Art and Literature
ലിവിങ് ടുഗെതര്‍
Art and Literature

ലിവിങ് ടുഗെതര്‍

അനിത അമ്മാനത്ത്
|
18 Nov 2023 8:17 AM GMT

അനിത അമ്മാനത്ത് എഴുതിയ നോവല്‍ ആരംഭിക്കുന്നു

'ശ്ശൊ നിങ്ങള് എന്താ പെണ്ണുങ്ങളെ കാണാതെ കിടക്കുവായിരുന്നോ?'

'അതെന്താടി അങ്ങനെ ചോദിക്കുന്നത് ?'

'അല്ല.. ആക്രാന്തം കണ്ടിട്ട് ചോദിച്ചതാണ്.'

നഥാനും ഇസബെല്ലയും കിടക്കയിലെ വേലിയേറ്റത്തിന് ശേഷമുള്ള വേലിയിറക്കത്തില്‍ പതിയെ ശാന്തത കൈവരിക്കുകയാണ്.

'ഞാന്‍ ചുമ്മാ പറയുവാണെന്ന് വിചാരിക്കരുത്. വയസ് ഒന്നിനും ഒരു തടസമല്ലെന്ന് പറയുന്നത് ഇതായിരിക്കുമല്ലേ നഥാന്‍!' ഇസബെല്ല നഥാന്റെ നെഞ്ചില്‍ കൈ വെച്ച് രോമങ്ങള്‍ ഓരോന്നായി പിടിച്ചു വലിച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയില്‍ നഥാന്‍ മയക്കത്തിലേക്ക് വീണിട്ടുണ്ടായിരുന്നു. ഇസബെല്ലയുടെ കൊഞ്ചലുകളെ കവച്ചുവെച്ച് നഥാന്റെ കൂര്‍ക്കം വലി രാത്രിയുടെ നിശബ്ദതയില്‍ ആ മുറിയില്‍ ഏന്തി വലിഞ്ഞ് മുറുക്കി കൊണ്ടിരുന്നു.

ഇസബെല്ലക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അവള്‍ പിന്നെയും പ്രതീക്ഷയോടു കൂടി അവന്റെ നെഞ്ചില്‍ നഖം കൊണ്ട് കോറി വരച്ചു കൊണ്ടിരുന്നു.

'നഥാന്‍.. നഥാന്‍.. നീയുറങ്ങിയോ? ഇതെന്തൊരു ഉറക്കമാണ് മനുഷ്യാ. ഒന്ന് എഴുന്നേല്‍ക്ക്. ഒരു കാര്യം പറയാനുണ്ട്.'

'ബെല്ല പ്ലീസ്.. ഞാനൊന്ന് ഉറങ്ങിക്കോട്ടെ. നമുക്ക് നാളെ സംസാരിക്കാം.' പാതി ഉറക്കത്തില്‍ കണ്ണുകള്‍ തുറക്കാതെ മന്ത്രിച്ച് കൊണ്ടിരുന്നു.

എന്നാല്‍, ഇസബെല്ല വിടാനുള്ള ഒരുക്കമല്ലായിരുന്നു അവള്‍ പിന്നെയും അവനെ വിളിച്ചുകൊണ്ടിരുന്നു.

'നഥാന്‍ പ്ലീസ്.. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. അതിനുശേഷം നമുക്ക് ഉറങ്ങാം. എനിക്ക് നിന്നോട് ഇന്നുണ്ടായ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.'

'പ്ലീസ്.. നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്, ഉറങ്ങുമ്പോള്‍ ശല്യം ചെയ്യരുതെന്ന്.' ഇത് കേട്ടപ്പോള്‍ ദേഷ്യം വന്നു. അവള്‍ അവന്റെ ശരീരത്തില്‍ നിന്നും അകന്നു മാറി. കട്ടിലിന്റെ ഒരു വശം തിരിഞ്ഞ് കിടന്നു.

ഒരിക്കലും ഇഷ്ടമല്ലാത്ത നഥാന്റെ ഒരു സ്വഭാവമായിരുന്നു ഇത്. ഇസ പറയുന്നത് കേള്‍ക്കാന്‍ അവന് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. രാത്രിയുടെ കേളികള്‍ക്കപ്പുറം അവന് ഇസയുടെ സംസാരങ്ങളെ കാതോര്‍ക്കാനുള്ള ക്ഷമയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ എന്തെല്ലാമോ ആലോചിച്ചുകൊണ്ട് ഇസ വസ്ത്രങ്ങള്‍ ഊര്‍ന്നിറങ്ങിയ തന്റെ ശരീരത്തിലേക്ക് പുതപ്പ് കൈകൊണ്ട് മൂടിയിട്ടു. നഥാനും വസ്ത്രങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ഉറങ്ങുന്നത് കണ്ടുകൊണ്ട് അവള്‍ പതിയെ ചിരിച്ചു.

കുറച്ചുമുമ്പ് തങ്ങള്‍ക്കിടയില്‍ ഉണ്ടായ രതിനിര്‍വേദത്തിന്റെ ചൂടില്‍ അവള്‍ എപ്പോഴോ മയങ്ങിപ്പോയി. ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉണരുന്നത്. ഫോണ്‍ കട്ട് ചെയ്ത് വീണ്ടും ഉറക്കത്തിലേക്ക് പോയി.

നഥാനെ അഭിമുഖീകരിച്ച് കിടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ നഥാന്റെ കൈകള്‍ അവളെ ഉറക്കത്തില്‍ വരിഞ്ഞു മുറുകി.

അവന്‍ ഉറക്കമാണോ അല്ലയോ എന്ന് അവള്‍ക്ക് വീണ്ടും സംശയമായി. അവള്‍ തിരിഞ്ഞൊന്നു നോക്കി..

'ഉം.. ഉറക്കം തന്നെയാണ്.'

വീണ്ടും മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ആ കോള്‍ കട്ട് ചെയ്ത് വാട്ട്‌സ് ആപ്പ് തുറന്നു. ആദത്തിന്റെ വാട്ട്‌സ് ആപ്പ് ചാറ്റ് തുറന്നു. നിറയെ മെസേജുകള്‍ വന്ന് കിടപ്പുണ്ട്. നഥാന്‍ കൂടെയുള്ളപ്പോള്‍ നെറ്റ് ഓഫ് ചെയ്ത് വെക്കുക പതിവാണ്. ഇല്ലെങ്കില്‍ ഓരോ മെസേജിനും എക്‌സ്പ്ലനേഷന്‍ കൊടുക്കേണ്ടി വരും.

'ആദം.. ഞാന്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം. ഇന്ന് നഥാന്‍ പോയിട്ടില്ല. ഐ ലവ് യൂ..'

'ആ ഡാഷ് ഇന്ന് എന്താണാവോ പോകാത്തത്? എന്തായാലും പിന്നെ വിളിക്ക്. ഐ ടൂ ലവ് യൂ...'

വേഗം തന്നെ നെറ്റ് ഓഫ് ചെയ്ത് ഇസ മൊബൈലില്‍ നിന്നും കണ്ണെടുത്തത് നഥാന്റെ മുഖത്തേക്ക് ആയിരുന്നു.

'നീ ഉണര്‍ന്നോ? ഇന്നെന്താ പതിവില്ലാത്ത ഉറക്കം.' ഇസ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ചോദിച്ചു.

അതിന് ഉത്തരം പറയാന്‍ താല്‍പര്യപ്പെടാതെ നഥാന്‍ അവളുടെ മൊബൈലിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.

'ആരാ നിന്നെ വിളിച്ചത്? നിന്റെ ഭര്‍ത്താവാണോ?'

'അതെ..' അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'പിന്നെന്താ സംസാരിക്കാതിരുന്നത്?'

'നീ ഉറങ്ങുവല്ലേ നിന്നെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി. പിന്നെ പുറത്തുപോയി സംസാരിക്കാനുള്ള ഒരു മൂഡില്ലായിരുന്നു.'

'മൂഡില്ലാത്തതോ? അതോ..' പാതിയില്‍ നിര്‍ത്തി അവന്‍ ഇസയെ നോക്കി അര്‍ഥംവെച്ച് ചിരിച്ചു.

'തുണിയില്ലാത്തതോ എന്നല്ലേ നീ ഉദ്ദേശിച്ചത്? അതുകൊണ്ടുതന്നെയാണ് പോകാതിരുന്നത്. അതിന് കാരണം നീ തന്നെയല്ലേ' എന്ന് പറഞ്ഞുകൊണ്ട് അവള്‍ ആ പുതപ്പ് ചുരുട്ടിക്കൂട്ടി അവന്റെ മുഖത്തേക്ക് എറിഞ്ഞു. മുഖത്തേക്ക് വരുന്ന പുതപ്പിന്റെ ഒരറ്റം പിടിച്ചുകൊണ്ട് അവന്‍ അവളെ വീണ്ടും തന്നിലേക്ക് ചേര്‍ത്തു.

'ഇന്നെന്താ നിന്റെ ഭാവം? വീട്ടില്‍ പോകുന്നില്ലേ? സാധാരണ സമയം കഴിഞ്ഞല്ലോ?'

'നിനക്കറിയാമല്ലോ വീട്ടിലെ കാര്യങ്ങളെല്ലാം. അവിടെ ആകെ പ്രശ്‌നമാണ്. അതുകൊണ്ട് എന്തുവേണമെന്ന് ആലോചിക്കുകയാണ്.'

'നീ എന്തു വേണമെങ്കിലും ആലോചിച്ചോളൂ. പക്ഷേ ഈ എഗ്രിമെന്റിന് അപ്പുറം മറ്റൊന്നും ആലോചിച്ചിട്ട് ഒരു കാര്യവുമില്ല.'

'എനിക്കറിയാം ഡാര്‍ലിംഗ്. അതില്‍ ഇല്ലാത്ത ഒരു കാര്യവും ഞാന്‍ നിന്നോട് ആവശ്യപ്പെടുകയും ഇല്ല.' ഇത്രയും പറഞ്ഞ് നഥാന്‍ തന്റെ കിടക്കവിട്ട് എഴുന്നേറ്റു. അവന്‍ ബാത്‌റൂമിലേക്ക് കയറിപ്പോയി. അവന്‍ പോയ വഴിയെ ഇസ എന്തോ ആലോചിച്ചുകൊണ്ട് അങ്ങനെ ഇരുന്നു പോയി. ബാത്ത് റൂമില്‍ നിന്നും ഫ്രെഷ് ആയി പുറത്തിറങ്ങിയ നഥാന്‍ അവളെ നോക്കി ചിരിച്ചു.

കള്ള കാമുകനില്‍ നിന്നും ഭര്‍ത്താവിന്റെ വേഷത്തിലേക്കുള്ള പരിവേഷം അവള്‍ കൗതുകത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു.


'എന്താടി ഇത്ര നോക്കാന്‍ ?'

'വേഷപ്പകര്‍ച്ച നോക്കി ഇരുന്ന് പോയതാണേ.. '

'അതു കേട്ടപ്പോള്‍ അവന്‍ ഉറക്കെ ചിരിച്ചു. നീ പിന്നെ പതിവ്രത ആയതു കൊണ്ട് ഈ പറഞ്ഞത് ഞാന്‍ സഹിച്ചിരിക്കുന്നു. '

'വല്യ കളിയാക്കല്‍ വേണ്ട. ഞാന്‍ പതിവ്രത അല്ലെന്ന് എന്റെ ഭര്‍ത്താവിന് അറിയാം. പക്ഷേ, നിന്റെ കാര്യം അങ്ങനെ അല്ലല്ലോ. നാട്ടിലും വീട്ടിലും വല്യ മാന്യന്‍ അല്ലേ. '

'നാട്ടില്‍ മാന്യനാണ്. പക്ഷേ വീട്ടുകാര്‍ക്ക് അറിയാം നമ്മുടെ ഈ ബന്ധം.'

'വീട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അതില്‍ നിന്റെ ഭാര്യ ഉള്‍പ്പെടുമോ?'

'അവളെ ആര് കണക്കാക്കുന്നു. പോകാന്‍ പറയ് ആ യൂസ്ലെസിനോട്.'

അവള്‍ ഊറി ചിരിച്ചു.

'നീ കണക്കെടുപ്പ് നടത്താതെ വല്ലതും ഉടുക്കാന്‍ നോക്ക്' എന്ന് പറഞ്ഞ് അവളുടെ ഗൗണ്‍ അലമാറ തുറന്ന് എടുത്തു കൊടുത്തു.

'ഈ ആഴ്ച കൂടിയേ ഞാന്‍ കാണുള്ളു. അതിനുള്ളില്‍ നിന്റെ തീരുമാനം എന്താന്ന് വെച്ചാല്‍ അറിയിക്കണം. '

'ഞാന്‍ അമ്മയോടും അച്ഛനോടും സംസാരിക്കട്ടെ. എന്നിട്ട് പറയാം. ആ മൂധേവി ഇരിക്കാപാറയായി അവിടെ ഉറച്ചു പോയോ നോക്കട്ടെ.'

'എനിക്ക് ഒരു കോണ്‍ട്രാക്ട് കൂടി വേണമെങ്കില്‍ പറ്റും. അതു കഴിയുമ്പോഴേക്കും ഭര്‍ത്താവ് നാട്ടില്‍ വരും. പിന്നെ രണ്ട് മാസം റെസ്റ്റ് ' അവള്‍ കോട്ടുവായ ഇട്ടു പറഞ്ഞു.

അവിടെ നിന്നും തൃശൂര്‍ നഗരത്തിന്റെ തിരക്കുകളിലേക്ക് ഊഴിയിട്ട് ഇറങ്ങുമ്പോള്‍ നാളെയുടെ നീളം മാത്രമേ തങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് ഉള്ളതെന്ന് അറിയാതെ നഥാന്റെ മനസില്‍ നിറയെ ഭാര്യയോടുള്ള പുച്ഛത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു. അവളുടെ താലി പൊട്ടിച്ചെറിയാനായി സഹായിക്കുന്ന ഇസബെല്ല എന്ന ലിവിംഗ് ടുഗതര്‍ പാര്‍ട്ണറുടെ കോണ്‍ട്രാക്ട് പുതുക്കണമോ എന്ന് അമ്മ തീരുമാനിക്കട്ടെ!

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.


Similar Posts