Art and Literature
കോണ്‍ട്രാക്ട് പാര്‍ട്ണര്‍, ലിവിങ് ടുഗെതര്‍
Art and Literature

കോണ്‍ട്രാക്ട് പാര്‍ട്ണര്‍

അനിത അമ്മാനത്ത്
|
26 Nov 2023 11:56 AM GMT

ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 02

വീട്ടിലേക്ക് വണ്ടിയോടിച്ചു പോകുമ്പോള്‍ നഥാന്റെ മനസ്സ് നിറയെ ഇസബെല്ല ചോദിച്ച ചോദ്യങ്ങള്‍ ആയിരുന്നു. ഭാര്യയുമായുള്ള ബന്ധം ഒഴിവാക്കുന്നതിനുവേണ്ടി താല്‍ക്കാലികമായി കണ്ടുപിടിച്ച ഒരു മാര്‍ഗം മാത്രമായിരുന്നു ബെല്ല. ഒരു കോണ്‍ട്രാക്ട് ബേസില്‍ തുടങ്ങിയ റിലേഷന്‍ഷിപ്പ് അതിനപ്പുറത്തേക്ക് ഒന്നുമില്ല, ഒന്നും ഉണ്ടാകാനും പാടില്ല. പക്ഷേ, എന്തൊക്കെ ചെയ്തിട്ടും വീട്ടില്‍ വന്നു കയറിയ ഭാര്യ എന്ന മാരണം മാത്രം ഒഴിഞ്ഞു പോകുന്നില്ല. എന്റെ അമ്മ എന്തെല്ലാം വഴികള്‍ പയറ്റിയതാണ് ഒന്നും ഒരു രക്ഷയുമില്ല. പരമ്പരാഗത രീതി പിന്തുടര്‍ന്ന് കോണിപ്പടിയില്‍ വെളിച്ചെണ്ണ മുതല്‍ സോപ്പു വെള്ളം വരെ ഒഴിച്ച് നോക്കിയിട്ടും ഭക്ഷണം കൊടുക്കാതെ പട്ടിണിക്ക് ഇട്ടിട്ടും കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വിളിച്ചും മുറിയില്‍ പൂട്ടിയിട്ടും കഴിയാവുന്ന എല്ലാ രീതിയിലും അവളെ പീഡിപ്പിച്ചു നോക്കി. പക്ഷേ, അവള്‍ക്ക് യാതൊരു കുലുക്കവുമില്ല. ഉടുമ്പുപോലെ അള്ളിപിടിച്ച് ഇരിക്കുകയാണ്. അമ്മയോട് എതിര്‍ത്ത് നില്‍ക്കാന്‍ ഇതുവരെയും ആര്‍ക്കും കെല്‍പില്ലായിരുന്നു. ഇത് എന്റെ അമ്മയുടെ ആദ്യ പീഢന തോല്‍വിയാണ്.

നഥാന്‍ പോയ ശേഷമാണ് ഇസബെല്ല ബെഡ് വിട്ട് എഴുന്നേറ്റത്. പ്രധാന വാതില്‍ ലോക്ക് ചെയ്തു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഭര്‍ത്താവിനെ വിളിക്കുവാന്‍ അവള്‍ ഫോണ്‍ കയ്യില്‍ എടുത്തു.

'ഹലോ എന്നോട് പിണക്കമാണോ ഹണീ?' അവള്‍ നേര്‍ത്ത ശബ്ദത്തില്‍ ചോദിച്ചു.

'എന്തിനാണാവോ പിണക്കം?'

'നീ നേരത്തെ വിളിച്ചപ്പോള്‍ എനിക്ക് സംസാരിക്കാന്‍ പറ്റിയില്ലല്ലോ!'

'ഓ... അതു കുഴപ്പമില്ല നീ നിന്റെ മറ്റവനുമായി സൊളളലില്‍ ആയിരിക്കുമല്ലോ.' ആദം പരിഹാസരൂപണ പറഞ്ഞു.

'എന്തായി അവന്റെ കാര്യങ്ങള്‍ നടക്കുമോ?'' അവന്‍ ചോദിച്ചു.

'അവന്റെ കാര്യം നടക്കുമോ എന്ന് സംശയം തന്നെയാണ്. പക്ഷേ, നമ്മുടെ കാര്യം തീരുമാനത്തില്‍ ആവാറായി. അടുത്തമാസം നീ വരികയല്ലേ? അതുകൊണ്ട് അവനോട് ഈ മാസം തന്നെ കോണ്‍ട്രാക്ട് അവസാനിപ്പിക്കാം എന്ന് ഞാന്‍ പറഞ്ഞു. ഒന്നും പറഞ്ഞില്ല, അമ്മയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു അവന്‍ സ്ഥലം വിട്ടു.'

'എന്ത് നീ അവസാനിപ്പിക്കുന്നുവെന്നോ? എന്തുപറ്റി ഇപ്പോള്‍?'

'പിന്നെ എന്താ, ഈ തൊഴില്‍ ആജീവനാന്തം കൊണ്ട് നടക്കാം എന്നാണോ നീ വിചാരിക്കുന്നത്?'

'ആജീവനാന്തം വേണമെന്നില്ല. എന്നാലും കുറച്ചു മാസങ്ങള്‍ കൂടി നിനക്ക് കൊണ്ടുപോകാം.'

'എന്തിനാണ്? എന്താണ് അതിന്റെ ആവശ്യം ഉള്ളത്? നമുക്ക് ഇവിടെ വച്ച് നിര്‍ത്തിക്കൂടെ? 'അവള്‍ അത്ഭുത രൂപേണ ചോദിച്ചു.

'എടി ബുദ്ധൂസേ... വിവരക്കേട് പറയല്ലെടി. അവന്‍ പൊന്മുട്ടയിടുന്ന താറാവാണ്. വെറും പൊന്മുട്ട അല്ല, വെറും താറാവുമല്ല, മന്ദബുദ്ധിയായ പൊന്മുട്ടയിടുന്ന താറാവ്, മനസ്സിലായോ നിനക്ക്!'

'കര്‍ത്താവാണെ സത്യം... എനിക്കൊന്നും മനസ്സിലായില്ല. ഏത് താറാവിന്റെ കാര്യമാണ് നീ പറയുന്നത്? ആരാണ് ഇവിടെ പൊന്മുട്ടയിടുന്നത്?'

'കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ നിന്നെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു!'

'നീ തമാശ കളഞ്ഞ് കാര്യം പറ. നീ എന്താണ് ഉദ്ദേശിച്ചത്? എന്തോ ദുരുദ്ദേശം ആണെന്ന് മനസ്സിലായി. പക്ഷേ എനിക്ക് വ്യക്തമായില്ല.'

'എടി നിനക്ക് അവന്റെ ആവശ്യം മനസ്സിലായല്ലോ. അവന്റെ അത്യാവശ്യവും മനസ്സിലായി. ഇവിടെ നമ്മളുടെ സഹായം ഇല്ലാതെ അവന് ഒരടി പോലും മുന്നോട്ടുവയ്ക്കാന്‍ സാധിക്കുകയില്ല. എന്ത് വിലകൊടുത്തും അവന് അവന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യണമെന്ന ചിന്ത മാത്രമേ ഉള്ളൂ. ഒരു അവിഹിത ബന്ധം ഉണ്ടെന്ന് ബോധപൂര്‍വ്വം സൃഷ്ടിച്ച് അവളെക്കൊണ്ട് തന്നെ കേസ് കൊടുപ്പിക്കുക; ഇതാണ് അവന്റെയും വീട്ടുകാരുടേയും പ്ലാന്‍. ഭാര്യക്ക് അഞ്ച് പൈസ കൊടുത്തില്ലെങ്കിലും നിന്നെ അവര്‍ തീറ്റിപ്പോറ്റാന്‍ തയ്യാറാണ്. ഇവിടെ നമ്മള്‍ ബുദ്ധിപൂര്‍വ്വം കളിക്കണം. ഇപ്പോള്‍ മനസിലായോ അവന്‍ എത്ര വലിയ പുള്ളിയാണെന്ന്. നമ്മള്‍ എഗ്രിമെന്റിന്റെ കാലാവധി അങ്ങ് നീട്ടുന്നു. കയ്യില്‍ നിന്നും പല പേരുകളില്‍ പൈസ വാങ്ങി എടുക്കുന്നു. അതെല്ലാം നിന്റെ മിടുക്ക് പോലെ ഇരിക്കും. ഇപ്പോള്‍ അവന്‍ എന്ത് ചോദിച്ചാലും തരുന്ന മാനസികാവസ്ഥയിലാണ്. അവന്റെ അച്ഛനും അമ്മയും കൂടിയും പിന്താങ്ങുന്ന ലിവിംഗ് റിലേഷന്‍ഷിപ്പ് ആയതുകൊണ്ട് അവന് ഈ ഡേര്‍ട്ടിപ്ലേയ്ക്ക് ധൈര്യക്കുറവ് ഒന്നുമില്ല. മാത്രമല്ല ആ പെണ്ണിനെ ഏത് വഴിയിലൂടെയും എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന വാശിയില്‍ ഇരിക്കുന്നതുകൊണ്ട് എത്ര ചോദിച്ചാലും ആ വിഡ്ഢികള്‍ തരും. അതെല്ലാം നിന്റെ മിടുക്ക് പോലെ ഇരിക്കും.'

'ഓ അതാണോ ഉദ്ദേശിച്ചത്. നീ പറഞ്ഞത് ശരിയാണ്, അവര് വിഡ്ഢികളും മന്ദബുദ്ധികളുമാണ്. ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടി വെപ്പാട്ടിയെ വിലക്കെടുക്കാന്‍ തയ്യാറായിട്ടുള്ള കുടുംബം! അതില്‍പരം എന്തുവേണം അവരുടെ ബുദ്ധിയെയും സംസ്‌കാരത്തെയും കുറിച്ച് വിവരിക്കാന്‍. പിന്നെ നമ്മളെപ്പോലുള്ളവര്‍ക്ക് ആവശ്യവും അത്യാവശ്യവും പണമാണ്. അത് തരാന്‍ തയ്യാറാവുന്നതിന്റെ കൂടെ നിന്ന് കളിക്കുക, അത്രമാത്രമേ നമുക്ക് ചെയ്യേണ്ടതുള്ളൂ. എന്തായാലും നീ പറഞ്ഞ രീതിയില്‍ ഞാന്‍ ഇതുവരെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. നിനക്ക് കുഴപ്പമൊന്നുമില്ല എങ്കില്‍ ഞാന്‍ ഇത് തുടരും.'


'എത്ര കാലം എനിക്കിങ്ങനെ ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെടാന്‍ സാധിക്കും? കഷ്ടപ്പെട്ടു പൈസ ഉണ്ടാക്കി നാട്ടിലെ ലോണും മറ്റ് അത്യാവശ്യവും എല്ലാം നിറവേറ്റി കഴിഞ്ഞാല്‍ ബാക്കി എന്തുണ്ടാകും നമ്മുടെ കയ്യില്‍. ഇതുപോലെയുള്ള ഭൂലോക പിഴകള്‍ നാട്ടില്‍ ഉള്ളപ്പോള്‍ ഇലക്കും മുള്ളിനും കേടു വരാത്ത രീതിയില്‍ ബുദ്ധിപൂര്‍വ്വം കളിച്ചാല്‍ പൈസ നമ്മുടെ പോക്കറ്റിലിരിക്കും. അന്യനാട്ടില്‍ കിടന്ന് കണ്ടവന്റെ ആട്ടും തുപ്പും കൊള്ളേണ്ട കാര്യമെന്ത്! '

'അതെല്ലാം ശരിതന്നെ. പക്ഷേ, നിന്റെ വിശ്വാസം നഷ്ടപ്പെടുമോ എന്നാണ് എന്റെ പേടി.'

'മോളെ ഇസ... നമ്മളിത് ആദ്യമായി കളിക്കുന്ന കളി ഒന്നുമല്ലല്ലോ. ഇതുപോലെ എത്ര എണ്ണത്തിനെ നമ്മള്‍ തേച്ചൊട്ടിച്ചിരിക്കുന്നു. ഏത് കളിക്ക് ഇറങ്ങുമ്പോഴും നമ്മള്‍ പരസ്പരം പറയാറുണ്ട്. ഒരു കളിയ്ക്കും ഒറ്റയ്ക്ക് ഗ്രൗണ്ടില്‍ ഇറങ്ങാറില്ല. അല്ലേ?'

'അത് ശരിയാണ് ഞാനും നീയും ഒരുമിച്ചാണ് എല്ലാകാലവും എല്ലാവരെയും കളി പഠിപ്പിച്ചിട്ടുള്ളത്.'

'ആണല്ലോ. അപ്പോള്‍ ഈ കാര്യത്തിലും വിഷമമൊന്നും വേണ്ട. നമ്മള്‍ മുമ്പോട്ട് തന്നെ.'

ആദവുമായുള്ള സംഭാഷണങ്ങള്‍ പറഞ്ഞ അവസാനിപ്പിച്ചുകൊണ്ട് ഇസ ഫോണ്‍ വെച്ചു.

'വൃത്തികെട്ട കളിയാണ്. വീട്ടില്‍ ആരെങ്കിലും അറിഞ്ഞാല്‍ കഥ മാറും. നാട്ടില്‍ ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുകയും വേണ്ട. പക്ഷേ ആകെ ഒരു ആശ്വാസം ഭര്‍ത്താവ് കൂടെ നില്‍ക്കുന്നുണ്ട് എന്നത് മാത്രമാണ്. എന്നാലും ഒരു പെണ്ണിനോട് ചെയ്യുന്ന ചതിയാണ്. അറിയാതെയല്ല. പക്ഷേ, എന്റെ നിവൃത്തികേടാണ്.' അവള്‍ കണ്ണാടി നോക്കി സ്വയം സംസാരിച്ചുകൊണ്ട് ഇരുന്നു.

കണ്ണാടിയില്‍ അവള്‍ക്ക് അവളുടെ ആത്മാവിനെ കാണുന്നതുപോലെ അനുഭവപ്പെട്ടു. അവളുടെ ആത്മാവ് അവളെ കുത്തിനോവിക്കുന്നതുപോലെ അവള്‍ക്ക് അനുഭവപ്പെട്ടു.

'ഓ ജീസസ് എനിക്കെന്താണ് ഇങ്ങനെയെല്ലാം തോന്നുന്നത്. ഞാന്‍ ചെയ്യുന്നത് തെറ്റാണോ? പക്ഷേ ജീവന്‍ മരണ പോരാട്ടം ആണ് എന്റെ ജീവിതം; എനിക്ക് ഇവിടെ ജയിച്ചേ പറ്റൂ. എത്ര കണ്ണുനീരുകള്‍ വീഴുന്നുണ്ടെന്ന് നോക്കി എന്റെ ജയം എനിക്ക് മാറ്റിവയ്ക്കാന്‍ സാധ്യമല്ല.' അവള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു.

അപ്പോഴാണ് ഇസയുടെ ഫോണ്‍ റിംഗ് ചെയ്തത്. ഡേവിസേട്ടന്‍ ആണല്ലോ. ഫോണില്‍ നോക്കി പറഞ്ഞു.

'എന്താ ഡേവിസേട്ടാ?'

'നിന്നെ കാണാന്‍ ഒരാള്‍ പെര്‍മിഷന്‍ ചോദിക്കുന്നുണ്ട്.'

'ആരാണത്? എന്താണ് കാര്യം?'

'അതെനിക്കറിയില്ല വിവരങ്ങള്‍ ഒന്നും പറയാന്‍ തയ്യാറാകുന്നില്ല. എല്ലാം നിന്നോട് നേരിട്ട് സംസാരിക്കാന്‍ ഉള്ളതാണ് എന്നാണ് പറഞ്ഞത്.'

'പുതിയ വല്ല കേസും ആയിരിക്കുമോ?'

'അതെനിക്ക് വ്യക്തമല്ല. പക്ഷേ സംസാരം കേട്ടിട്ട് പഴയ ഏതോ പൂട്ട് ആണെന്നാണ് തോന്നുന്നത്.'

'അയ്യോ! പഴയ ഐറ്റംസ് ഒന്നും ഞാന്‍ വീണ്ടും എടുക്കുന്നില്ല ഇപ്പോള്‍. തലയിലുള്ള ഒന്ന് തന്നെ ഒഴിഞ്ഞു പോകുന്ന ലക്ഷണമില്ല. അതുകൊണ്ട് പുതിയതും എടുക്കുന്നില്ല. ഇതു തന്നെ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്.'

'എന്തായാലും കണ്ടു നോക്ക്. കാര്യമെന്താണെന്ന് അയാള്‍ നിന്നോട് മാത്രമേ പറയാനുള്ളൂ എന്നാണ് പറഞ്ഞത്.'

'ശരി.. അങ്ങനെയെങ്കില്‍ ഞാന്‍ ആളെ കാണാം. എന്തായാലും ഫ്‌ലാറ്റിലേക്ക് കയറ്റി വിടണ്ട. ഹോട്ടല്‍ ലൂസിഫറില്‍ റൂം എടുത്ത ശേഷം ഞാന്‍ അറിയിക്കാം. അങ്ങോട്ട് വരട്ടെ.'

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.


Similar Posts