് വിഭിന്നമായ സാംസ്‌കാരിക ജീവിതമുള്ള ഉക്രൈന്‍ സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് മുന്നെ തന്നെ റഷ്യയുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ വെമ്പിയിരുന്ന ഒരു രാജ്യമാണ്. എന്നാല്‍, റഷ്യന്‍ ഉരുക്കുമുഷ്ടി എന്നും ഉക്രൈനിനെ അതിന്റെ നിഴലില്‍ നിന്ന് മാറാന്‍ അനുവദിക്കാതെ ഞെരിച്ചമര്‍ത്തി. പുതിയതായി രൂപം കൊണ്ട രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ദിത വീര്യത്തോടെ ഉക്രൈന്‍ റഷ്യയെ എതിരിടുകയാണ്. സന്നയുടെ കലാസൃഷ്ടി ഭക്ഷണത്തിന്റെ രാഷ്ട്രീയം പറയുന്നു. യുദ്ധത്തിന്റേയും അധിനിവേശത്തിന്റേയും പ്രഹരശേഷിയുള്ള കല്ലുകളെ തനത് രുചിയുള്ള പാലിയാനിറ്റ്‌സിയകളായി മാറ്റുകയാണ് ഉക്രൈനികള്‍ എന്ന് വായിക്കാനാണ് ഞാന്‍ ശ്രമിച്ചത്.


നഷ്ടവര്‍ഷത്തിന്റെ പഞ്ചാംഗം - ക്യാന്‍വാസിലേക്ക് പലായനം ചെയ്ത 365 വിഭ്രമങ്ങള്‍

ഈ ബിനാലെയില്‍ പങ്കെടുക്കാന്‍ വാസുദേവന്‍ അക്കിത്തത്തിനും ക്ഷണമുണ്ടായിരുന്നു. തൊട്ടു പുറകെയാണ് കോവിഡ്-19 പകര്‍ച്ചവ്യാധി വ്യാപിച്ചതും പുറംലോകത്തേക്കുള്ള വാതില്‍ അപ്രതീക്ഷിതമായി അടയ്ക്കപ്പെട്ടതും. നിനച്ചിരിക്കാതെ പ്രവേശനം നിഷിദ്ധമായ പുറംലോകത്തെയും, ദര്‍ശനങ്ങളും സ്വപ്നങ്ങളും അസ്വസ്ഥമാക്കിയ അകംലോകത്തെയും ജലച്ചായ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ് വാസുദേവന്‍ അക്കിത്തം. ദിനചര്യപോലെ ചെയ്ത 365 ചിത്രങ്ങളുടെ പ്രദര്‍ശനമാണിത്. ചിത്രകാരന്റെ ഉള്ളിലെ സംഘര്‍ഷം ഒറ്റയിരിപ്പില്‍ ചിത്രം പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയായി പരിണമിച്ചതായി കാണാം. ബോധമനസ് ഉത്പാദിപ്പിക്കുന്ന സമ്മര്‍ദത്തെ ക്യാന്‍വാസിലേക്ക് പകര്‍ത്തുക മാത്രമല്ല ചുറ്റും നടക്കുന്ന രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു വാസുദേവന്‍ അക്കിത്തം. അദേഹത്തിന്റെ ചിത്രമായ ആളുകളെ കസേരകളോ ഇല്ലാത്ത മേശമേലിരിക്കുന്ന മെഴുകുതിരിപോലെ ചിത്രകാരനും ഈ നിഗൂഢസ്വഭാവമുള്ള ചിത്രങ്ങളിലൂടെ സ്വയം പ്രകാശിതമായി ഇരുന്നിരിക്കാം.


ആങ്ങളമാരും, അച്ഛന്‍മാരും, അമ്മാവന്മാരും - മുണ്ടിന്റെ കോന്തലയ്ക്കലെ ആണത്തം

ആണുങ്ങളെ, സവിശേഷമായി കേരളത്തിലെ ആണുങ്ങളെ സാമൂഹിക കൂട്ടായ്മകളില്‍ ഒരാള്‍ വീക്ഷിക്കുകയാണെന്നിരിക്കട്ടെ, അവിടെ ആ സാമൂഹിക കൂട്ടായ്മയുടെ കര്‍തൃത്വത്തിന് വേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന അവരോരുത്തരുടേയും ചേഷ്ടകള്‍ അയാള്‍ പകര്‍ത്തുകയാണെങ്കില്‍ അത് മികച്ച ചിത്രമാക്കാം. ഉള്‍ച്ചേര്‍ക്കലുകളില്ലാതെ ആണുങ്ങള്‍ പൊതുവിടങ്ങള്‍ കൈവശപ്പെടുത്തുന്നതിന്റേയും ഇത്തരം ആണ്‍കൂട്ടങ്ങളുടെ പ്രകടനപരതയേയും ക്യാന്‍വാസിലേക്ക് പകര്‍ത്തിയ സൃഷ്ടിയാണ് ദേവി സീതാറാമിന്റെ ആങ്ങളമാരും, അച്ഛന്‍മാരും, അമ്മാവന്മാരും. കസവുകരയുള്ള മുണ്ടിന്റെ കോന്തലയിലാണ് ചിത്രങ്ങളുടെ ഫോക്കസ്. മുണ്ടിന്റെ കോന്തലയ്ക്കല്‍ ഇഴുകിച്ചേര്‍ന്ന ആണത്തനാട്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരിശീലിക്കുകയാണ് ആണുങ്ങള്‍ എന്ന് ചിത്രങ്ങളെക്കുറിച്ചുള്ള വിവരണത്തില്‍ എഴുതിയത് ഏറെക്കുറേ അനുഭങ്ങളില്‍ നിന്ന് എനിക്ക് വ്യക്തമായിട്ടുണ്ട്. പുതിയ തലമുറയ്ക്കുപോലും പാട്രിയാര്‍ക്കിക്കല്‍ ചിഹ്നങ്ങളോടുള്ള മമത കൂടുന്നത് ചേര്‍ത്ത് വായിച്ചാല്‍ ഈ ചിത്രങ്ങളെ ആണുങ്ങളുടെ ഉള്ളിലേക്ക് തന്നെ തിരിച്ച് പിടിച്ച കണ്ണാടിയായി തോന്നാം. വിശേഷാവസരങ്ങള്‍ വരുമ്പോള്‍ അധിപനാവാനുള്ള ആല്‍ഫമെയ്ല്‍ പ്രവണതയെ ചിത്രങ്ങളില്‍ ഭംഗിയായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.




മൈ കൊട്ടീജ് അഥവാ ഭൂതസ്ഥാന - നാഗരികത തീണ്ടിയ കാവുകളുടെ പുനര്‍ജനി

കാവുകളാണ് ഭൂതസ്ഥാനങ്ങള്‍. ഗതകാലത്തിന്റെ ഗരിമ പേറി നില്‍ക്കുന്ന പാഴ് വസ്തുക്കള്‍ ഒത്ത് ചേര്‍ന്ന് നഗരവത്കരണം കുടിയിറക്കിയ ഏതോ നഷ്ടദൈവങ്ങളായി പുനര്‍ജനിക്കുകയാണ് ബംഗളൂരുവില്‍ നിന്നുള്ള കലാകാരി അര്‍ച്ചന ഹന്‍ഡേയുടെ ഇന്‍സ്റ്റലേഷനില്‍. പ്രതാപത്തിലിരുന്ന കാലത്തിന്റെ നേര്‍സാക്ഷികളാണ് ഇന്‍സ്റ്റലേഷനില്‍ ഉള്‍ചേര്‍ന്ന തവികളും, ചട്ടുകങ്ങളും, മഴുവുമെല്ലാം. സ്വാഭാവികമായ യന്ത്രവത്കരണം വീടുകളെ പുതുക്കിയപ്പോള്‍ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിപ്പെട്ട പാഴ്‌വസ്തുക്കള്‍, ഒരു കാലഘട്ടത്തെ ദീപ്തമാക്കി പിന്നീട് അസ്തമിച്ച വ്യക്തികളേയും സൂചിപ്പിക്കുന്നു. വിശ്വാസികള്‍ക്ക് പ്രവേശനമില്ലാത്ത നാഗരിക ഭൂതസ്ഥാനങ്ങള്‍ ജാതി-വര്‍ഗ-ലിംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ദൃഷ്ടിദോഷത്തില്‍ നിന്ന് ചുറ്റുപാടിനെ രക്ഷിക്കുമെന്ന് കലാകാരി പ്രത്യാശിക്കുന്നു. തുരുമ്പ് ആവേശിച്ച സ്ഥൂല ശരീരവുമായി നില്‍ക്കുന്ന ഈ ദൈവങ്ങളില്‍ തുടിക്കുന്ന കല, ഏത് സാധാരണക്കാരനേയും ആശയത്തിനപ്പുറത്തേക്ക് ആസ്വദിപ്പിക്കും. കൃത്യമായ ഉള്‍ച്ചേര്‍ക്കലുകളോടെ ഈ സൃഷ്ടിയില്‍ ദൈവസങ്കല്‍പമായി മാറുന്ന നാഗരിക പാഴ്‌വസ്തുക്കളായ ഡംബല്‍സും, ചെമ്പ്കമ്പിയും, കാസ്റ്റ്അയേണുമെല്ലാം അപരവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികളാണ്. നഗരത്തിന്റെ ഊഷ്മളതയിലേക്ക് ഒരിക്കലും വരാന്‍ സാധ്യതയില്ലാത്ത ഇവര്‍ പിന്നീട് അടിയാള കാവുകളിലെ ഉഷ്ണത്തില്‍ ദൈവങ്ങളായി അവതരിച്ചേക്കാം. പ്രത്യാശയാണ്, പ്രതീക്ഷയാണ് ഈ സൃഷ്ടി എന്നില്‍ ഉളവാക്കിയത്.


തൊലിയുടേയും പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയം - ശ്വസിക്കുന്ന നിലവും അനാഥമായ ദലിത് ശരീരവും

ദലിതരേ ഉയര്‍ത്തുവിന്‍ ശബ്ദം,

പണിയെടുപ്പവരേ ഉയര്‍ത്തുവിന്‍ ശബ്ദം,

ഈ ജനായത്തം നിങ്ങടേതല്ല,

ഭരണകൂടവും കോടതിയുമല്ല.

അമോല്‍ കെ. പാട്ടീല്‍ ഒരുക്കിയ തൊലിയുടേയും പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയം എന്ന ഇന്‍സ്റ്റലേഷനില്‍ കുറിച്ചുവച്ച വരികളാണിത്.

സാമൂഹിക വ്യവസ്ഥയില്‍ അന്യവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിതം എല്ലാ തുടിപ്പോടും കൂടി കാണിക്കുന്ന ഇന്‍സ്റ്റലേഷനാണിത്. ജാതിയെന്നത് ഭൂപ്രവേശപ്രശ്‌നമായി മാത്രം പരിമിതപ്പെടുത്താനാവില്ല, അത് മനുഷ്യമനസ്സിന്റെ അടിതട്ടില്‍ വേരൂന്നിയിട്ടുള്ള ഒരു കാര്യമാണ്. ജാതി കാരണം സമൂഹത്തിന്റെ അരികുകളിലേക്കോ വ്യവസായശാലകള്‍ക്കരികിലേക്കോ മാറി താമസിക്കേണ്ടി വരികയും അവിടത്തെ പ്രതിലോമ ചുറ്റുപാട് കാരണം ത്വക്‌രോഗങ്ങളും നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുകയും ചെയ്ത ജനതയെ ഈ സൃഷ്ടിയില്‍ പ്രതിപാദിക്കുന്നു. ഈ അവസ്ഥ ചൂണ്ടിക്കാട്ടി അവരെ വീണ്ടും തീണ്ടാപ്പാടകലേക്ക് നീക്കുന്നു. തെളിഞ്ഞ് കാണുന്ന ആദ്യ അടയാളമെന്ന നിലയില്‍ ത്വക്കില്‍ നിന്നും വസ്ത്രത്തില്‍ നിന്നുമാണ് ആദ്യ വേര്‍തിരിവുകള്‍ തുടങ്ങുക. ശ്വാസമെടുക്കുകയും സ്പന്ദിക്കുകയും ചെയ്യുന്ന നിലം തൊലിയുടെ രൂപകമാണ്. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളും ഈ സൃഷ്ടിയുടെ ഭാഗമാണ്. ഉയര്‍ന്ന മേശമേല്‍വച്ച ഗ്ലാസില്‍ തലകുമ്പിട്ട് നോക്കിയാല്‍ ആദ്യം തെളിമയും പിന്നെ അടിത്തട്ടില്‍ നിന്ന് വിലാപം പോലെ പൊന്തിവരുന്ന ഒരു ദലിത് ശരീരവും കാണാം. ആശയംകൊണ്ടും സൗന്ദര്യാനുഭൂതികൊണ്ടും തികച്ചും ചലനാത്മകമാണ് അമോല്‍ പാട്ടീലിന്റെ കലാസൃഷ്ടി. ദലിത് ജീവിതങ്ങളുടെ കുതിപ്പും കിതപ്പും അടയാളപ്പെടുത്താന്‍ കലാകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്‍സ്റ്റലേഷനില്‍ സദാസമയവും മുഴങ്ങിക്കേക്കുന്ന ഉയര്‍ത്തുപാട്ടുകള്‍ കലാസൃഷ്ടിയുടെ സമരപരിസരം കാണികളെ ബോധ്യപ്പെടുത്തുന്നു. ദലിതരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിനെതിരെ മറയില്ലാത്ത പ്രതിഷേധം രേഖപ്പെടുത്തിയ സൃഷ്ടിയാണ് തൊലിയുടേയും പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയം.


കോറസ് - 735 പേരുടെ അസാന്നിധ്യത്തിന്റെ സംയുക്ത മൂളല്‍

ദക്ഷിണാഫ്രിക്കക്കാരനായ ഗബ്രിയേല്‍ ഗുലായത്തിന്റെ കോറസ് എന്ന മള്‍ട്ടി മീഡിയ ഇന്‍സ്റ്റലേഷന്‍ വംശീയ കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ്. ഗായകസംഘത്തന്റെ സംയുക്ത മൂളല്‍ ഒരു വീഡിയോ വാളിലൂടെ പ്രദര്‍ശിപ്പിക്കുന്നു. നിശ്ചിത സമയം വരെ കോറസ് മൂളിക്കൊണ്ടിരിക്കുന്നു. ശേഷം നിശബ്ദമായി വേദി വിട്ട് പോകുന്നു. കലാസൃഷ്ടി വിട്ട് പോയാലും ഈ മൂളല്‍ നമ്മുടെ ചെവികളെ തുളച്ച് മനസ്സില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കും. 2019ല്‍ കൊലചെയ്യപ്പെട്ട കേപ്ടൗണ്‍ സര്‍വകലാശാല വിദ്യാര്‍ഥി മര്‍വത്സ്യാനയുടെ കൊലപാതകം ദേശീയ പ്രതിസന്ധിയായി മാറുകയും ദക്ഷിണാഫ്രിക്കയില്‍ ലിംഗാടിസ്ഥാനത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമം വരികയും ചെയ്തു. എന്നാല്‍, സ്ഥിതി ഇന്നും വ്യത്യസ്തമല്ല. അതിന്‌ശേഷം സമാനമായ രീതിയില്‍ കൊല്ലപ്പെട്ട എഴുന്നൂറിലധികം കുട്ടികളുടെ പേരുവിവരങ്ങളും ഈ ഇന്‍സ്റ്റലേഷനില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇത് ദക്ഷിണാഫ്രിക്കയുടെ മാത്രം കാര്യമായി കാണാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഇത്തരമൊരു ഇന്‍സ്റ്റലേഷന്‍ ഉണ്ടാവുകയാണെങ്കില്‍ പലവിധ മാനങ്ങളാകും അതിനുണ്ടാകുക. വംശീയവും, ജാതീയവും, മതപരവുമായ വേര്‍തിരുവുകള്‍ വേട്ടയാടുന്ന രാജ്യത്ത് ബലാത്സംഗം ഒരു ശിക്ഷാരീതിയായി കൊണ്ടുനടക്കുന്ന വിഭാഗങ്ങള്‍ ഉള്ള ഇവിടെ തീര്‍ച്ചായായും ചര്‍ച്ചയാവേണ്ട ഒരു കലാസൃഷ്ടിയായണ് ഗബ്രിയേല്‍ ഗുലായത്തിന്റെ കോറസ്.


ബോംബെ ടില്‍റ്റ്‌സ് ഡൗണ്‍-മുംബൈ കാഴ്ചകളിലേക്ക് ഒരു ചെരിഞ്ഞിറക്കം

മുംബൈ നഗരത്തിന്റെ ഭൂപ്രകൃതി പകര്‍ത്തിയ മള്‍ട്ടി ചാനല്‍ വീഡിയോ ഇന്‍സ്റ്റലേഷനാണ് ബോംബെ ടില്‍റ്റ്‌സ് ഡൗണ്‍. ക്യാമ്പ് എന്ന കൊളാബൊറേറ്റീവ് സ്റ്റുഡിയോ ആണ് ഈ ഇന്‍സ്റ്റലേഷന്റെ ശില്‍പികള്‍. ഇത്തവണത്തെ ബിനാലേയിലെ ഏറ്റവും മികച്ച ഇന്‍സ്റ്റലേഷനുകളില്‍ ഒന്നായി തോന്നിയത് ഈ സൃഷ്ടിയാണ്. സമ്പന്നമായ മുംബൈ നഗരത്തിന്റെ വൈഡ് ഫ്രെയിമിലാണ് മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമ തുടങ്ങുന്നത്. എന്നാല്‍ താമസിക്കാതെ ക്യാമറ താഴേക്ക് ചെരിഞ്ഞിറങ്ങുന്നുണ്ട്. പാലത്തിനടിയിലെ ചേരികളിലാണ് അതിന്റെ നോട്ടം അവസാനിക്കുന്നത്. ആ നരേഷന്‍ മനസില്‍ തട്ടുന്നതായിരുന്നു. അത്തരം ദൃശ്യങ്ങളുടെ ആവര്‍ത്തനമാണ് ബോംബെ ചെരിയുന്നു എന്ന് മലയാളത്തില്‍ വായിക്കാവുന്ന ഈ കലാസൃഷ്ടിയുടെ പ്രത്യേകത. സെന്‍ട്രല്‍ മുംബൈയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളാണ് ഈ ഇന്‍സ്റ്റലേഷന്റെ ജീവന്‍. പ്രക്ഷുബ്ധമായ കടലും, ഒരിക്കലും ഉയരം വെക്കാതെ ഭൂമിയോട് പറ്റിച്ചേര്‍ന്ന് വളരുന്ന ചെടിപോലെ പടര്‍ന്ന ചേരിയിലെ വീടുകളും, ആകാശം മുട്ടുന്ന കെട്ടിടത്തിന്റെ താന്‍പോരിമ ഭാവവും മികച്ച ദൃശ്യാനുഭവം നല്‍കുന്നു. ഡസന്‍ കണക്കിന് ആവര്‍ത്തന ഷോട്ടുകള്‍ കൃത്യമായി അടുക്കിപ്പെറുക്കി വെച്ച് മുംബൈയുടെ മഴയും, വെയിലും, മനുഷ്യരും, ഭാവഭേദമില്ലെങ്കിലും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന കെട്ടിടങ്ങളും ക്യാമറയുടെ ചെരിഞ്ഞിറങ്ങലില്‍ വെളിപ്പെടുന്നു. ഒറ്റക്കാഴ്ചയില്‍ മുഴുവന്‍ ഒപ്പിയെടുക്കാനാവില്ല ഈ സൃഷ്ടി, വീണ്ടും കാണുമ്പോള്‍ പക്ഷേ പുതിയ മാനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും.


ഇനിയും കാണാത്ത, കണ്ടിട്ടും മനസിലാവാത്ത, മനസിലായിട്ടും അക്ഷരങ്ങള്‍ക്ക് വഴങ്ങാത്ത നിരവധി കലാസൃഷ്ടികളുണ്ട് ബിനാലെയില്‍. അതിലളിതമായി ജീവിതത്തിനെ കാണാന്‍ സാധിക്കുന്നത് വല്ലപ്പോഴുമാണ്. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കപ്പെടുന്ന കലാരൂപങ്ങളിലും ആ സങ്കീര്‍ണത മഷിപോലെ പടരുന്നത് സ്വാഭാവികം. കലയിലൂടെ കല മാത്രമല്ല കാലവും ഒഴുകുന്നു. കാലാന്തരങ്ങളില്‍ വരുന്ന കലയുടെ മാറ്റം അത് സൃഷ്ടിക്കപ്പെടുന്ന ഭൂമികയിലെ രാഷ്ട്രീയത്തിന്റെ, ഭാവുകത്വത്തിന്റെ,

ബോധ്യങ്ങളുടെ സൂചികയാണ്. എന്നും ഏറെ മുന്നേ നടന്നിട്ടുള്ളവരാണ് കലാകാരന്‍മാര്‍, കലയാണ് അവരുടെ പ്രവചനം. കൊച്ചിയില്‍ രണ്ടുവര്‍ഷത്തില്‍ സംഭവിക്കുന്ന ഈ സാംസ്‌കാരിക സംഗമം അടഞ്ഞ വാതിലുകളുടെ ശബ്ദത്തോടെയുള്ള തുറക്കലുകളാണ്. ഇന്റര്‍നെറ്റ് സാധ്യമാക്കിയ പുതിയ ബോധ്യങ്ങളുടെ വായനയെ ഒന്നുകൂടി സൗന്ദര്യാത്മകമായി മാറ്റാന്‍ ബിനാലേക്ക് സാധിക്കും.




Similar Posts