ഹോട്ടല്‍ ലൂസിഫറിലെ ദുരൂഹ മരണം
|ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 04
'മോനെ ആദം... മോനേ...'
'എന്താ പപ്പാ ... എന്തു പറ്റി. എന്താണ് കരയുന്നത്?'
'അത്.. അത്..മോനേ..' (ഇടര്ച്ചയിലുള്ള വിളി)
'എന്താണ് പപ്പയുടെ ശബ്ദം ഇങ്ങനെ ഇരിക്കുന്നത്?'
(കരച്ചില് മാത്രം മറുതലയ്ക്കല്‍ നിന്നും ഉയരുന്നു)
'രാവിലെ തന്നെ ഫോണ്‍ വിളിച്ച് ഉണര്‍ത്തി ഒന്നും പറയാതെ കരഞ്ഞുകൊണ്ടിരുന്നാല്‍ ഞാന്‍ എങ്ങനെ കാര്യം മനസ്സിലാക്കാനാണ്. കാര്യം എന്താണ്? അവിടെ പ്രശ്നം എന്തെങ്കിലും ഉണ്ടായോ? '
'മോനേ എത്രയും വേഗം നീ നാട്ടില്‍ വരണം.'
'വരാം പപ്പാ... ഞാന്‍ വരാനിരിക്കുകയല്ലേ.'
'അതല്ല നീ ഇന്നു തന്നെ വരണം..'
'ഇന്നോ എന്തിന് പപ്പാ? എന്താ രാത്രി വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എനിക്ക് എന്തെങ്കിലും പറ്റിയത്? അതാണല്ലോ പപ്പയുടെ സ്ഥിരം സ്വപ്നം.' അവന് ചെറുതായി ചിരിച്ചു കൊണ്ട് ചോദിച്ചു.
'സ്വപ്നമൊന്നുമല്ല മോനേ, ഇവിടെ ആകെ പ്രശ്നമാണ്. മോന് എത്രയും വേഗം വരണം. എന്നെക്കൊണ്ട് ഇതെല്ലാം കാണാനും കേള്‍ക്കാനും വയ്യ.' വര്‍ഗീസ് കുറച്ച് കടുപ്പത്തില്‍ പറഞ്ഞു.
ആദത്തിന്റെ മുഖത്തെ ചിരി മാഞ്ഞു.
'എന്താണ് പ്രശ്നം? ഞാന്‍ ഇസയോട് കുറച്ചു ദിവസം വീട്ടില്‍ വന്ന് താമസിക്കാന്‍ പറയണോ?'
'നിനക്ക് എത്രയും വേഗം നാട്ടിലേക്ക് വരാന്‍ സാധിക്കുമോ ഇല്ലയോ; അത് മാത്രം നീ പറഞ്ഞാല്‍ മതി?' വര്‍ഗീസ് മുറുമുറുത്തു.
'ഞാന്‍ വരാം. ആദ്യം ഞാന്‍ ഒന്ന് ഇസയെ വിളിക്കട്ടെ. എന്താണ് പ്രശ്നം എന്ന് ചോദിക്കട്ടെ .'
'മോന് ആരെയും വിളിക്കണ്ട.'
'അതെന്താ?'
'വിളിക്കേണ്ടെന്ന് പറഞ്ഞില്ലേ.' ആദത്തിന്റെ പപ്പ വര്‍ഗീസ് ഇമ്മാനുവല്‍ ഉച്ചത്തില്‍ പറഞ്ഞു.
'അവളുമായാണോ പ്രശ്നം? അവള് എന്തെങ്കിലും എന്റെ പപ്പയെ പറഞ്ഞുവെങ്കില്‍ അത് അറിഞ്ഞിട്ട് തന്നെ കാര്യം.'
'അവളെ വിളിച്ചാലും കിട്ടില്ല നിനക്ക്. അവളോട് സംസാരിക്കാന്‍ പറ്റില്ല. അവള്‍ക്ക് എന്തോ അപകടം പറ്റിയിരിക്കുന്നു, ഇവിടെ പൊലീസ് വന്നിരുന്നു.'
'പൊലീസോ? എന്തപകടം? ഞാന്‍ ഇന്നലെ രാത്രി കൂടി അവളോട് സംസാരിച്ചത് ആണല്ലോ. അപ്പോള്‍ അവള് ഫ്ളാറ്റില്‍ ആയിരുന്നു. പിന്നീട് എങ്ങോട്ടും പോയിട്ടില്ല. പിന്നെന്ത് അപകടം?'
'അതൊന്നും എനിക്കറിയില്ല മോനേ. ഇവിടെ പൊലീസ് വന്നിരുന്നു. എന്തൊക്കെയോ ചോദിച്ചു. നീ എവിടെയാണ്? നിന്റെ വിവരങ്ങള്‍ എല്ലാം ചോദിച്ചു. അവര്‍ വിളിപ്പിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞു. എനിക്കൊന്നും മനസ്സിലാവുന്നില്ല. ഈ സിറ്റുവേഷന് എനിക്ക് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാനും വയ്യ. ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ബന്ധമാണെങ്കിലും അവള് നിന്റെ ഭാര്യയാണ്. അവള് കാരണം പൊലീസ് ഇവിടെ കയറി ഇറങ്ങുക എന്നെല്ലാം പറഞ്ഞാല്‍ അത് എനിക്ക് കുറച്ചധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അതിലേറെ അഭിമാനപ്രശ്നവും. നമ്മുടെ തറവാട്ടില്‍ ഇതുവരെയും പൊലീസ് കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. നിന്റെ ഭാര്യയായി അതുണ്ടാക്കുമ്പോള്‍ ഞാന്‍ എന്ത് ചെയ്യണം? മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ എനിക്ക് തൊലി ഉരിയുന്നു. നീ എത്രയും വേഗം ഇവിടെ വന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണം.'
'പപ്പാ വിഷമിക്കണ്ട. ആദ്യം ഞാന്‍ ടിക്കറ്റ് നോക്കട്ടെ. വരുന്നത് അനുസരിച്ച് ഞാന്‍ അറിയിക്കാം.'
'പൊലീസ് ഇവിടെ വന്ന് കയറിയപ്പോള്‍ എനിക്ക് നിന്നെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തറവാടിന് ഏറ്റിട്ടുള്ള അഭിമാനക്ഷതം എത്രയും വേഗം മാറ്റണം. എനിക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കാനുള്ളതാണ്.' എന്ന താക്കീതോടെ വര്‍ഗീസ് ഫോണ്‍ വെച്ചു.
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ആദം ഇതെല്ലാം കേട്ട് എന്തുചെയ്യണമെന്ന് അറിയാതെ സ്വബോധം തിരിച്ചു കിട്ടുന്നതിനുവേണ്ടി കുറച്ചു മിനിറ്റുകള്‍ അങ്ങനെ തന്നെ ഇരുന്നു.
'ആരോടാണ് അന്വേഷിക്കുക?' വിവാഹശേഷം എല്ലാവരുമായുളള ബന്ധം അവള് മുറിച്ചു മാറ്റിയിരുന്നു. വാട്സ്ആപ്പ് എടുത്ത് അവളുടെ ചാറ്റ് ബോക്സ് തുറന്നു. ഇന്നലെ രാത്രി 7 മണിക്ക് ശേഷം അവള് വാട്സ്ആപ്പ് നോക്കിയിട്ട് പോലും ഇല്ല. കുറച്ചുനേരം അവര്‍ രണ്ടുപേരും ഒരുമിച്ചുള്ള ഇസയുടെ ഡി.പിയിലേക്ക് തന്നെ നോക്കിയിരുന്നു.
'നാട്ടിലൊന്ന് പോയി വന്നേക്കാം. ടിക്കറ്റ് നോക്കി. രാത്രിയിലേക്കുള്ള ടിക്കറ്റ് കണ്‍ഫോം ചെയ്തു വയ്ക്കുകയും ചെയ്തു. എങ്കിലും പ്രശ്നം എന്തെന്ന് അറിയുന്നില്ല. ഇസയാണെങ്കില്‍ വിളിക്കുന്നുമില്ല, മെസ്സേജ് ചെയ്യുന്നുമില്ല. അങ്ങോട്ടൊന്ന് വിളിച്ചു നോക്കിയേക്കാം. ആദ്യം ഒരു മെസേജ് ഇട്ട് നോക്കാം.'
'എന്തുപറ്റി? എന്താണ് പ്രശ്നം? പപ്പ വിളിച്ചിരുന്നു. എന്തൊക്കെയോ പറഞ്ഞു. പൊലീസ് വന്നിരുന്നു എന്നും മറ്റും പറഞ്ഞു. എന്തു കുഴപ്പമാണ് ഉണ്ടായത്? എന്ത് അപകടമാണ് നിനക്ക് സംഭവിച്ചത്? അതിന്റെ പേരില്‍ എന്തിനാണ് പൊലീസ് എന്റെ പപ്പയെ അന്വേഷിച്ചു ചെന്നത്? എന്തായാലും എന്നോട് നാട്ടിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്.' പതിവുപോലെ അവള്‍ക്ക് വോയ്സ് മെസ്സേജ് ഇട്ടു. പെര്മിഷന് കൂടാതെ ഫോണ്‍ ചെയ്യരുത് എന്നാണ് അവളുടെ ഓര്‍ഡര്‍. എന്തോ പതിവില്ലാത്ത ഒരു നെഞ്ചിടിപ്പ്. അവള് ബിസി ആണെങ്കില്‍ പോലും പിന്നെ വിളിക്കാം എന്നോ മെസ്സേജ് ചെയ്യാം എന്നോ റിപ്ലൈ ചെയ്യാറുണ്ട്. ഇതൊന്നും കാണുന്നില്ല. എന്തായാലും രണ്ടും കല്‍പ്പിച്ച് അവന് ഫോണ്‍ ചെയ്യാന്‍ അടുത്തേക്ക് ചെന്നു.
ഫോണ്‍ എടുത്തത് പൊലീസ് സ്റ്റേഷനിലാണ്.
'നിങ്ങളുടെ ഭാര്യ ഇസബെല്ല വിഷം കഴിച്ച് മരിച്ചു! ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. അതുമായി ബന്ധപ്പെട്ട പൊലീസ് എന്‍ക്വയറിക്ക് നിങ്ങള്‍ സഹകരിക്കണം. എത്രയും വേഗം നാട്ടിലെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.'
ഇടിവെട്ടേറ്റ പോലെ മറുപടിയൊന്നും പറയാതെ നിന്നു.
'തലേദിവസം വരെയും തന്നോട് വളരെ സന്തോഷത്തില്‍ സംസാരിച്ചിരുന്ന ഭാര്യ ആത്മഹത്യ ചെയ്യുകയോ? ഒട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ല. അവള്‍ക്ക് അതിനുമാത്രം ഒരു പ്രശ്നവുമില്ല. എന്നോട് തുറന്നു പറയാത്ത ഒരു കാര്യവും അവളുടെ ജീവിതത്തിലില്ല. എല്ലാത്തിനും ഞാന്‍ ഒപ്പം കൂട്ടുനിന്നിട്ടേയുള്ളൂ. എന്നിട്ടും അവള്‍ക്ക് ആത്മഹത്യ ചെയ്യണമായിരുന്നോ? അവള് വിട്ടുപോയി എന്നുള്ള സത്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ല. പത്ത് വര്‍ഷത്തിലേറെയായി ഉള്ള പ്രേമബന്ധമാണ് വിവാഹത്തില്‍ എത്തിയത്. അതിന്റെ പേരില്‍ എന്തെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായിട്ടും തന്നെ വിട്ടുപോകാതെ നിന്നിരുന്ന തന്റെ പാതിയാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. അവര്‍ക്ക് ആളു മാറിയതായിരിക്കും.' അങ്ങനെയാവാനേ തരമുള്ളൂ എന്ന ഉറപ്പിന്മേല് വീണ്ടും അവന് അതേ നമ്പറില്‍ ഫോണ്‍ വിളിച്ചു. വീണ്ടും ഒരു പൊലീസ് ഫോണ്‍ എടുത്തു.
'ഫോണ്‍ ചെയ്തപ്പോള്‍ അപകടം പറ്റിയത് അറിഞ്ഞു. എന്താണ് പറ്റിയത്? എന്തെങ്കിലും വിവരങ്ങള്‍ താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?'
'താങ്കള്‍ ദുബായില്‍ ആണല്ലേ?'
'അതെ ദുബായിലാണ് ജോലി ചെയ്യുന്നത്. ഞാന്‍ ഇന്നലെ രാത്രി വരെയും എന്റെ ഭാര്യയോട് സംസാരിച്ചിട്ടുള്ളതാണ്. വിവരങ്ങള്‍ ഒന്ന് പറയുമോ? എന്താണ് സംഭവിച്ചത്?
'രാവിലെ ഹോട്ടല്‍ ജീവനക്കാരാണ് വാതില്ക്കല് ചെന്ന് മുട്ടിയത്. പിന്നീട് അരമണിക്കൂറോളം അവര്‍ വെളിയില്‍ കാത്തുനിന്നു. മുറിയില്‍ നിന്നും യാതൊരു അനക്കവുമില്ല. അങ്ങനെ വന്നപ്പോഴാണ് അവര്‍ ഞങ്ങളെ വിവരം അറിയിച്ചത്. ഞങ്ങള്‍ വന്ന് മുറി തുറന്നപ്പോള്‍ ഇസബെല്ലയുടെ മൃതശരീരമാണ് ഉണ്ടായിരുന്നത്.'
'ഫ്ളാറ്റില്‍ ആണല്ലോ എന്റെ ഭാര്യ ഇസ താമസിക്കുന്നത്?'
'മരണം നടന്നിരിക്കുന്നത് ഫ്ളാറ്റില്‍ അല്ല. ഹോട്ടല്‍ ലൂസിഫറില്‍ റൂം നമ്പര്‍ 333 ലാണ്.'
(തുടരും)
ചിത്രീകരണം: ഷെമി
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.