Art and Literature
കുറ്റവാളികള്‍ക്കുള്ള ചുവപ്പ് സിഗ്‌നല്‍
Art and Literature

കുറ്റവാളികള്‍ക്കുള്ള ചുവപ്പ് സിഗ്‌നല്‍

അനിത അമ്മാനത്ത്
|
4 March 2024 1:41 PM GMT

ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 10

'ഐ സീ... സോ കോള്‍ഡ് സേഫായ ജോലി എന്ന നിലയിലാണ് ഇസബല്ല ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ എത്തിച്ചേരുന്നത്. ഓഫീസ് ജോലിക്ക് പോയാല്‍ മാസം തുച്ഛമായ ശമ്പളമാണ് കിട്ടുക. പക്ഷേ, ഇതുപോലെ പെട്ടെന്ന് കാശുകാരി ആയി വീട്ടുകാരുടെ മുമ്പില്‍ ആളാവാന്‍ അവള്‍ക്ക് മുന്നില്‍ തെളിഞ്ഞ എളുപ്പ വഴി.

കഥ മറ്റൊരു ട്രാക്കിലാണല്ലോ ശിഹാബുദ്ദീന്‍?'

'അബ്‌സൊല്യൂട്ട്‌ലി മേഡം... ആദ്യത്തെ വഴി സറോഗേറ്റ് മദര്‍ ആവുക എന്നതായിരുന്നു. പക്ഷേ ഒരു പ്രസവം എങ്കിലും നോര്‍മല്‍ ആയിട്ട് തന്നെ വേണമെന്നതിനാല്‍ ആ വഴി അടഞ്ഞു. ഇല്ലെങ്കില്‍ അവള്‍ ആ വഴി തന്നെ തെരഞ്ഞെടുക്കുമായിരുന്നു. ഒമ്പത് മാസത്തെ കഷ്ടപ്പാടെ ഉള്ളൂ. ഒന്നിനെപ്രതിയും വിഷമം വേണ്ട. അത് നടക്കാതെ വന്നപ്പോള്‍ നിയമക്കുരുക്ക് ഇല്ലാത്ത മറ്റൊരു വഴി അവള്‍ തിരഞ്ഞെടുത്തു. ഒരു കോണ്‍ട്രാക്ട് എംപ്ലോയിയെ പോലെ കോണ്‍ട്രാക്ട് റിലേഷന്‍ഷിപ്പ്. '

'പക്ഷേ ഇവിടെ അതിശയിപ്പിക്കുന്ന കാര്യം ഈ തോന്നിവാസങ്ങള്‍ക്കെല്ലാം അവരുടെ ഭര്‍ത്താവ് എന്ന് പറയുന്നവന്‍ അനുകൂലിച്ചിരുന്നു എന്നതാണ്. 'എസ്.പിക്ക് അതിശയം തീരുന്നില്ല.

'മേഡം നാണവും മാനവും ഒന്നും ഇന്നത്തെ കാലത്ത് ഒരു വിഷയമുള്ള കാര്യമല്ല. പൈസ ഉണ്ടാക്കാന്‍ സ്വന്തം ഭാര്യയെ വില്‍ക്കാന്‍ വരെ ആളുകള്‍ തയ്യാറാണ്. തറവാടികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും ഈ ചങ്ങലയില്‍ ഉണ്ട്. ഈയടുത്ത കാലത്ത് കേരളത്തില്‍ പുറത്തുവന്ന വൈഫ് സ്വാപിംഗ് അതിന്റെ ഉദാഹരണമല്ലേ. മറ്റു സിറ്റികളില്‍ ഇതൊക്കെ പണ്ടേ ഉള്ളതാണ്. '

അപ്പോഴേക്കും എസ്.പിയുടെ ഫോണ്‍ റിംഗ് ചെയ്തു..

'ഹലോ സര്‍... അന്വേഷണം അപ്രതീക്ഷിത വഴിയിലേക്ക് തിരിഞ്ഞു. ഇതുവരെയും സഞ്ചരിക്കാത്ത പാതയില്‍ ആണ്. എന്നാലും തെറ്റൊന്നും പറ്റിയിട്ടില്ല. എത്രയും വേഗം ലക്ഷ്യത്തില്‍ എത്താന്‍ തന്നെയാണ് ശ്രമം. രൂപീകരിച്ച ടീം വച്ചുതന്നെ ഞാന്‍ മുന്നോട്ട് പോകുന്നു. നമുക്ക് അധിക ദൂരം മുമ്പിലേക്ക് യാത്ര ചെയ്യാനുണ്ട് എന്ന് തോന്നുന്നില്ല. സമാനമായ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നമ്മുടെ നാട്ടില്‍ മുമ്പ് നടന്നിട്ടുണ്ട്. രണ്ടുദിവസത്തെ സമയം തരണം. അതിനുശേഷം ഞാന്‍ സാറിനെ അപ്‌ഡേറ്റ് ചെയ്യാം. അത്രയും പറഞ്ഞുകൊണ്ട് ഫോണ്‍ താഴെ വെച്ചു.'

എന്തോ ആലോചിച്ച് ശിഹാബുദ്ദീനെ നോക്കി പറഞ്ഞു, 'ശിഹാബുദ്ദീന്‍ നമ്മുടെ മറ്റു ടീമംഗങ്ങളില്‍ കൂടി വിളിക്കൂ. ഇപ്പോള്‍ ഡി.ജി.പിയുടെ കോളാണ് വന്നത്. കേസിന്റെ അന്വേഷണത്തിനെ കുറിച്ചാണ് അവര്‍ക്കുള്ള ടെന്‍ഷന്‍ മുഴുവനും. നമുക്ക് കളയാന്‍ സമയം ഒട്ടുമില്ല. രണ്ടുദിവസത്തിനുള്ളില്‍ വിശദവും വിശ്വസനീയവുമായ വാര്‍ത്തകള്‍ ആയിരിക്കണം നമുക്ക് നമ്മുടെ ഹയര്‍ ഒഫീഷ്യലിനോട് പറയാനുള്ളത്. അതിന് നമ്മള്‍ കര്‍മനിരതരായി പ്രവര്‍ത്തിച്ച മതിയാകു. എത്രയും വേഗം എല്ലാവരെയും വിളിച്ചു കൂട്ടുക.'

ശേഷം കോണ്‍ഫറന്‍സ് റൂമില്‍ ...

എല്ലാവരും ഭാവനയെ സല്യൂട്ട് ചെയ്തു.

തിരിച്ച് സല്യൂട്ട് ചെയ്ത് ഭാവന പറഞ്ഞു, 'സി മൈ ടീം മെമ്പേഴ്‌സ്... വി ആര്‍ ഇന്‍ ടു ദി റൈറ്റ് പാത്ത് നൗ. നമ്മള്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം വിവാഹിതയായ ഇസബെല്ല എന്ന യുവതി ആദം എന്ന ഭര്‍ത്താവിനോട് അല്ലാതെ അന്യ പുരുഷന്‍മാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. അതിനെ പച്ചമലയാളത്തില്‍ അവിഹിതം എന്നെല്ലാം പറയും. പക്ഷേ ... ' പൂര്‍ത്തിയാക്കാതെ എല്ലാവരേയും നോക്കി ചിരിച്ചു.

'ലിവിങ് ടുഗെതറിന്റെ ഓരോ ലീലാവിലാസങ്ങളേ...' സി.ഐയുടെ മൈന്‍ഡ് വോയ്‌സ് കുറച്ച് ഉറക്കെ ആയോ എന്ന് സംശയം.

'നമുക്ക് വൈറ്റലായ മറ്റൊരു ഇന്‍ഫര്‍മേഷന്‍ കൂടി കിട്ടിയിട്ടുണ്ട്. മരിച്ച ഇസബെല്ല കഴിഞ്ഞ ആറുമാസമായി നഥാന്‍ ബാഹുലേയന്‍ എന്ന യുവാവുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍, അതിനു മുന്‍പുള്ള ആറുമാസങ്ങള്‍ അവള്‍ മറ്റൊരു യുവാവുമായി ഇതേപോലെ ലിവിങ് ടുഗെതര്‍ റിലേഷനിലും ഉണ്ടായിരുന്നു. ഇപ്പോള്‍ നമുക്ക് ആവശ്യം എന്താണ് ഈ ബന്ധത്തിന്റെ ഉള്ളുകള്ളികള്‍ എന്നതാണ്. ഈ ബന്ധങ്ങളാണോ വ്യക്തിവൈരാഗ്യം ഉണ്ടാക്കിയത് എന്നൊക്കെ അറിഞ്ഞേ പറ്റൂ. ഇതൊന്നുമല്ലാത്ത തേര്‍ഡ് പേഴ്‌സണ്‍ ഓര്‍ അണ്‍നോണ്‍ റീസണ്‍ ഇതിലുണ്ടോ എന്നെല്ലാം അറിയണമെങ്കില്‍ നമ്മള്‍ നിലവിലുള്ള ഇസബെല്ലയുടെ പാര്‍ട്ട്ണര്‍ നഥാനെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം.'


'ഓ..ക്കെ മേഡം, ഇതുവരെയും നമ്മുടെ കഥയില്‍ ഇല്ലാതിരുന്ന പുതിയ കഥാപാത്രങ്ങള്‍ വെളിച്ചത്ത് വരുന്നു. അയാള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വാര്‍ത്താമാധ്യമങ്ങള്‍ ചൂടേറിയ ചര്‍ച്ച നടത്തുമ്പോഴും എവിടെ മറഞ്ഞിരുന്നു? എന്തുകൊണ്ടു മറിഞ്ഞിരുന്നു എന്നൊക്കെ, അതൊരു കണ്ടുപിടിക്കേണ്ട വസ്തുത തന്നെയാണ്. ' എസ്.ഐ റഹീം പറഞ്ഞു.

'അതെ തീര്‍ച്ചയായും... ഞാനും ശിഹാബുദീനും അങ്ങോട്ട് തിരിക്കുകയാണ്. ആദമിന്റെ ടെലിഫോണ്‍ ഹിസ്റ്ററി എത്രയും വേഗം പ്രൊഡ്യൂസ് ചെയ്യുക. ഒപ്പം തന്നെ ആദമിന്റെ മറ്റു അടുത്ത ബന്ധുക്കളുടെ ടെലിഫോണ്‍ ഹിസ്റ്ററി കൂടി പരിശോധിക്കുക. നമ്മള്‍ നാളെ രാവിലെ ഇവിടെ ഇതേ സമയത്ത് മീറ്റിംഗ് റൂമില്‍ എത്തുന്നതാണ്. മറ്റൊരു അറിയിപ്പും ഇനി ഉണ്ടായിരിക്കില്ല. നാളെ വരുമ്പോള്‍ നമുക്കെല്ലാവര്‍ക്കും പറയാന്‍ അപ്‌ഡേറ്റ് ആയിട്ടുള്ള വഴിത്തിരിവ് ഉണ്ടാക്കാവുന്ന സംഭവങ്ങള്‍ കയ്യിലുണ്ടായിരിക്കണം; അത്രമാത്രം എല്ലാവരും ഓര്‍ക്കുക. അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം എന്നെ ബന്ധപ്പെടുക. അല്ലെങ്കില്‍ ഈ കേസ് സ്വന്തം ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോവുക. കാരണം, പെര്‍മിഷന്‍ എടുക്കാനും അനുവാദങ്ങള്‍ക്കും മറ്റുമായി കളയാനുള്ള സമയം നമ്മുടെ കയ്യില്‍ ഇല്ല. നമ്മുടെ ടീമില്‍ ആറ് അംഗങ്ങളാണ് ഉള്ളത്. അതെല്ലാം ഇന്നലെ മീറ്റിംഗില്‍ പറഞ്ഞിരുന്നുവല്ലോ. ഡി.വൈ.എസ്.പി ശിഹാബുദ്ദീന്‍, സി.ഐ അനന്തന്‍ നാരായണന്‍, എസ്.ഐ റഹീം, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍, പിന്നെ ഞാനും. എല്ലാവര്‍ക്കുമുള്ള ജോലി ചുമതലകള്‍ ഞാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 'അവരുടെ എല്ലാവരുടേയും കൈകളിലേക്ക് ആറ് പേപ്പറുകള്‍ കൊടുത്തു കൊണ്ട് ഭാവന ഐ.പി.എസ പറഞ്ഞു. എല്ലാവരും തുറന്നു നോക്കി വായിക്കൂ.

'നിങ്ങളുമായി ഇന്നലെ ഡിസ്‌കസ് ചെയ്ത പ്ലാനിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത ഡ്രാഫ്റ്റിന്റെ അപ്രൂവ്ഡ് വര്‍ക്ക് പ്ലാന്‍ ആണ്. '

'വി ആര്‍ റെഡി ടു ആക്‌സപ്റ്റ് '

'വെല്‍... ദി ഷുഡ് ബി അവര്‍ ഓണ്‍ സീക്രട്ട്'

'യെസ് മാം...'

'നമുക്കെല്ലാവര്‍ക്കും ഈ കേസ് അന്വേഷണത്തില്‍ ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ഹയര്‍ ഒഫീഷ്യലിനോട് റിപ്പോര്‍ട്ട് ചെയ്യുന്നത് ഞാനാണെങ്കിലും എന്റെ അതേ ഉത്തരവാദിത്വം നിങ്ങള്‍ക്കും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ! എന്താണ് നിങ്ങളുടെ അഭിപ്രായം?'

'ഞങ്ങള്‍ക്ക് ജോലിയില്‍ പൂര്‍ണ സ്വാതന്ത്ര്യവും സ്വതന്ത്ര അന്വേഷണ ചുമതലയും തന്നതിന് മേഡത്തിനോട് നന്ദിയുണ്ട്. പൊതുവേ അത്തരത്തിലൊന്ന് കിട്ടുക എന്നത് വളരെ അപൂര്‍വ്വം ആയിട്ടുള്ള കാര്യമാണ്. ഈ അവസരം ഞങ്ങള്‍ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തും. ഈ കേസ് അന്വേഷണം നമുക്ക് എത്രയും വേഗം വിജയകരമായി അവസാനിപ്പിക്കാന്‍ പറ്റും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.' ഡി.വൈ.എസ്.പി ശിഹാബുദ്ദീനാണ് പറഞ്ഞത്.

The investigative journey begins...!

(തുടരും)

ചിത്രീകരണം: ഷെമി

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.






Similar Posts