Art and Literature
അനിത അമ്മാനത്ത്, മലയാളം നോവല്‍, മലയാള സാഹിത്യം, ലിവിങ് ടുഗെതര്‍,
Art and Literature

നുണക്കഥകളുടെ പോസ്റ്റ്മാര്‍ട്ടം

അനിത അമ്മാനത്ത്
|
25 Jan 2024 8:21 AM GMT

ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 07

അഡ്വക്കേറ്റ് ജയശങ്കര്‍ അവന്റെ മുന്‍പിലേക്ക് കയറി നിന്ന് അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.

'ഭാര്യയെക്കുറിച്ച് പ്രസംഗിച്ചിട്ട് കാര്യമില്ല, അവളെ മാന്യമായി ഭര്‍ത്താവ് എന്ന രീതിയില്‍ സംരക്ഷിക്കുവാന്‍ കൂടി കെല്‍പ്പ് ഉണ്ടാകണം. അല്ലാതെ അവളെ കൂട്ടിക്കൊടുത്തുണ്ടാക്കിയ പൈസ കൊണ്ട് മൃഷ്ടാന്നഭോജനം നടത്തരുത്.'

ആദത്തിന്റെ മുഖം ദേഷ്യത്താല്‍ ചുമന്നു. അവന്റെ സര്‍വ്വ അംഗവും കോപം കൊണ്ട് ജ്വലിച്ചു. അവന്‍ ആക്രോശിച്ചു. 'അങ്കിള്‍ വൃത്തികേട് പറയുന്നതിനും ഒരു പരിധി വേണം.'

'ഈ അഭിനയം നീ അറിഞ്ഞു കൊണ്ട് മന്ദബുദ്ധികളാക്കുന്ന നിന്റെ അച്ഛന്റെയും അമ്മയുടെയും മുമ്പില്‍ മതി. ഞാനൊരു വക്കീലാണെന്ന് നീ മറക്കണ്ട. എനിക്ക് സമൂഹത്തിലും പൊലീസിലും നല്ല പിടിപാടുണ്ട്. നിന്റെ ഭാര്യയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. അവള്‍ ജീവിച്ച ഓരോയിടത്തും ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാന്‍ എന്റെ ആള്‍ക്കാരെ വിട്ട് വേണ്ട രീതിയില്‍ അന്വേഷിപ്പിച്ചു. അത്ര നല്ല റിപ്പോര്‍ട്ട് അല്ലല്ലോ മോനെ കിട്ടുന്നത്! അതിലുള്ള നിന്റെ പങ്കു കൂടി എനിക്ക് തെളിവായി കിട്ടിയാല്‍ പിന്നെ നിന്റെ കുടുംബ വക്കീലിന്റെ പണിക്ക് വേറെ ആളെ നോക്കിയേക്ക്. എനിക്ക് താല്‍പര്യമില്ല. അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ ഒരു വൃത്തികെട്ട പരിപാടിക്ക് കൂട്ടുനില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. വക്കീല്‍ കോട്ടിലെ ബട്ടണ്‍ ഇട്ടുകൊണ്ട് പറഞ്ഞു.'

ആദം ഒന്നും പറയാതെ താഴേക്ക് നോക്കിക്കൊണ്ട് ഇരുന്നു. ഇസയെക്കുറിച്ച് ഒരാള്‍ പോലും മോശമായി സംസാരിക്കുന്നത് അവന് ഇഷ്ടമല്ല. അവന്റെ മുഖഭാവം മാറി തുടങ്ങി. മുഖത്ത് രക്തം പൊടിയുമെന്ന് അവസ്ഥയില്‍ ചുവന്ന് തുടുത്ത ദേഷ്യം അവന്‍ അടക്കിപ്പിടിച്ചുകൊണ്ട് നിന്നു.

'നിനക്കെന്താടാ ദേഷ്യം വരുന്നുണ്ടോ നിന്റെ ഭാര്യയെക്കുറിച്ച് പറയുമ്പോള്‍? ആ ഭാര്യ വൃത്തികേടുകള്‍ ചെയ്തതിലല്ല അവന്റെ വിഷമം. പകരം എല്ലാം ചെയ്തിരുന്നത് നിന്റെ സഹായത്തോടെയും ഒത്താശയോടെയും കൂടിയാണെന്ന് ഞാന്‍ അറിഞ്ഞതില്‍ മാത്രമാണ് നിനക്ക് വിഷമം. അല്ലേ?'

അങ്കിള്‍ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ചോദിക്കുന്നതെന്ന് അവന് ബോധ്യമായി. എങ്ങനെയെങ്കിലും അങ്കിളിനെ കയ്യിലെടുത്തേ മതിയാകൂ. ഒരു കരച്ചില്‍ വേണ്ടി വന്നേക്കാം. അവന്‍ മനസ്സില്‍ കരുതി.

'ഞാന്‍ പോലീസില്‍ നിന്നും ചില വിവരങ്ങള്‍ അറിഞ്ഞു. പൊന്നു മോനെ ആദം നീ തിരിച്ച് ദുബായ് കാണുമോ എന്ന് എനിക്ക് സംശയമാണ്. ഇന്ത്യയിലെ ജയില്‍ മാത്രം നീ ഇനിയുള്ള കാലം കാണേണ്ടി വരുമോ എന്ന എന്റെ സംശയം ബലപ്പെട്ടതുമാണ്.'

'അങ്കിള്‍ എന്താ എന്നെ ഭീഷണിപ്പെടുത്തുകയാണോ?' അവന്റെ ശബ്ദം മാറി.

'എന്താടാ നിന്റെ ശബ്ദത്തില്‍ ഒക്കെ ഒരു മാറ്റം. ഭീഷണിപ്പെടുത്താനുള്ള ഉദ്ദേശം ആണോ. നിന്റെ അച്ഛനും നിനക്കുമൊക്കെ പണ്ടുമുതലേ എല്ലാവരെയും ഭീഷണിപ്പെടുത്തി അല്ലേ ശീലം ഉള്ളത്? '

'അങ്കിള്‍ പ്ലീസ്... എന്താണ് അങ്കിള്‍ അറിഞ്ഞത്? എന്താണ് കൂടുതലായി അറിയേണ്ടത്? എന്താണ് ഇപ്പോ അങ്കിളിന്റെ പ്രശ്‌നം? അത്രയും പറഞ്ഞ് നമുക്ക് ഈ സംസാരം അവസാനിപ്പിക്കാം.'

'ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ അത് മറ്റൊരാളും അറിയരുത് എന്നാണ് എന്റെ പ്രാര്‍ഥന. കാരണം, എന്റെ സുഹൃത്ത് വര്‍ഗീസിന് അതൊന്നും സഹിക്കാനുള്ള ത്രാണി ഉണ്ടെന്ന് തോന്നുന്നില്ല. കാര്യം ആളൊരു അഹങ്കാരിയും പൊങ്ങച്ചക്കാരനും ആണ്. അതിനു കാരണം പെട്ടെന്ന് പൈസക്കാരനായതാണ്. പക്ഷേ, അപ്പോഴും അവന്‍ പൈസക്കാരന്‍ ആയത് അധ്വാനിച്ച് തന്നെയാണ്. ചെറുപ്പം മുതലേ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു വളര്‍ന്ന അവന് കയ്യില്‍ പൈസ ഉണ്ടാകണമെന്ന് മോഹം ഉണ്ടായി. അതിനു വേണ്ടി അവന്‍ അധ്വാനിച്ചു. സ്വല്‍പം കുറുക്കുവഴികളിലൂടെ എല്ലാം പോയെങ്കിലും ഒരിക്കലും പാപത്തിന്റെ പങ്ക് അവന്‍ പറ്റിയിട്ടില്ല. ആരെയും ചതിച്ചിട്ടോ വഞ്ചിച്ചിട്ടോ ഇല്ല. അങ്ങനെ ഉണ്ടാക്കിയ പൈസയെ കുറിച്ചാണ് അവന്‍ അഹങ്കരിക്കുന്നത്, അതിനെക്കുറിച്ചാണ് പൊങ്ങച്ചം പറയുന്നത്. അതുകൊണ്ടുതന്നെ കുറ്റം പറയാനും സാധിക്കില്ല. അതുകൊണ്ട് കൂടിയാണ് എന്റെ വക്കീല്‍ കുപ്പായം അവന്റെ ബിസിനസ് സ്ഥാപനങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉപയോഗപ്പെടുത്തുന്നത്. കാരണം, ഞാന്‍ അവന്റെ വളര്‍ച്ചയുടെ ഓരോ പടവും കണ്ടവനാണ്. അന്നെല്ലാം കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടും കൂടെ ഉണ്ടാകണമെന്ന് തോന്നി. അത്രയും വലിയ സൗഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളത്. എത്ര വലിയ ധനാഢ്യനായാലും അവന്റെ ഉള്ളില്‍ ഒരു സാധാരണ മനുഷ്യനുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന ഒരു മനസ്സുണ്ട്. കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയ നിന്റെ മനസ്സ് പോലെയല്ല അത്. 'ജയശങ്കര്‍ വരുന്ന കോപത്തിനെ അടക്കാന്‍ സാധിക്കാതെ കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് മുഷ്ടിചുരുട്ടിക്കൊണ്ട് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

'അങ്കിള്‍... പ്ലീസ്... ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ. ഒരു തെറ്റ് പറ്റി പോയതാണ്. ഞങ്ങള്‍ക്ക് മറ്റു വഴികള്‍ ഇല്ലാതെ വന്നപ്പോള്‍ പൈസയുണ്ടാക്കാനുള്ള ഒരു കുറുക്കുവഴി എന്നോണം ആണ് ഇതിനെ കണ്ടിരുന്നത്. അത് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന മറ്റൊരു രീതിയിലേക്ക് എത്തുന്നത് അറിഞ്ഞില്ല. അവളുടെ മരണത്തിനു ശേഷമാണ് അതിന്റെ ആഴം എനിക്ക് ബോധ്യപ്പെട്ടത്. സത്യം പറഞ്ഞാല്‍ ഒന്നിലും ഞാന്‍ നേരിട്ട് ഭാഗമല്ല. അങ്കിള്‍ വിശ്വസിക്കണം.'

'നിന്റെ ഈ കള്ളക്കഥകളും പൂങ്കണ്ണീരും എല്ലാം ഞാന്‍ വേണമെങ്കില്‍ വിശ്വസിക്കാം. പക്ഷേ, ഇത് പൊലീസിന്റെ അടുക്കല്‍ നടക്കില്ല. അവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് സ്വാഭാവികം ആണല്ലോ. പക്ഷേ, അന്വേഷണത്തിന്റെ തുടക്കം മുതലേ നിനക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. എന്തായാലും കറക്റ്റ് വിവരങ്ങള്‍ ഒന്നും എനിക്കറിയില്ല. ഇത് എന്റെ ഒരു അടുത്ത സുഹൃത്ത് വഴി എനിക്ക് കിട്ടിയ എങ്ങും തൊടാത്ത അലുക്കുകള്‍മാത്രം. പക്ഷേ പോലീസുകാരെ സംബന്ധിച്ചിടത്തോളം അവര്‍ പുറത്തുവിടുന്ന വിവരങ്ങളെക്കാള്‍ കൂടുതല്‍ രഹസ്യ വിവരങ്ങള്‍ ആയിരിക്കും അന്വേഷണത്തില്‍ ഉണ്ടായിരിക്കുക. കാരണം, അല്ലെങ്കില്‍ നിന്നെ പോലെയുള്ള ഫ്രോഡുകള്‍ അവരുടെ മാര്‍ഗത്തിന് വിഘ്‌നം സൃഷ്ടിക്കും. അതില്ലാതിരിക്കാന്‍ വേണ്ടിയാണ്.'


'അങ്കിള്‍ രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലേ ?'

'നിനക്ക് നാണം ആകുന്നില്ലല്ലോ ഇത് ചോദിക്കാന്‍. പക്ഷേ, എന്റെ ജോലി നിന്നെയൊക്കെ രക്ഷപ്പെടുത്തുക എന്നുള്ളതല്ലേ, ഞാന്‍ ശ്രമിച്ചു നോക്കാം. ഉറപ്പൊന്നും പറയുന്നില്ല. കേസ് എന്താണ്, എങ്ങനെയാണ്, എന്നൊന്നും നമുക്ക് ഇപ്പോഴും അറിയില്ലല്ലോ. ആദ്യം അതൊക്കെ ഒന്ന് തെളിയട്ടെ. അതിനുശേഷം നമുക്ക് എന്തെങ്കിലും വഴി നോക്കാം. നീ വിഷമിക്കേണ്ട. സ്‌നേഹം കൊണ്ടല്ല, എന്റെ ആത്മാര്‍ഥ സുഹൃത്ത് വര്‍ഗീസിനോടുള്ള സഹാനുഭൂതി മാത്രമാണ് എനിക്കിപ്പോള്‍ നിന്നോടുള്ളത്. എന്തായാലും നമുക്ക് ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാം. പിന്നെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിന്റെ മനസ്സില്‍ തന്നെ ഇരിക്കട്ടെ. യാതൊരു കാരണവശാലും അത് എവിടെയും വിളമ്പേണ്ടതില്ല. ഞാന്‍ പഠിപ്പിച്ചു തന്ന കാര്യങ്ങള്‍ അതേപോലെതന്നെ പൊലീസിനോട് പറയുക. അതിന്റെ അപ്പുറമോ ഇപ്പുറമോ നീ പറയേണ്ടതില്ല. മനസ്സിലായല്ലോ കാര്യങ്ങള്‍ ?'

'മനസ്സിലായി അങ്കിള്‍... വരൂ നമുക്ക് പോകാം.' അവര്‍ പൊലീസ് സ്റ്റേഷനിലേക്ക് കാറില്‍ കയറി.

കണ്ണില്‍ നിന്നും മറയുന്നത് വരെ വര്‍ഗീസും ഭാര്യയും ഇമ വെട്ടാതെ റോഡിലേക്ക് തന്നെ നോക്കി നിന്നു.

(തുടരും)

ചിത്രീകരണം: ഷെമി

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.




Similar Posts