കുട്ടിമ്മു | Short Story
|| കഥ
അര്‍ധരാത്രി താഴത്തങ്ങാടിയിലെ നാഷ്ണല്‍ ഹൈവേയുടെ ഡിവൈഡറിലിരുന്ന് കുട്ടിമ്മു ചുറ്റുപാടും സൂക്ഷ്മമായി നോക്കി. വിജനമായ റോഡിലൂടെ ഇടക്ക് കടന്നുപോയ ഭാരം കയറ്റിയ ട്രക്ക് ചെറിയ കയറ്റം കയറിയപ്പോള്‍ കുട്ടിമ്മു പെട്ടെന്ന് തന്റെ ചെവികള്‍ റോഡിലേക്ക് ചേര്‍ത്ത് വെച്ചു. ദീനമായ ശബ്ദത്തില്‍ നിലവിളിച്ചു കൊണ്ട് വാഹനം കയറ്റം കയറിപോയി.
നിര്‍വചിക്കാനാവാത്ത ഏതോ വികാരത്തിന്റെ ഭാരത്താല്‍ കുട്ടിമ്മുവിന്റെ ഉള്ളില്‍ ആനന്ദം പൊടിഞ്ഞു.
പണ്ട് താഴത്തങ്ങാടിയിലെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പഴയ റേഷന്‍ കടയുടെ മുന്‍പില്‍ എത്തുമ്പോള്‍ ആഞ്ഞൊന്ന് ദീര്‍ഘ ശ്വാസമെടുക്കും.
ദീനമായ ഒരു കരച്ചില്‍ പോലെ പതിയെ നേര്‍ത്ത് നേര്‍ത്ത് കയറ്റം കയറിപ്പോകുന്ന വണ്ടിയുടെ ഒച്ച കേട്ട് കുഞ്ഞായിരിക്കുമ്പോള്‍ കുണ്ടമുറി**യിലെ ഇരുട്ടില്‍ കിടക്കുന്ന കുട്ടിമ്മുവിന്റെ നെഞ്ചിനകത്തൊരു തണുപ്പ് കിനിഞ്ഞ് അവള്‍ അസ്വസ്ഥയാവുമായിരുന്നു.
ചെവിയും കവിളുകളും അവള്‍ വീണ്ടും റോഡിലേക്ക് ചേര്‍ത്ത്‌വെച്ചു. കുട്ടിമ്മുവിന്റെ കവിളുകളിലേക്ക് തണുപ്പ് പടര്‍ന്നു തുടങ്ങി. മണിക്കൂറുകള്‍ കടന്നു പോകവേ തണുത്ത കവിളുകളില്‍ നിന്ന് നനുത്ത വേരുകള്‍ മുളച്ച് ഭൂമിയിലേക്കിറങ്ങി. നേരം പുലര്‍ന്നപ്പോഴേക്കും കുട്ടിമ്മുവിന്റെ കൈകളും, കാലുകളുമെല്ലാം വേരുകള്‍ മുളച്ചിരുന്നു.
സൂര്യന്‍ ഉദിച്ചു പൊങ്ങി. താഴത്തങ്ങാടിയില്‍ ആളുകള്‍ കൂടി. ആള്‍ക്കൂട്ടം കണ്ട് പൊലീസും പിന്നീട് അധികാരികളും പുറകെ ഫയര്‍ ഫോഴ്‌സും വന്നു. എത്രയോ കുന്നുകളും, മരങ്ങളും, വീടുകളുമെല്ലാം തന്റെ ആദ്യ തലോടലില്‍ തന്നെ ഉഴുതുമറിച്ചിട്ട യുപി ബ്രദേഴ്‌സിന്റെ ജെസിബി പതുക്കെ ഉരുണ്ട് വന്നു. കുട്ടിമ്മുവിനെ പിഴുതെടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഓരോ നിമിഷവും ഭൂമിയിലേക്ക് വേരുകളാഴ്ത്തി കൊണ്ടിരുന്ന കുട്ടിമ്മുവിനെ റോഡില്‍ നിന്ന് പിഴുതെടുക്കാന്‍ കഴിയാതെ ഉത്തരവാദപ്പെട്ടവര്‍ കുഴങ്ങി.
വേരുകള്‍ ഭൂമിയിലേക്ക് ആഴ്ന്ന് റോഡില്‍ ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവസാന പരിഹാരത്തിനായി വളവില്‍ ഹുസൈന്‍ ഹാജിയുടെ വീട്ടില്‍ പൊലീസും, അധികാരികളും എത്തി. വിവരമറിഞ്ഞതും കാലങ്ങളായി പുറത്തേക്കിറങ്ങാത്ത തൊണ്ണൂറ് കഴിഞ്ഞ ബീക്കുട്ടിയുമ്മക്കൊപ്പം വളവില്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങളും താഴത്തങ്ങാടിയിലെത്തി.
ബീക്കുട്ടിയുമ്മയുടെ മരുമക്കളായ സീനത്തും, സുബൈദയും, റബീഹയും, എന്തിനധികം ഷാനിബയും, അവളുടെ മൂന്നു മാസം പ്രായമുള്ള കൈകുഞ്ഞും വരെ വന്നു.
ബീക്കുട്ടിയുമ്മ റോഡ് മുറിച്ച് കടന്ന് കുട്ടിമ്മുവിനരികിലെത്തി. കുട്ടിമ്മുവിനെ റോഡില്‍ നിന്നും പറിച്ചെടുക്കാന്‍ തന്റെ വാര്‍ധക്യത്തില്‍ ചുളിഞ്ഞ കൈകള്‍ കൊണ്ട് സാധിക്കാത്തതിനാല്‍ അവര്‍ പതിയെ നിലത്തിരുന്ന് കുട്ടിമ്മുവില്‍ നിന്ന് റോഡിലേക്കിറങ്ങിയ ഓരോ നേര്‍ത്ത വേരുകളും പറിച്ച് കളയാന്‍ ഒരു ശ്രമം കൂടി നടത്തി, അതും പരാജയപ്പെട്ട അവര്‍ കുട്ടിമ്മുവിനെ തലോടി കണ്ണീര്‍ വാര്‍ത്തു.
പൊലീസിനൊപ്പം നാട്ടുകാരും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടു. ഹൈവേയുടെ ഓരത്തായതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടില്ല. കുട്ടിമ്മുവിന്റെ ഉപ്പിണി ചുറ്റിയ വിരലുകള്‍ മാത്രം വേരുകള്‍ മുളക്കാതെ നനഞ്ഞു കിടന്നു. നനഞ്ഞ തുണിയില്‍ പൊതിഞ്ഞ വിരലുകള്‍ തലോടി ബീക്കുട്ടിയുമ്മ പ്രാര്‍ഥനാമന്ത്രങ്ങളുരുവിട്ടു.
ബീക്കുട്ടിയുമ്മയുടെ കുട്ടിമ്മു:
ഷാനിബയുടെ തൊണ്ണൂറ്* തികയുന്ന ദിവസം. വൈകുന്നേരം തറവാടു വീട്ടിലെ പഴയ അടുക്കളയിലെ വീതി കുറഞ്ഞ മേശയില്‍ കഴുകി വൃത്തിയാക്കിയ ചില്ലു പാത്രങ്ങള്‍ ഓരോന്നായി തുടച്ചു വെക്കുമ്പോള്‍ പൂമുഖത്ത് നിന്ന് ബീക്കുട്ടിയുമ്മ കുട്ടിമ്മുവിനെ വിളിച്ചു പറഞ്ഞു.
''കുട്ടിമ്മൂ.. വളപ്പില്‍ന്ന് കൊണ്ടന്ന പാത്രങ്ങള്‍ ഒക്കെ ജജ് ഒന്നൂടെ എണ്ണിയേക്ക് ''
കൈയില്‍ തുടച്ച് കൊണ്ടിരുന്ന ഒരു ഗ്ലാസ് ജഗ്ഗുമായി കുട്ടിമ്മു വാതില്‍ക്കലോളം ചെന്ന് ബീക്കുട്ടിയുമ്മയെ നോക്കി.
''എണ്ണം വെച്ച്ക്ക്ണ്... നീലക്കരയുള്ള പന്ത്രണ്ട്, ചോറു വിളമ്പണ വല്ത്, പച്ചപ്പുടിള്ള ഒമ്പത് സ്പൂണ്‍, കാപ്പിക്കളറുള്ള ചെറിയ സ്പൂണ്‍ പന്ത്രണ്ട്, മൂന്ന് കോരി ഇത്രള്ളൂ ''
''ഇയ്യെന്നെ അതൊക്കെ അങ്ങട് എത്തിച്ചേക്ക് ട്ടാ. ഓലാരേലും ഏല്‍പ്പിച്ച് അന്നത്തെ മാതിരി കച്ചറക്ക് വയിണ്ടാക്കണ്ട ''
കാര്യം മരുമോളാണെങ്കിലും വളപ്പിലെ സീനത്തിനെ ബീക്കുട്ടിയുമ്മക്ക് പേടിയാണ്. ഷാനിബാടെ മൂത്തവളുടെ മൂന്നാമത്തെ സല്‍ക്കാരത്തിന്റെയന്ന് അവിടെ നിന്ന് കൊണ്ടുവന്ന ഒരു സ്റ്റീല്‍ ചെമ്പട്ടി** മാറീന്ന് പറഞ്ഞ് സീനത്ത് ഉണ്ടാക്കിയ പുകില് ചില്ലറയല്ല.
കുട്ടിമ്മുവാണെങ്കിലേ അതൊക്കെ അതിന്റെ മട്ടത്തില്‍ ചെയ്യൂന്ന് ബീക്കുട്ടിയുമ്മക്കറിയാം. കുട്ടിമ്മു റസിയാന്റെ അമ്മായിയമ്മേടെ കൂടെ ആശുപത്രിയില്‍ ആയോണ്ടാണ് അന്നങ്ങനെ സംഭവിച്ചതെന്നും ബീക്കുട്ടിയുമ്മക്കുറപ്പാണ്.
വളവില്‍ ഹുസൈന്‍ ഹാജിയുടെയും, ഭാര്യ ബീക്കുട്ടിയുമ്മയുടെയും കുടുംബവുമായുള്ള
കുട്ടിമ്മുവിന്റെ ബന്ധം എന്താണെന്ന് കുട്ടിമ്മുവിന് പോലും അറിയില്ല. ഓര്‍മയുള്ള നാള്‍ മുതല്‍ക്കേ അവര്‍ ഹാജിയുടെ കുടുംബത്തിന്റെ ഭാഗമാണ്. ഹാജിയുടെ അകന്നതും, അടുത്തതുമായ എല്ലാവര്‍ക്കും കുട്ടിമ്മുവിനെ അറിയാം. ഹാജിയുടെ ഒരു ബന്ധുവീട്ടില്‍ നിന്ന് മറ്റൊരു ബന്ധുവീട്ടിലേക്ക് കുട്ടിമ്മു നിരന്തരം സഞ്ചരിച്ച് കൊണ്ടേയിരുന്നു.
ഹാജിയുടെ മക്കളുടെയോ, സഹോദരങ്ങളുടേയോ വീട്ടില്‍ ആശുപത്രി, പ്രസവം, മരണം തുടങ്ങി ഏതാവശ്യങ്ങളുണ്ടായാലും കുട്ടിമ്മു വേണം. എത്തിപ്പെടുന്ന വീട്ടില്‍ ആ സമയം മുതല്‍ കുട്ടിമ്മു വളരെ വേണ്ടപ്പെട്ട ഒരാളായി മാറും. കുട്ടിമ്മുവിന് ഒരിക്കലും പിടികിട്ടാത്ത ബന്ധങ്ങളുടെ ഒരു പ്രത്യേകതരം മായാജാലമാണത്.
പറയുന്നതും, വിളിക്കുന്നതുംകൈ സഹായത്തിനൊരാള്‍ എന്ന നിലക്കാണെങ്കിലും ചെന്നെത്തുന്ന വീട്ടില്‍ കുട്ടിമ്മുതന്നെയാണ് മിക്കവാറും എല്ലാ ജോലികളും ചെയ്യേണ്ടി വരിക.
ആവശ്യങ്ങള്‍ കഴിഞ്ഞ് തിരിച്ച് പോരാനൊരുങ്ങുമ്പോള്‍,
''കൂലി തന്ന് പറഞ്ഞയക്കാന്‍ ഇയ്യെന്താ പുറമേക്കാര്യാ '' എന്നൊരു ചിരിയും ചിരിച്ച് പത്തോ, അഞ്ഞൂറോ കയ്യില്‍ നല്‍കി കുട്ടിമ്മുവിന്റെ അത്രയും ദിവസത്തെ കഠിനാധ്വാനത്തെ അവര്‍ നിസാരമായിട്ടങ്ങ് ഓമനിച്ച് കളയും. ആ വാക്കുകളുടെ ധാരാളിത്തത്തില്‍ സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാതെ കുട്ടിമ്മു നിസഹായതയോടെ ചിരിക്കും.
വളപ്പിലെ വീട്ടിലെ പാത്രങ്ങളെല്ലാം പൊട്ടാതെയും, മാറാതെയും സീനത്തിനെ കൃത്യമായി ഏല്‍പ്പിച്ച് മടങ്ങുമ്പോള്‍ സീനത്തും കുറച്ച് ദിവസം അവിടെ നില്‍ക്കാന്‍ കുട്ടിമ്മുവിനെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു.
''അങ്ങില്‍ പോയി രണ്ടീസം നിക്കണം... ഡെല്ലീന്ന് നിസാം മോന്‍ വന്നിട്ടുണ്ട്... ഓനെ കണ്ടിട്ട് എത്ര കാലായി. റസിയാത്തടെ ഓപ്പറേഷനാകുമ്പോളേക്കും ഇന്‍ക്ക് കുന്നുമ്മല്‍ക്ക് പോണം. അത് കയ്ഞ്ഞിട്ട് വരണ്ട്...''
ഹാജിയുടെ തറവാടു വീടടക്കം എല്ലായിടത്തും നില്‍ക്കുമെങ്കിലും കുട്ടിമ്മുവിന്റെ വീടായി കുട്ടിമ്മു സ്വയം കരുതുന്നത് 'അങ്ങില്‍' എന്ന് വിളിക്കുന്ന ഹാജിയുടെ രണ്ടാമത്തെ മകന്‍ യൂസഫിന്റെ വീടാണ്. മറ്റുള്ളവര്‍ കരുതുന്നതങ്ങനെ തന്നെയാണോ എന്ന് കുട്ടിമ്മുവിനുറപ്പില്ല. പക്ഷേ കുട്ടിമ്മുവിന്റെ മനസ്സില്‍ അതങ്ങനെ ഉറച്ച് കിടന്നു.
വൈകുന്നേരം ആറു മണി കഴിഞ്ഞ് ഹാജിയുടെ പേരക്കുട്ടിയായ ശാരിഖ് കാറില്‍ കുട്ടിമ്മുവിനെ 'അങ്ങില്‍' കൊണ്ടുചെന്നാക്കി. തൊണ്ണൂറ് ചടങ്ങ് ചെറിയ നിലക്ക് ആയതിനാല്‍ അങ്ങില്‍ നിന്നാരും പങ്കെടുക്കാത്തതിനാലും, നിസാം ഡല്‍ഹിയില്‍ നിന്ന് വന്നതിനാലും ചടങ്ങിന് ഉണ്ടാക്കിയ ബിരിയാണി, പലഹാരങ്ങളുടെയെല്ലാം വലിയൊരു പങ്കുമായിട്ടാണ് കുട്ടിമ്മു 'അങ്ങില്‍' ചെന്ന് കയറിയത്.
അങ്ങിലെത്തിയാല്‍ പിന്നെ കുട്ടിമ്മു പതിനാറെണ്ണം ആണെന്ന് ബീക്കുട്ടിയുമ്മ കളിയാക്കും. അത്ര ഉച്ചത്തിലായിരിക്കും കുട്ടിമ്മുവിന്റെ സംസാരവും, ചിരിയും. പക്ഷി ചിലക്കുന്ന പോലെയുള്ള കുട്ടിമ്മുവിന്റെ ചിരി ആ വലിയ വീടാകെ കേള്‍ക്കാം. കുട്ടിമ്മുവിന്റെ പക്ഷി ചിലയും, 'അങ്ങിലെ വീട്ടിലെ' കാളിംഗ് ബെല്ലിന്റെ ശബ്ദവും ഒരുപോലെയാണെന്ന് എല്ലാവരും പറയും.
നിസാം യൂസഫിന്റെ കുട്ടിമ്മു:
ഭക്ഷണം കഴിക്കാന്‍ താഴേക്ക് ചെന്നപ്പോഴാണ് നിസാം കുട്ടിമ്മുവിനെ കണ്ടത്. കുട്ടിമ്മു നിസാമിനെ അതിശയിച്ചു നോക്കുന്നത് കണ്ട റബീഹ ചിരിച്ചു.
''ഓന്‍ വല്യ മന്‌സനായി കുട്ടിമ്മോ.... കണ്ടില്ലേ താടീം, മീശേം... പെണ്ണുകെട്ടാനായിന്ന് മ്മനെ ഓര്‍മ്മിപ്പിക്കാനാന്ന് തോന്നണു ഓനിത്ര കട്ടത്താടി ഒക്കെ വളര്‍ത്തീറ്റ് വന്നത്....''
ബീക്കുട്ടിയുമ്മ കൊടുത്തയച്ച ബിരിയാണി കഴിക്കുമ്പോള്‍, നിസാം തന്റെ ഉമ്മക്കൊപ്പം മേശയില്‍ അലക്കിയുണങ്ങിയ തുണികള്‍ മടക്കി വെക്കുന്ന കുട്ടിമ്മുവിനെ നോക്കി, താന്‍ ചെറുപ്പത്തില്‍ കണ്ടു ശീലിച്ച ആളാണെങ്കിലും നിസാമിന് കുട്ടിമ്മുവിന്റെ പ്രത്യേക ശബ്ദത്തിലുള്ള കനം കൂട്ടിയ സംസാരം അലോസരം സൃഷ്ടിച്ചു കൊണ്ടിരുന്നു.
കൈ കഴുകി നിസാം മുകളിലേക്ക് പോയി. അല്‍പം കഴിഞ്ഞ് തുടങ്ങിയ മഴ ശക്തിയേറിയതോടെ കറണ്ടും പോയി. കറണ്ട് പോയതും നിസാം മുകളില്‍ നിന്ന് ലൈറ്റിന് വേണ്ടി ബഹളം വെച്ചു. മഴയേക്കാള്‍ നിസാമിനെ ഭയപ്പെടുത്തിയത് ഇടിമുഴക്കങ്ങളായിരുന്നു.
കോണിപ്പടിക്കടുത്ത് ചെന്ന് ഉമ്മയെ വിളിക്കാന്‍ തുടങ്ങുമ്പോഴേക്ക് വിളക്കുമായി കുട്ടിമ്മു കോണിപ്പടി കയറി വരുന്നത് കണ്ടു. രണ്ട് മൂന്ന് പടികള്‍ കയറിയതും വിളക്ക് കെട്ടു. കോണി കയറുന്ന ആള്‍ താഴേക്ക് പോയോ, അതോ മുകളിലേക്ക് തന്നെ വരുന്നുണ്ടോ എന്ന് മനസിലായില്ല.
ഉമ്മക്ക് മുട്ടിന് വേദനയായതിനാല്‍ പടികള്‍ കയറാറില്ല. തിരികെ മുറിയിലേക്ക് നടക്കാനൊരുങ്ങവെ പിന്നില്‍ തീപ്പെട്ടിയുരഞ്ഞു. വിളക്ക് വീണ്ടും കൊളുത്തി കുട്ടിമ്മു അവനെ നോക്കി.
''നിസാം മോന് ഇരുട്ട് പേടിയാണെന്ന് ഉമ്മി പറഞ്ഞു, സത്യാ...?''
അവരുടെ കളിയാക്കലില്‍ നിസാമിന് അസ്വസ്ഥത തോന്നി. മുതിര്‍ന്ന ശേഷം കുട്ടിമ്മുവുമായി അധികം ഇടപഴകാന്‍ അവസരങ്ങളുണ്ടായിട്ടില്ല. അവരുടെ ചോദ്യത്തിന് മറുപടി പറയാതെ തിരിച്ച് അങ്ങോട്ട് ഒരു ചോദ്യമുന്നയിച്ചു.
''ഇവിടെ എമര്‍ജന്‍സി ഇല്ലേ...''
''അത് കേടായ്ക്ക്ണ്. ഒന്ന് താഴെണ്ട്...''
ഒരല്‍പം തടിച്ച് നന്നേ പൊക്കം കുറഞ്ഞ് ചതുര മുഖമുള്ള കുട്ടിമ്മു വലിയ രസികത്തിയാണെന്ന് ഉമ്മ പറഞ്ഞ് നിസാം കേട്ടിട്ടുണ്ട്. സ്വന്തം തടിയെ അധികരിപ്പിക്കുന്ന തന്റെ കുറിയ ശരീരവുമായി കുട്ടിമ്മു ചുറുചുറുക്കോടെ സംസാരിക്കുകയും, അതിലും ചുറുചുറുക്കോടെ വീട്ടുജോലികള്‍ ചെയ്യുകയും ചെയ്യുന്നത് കുട്ടിക്കാലത്ത് അവന് ഓര്‍മ്മയുണ്ട്.
കുട്ടിമ്മുവിന്റെ വലതു കയ്യിലെ തള്ളവിരലില്‍ ചെറിയ വെളുത്ത കെട്ടുണ്ട്.
''കൈക്കെന്തു പറ്റിയതാ..''
കുട്ടിമ്മു മുഖമുയര്‍ത്തി തണുത്ത ശബ്ദത്തില്‍ പറഞ്ഞു.
''അതുപ്പിണി*** ചുറ്റിയതാ...''
''അതെന്തിനാണാ കെട്ട് എന്നാ ചോദിച്ചേ..''
''വെളുത്തുള്ളി തൊലിച്ചിട്ട് വെരലിമ്മ നീര് കെട്ടീത് പോവാന്‍....''
''ഇതിനു മാത്രം വെളുത്തുള്ളിയോ....''
''മൂത്താപ്പടെ അവടെ ഷാനിബക്ക് വേണ്ടീറ്റ്..''
''മൂത്താപ്പാടെ അവടെ കത്തിയൊന്നും ഇല്ലേ...''
അല്‍പം പരിഹാസത്തോടെയുള്ള നിസാമിന്റെ ചോദ്യത്തെ കുട്ടിമ്മു വെളുത്തുള്ളിയെ കുറിച്ച് ഡല്‍ഹിയിലെ കോളജില്‍ പോലും ഒന്നും പഠിപ്പിക്കുന്നില്ലല്ലോ എന്ന നിസഹായതയില്‍ വിശദീകരിച്ചു നല്‍കി.
''തലപ്പ് പൊളിക്കാന്‍ കത്തി പറ്റില്ല, വെരലറ്റം കൊണ്ട് ബെടന്തി*യെടുക്കണം....''
വെറുതെ ഒരു ഔപചാരികത പോലെ ചോദിച്ചതാണെങ്കിലും ഒരാളുടെ കൈവിരലില്‍ നീര് വരാന്‍ മാത്രമുള്ള അളവില്‍ ഷാനിബ എന്തിനാണ് ഇത്രമാത്രം വെളുത്തുള്ളി കഴിക്കുന്നത് !
''അതെന്തിനാ അവള്‍ക്കിത്രേം വെളുത്തുള്ളി...?''
''ഓള് പ്രസവിച്ച് കിടക്കല്ലേ... വെളുത്തുള്ളിയിട്ട് മൂപ്പിച്ച ചോറാണ് രാവിലെ കുളി കഴിഞ്ഞ ഉടനെ ഓള്‍ക്ക് കൊടുക്കണ്ടത്. അയിന്റെ കൂടെ മുലപ്പാല്‍ കൂടാന്‍ മുരിങ്ങയില വറ്റിച്ച് കൊടുക്കും. അയിനും വെളുത്തുള്ളിടണം.... പിന്നെ ആടിനെ വെരട്ടിക്കൊടുക്കണേലും വെളുത്തുള്ളി തോനെ മാണം''
മൂത്താപ്പയുടെ മകള്‍ക്ക് വേണ്ടി തൊണ്ണൂറ് ദിവസം കുട്ടിമ്മു പൊളിച്ച വെളുത്തുള്ളിയുടെ കണക്കാണ് അവരുടെ വിരലിലെ ഉപ്പിണിക്കുള്ളില്‍ വിങ്ങിക്കിടക്കുന്നത്. എത്രയെത്ര വീടുകളില്‍ പ്രസവിച്ച എത്രയെത്ര മക്കളുടെ, പേരക്കുട്ടികളുടെ തൊണ്ണൂറ് ദിവസങ്ങളെയാണ് കുട്ടിമ്മു വിരല്‍ വിങ്ങി പൊളിച്ച വെളുത്തുള്ളി പരിപോഷിപ്പിച്ചിട്ടുള്ളതെന്നോര്‍ത്ത് നിസാം കുട്ടിമ്മുവിന്റെ കൈകളിലേക്ക് നോക്കി.
പെട്ടെന്ന് ശക്തിയായടിച്ച കാറ്റില്‍ മുറിയുടെ പാതി ചാരിയ വാതില്‍ വലിയ ശബ്ദത്തോടെ കൊട്ടിയടഞ്ഞു. കുട്ടിമ്മുവിന്റെ കൈയില്‍ ഇരുന്ന വിളക്കും അണഞ്ഞു.
''വിളക്ക് മുറിയില്‍ കൊണ്ട് വെച്ച് കത്തിക്കാമോ? ഇവിടെ കാറ്റടിച്ച് നനയ്ണ്...''
കുട്ടിമ്മു മുന്‍പേ നടന്ന് വാതില്‍ വലിച്ച് തുറന്ന് അകത്ത് കയറി. അവര്‍ വിളക്ക് കത്തിക്കുമ്പഴേക്ക് അകത്തേക്ക് കയറി നിസാം മുറിയുടെ വാതില്‍ചാരി. കാറ്റില്‍ വിളക്കിന്റെ നാളം വീണ്ടും ഉലഞ്ഞു. നിസാം വാതില്‍ ചാരുവോളം കുട്ടിമ്മു വിളക്കിന്റെ നാളം പൊത്തിപ്പിടിച്ചു.
വിളക്ക് വെച്ച മേശയില്‍ ചാരി നില്‍ക്കുകയാണ് കുട്ടിമ്മു. ഉയരമുള്ള മേശയില്‍ ഇരിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. വിളക്കൊരല്‍പം നീക്കി മേശയിലേക്ക് അനായാസമായി കയറിയിരുന്ന് കൊണ്ട് കുട്ടിമ്മുവിനെ ശ്രദ്ധിച്ചു. തന്റെ ചലനത്തില്‍ വീണ്ടും ഉലഞ്ഞ വിളക്കിന്റെ നാളം അണയാതിരിക്കാനുള്ള ജാഗ്രതയാണിപ്പോള്‍ കുട്ടിമ്മുവിന്റെ ഉടല്‍ നിറയെ! വലിയ തലയും ചെറിയ ഉടലുമുള്ള പേരറിയാത്ത ഒരു മീനിനെ അവരാ നിമിഷം ഓര്‍മ്മിപ്പിച്ചു.
പിറ്റേന്ന് രാവിലെ കുട്ടിമ്മു മുറ്റമടിക്കുമ്പോഴാണ് നിസാം പുതിയ പൗരത്വ ബില്‍ പ്രാബല്യത്തില്‍ വരുന്നതിനെ കുറിച്ച് പറഞ്ഞത്. രേഖകളില്ലാത്തവരെയെല്ലാം ഡീറ്റെയിന്‍ ചെയ്യും. മുസ്ലിമല്ലാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും പൗരന്‍മാരാകാം. നിസാം പറഞ്ഞ ഡീറ്റെയിന്‍ എന്ന വാക്ക് കുട്ടിമ്മുവിന് മനസ്സിലായില്ല. അടുക്കളയിലേക്ക് ചെന്ന് നിസാമിന്റെ ഉമ്മ റബീഹയോട് കുട്ടിമ്മു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ആളുകളെ എങ്ങനെയാണ് ഒരു രാജ്യത്തില്‍ നിന്നും പുറത്താക്കുക എന്ന് കുട്ടിമ്മുവിന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. താഴത്തങ്ങാടി ഒരു രാജ്യമാണോ? കുട്ടിമ്മുവിന് അതും വേണ്ടത്ര പിടികിട്ടാത്ത കാര്യമാണ്.
വീടിന്റെ ചെറിയ മതില്‍ ചാടി മുറ്റത്തേക്ക് വന്ന അയല്‍പക്കത്തെ അസ്മാബിയുടെ താറാവുകളെയും , കോഴികളേയും ആട്ടാന്‍ കഴിയാതെ ഉറപ്പില്ലാത്ത മണ്ണില്‍ അതിലും ദുര്‍ബലമായ മനസുമായി കുട്ടിമ്മു നിന്നു. കോഴികള്‍ മുറ്റം നിറയെ കാഷ്ഠിച്ചു വൃത്തികേടാക്കി. മുറ്റമാകെ ചിക്കി ചികഞ്ഞു അവ മതില്‍ കടന്ന് അപ്പുറത്തേക്ക് പോയി.
രാവിലെ പുറത്ത് പോയ നിസാം രാത്രിയില്‍ വന്നപ്പോള്‍ കുട്ടിമ്മു അവന്റെ മുറിയിലേക്ക് വീണ്ടും ചെന്നു. നിസാം ഇരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ കുട്ടിമ്മു കസേരയില്‍ ഒറ്റച്ചന്തി വെച്ച് പ്രയാസത്തോടെ ഇരുന്നു.
''രേഖകളില്ലാത്തോരെ പൊറത്താക്കൂ ന്ന് പറഞ്ഞു, എന്ത് രേഖകളാ ഓര് ചോയ്ക്കണത്...''
കുട്ടിമ്മു ആശങ്കയോടെ നിസാമിനെ നോക്കി.
''കുട്ടിമ്മു താത്തക്ക് റേഷന്‍ കാര്‍ഡ് ഉണ്ടോ? ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി അങ്ങനെ എന്തെങ്കിലും ഉണ്ടോ?''
കുട്ടിമ്മു നിഷേധാര്‍ഥത്തില്‍ തലയാട്ടി.
അല്‍പസമയം മിണ്ടാതിരുന്ന ശേഷം കുട്ടിമ്മു സംസാരിച്ച് തുടങ്ങി.
''നിസാമിന് പഴയ താഴത്തങ്ങാടി ഓര്‍മ്മയുണ്ടോ?''
''ചെറിയ ഒരോര്‍മ്മയുണ്ട്... തങ്ങള്‍പ്പടിയിലെ നേര്‍ച്ചയുടെ സമയത്ത് ഉപ്പ എന്നെ കൊണ്ടുപോയിട്ടുണ്ട്''
താഴത്തങ്ങാടി, ടൗണിന്റെ സെന്ററാണ്. ഇടതടവില്ലാതെ വാഹനങ്ങളും മനുഷ്യരും ഒഴുകുന്ന ടൗണിന്റെ കേന്ദ്രബിന്ദു. പഴയ താഴങ്ങാടി ഓര്‍ത്തെടുക്കുക അത്ര എളുപ്പമല്ല. ഈ സന്ദര്‍ഭത്തില്‍ ഒട്ടും ആവശ്യമില്ലാത്ത ആ ചോദ്യത്തിന്റെ പ്രസക്തി എന്താണ് എന്ന മട്ടില്‍ നിസാം കുട്ടിമ്മുവിനെ നോക്കി.
''ഇപ്പോഴത്തെ കാര്‍മ്മല്‍ ഗോള്‍ഡിന്റെയും, വി.ടി സില്‍ക്‌സിന്റെയും ഇടയിലായിട്ടായിരുന്നു മീന്‍കാരന്‍ സൈതാലിക്കാടെ വീട്. ആ വീട്ടിലാണ് ന്നെ പെറ്റത്. അങ്ങാടിക്ക് വീതി കൂടിക്കൂടി വന്നപ്പോ ആ പൊരേടെ വീതി കൊറഞ്ഞ് കൊറഞ്ഞ് വന്ന്. ആദ്യം ഉമ്മറക്കോലായ പൊളിഞ്ഞ്, പിന്നെ പൂമോത്തിന്റെ ചൊമര് പൊര പൊളിഞ്ഞ് പൊളിഞ്ഞ് പോണതനുസരിച്ച് സ്ഥലത്തിന്റെ വെല കേറിക്കേറിവന്നു.
പൊളിക്കാന്‍ ഞാനും ഉമ്മേം കിടന്നിരുന്ന കുണ്ടമുറിയും, അടുക്കള ചായ്പും ആയപ്പളേക്ക് വെല ആകാശം മുട്ടി. അന്നേരം സൈതാലിക്ക സ്ഥലം മുയ് വനായിട്ടങ്ങട്ട് വിറ്റ് ഇന്നിപ്പോ വണ്ടീം കാറും ഒഴിയാതെ പോണ ആ നെരത്ത്മ്മ അങ്ങനൊരു പൊരണ്ടാര്‍ന്നത് സൈതാലിക്കാന്റെ മക്കള്ക്ക് പോലും ഓര്‍മണ്ടാവൂല...'
അന്ന് മുതല്‍ ഞാനും ന്റെ ഉമ്മേം ഓരോര് പൊരേലാരുന്നു. ചെലപ്പോ വെപ്പ് ഒരോടത്ത്. കെടപ്പ് വേറെ ഒരോടത്ത്. ചെലപ്പോ, വെപ്പും, കെടപ്പും എല്ലാം ഒരോടത്ത്. ന്നാലും അപ്പളൊക്കെ എനക്ക് ഈ ഭൂമിയായിട്ട് ഒരു വേര്ണ്ടാര്‍ന്ന്. ന്റെ ഉമ്മ.
''നെരത്ത്മ്മലെ ഖദീജ... നെരത്ത്മ്മല ഖദീജാന്റെ മോള് '' സൈതാലിക്കാടെ പൊര നെരത്ത്‌ന്റെ വക്കത്തായോണ്ട് ആള്‍ക്കാര് തമ്മില്‍ തമ്മില്‍ പറഞ്ഞാലറിയാന്‍ എളുപ്പത്തിന് വേണ്ടി അങ്ങനെ പറഞ്ഞു. ഉമ്മാക്ക് ഓര്‍മ്മയുള്ള കാലം തൊട്ടേ ഖദീജ ഖദീജ എന്ന് എല്ലാരും വിളിക്കുന്നോണ്ട് ഒരു ഖദീജയുണ്ടായി.
സൈതാലിക്കാന്റെ പൊരേല്‍ പാര്‍ത്തോണ്ട് നെരത്ത്മ്മല്‍ എന്ന അടയാളോം ണ്ടായി. ഞങ്ങളെ രണ്ടാളേം മറ്റുള്ളോര്‍ക്ക് തിരിച്ചറിയാനുള്ള ആകെയുള്ള അടയാളം. വേറെ അടയാളമോ, വിലാസോ ഒന്നുമില്ല.''
''ന്റെ ഉമ്മാനെ നന്നായി ഓര്‍മ്മണ്ടായിര്ന്ന പലരും മരിച്ചു. നിസാം മോന്റെ ഉമ്മയെ പോലെ കുറച്ചാളുകള്‍ക്ക് നേരിയ ഓര്‍മ്മണ്ട്. ന്റെമ്മാനെ നല്ലോണം ഓര്‍മ്മള്ള ഒരാള് ഞാന്‍ തന്നെ ഉള്ളൂ... നെരത്ത്മ്മലെ ഖദീജ എന്ന എന്റുമ്മ ഈ ദുനിയാവില് ജീവിച്ച് ര്ന്നു എന്നുള്ളതിന്റെ തെളിവ് പ്പോ ന്റെ ഓര്‍മന്നെയാണ്. ഞാനും കൂടി മരിച്ചാല്‍ പിന്നെ നെരത്ത്മ്മലെ ഖദീജയും, കുട്ടിമ്മുവും ഒരുമിച്ച് മരിക്കും. കുറച്ച് കഴീമ്പോ ഓര്‍മ്മള്ള ആരേലും കുട്ടിമ്മൂന്ന് പറയുമ്പ ഒരു കിസ്സ കേക്കണ പോലെ അനക്ക് പോലും തോന്നൂ''
ജീവിച്ചിരിക്കുന്നവരുടെ ഓര്‍മകളാണ് മരണപ്പെട്ടവരുടെ രേഖകളെന്ന് കുട്ടിമ്മുവിന്റെ തത്വം എത്ര കൃത്യമാണെന്നോര്‍ത്ത് അത്ഭുതപ്പെട്ടുകൊണ്ട് നിസാം അവരെ സൂക്ഷിച്ച് നോക്കി.
ഉമ്മയെ കുറിച്ച് സംസാരിച്ചത് കൊണ്ടാവാം കുട്ടിമ്മുവിന്റെ നെഞ്ച് വേഗത്തില്‍ ഉയര്‍ന്നു താഴാന്‍ തുടങ്ങി.
ഉയര്‍ന്നു താഴുന്ന കുട്ടിമ്മുവിന്റെ നെഞ്ചിലേക്ക് അറിയാതെ നോക്കി. ആ നോട്ടത്തില്‍ അവര്‍ പെട്ടെന്ന് ചൂളി ഒന്നുകൂടി ചെറുതായി, സ്വന്തം തോടിനുള്ളിലേക്ക് വലിയാന്‍ ശ്രമിക്കുന്ന ഒരാമയെ പോലെഅവര്‍ തന്റെ പുള്ളിത്തട്ടം വിടര്‍ത്തി വിരിച്ച് തന്റെ കുറിയ ശരീരം അതിനുള്ളിലേക്ക് ചുരുട്ടിവെക്കാന്‍ ശ്രമിച്ചു.
പുറത്തായ കാലുകള്‍മാക്‌സിക്കുള്ളിലേക്ക് കയറ്റിവെക്കാന്‍ ശ്രമിക്കവെ നിസാം കുട്ടിമ്മുവിന്റെ കാലിലേക്ക് നോക്കി. കുറിയ തടിച്ച കാല്‍വിരലുകളിലെ നഖങ്ങളിലെ കട്ടിച്ചുവപ്പാര്‍ന്ന മൈലാഞ്ചിയുടെ കടുത്ത് കറുത്ത നിറം.
വളവില്‍ ഹുസൈന്‍ ഹാജിയുടെ പേരക്കുട്ടി, അതാണ് ആളുകള്‍ക്കിടയിലെ നിസാമിന്റെ വിലാസം. ഉപ്പയേക്കാള്‍ പ്രമാണി വല്യാപ്പ ആയതിനാലാവണം യൂസഫിന്റെ മകനെന്ന് പറഞ്ഞാല്‍ അറിയുന്നതിനേക്കാളേറെ വളവില്‍ ഹുസൈന്‍ ഹാജിയുടെ പേരക്കിടാവെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് പെട്ടെന്ന് മനസ്സിലാവുന്നത്.
നെരത്തിമ്മലെ ഖദീജയേക്കാള്‍ ഏറെ പ്രമാണിത്തമുള്ള മറ്റൊരാള്‍ കുട്ടിമ്മുവിന്റെ താവഴി ഓര്‍മകളില്‍ ഇല്ലായിരിക്കാം. വളവില്‍ ഹുസൈന്‍ ഹാജിയുടെ മുന്‍ഗാമി ആരായിരുന്നു. ഒരു പക്ഷേ നിസാമിന്റെ ബാപ്പ യൂസഫിനറിയാമായിരിക്കാം. ഏതെങ്കിലും വളവിലോ, തിരിവിലോ ഉള്ള വീട്ടില്‍ പാര്‍ത്തതിനാല്‍ ഹുസൈന്‍ എന്ന പേരുകാരനെ അറിയാന്‍ വളവില്‍ ഹുസൈന്‍ എന്ന് ആരെങ്കിലും ആദ്യമായി പറഞ്ഞിരിക്കാം. അതല്ലെങ്കില്‍ ഹുസൈന്റെ ബാപ്പയെ അങ്ങനെ വിളിച്ചിരിക്കാം.
ഖദീജയുടെ കുട്ടിമ്മു:
കുട്ടിമ്മുവിന്റെ ഉമ്മയുടെ ദേശം കര്‍ണ്ണാടകയിലെ കൂര്‍ഗിലോ മറ്റോ ആണെന്ന് ഉമ്മ പറഞ്ഞ് നിസാം കേട്ടിട്ടുണ്ട്. അവിടെ നിന്ന് ജോലി അന്വേഷിച്ചെത്തിയ കുട്ടിമ്മുവിന്റെ ബാപ്പക്കൊപ്പം കേരളത്തിലെത്തിയതാണ് കുട്ടിമ്മുവിന്റെ ഉമ്മ
കൂര്‍ഗില്‍ കുട്ടിമ്മുവിന് മറ്റു വേരുകള്‍ കാണുമോ? ഉണ്ടെങ്കില്‍ തന്നെ കുട്ടിമ്മു ആ വേരുകളിലേക്ക് പോകാന്‍ താല്‍പര്യപ്പെടുമോ? താഴത്തങ്ങാടി പഴയ പള്ളിയിലെ ഖബര്‍സ്ഥാനിലാണ് നെരത്ത്‌മ്മേല്‍ ഖദീജ എന്ന കുട്ടിമ്മുവിന്റെ ഉമ്മ അന്ത്യവിശ്രമം കൊള്ളുന്നത്.
കുട്ടിമ്മുവിന്റെ ഓര്‍മയുടെ വേരുകള്‍ ആഴ്ന്നവസാനിക്കുന്നതും ആ പള്ളിക്കാട്ടില്‍ തന്നെ ഓര്‍മയില്‍ നിന്നും ആ ഒരൊറ്റ വേരറുത്ത് മാറ്റാന്‍ അവര്‍ക്കൊരിക്കലും സാധ്യമാകില്ല.
അധികാരത്തിന്റെ ദൃശ്യവും, അദൃശ്യവുമായ കാഹളങ്ങളെ കുട്ടിമ്മു ചെറുക്കുന്നത് ആ പള്ളിക്കാടിന്റെ ഓര്‍മ വെച്ചായിരിക്കും. നെരത്ത്മ്മല്‍ ഖദീജ ഭൂമിക്കടിയോളം ആഴ്ന്ന് ചെന്ന് ഉറപ്പിക്കുന്ന കുട്ടിമ്മുവിന്റെ വേരുകള്‍.
വേരുകള്‍ പിഴുതുമാറ്റാന്‍ സാധിക്കാതെ ഓരോരുത്തരും കുട്ടിമ്മുവില്‍ നിന്ന് പിന്‍വാങ്ങി കൊണ്ടിരുന്നു. താഴത്തങ്ങാടിയിലെ റോഡില്‍ നിന്നും കിളിര്‍ത്ത വേരുകള്‍ പഴയ ജുമാ മസ്ജിദിന്റെ ഖബറിന്റെ ആഴങ്ങളിലേക്കിറങ്ങി. ഒരാള്‍ക്കും അറുത്തു മാറ്റാനാവാത്ത വിധം ദൃഢതയോടെ ഖദീജയിലേക്ക് ചുറ്റിപ്പുണര്‍ന്നു.