പാമ്പും കോണിയും - ലിവിങ് ടുഗെതര്‍ | നോവല്‍
|ലിവിങ് ടുഗെതര്‍ | നോവല്‍, അധ്യായം 20
താരകയുടെ കഥ ഭാവനയെ കൊണ്ടുപോയത് താലി കെട്ടിയവന്റെ കൈകളാല്‍ ആസിഡില്‍ മുഖം വികൃതമാക്കപ്പെട്ട സ്വന്തം അനിയത്തി ദീപ്തിയുടെ ഓര്‍മകളിലേക്കാണ്.
കണ്ണുകള്‍ അഗ്‌നി ഗോളങ്ങളെ പോലെ ജ്വലിക്കുകയായിരുന്നു...
ഉള്ളില്‍ തീമഴ പെയ്തിറങ്ങുകയായിരുന്നു...
മറ്റൊരു വലിയ കൊടുങ്കാറ്റ് ചുഴറ്റി എറിയുകയായിരുന്നു...
താന്‍ മറന്നു തുടങ്ങിയ പല കാര്യങ്ങളും ഓര്‍മിപ്പിച്ചു കൊണ്ടാണ് താരക ഓഫീസില്‍ നിന്നും ഇറങ്ങിയിരിക്കുന്നത് എന്നത് കൊത്തിവലിക്കുന്ന മുറിവില്‍ പൊള്ളലേല്‍പ്പിച്ചു. കാക്കി കുപ്പായം അഴിച്ചു വെച്ചാല്‍ താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകളില്‍ നിന്നും മുക്തയാകാറില്ല. ഈ കാക്കിയുടെ ഗൗരവം എല്ലാത്തിനുമുള്ള ഒരു മറയാണ്. ഒരു ദീര്‍ഘനിശ്വാസത്തോടു കൂടി എഴുന്നേറ്റു.
'പ്രണയ നൈരാശ്യത്താല്‍ പ്രണയിനിയുടെ ജീവനും ജീവിതവും അപഹരിക്കുന്ന ഊളകളേക്കാള്‍ നെറികെട്ടവരാണ് വല്ലവരുടേയും വാക്ക് കേട്ട് സ്വന്തം താലിയുടെ അവകാശിയുടെ ജീവിതം നശിപ്പിക്കുന്നതിനായി അഡല്‍ട്ടറി ക്വൊട്ടേഷന്‍ കൊടുക്കുന്നവരും.'
ചിന്തയുടെ തേരില്‍ നിന്നും താഴെ ഇറക്കിയത് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐ ഭരതന്റെ നമ്പര്‍ മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോഴാണ്.
'മാഡം നമ്മള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന ട്രീസയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനിലേക്ക് ഒരു അയല്‍വാസി വിളിച്ച് അറിയിച്ചതാണ്.'
'വാട്ട് ??! ട്രീസ മരിച്ചുവെന്നോ?'
'അതെ മാഡം..'
'വീട്ടില്‍ പാല്‍ കൊടുക്കാന്‍ പോയവന് ഒരു സംശയം. കഴിഞ്ഞ മൂന്നു ദിവസവും അയാള്‍ പാല്‍ കൊടുക്കാന്‍ പോയി മടങ്ങി പോരുകയാണ് പതിവ്. കോളിംഗ് ബെല്‍ അടിച്ച് ഏറെ നേരം കാത്തു നിന്നാലും യാതൊരു അനക്കവും ഇല്ല. ഇന്ന് അയാള്‍ പോയ സമയത്താണ് പത്രക്കാരനും ആ വഴി വന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളെല്ലാം പുറത്തു തന്നെ കിടന്ന കാരണം കാറ്റത്ത് പത്ര പേജുകള്‍ മുറ്റത്ത് നിറഞ്ഞിരുന്നു. എവിടെയെങ്കിലും പോകുമ്പോള്‍ പത്രവും പാലും വേണ്ടെന്ന് ട്രീസ മുന്‍കൂട്ടി പറഞ്ഞേല്‍പ്പിക്കാറുണ്ട്. ഇപ്പോള്‍ മൂന്നു ദിവസമായിട്ടും യാതൊരു അനക്കവും ഇല്ല. അങ്ങനെ അവര്‍ മറ്റു അയല്‍വാസികളെയും വിളിച്ചുകൂട്ടി വാതില്‍ കുറെ തട്ടുകയും തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത് സാധിക്കാതെ വന്നപ്പോള്‍ അവര്‍ ട്രീസയുടെ സഹോദരന്‍ അലക്‌സിനെ വിളിച്ച് ചോദിച്ചു. എന്നാല്‍, ട്രീസ വീട്ടില്‍ വന്നിട്ടില്ല എന്നും ഉടന്‍ ട്രീസയുടെ വീട്ടിലേക്ക് എത്താം എന്നും അലക്‌സ് പറഞ്ഞു. അങ്ങനെ അലക്‌സ് കൂടി വന്നശേഷം അവര്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിക്കാന്‍ വരെ ശ്രമം നടത്തി. അവസാനം അവര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയാണ് ചെയ്തത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാതില്‍ തുറന്നു. അപ്പോഴാണ് ഉള്ളില്‍ ട്രീസയും രണ്ട് മക്കളും അവരുടെ വളര്‍ത്തുനായയും മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു.'
'സോ സാഡ് ന്യൂസ് ഭരതാ... നമ്മളുടെ കേസിലെ നിര്‍ണായക മൊഴി നല്‍കിയ പ്രതിയാണ്. ഇങ്ങനെയൊരു പണി തരുമെന്ന് വിചാരിച്ചില്ല. എല്ലാം ഒരു വിധത്തില്‍ കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. വീണ്ടും കഥ തഥൈവ. ഞാന്‍ എന്തായാലും ഉടന്‍ എത്താം. അവിടുത്തെ കാര്യങ്ങള്‍ എല്ലാം പ്രൊസീജിയര്‍ പോലെ നടക്കട്ടെ.'
'ഓക്കേ മാഡം.' അത്രയും പറഞ്ഞു ഫോണ്‍ വെച്ചു.
സംഭവസ്ഥലത്ത് എത്തിയ എസ്.പി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രമാദമായ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതിയാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്. '
'ട്രീസയുടെ ഭര്‍ത്താവ് ഡേവിസിനെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?'
'ഇല്ല മാഡം... ഒളിവില്‍ തന്നെയാണ്. ഇസബെല്ലയുടെ മരണം കോലാഹലമായശേഷം ആര്‍ക്കും ഡേവിസിനെക്കുറിച്ച് അറിവില്ല.'
ഇത്രയും കേട്ടപ്പോള്‍ താന്‍ അന്വേഷിച്ചുകൊണ്ടിരുന്ന മൂന്നു കൊലപാതകങ്ങളിലെ പ്രതിയെ നഷ്ടപ്പെട്ട വിഷമമായിരുന്നു മുഖത്ത് നിറയെ. വിഷമത്തിന് അപ്പുറം അതൊരു അമര്‍ഷം കൂടി ആയിരുന്നു. കാരണം, അത്രയേറെ ബുദ്ധിമുട്ടിയാണ് തെളിവുകള്‍ എല്ലാം അവര്‍ക്കെതിരെ ശേഖരിച്ചുകൊണ്ടിരുന്നത്. എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടിട്ടും ആരുടെയെല്ലാം ഇടപെടലുകള്‍ ഉണ്ടായിട്ടും നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക തന്നെ ചെയ്തു. പക്ഷേ, ജാമ്യം നേടി പുറത്തിറങ്ങിയവള്‍ പണി പറ്റിച്ചു.
'സര്‍... ഈ വീട് മുഴുവന്‍ പരിശോധിച്ചു. കിട്ടിയ സാധനങ്ങള്‍ എല്ലാം കൂടുതല്‍ അന്വേഷണം ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. കൂടുതല്‍ ഉത്തരവ് കിട്ടുന്നതിനുവേണ്ടി സി.ഐയുടെ മുമ്പില്‍ ഭരതന്‍ കാത്തുനിന്നു.'
എസ്.പി മുന്നോട്ടു വന്ന് സ്ഥലം സി.ഐ ജയദേവനോട് വിവരങ്ങള്‍ അന്വേഷിച്ചു.
'അവളുടെ ഭര്‍ത്താവ് ഡേവിസിനെക്കുറിച്ച് നാട്ടുകാര്‍ക്കൊന്നും നല്ല അഭിപ്രായം ഇല്ല. തികഞ്ഞ മദ്യപാനിയായ ഒരാള്‍. പിന്നെ.... '
'പിന്നെ?'
' പെണ്‍ വിഷയവും ഉണ്ട്. ' അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോഴാണ് ഫോറന്‍സിക് വിദഗ്ധര്‍ അവിടേക്ക് എത്തിച്ചേരുന്നത്. വിവരങ്ങള്‍ അവരെ ധരിപ്പിച്ച ശേഷം അവരുടെ പ്രൊസീജറിലേക്ക് ഇന്‍സ്ട്രക്ഷന്‍ കൊടുത്തുകൊണ്ട് എസ്.പി ചുറ്റുപാടും നിരീക്ഷിക്കാന്‍ ആരംഭിച്ചു. അവിടെ കൂടിയിരുന്ന ജനക്കൂട്ടത്തിലേക്ക് കണ്ണുകള്‍ പായിച്ചു കൊണ്ടേ ഇരുന്നു. ജനലഴികള്‍ക്കിടയിലൂടെ അവരെ ഓരോരുത്തരെയും ഭാവന ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ അകത്തെ മുറികളില്‍ എല്ലാം പരിശോധന പൂര്‍ത്തിയാക്കി സി.ഐ ജയദേവന്‍ വന്ന് പ്രത്യേകിച്ച് ഒന്നുമില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു.
'ജയദേവന്‍ ഞാനിവിടെ നേരിട്ട് വരേണ്ട ആവശ്യം എന്തായിരുന്നു എന്ന് താങ്കള്‍ക്ക് വ്യക്തമായി അറിയാമല്ലോ അല്ലേ?'
'യെസ് മാഡം, അറിയാം. ഇസബെല്ല കൊലപാതകവുമായി ബന്ധപ്പെട്ട പലതവണ നമ്മള്‍ ചോദ്യം ചെയ്തിട്ടുള്ള വ്യക്തിയാണ് ഇന്നിപ്പോള്‍ മരിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ആയ നാള്‍ മുതല്‍ ഉന്നതരുടെ ഇടപെടല്‍ മൂലം ജാമ്യം നേടി പുറത്തിറങ്ങിയവള്‍. തെളിവുകളെല്ലാം ശേഖരിച്ച് കോടതിയില്‍ ബോധിപ്പിച്ച് വാറണ്ട് നേടിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്താന്‍ മിനിറ്റുകള്‍ അവശേഷിക്കുമ്പോള്‍ അവര്‍ ആത്മഹത്യ ചെയ്തു.'
'ഉം... എന്തുകൊണ്ട് എന്ന് വ്യക്തമല്ല ജയദേവന്‍. ഇതിലെ മറ്റൊരു പോയിന്റ് അവരുടെ ഭര്‍ത്താവ് മിസ്സിംഗ് ആയിട്ട് ഇരുപത്തിയഞ്ച് ദിവസത്തില്‍ മീതെയാകുന്നു എന്നതാണ്. ആളെക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരവും ആര്‍ക്കും ഇല്ല. അയാളുടെ അടുത്ത സുഹൃത്തുക്കളോടും അയാളുടെ ഇടപാടുകളില്‍ പങ്കാളികളായിട്ടുള്ളവരോടും എല്ലാം അന്വേഷിച്ചു. അവര്‍ക്കൊന്നും അറിയില്ല. പക്ഷേ, ഞാന്‍ ഉറപ്പിച്ചു പറയുന്നു, അയാള്‍ എവിടെയും മിസ്സിംഗ് ആയിട്ടില്ല. അയാള്‍ എവിടെ എന്നുള്ളത് ഈ മരിച്ച ട്രീസയ്ക്ക് നന്നായിട്ട് അറിയാമായിരുന്നു. നമ്മള്‍ ചോദിച്ചപ്പോള്‍ എല്ലാം ഒഴിഞ്ഞു മാറിയെങ്കിലും ട്രീസ അറിയാത്ത ഒരു കാര്യവും ഡേവിസിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വ്യക്തമായി പറയാം, ഡേവിസ് എവിടെയുണ്ടെന്ന് അയാളുടെ ഭാര്യയായ ട്രീസക്ക് അറിയാമായിരുന്നു.'
ഇനിയുള്ള ജോലികളെല്ലാം ചെയ്യാന്‍ ഏല്‍പ്പിച്ചുകൊണ്ട് എസ്.പി അവിടെ നിന്നും ഇറങ്ങി. ഏകദേശം ഒരു അഞ്ചു കിലോമീറ്റര്‍ മുമ്പോട്ട് പോയപ്പോഴേക്കും സി.ഐ ജയദേവന്റെ കോള്‍ വന്നു.
'മാഡം ഒരു അര്‍ജന്റ് മാറ്ററുണ്ട്. ദൂരെ എത്തിയോ?'
'എന്താണ്? കാര്യം എന്താണെന്ന് പറയൂ. ഞാന്‍ അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെ ആയിട്ടേയുള്ളൂ. '
'വീടിന്റെ അകം പരിശോധിക്കുന്ന കൂട്ടത്തില്‍ സംശയം തോന്നിയ പൊള്ളയായ ഒരു ഇടം നിലത്തിനോട് ചേര്‍ന്ന് കണ്ടു. അവിടെ ഒന്നു രണ്ടു തവണ ചുറ്റിക വെച്ച് ഇടിച്ചപ്പോള്‍ സംശയം. ഞങ്ങള്‍ ആ ഭാഗം ഇളക്കി എടുത്തു. അപ്പോള്‍ ഒരു പഴയ നിലവറയുടെ അകത്തേക്ക് ഉള്ള വാതില്‍ തുറന്നു. അതിനകത്ത് നിന്നും ഒരു ശവശരീരത്തിന്റെ വളരെ പഴകിയ ഒരു ജീര്‍ണ്ണിച്ച മണം വരുന്നുണ്ട്. ഇവിടെയെങ്ങും വാതില്‍ തുറന്നശേഷം ഇവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.'
'വാട്ട് .... ഓ ഗോഡ്... എത്രയും വേഗം ഞാന്‍ അവിടേക്ക് എത്താം. താന്‍ അവിടെ പരിശോധിക്കാനുള്ള ഏര്‍പ്പാടുകള്‍ തയ്യാറാക്കു. വീടിനകത്തേക്ക് പൊലീസ് അല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കരുത്. നമുക്ക് കിട്ടാന്‍ സാധ്യതയുള്ള ചെറിയൊരു എവിഡന്‍സ് പോലും നഷ്ടപ്പെടുന്നതിന് അത് കാരണമാകും. ഞാന്‍ പ്രത്യേകിച്ച് ജയദേവന് അതൊന്നും പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. വാലും തുമ്പും ഇല്ലാതെ പല കേസുകളും അവസാനിക്കുന്നതിന് കാരണം തന്നെ ഇതൊക്കെ തന്നെയാണ്.'
(തുടരും)
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.