ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍: കാത്തുവെച്ച ജന്മദിനസമ്മാനം
|1928ല്‍ നെഹ്‌റു മകള്‍ക്ക് കത്തെഴുതുമ്പോള്‍ ഇന്ത്യ സ്വതന്ത്രയല്ല. എന്നിരുന്നാലും ഭാരതത്തിന്റെ മുന്‍കാലത്തെ ശക്തിയും സമ്പന്നതയും വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലൂടെയാണ് നെഹ്‌റു മുന്നോട്ട് പോകുന്നത്. ഇന്നത്തെ കുട്ടി, നാളെ രാജ്യം ഭരിക്കാന്‍ പ്രാപ്തയായി മാറുമെന്ന ദീര്‍ഘവീക്ഷണം നെഹ്രുവിനുണ്ടായിരുന്നോ എന്ന് കത്തുകളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിയേക്കാം. 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' - വായന
ബാല്യത്തെ ഒരു വാക്കുകൊണ്ട് അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍ അതിനു 'പുസ്തകം' എന്ന ഒരൊറ്റ വാക്കായിരിക്കും ഞാന്‍ ഉപയോഗിക്കുക. എത്ര മനോഹരങ്ങളായ സ്ഥലങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ ആകര്‍ഷിക്കാന്‍ കഴിയുന്നതിനുമപ്പുറം പുസ്തകമെന്നെ ആവേശഭരിതയാക്കിയിട്ടുണ്ട്. ടെലിവിഷനും മൊബൈല്‍ ഫോണും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിരളമായിരുന്ന എന്റെ ബാല്യത്തില്‍ പുസ്തകവായന ലഹരി തന്നെയായിരുന്നു. കളിക്കുടുക്കയും പൂമ്പാറ്റയും ബാലരമയും അമര്‍ചിത്രകഥകളും അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ച കാലത്തു എന്നെ കഥകളുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, എന്റെ വായന വളര്‍ന്നത് ബാലസാഹിത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളിലൂടെയാണ്.
എന്റെ മകള്‍ക്ക് ഞാന്‍ സമ്മാനമായി ഒരു പുസ്തകം കൊടുക്കുമെങ്കില്‍ അത് 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' ആയിരിക്കും. പുസ്തകവും വായനയും എന്തെന്ന് തിരിച്ചറിയുന്ന കാലത്തു ജന്മദിനസമ്മാനമായി അവള്‍ക്ക് ഈ പുസ്തകം കൊടുക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്നല്ലേ? പുസ്തകത്തെക്കുറിച്ചറിയുമ്പോള്‍ ഓരോ വായനക്കാരനും തന്റെ കുഞ്ഞിന് ഇതു സമ്മാനിക്കുമെന്നെനിക്കുറപ്പുണ്ട്.
മനുഷ്യന്റെ പരിണാമം, ഭൂമിയുടെ ഉത്ഭവം, പ്രകൃതിവൈവിധ്യം, മൃഗ-മനുഷ്യ ആവിര്‍ഭാവം, മനുഷ്യരിലെ വിവിധ വര്‍ഗങ്ങള്‍, ഭാഷകള്‍, ചരിത്രം, സംസ്‌കാരം, മതം, ആര്യന്മാരുടെ കുടിയേറ്റം, രാമായണവും മഹാഭാരതവും എന്നിങ്ങനെയെല്ലാം കത്തുകളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മകളായ, അന്ന് പത്തുവയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര പ്രിയദര്‍ശിനിയ്ക്ക് 1928 ഇല്‍ ജയില്‍വാസകാലത്തു എഴുതിയ മുപ്പതു കത്തുകളുടെ സമാഹാരമാണ് 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍'. ഹിമാലയത്തിലെ മിസ്സൂറിയില്‍ വേനല്‍ക്കാലം ചിലവഴിച്ചു കൊണ്ടിരുക്കുകയായിരുന്നു അന്ന് ഇന്ദിര.
1928ല്‍ നെഹ്‌റു ഇതെഴുതുമ്പോള്‍ ഇന്ത്യ സ്വതന്ത്രയല്ല. എന്നിരുന്നാലും ഭാരതത്തിന്റെ മുന്‍കാലത്തെ ശക്തിയും സമ്പന്നതയും വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലൂടെയാണ് നെഹ്‌റു മുന്നോട്ട് പോകുന്നത്. ഇന്നത്തെ കുട്ടി നാളെ രാജ്യം ഭരിക്കാന്‍ പ്രാപ്തയായി മാറുമെന്ന ദീര്‍ഘവീക്ഷണം നെഹ്രുവിനുണ്ടായിരുന്നോ എന്നു കത്തുകളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിയേക്കാം. പത്തുവയസ്സുകാരിയുടെ സുഖാന്വേഷണങ്ങളേക്കാള്‍ വ്യത്യസ്ത വിഷയങ്ങളില്‍ നെഹ്രുവിന്റെ അഗാധപാണ്ഡിത്യവും നിരീക്ഷണപാടവവും നിലപാടുകളുമാണ് കാണാന്‍ കഴിയുക.
പുസ്തകത്തെക്കുറിച്ച് നെഹ്റുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: 'മാന്യന്മാരായ ചില സ്‌നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേയധികംപേരുടെ ദൃഷ്ടിയില്‍പ്പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്നു അറിഞ്ഞുകൂട. എന്നാലിത് വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോകകുടുംബമാണെന്നു ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' 'ലോകമേ തറവാട്' എന്നെഴുതിയ വള്ളത്തോള്‍ കവിതയ്‌ക്കൊപ്പം നില്‍ക്കുന്നു ഈ സങ്കല്‍പ്പവും. കത്തുകള്‍ വേഗത്തിലവസാനിക്കുന്നു. നീണ്ട വേനലിനവസാനം ഇന്ദിര മടങ്ങിപ്പോരുകയും ചെയ്തു. അവസാന മൂന്നു കത്തുകള്‍ പുതിയ ദശാകാലത്തില്‍ നിന്നുള്ളവയായതിനാല്‍ മുന്‍കത്തുകളോട് ചേര്‍ച്ചയില്ല.
'മനുഷ്യരുടെ നിറഭേദം അവര്‍ ജീവിക്കുന്ന രാജ്യത്തിലെ ശീതോഷ്ണസ്ഥിതിയുടെ ഫലമാണെന്ന് നാം കാണുന്നു. അതിന് അവരുടെ യോഗ്യതയോ നന്മയോ സൗന്ദര്യമോ ആയി യാതൊരു ബന്ധവുമില്ല'. എന്ന വരികള്‍ നോക്കുക. കുഞ്ഞുഹൃദയങ്ങളില്‍ ഇവയാഴത്തില്‍ പതിഞ്ഞാല്‍ വരുംതലമുറ നിറത്തിന്‍ മേലുളള പരിഹാസങ്ങള്‍ ഒഴിവാക്കുമെന്നുറപ്പുണ്ട്.
പ്രകൃതിയെന്ന പാഠപുസ്തകത്തില്‍ നിന്നു നേരിട്ടു വിവരങ്ങള്‍ പഠിക്കാന്‍ ആദ്യ അധ്യായങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്. ഭൂമിയുടെ ഉത്ഭവം, ആദ്യമുണ്ടായ ജീവികള്‍ എന്നിവയെല്ലാം ലളിതമായ ഭാഷയില്‍ കുഞ്ഞുമനസ്സുകളില്‍ ചേക്കേറുമെന്നതില്‍ സംശയമില്ല. ആധികാരികമായ വായനയിലേക്കൊരു പാത വെട്ടിത്തെളിക്കുന്നുണ്ട്. 'മനുഷ്യരുടെ നിറഭേദം അവര്‍ ജീവിക്കുന്ന രാജ്യത്തിലെ ശീതോഷ്ണസ്ഥിതിയുടെ ഫലമാണെന്ന് നാം കാണുന്നു. അതിന് അവരുടെ യോഗ്യതയോ നന്മയോ സൗന്ദര്യമോ ആയി യാതൊരു ബന്ധവുമില്ല'. എന്ന വരികള്‍ നോക്കുക. കുഞ്ഞുഹൃദയങ്ങളില്‍ ഇവയാഴത്തില്‍ പതിഞ്ഞാല്‍ വരുംതലമുറ നിറത്തിന്‍ മേലുളള പരിഹാസങ്ങള്‍ ഒഴിവാക്കുമെന്നുറപ്പുണ്ട്.
മനുഷ്യന്റെ പരിണാമം, ഭൂമിയുടെ ഉത്ഭവം, പ്രകൃതിവൈവിധ്യം, മൃഗ-മനുഷ്യ ആവിര്‍ഭാവം, മനുഷ്യരിലെ വിവിധ വര്‍ഗങ്ങള്‍, ഭാഷകള്‍, ചരിത്രം, സംസ്‌കാരം, മതം, ആര്യന്മാരുടെ കുടിയേറ്റം, രാമായണവും മഹാഭാരതവും എന്നിങ്ങനെയെല്ലാം കത്തുകളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. 'മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ബുദ്ധിശൂന്യമായ പ്രവൃത്തി യുദ്ധം ചെയ്ത് അന്യോന്യം കൊല്ലുന്നതാണെന്ന് അന്നുള്ളവര്‍ മനസ്സിലാക്കിയിരുന്നില്ല. ഇന്നും ആ വാസ്തവം മനുഷ്യര്‍ അറിഞ്ഞു കാണുന്നില്ല. യുദ്ധം ആര്‍ക്കും യാതൊരു ഗുണവും ചെയ്യുന്നില്ല'.
വിവേകത്തിലേക്ക് നടന്നുകയറാവുന്ന പടിക്കെട്ടുകള്‍ ആയിരിക്കും ഈ വാക്കുകളെന്നതില്‍ സംശയമില്ല. ആനുകാലിക സംഭവങ്ങളില്‍ അരക്ഷിതരായ കുഞ്ഞുങ്ങളെ നാം നിരന്തരം കാണുന്നുമുണ്ട്. മതത്തെക്കുറിച്ചുള്ള വരികളിലൂടെ പോയാല്‍ 'മതം ആദ്യമായി ആവിര്‍ഭവിച്ചത് ഭയരൂപത്തിലാണ്. ഭയംകൊണ്ടുമാത്രം ചെയ്യുന്നതെന്തായാലും അത് ദോഷമാണ്' എന്നു കാണാം. മതമെങ്ങനെ മനുഷ്യനെ ബാധിയ്ക്കുന്നുവെന്നു ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പിലിന്നും ഉദാഹരണം ചൂണ്ടിക്കാണിക്കാനാകുമ്പോള്‍ ഈ വരികള്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു കാണാം.
നെഹ്‌റുവിന്റെ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ ചിന്താധാരയെ രൂപപ്പെടുത്തുന്നതിലും ഉരുക്കുവനിതയെന്ന പേരിനര്‍ഹയാക്കുന്നതിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കുന്നതിലും വഹിച്ച പങ്ക് ഈ കത്തുകളില്‍ കാണാനാകും. ബാല്യത്തില്‍ നാമെന്തു വിത്തുകള്‍ കുട്ടികളില്‍ പാകുന്നുവോ അവയുടെ ഫലങ്ങള്‍ അവരുടെ ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാനാകും. കുട്ടികളില്‍ ചരിത്രബോധമുളവാക്കാനും മനുഷ്യചരിത്രവും വികാസപരിണാമങ്ങളും അറിയാനുമുള്‍ക്കൊള്ളാനും ഈ ഗ്രന്ഥം ഉതകുമെന്നു നിസംശയം പറയാം.
1930-33 കാലഘട്ടത്തില്‍ ജയിലില്‍ വച്ചെഴുതിയ നൂറ്റിതൊണ്ണൂറ്റാറോളം(196) കത്തുകളുടെ സമാഹാരം 'വിശ്വചരിത്രാവലോകനം' (Glimpse of world history) എന്ന പേരില്‍ പെന്‍ഗ്വിന്‍ ബുക്‌സ് 1934ല്‍ പ്രസിദ്ധീകരിച്ചു. അമ്പാടി ഇക്കാവമ്മ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി്. 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളു'ടെ പ്രതികരണം ആണ് ഈ പുസ്തകത്തിന്റെ രചനയ്ക്ക് കാരണമായതെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്.
'തന്റെ ചിതാഭസ്മം ഒരു പിടി ഗംഗയില്‍ ഒഴുക്കാനും വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കര്‍ഷകര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറാനും അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരാനും' ആഗ്രഹിച്ച്, അതു സഫലമാക്കിയ കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാ നെഹ്റുവിന്റെ കത്തുകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലുള്ള ഓരോ മകള്‍ക്കും എഴുതിയിട്ടുള്ളതാണ്.
'ഇന്ത്യക്കാരായ നാം ഇന്ത്യയില്‍ ജീവിക്കുകയും ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍, നാം വിപുലമായ ഒരു ലോക കുടുംബത്തിലെ അംഗങ്ങളാണെന്നും അന്യരാജ്യക്കാരും നമ്മുടെ ചാര്‍ച്ചക്കാര്‍ തന്നെയാണെന്നും നാം മറക്കരുത്. ലോകത്തിലുള്ള സകല ജനങ്ങളും സുഖവും സംതൃപ്തിയുള്ളവരുമാണെങ്കില്‍ അതെത്ര നല്ല കാര്യമാണ്. അതുകൊണ്ട് ഈ ലോകം മനുഷ്യജീവിതത്തിന് കൂടുതല്‍ സുഖമുള്ള ഒരു സ്ഥലമാക്കുവാന്‍ നാം പ്രയത്‌നിക്കേണ്ടതാണ്'.
'തന്റെ ചിതാഭസ്മം ഒരു പിടി ഗംഗയില്‍ ഒഴുക്കാനും വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കര്‍ഷകര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറാനും അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരാനും' ആഗ്രഹിച്ച്, അതു സഫലമാക്കിയ കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാ നെഹ്റുവിന്റെ കത്തുകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലുള്ള ഓരോ മകള്‍ക്കും എഴുതിയിട്ടുള്ളതാണ്. സാഹിത്യത്തിന്റെ നിറംപിടിപ്പിച്ച നുണകളായ ലോകഭാവനകളല്ല, യഥാതഥമായ ലോകത്തിന്റെ കടുംനിറങ്ങളാണ് ഈ കത്തുകള്‍ വായിക്കുന്ന കുട്ടികളോടും മുതിര്‍ന്നവരോടും സംസാരിക്കുന്നത്.
നെഹ്രുവിനോടുള്ള നിങ്ങളുടെ സമീപനം എന്തുതന്നെയായാലും കുഞ്ഞുമനസ്സുകളില്‍ അന്വേഷണത്തിന്റെ കൗതുകങ്ങള്‍ തുറക്കാനും ആധികാരികമായി വായന വളര്‍ത്താനും ഈ പുസ്തകത്തിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല. കുട്ടിക്കാലത്തു മാത്രമല്ല ഇപ്പോഴും പ്രിയ പുസ്തകങ്ങളില്‍ ഉള്‍പ്പെടുകയും മകള്‍ വളരുമ്പോള്‍ വായിക്കണമെന്നാഗ്രഹിച്ച് അവള്‍ക്ക് സമ്മാനിക്കാനാഗ്രഹിക്കുകയും ചെയ്യന്നതതുകൊണ്ട് കൂടിയാണ്. കാലത്തിന്റെ കനത്തകരം പിടിച്ചു കുലുക്കിയാലും തളരാത്ത ഉരുക്കുവനിതയായി അവള്‍ വളര്‍ന്നു വരട്ടെയെന്നു ഞാനെന്ന അമ്മയാശിക്കുന്നുണ്ട്.