Behind the scene
|ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 12
'ഉദ്ദേശം ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. പക്ഷേ, അവിടെ പോയിട്ടും ഞങ്ങള്‍ക്ക് നഥാനെ കാണുവാന്‍ സാധിച്ചില്ല. അച്ഛനും അമ്മയും യാതൊരു കാരണവശാലും അയാളുമായി കോണ്‍ടാക്ട് ചെയ്യാന്‍ സമ്മതിക്കില്ല എന്ന് ഉറച്ച സ്റ്റാന്‍ഡില്‍ തന്നെ നിന്നു. '
'അച്ഛന്‍ എന്ന് പറയല്ലേ ശിഹാബുദീന്‍ സാര്‍... അച്ഛന്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. മുഴുവന്‍ അമ്മയാണ് സംസാരിച്ചത് ' അനന്തരാമന്‍ ഇടയില്‍ കയറി പറഞ്ഞു.
കയ്യിലിരുന്ന് ചായ ഗ്ലാസ് ടേബിളിന്റെ മുകളിലേക്ക് വെച്ചുകൊണ്ട് ഭാവന അനന്തരാമനെ നോക്കി പറഞ്ഞു, 'അപ്പോള്‍ സ്ത്രീ ഭരണമാണ് അവിടെ അല്ലേ?'
'അതെ... ആ സ്ത്രീ പറയും. അവിടെയുള്ളവര്‍ അനുസരിക്കും. സീരിയല്‍ എല്ലാം കാണുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടു പോകില്ലേ ഇങ്ങനെയും സ്ത്രീകളോ എന്ന്! അതു തന്നെയായിരുന്നു ആ വീട്ടിലും. ഭാര്യ പറയുന്നു, ഭര്‍ത്താവ് അനുസരിക്കുന്നു. അത് ഏത് സീരിയലിലെ കഥയാണെന്ന് അറിയണമെങ്കില്‍ ഞാന്‍ വീട്ടില്‍ വിളിച്ചു ഭാര്യയോട് ചോദിച്ചേക്കാം അവള്‍ സ്ഥിരമായി സീരിയല്‍ കാണുന്ന കൂട്ടത്തിലാണ്. എന്റെ അമ്മയും മോശമല്ല ആ വിഷയത്തില്‍. സീരിയല്‍ കഥകളുടെ ഡിസ്‌കഷന്‍ ആണ് അവിടെ മിക്കപ്പോഴും അമ്മായിയമ്മയും മരുമകളും തമ്മില്‍. അതില്‍ ചില കഥകള്‍ എല്ലാം ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയൊരു കഥാപാത്രത്തിനെയാണ് ഇന്ന് ഞാന്‍ അവിടെ കണ്ടത്. '
'അയ്യോ... വേണ്ട... യു കം ടു ദി പോയിന്റ് ശിഹാബുദീന്‍. ഈ സീരിയലിലെ കഥാപാത്രങ്ങളുടെ പേര് എന്താണ്?'
'പെണ്‍ കഥാപാത്രത്തിന്റെ പേര് ചന്ദ്രിക ബാഹുലേയന്‍. ആണ്‍ കഥാപാത്രത്തിന്റെ പേര് ബാഹുലേയന്‍. എടുത്തു പറയാന്‍ പാകത്തില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. കാരണവന്‍മാര്‍ ഉണ്ടാക്കിയിട്ടത് തിന്ന് തിന്ന് എല്ലിന്റെ ഇടയില്‍ കുത്തിയ രണ്ടു പേര്‍ എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പുതുമയൊന്നും ഇല്ല. ഇവരുടെ പുന്നാര മകന്‍ നഥാന്‍ ബാഹുലേയന്‍. വിവാഹിതനാണ്. ഒരു കുട്ടിയുടെ അച്ഛനുമാണ്. മകന്റെ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഉള്ള നെട്ടോട്ടത്തിലാണ് കരിങ്കണ്ഡത്തില്‍ ചന്ദ്രിക. അമ്മയ്ക്ക് മടുക്കുന്നതനുസരിച്ച് പെണ്ണിനെ തുണി മാറുന്ന ലാഘവത്തില്‍ ഭാര്യയെ ഉപേക്ഷിക്കുക, അതാണ് ആ വീട്ടിലെ ചിട്ടവട്ടങ്ങള്‍.'
'അതെന്താടോ അങ്ങനെ? ഭാര്യയുമായി ഉള്ള വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടത് ഭര്‍ത്താവ് അല്ലേ?'
'അത് ലോകനിയമം. പക്ഷേ, കരിങ്കണ്ഡത്തില്‍ കുടുംബത്തിന്റെ നിയമം ചന്ദ്രിക എഴുതുന്നതാണ്. അവിടെ ഭര്‍ത്താവ് ചന്ദ്രികയും, ഭാര്യ ബാഹുലേയനും, അവരുടെ അടിമ നഥാനുമാണ്. ചന്ദ്രികയാണ് അവിടത്തെ പൊലീസ് സ്റ്റേഷനും കോടതിയുമെല്ലാം. അമ്മ കെട്ടാന്‍ പറഞ്ഞാല്‍ മകന്‍ കെട്ടും, കെട്ട് പൊട്ടിക്കാന്‍ പറഞ്ഞാല്‍ പൊട്ടിക്കും. അവളുടെ വാക്കിന് മീതെ ബാഹുലേയനും നഥാനും സ്വാതന്ത്ര്യത്തോടെ മലമൂത്രവിസര്‍ജനം പോലും ചെയ്യാന്‍ പേടിയാണ്! ഇതെല്ലാം അയല്‍ക്കാരുടെ സാക്ഷ്യമാണ്.'
'ഓ അപ്പോള്‍ പരിചയപ്പെടേണ്ട വ്യക്തികള്‍ തന്നെയാണ്. ഇസബെല്ലയിലേക്ക് എന്തെങ്കിലും കണക്ഷന്‍ കിട്ടിയോ? ഭാവന ചിരിച്ചുകൊണ്ട് ചോദിച്ചു.
'നഥാന്‍ ബാഹുലേയന്‍ വിവാഹം കഴിഞ്ഞ് പതിനഞ്ചിലധികം വര്‍ഷം ആയി ഭാര്യയും കുട്ടിയുമായി താമസിച്ച് വരികയായിരുന്നു. അയാളുടെ അമ്മയ്ക്ക് മരുമകളുമായി ചേരായ്ക. മരുമകളെ ഓടിക്കാനുള്ള സര്‍വ്വവിധ കുതന്ത്രങ്ങളും ചെയ്തു. അവള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഇത്രയും വിവരങ്ങള്‍ അയല്‍വീടുകളില്‍ നിന്നും എടുത്തതാണ്. ചന്ദ്രിക മാഡം ഇതൊന്നും വായ തുറന്നു പറയാന്‍ കൂട്ടാക്കിയിട്ടില്ല. വെട്ടൊന്ന് മുറി രണ്ടു എന്നപോലെയാണ് സ്വഭാവം.'
'ആഹാ... ഇപ്പോള്‍ പിടി കിട്ടി കണക്ഷന്‍' എസ്.പി തലയാട്ടി ചിരിച്ചു കൊണ്ട് അവര്‍ ഇരുവരേയും നോക്കി.
കാര്യം മനസിലായ ഇരുവരും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
'അവരങ്ങനെ നിന്നാല്‍ നമ്മുടെ കാര്യങ്ങള്‍ ശരിയാവില്ലല്ലോ ശിഹാബുദ്ദീന്‍. അല്ലേ അനന്തരാമന്‍?' ദ്വന്ദാര്‍ഥത്തില്‍ പറഞ്ഞു.
'ശരിയാണ്... പക്ഷേ, എന്തുചെയ്യണമെന്ന് മാഡം പറയു. അപ്രകാരം തന്നെ ഞങ്ങള്‍ ചെയ്യുന്നതായിരിക്കും. '
'അത് ഞാന്‍ ഇനി പ്രത്യേകം പറഞ്ഞു തരണോ? ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ പൊലീസുകാര്‍ അവര്‍ ഇരിക്കുന്ന ഇരിപ്പിടങ്ങളിലേക്ക് പോയി കേസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുന്നത്. അവരെ പൊലീസ് സ്റ്റേഷനില്‍ കയറ്റണമെന്ന് യാതൊരുവിധത്തിലും നമ്മള്‍ ആരും ആഗ്രഹിക്കാത്തത് കൊണ്ടാണ് അത്. പക്ഷേ, പൊലീസ് സ്റ്റേഷനില്‍ കയറിയേ പറ്റൂ എന്ന നിര്‍ബന്ധത്തിലാണ് അവര്‍ എങ്കില്‍ നമുക്ക് അവരെ കയറ്റിയല്ലേ പറ്റൂ അനന്തനാരായണന്‍.'
'ഇപ്പോള്‍ വ്യക്തമായി. അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യണം എന്നല്ലേ മാഡം ഉദ്ദേശിച്ചത് ?'
'അതെ, അതുതന്നെയാണ് ഉദ്ദേശിച്ചത്. അവര്‍ക്ക് സ്റ്റേഷനില്‍ കയറിയിറങ്ങുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിങ്ങള്‍ രണ്ടുപേരും അവരുടെ വീട്ടിലേക്ക് പോയത്. അവരെ ചോദ്യം ചെയ്യാനും മറ്റു വിവരങ്ങള്‍ ചോദിക്കാനും ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. പക്ഷേ, അവര്‍ക്ക് അതിനോട് നിസ്സഹകരണ മനോഭാവം ആണെങ്കില്‍ നമുക്ക് പിന്നെ എന്ത് ചെയ്യാന്‍ കഴിയും? നമ്മളും നിസ്സഹായര്‍ ആണല്ലോ? നമുക്ക് കയ്യിലിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടത്. അത് കിട്ടുന്നതിനുള്ള വഴി എന്തുതന്നെയായാലും നമ്മള്‍ അവലംബിച്ചേ മതിയാകു. അതുകൊണ്ട് എത്രയും വേഗം തന്നെ അവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക. സ്റ്റേഷനില്‍ നിന്നും ആളു പോയി അവരെ അവിടുന്ന് പൊക്കുക. ബാക്കി കാര്യങ്ങളൊക്കെ ഇവിടെ വച്ച് മണി മണി പോലെ പറയിപ്പിക്കാനുള്ള വഴിയെല്ലാം നമ്മുടെ കയ്യില്‍ ഉണ്ടല്ലോ. ഇനി ഈ കാര്യത്തില്‍ ഒരു എക്‌സ്‌ക്യൂസ് ഇല്ല. മനസ്സിലായല്ലോ. ഞാന്‍ തന്നോട് മറ്റൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ലേ ശിഹാബുദ്ദീന്‍?'
'ഫോട്ടോയുടെ കാര്യമല്ലേ മാഡം. ഇതാ ഈ ഫയലിനകത്ത് ഉണ്ട്. '
ഫയല്‍ തുറന്നു ഭാവന ആ ഫോട്ടോയിലേക്ക് നോക്കി. നഥാനും ഭാര്യയും കുട്ടിയും അടങ്ങുന്ന ഫോട്ടോ ഉണ്ട്. മറ്റൊരു ഫോട്ടോയില്‍ കരിങ്കണ്ഡത്തില്‍ ബാഹുലേയനും ചന്ദ്രികാബാഹുലേയനും നഥാന്‍ ബാഹുലേയനും നഥാന്‍ ബാഹുലേയന്റെ ഏക സഹോദരി മൃദുലയും ഭര്‍ത്താവ് പ്രിയദര്‍ശനും.
'ഫോട്ടോയില്‍ ഒക്കെ ആള്‍ക്കാര് വെടിപ്പാണല്ലോടോ. എന്നാലും എന്തോ ഒരു കള്ള ദൃഷ്ടി മൊത്തത്തില്‍ ഉണ്ട്. എന്തായാലും എല്ലാത്തിനെയും നല്ല രീതിയില്‍ ചോദ്യം ചെയ്തിട്ട് വിട്ടാല്‍ മതി. മൊത്തത്തില്‍ അഴിച്ചു പണിയണം. അഹങ്കാരത്തിന്റെ ഭാഷക്ക് മറുപടി ഇവിടെ വെച്ച് കൊടുത്തേക്ക്. മനസ്സിലായോ.'
'വേരും നാരും വേര്‍തിരിച്ച് എടുക്കും.' വീട്ടില്‍ പോയപ്പോള്‍ അപമാനിതനാക്കി വിട്ട ചന്ദ്രികയോടുള്ള കോപത്തില്‍ ശിഹാബുദീന്‍ അനന്തരാമനെയും ഭാവനയേയും മാറി മാറി നോക്കി പറഞ്ഞു.
'ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി തന്നെയായിരിക്കും ഇനി ഞങ്ങള്‍ വരുന്നത്.' അനന്തരാമന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ സല്യൂട്ട് ചെയ്തു.
അവര്‍ രണ്ടുപേരും മുറിവിട്ട് പോയി വീണ്ടും ഫോട്ടോയിലേക്ക് നോക്കുമ്പോഴാണ് നഥാന്റെ ഭാര്യയില്‍ ഭാവനയുടെ കണ്ണുകള്‍ പതിഞ്ഞത്.
'ഈ പെണ്‍കുട്ടിയെ എനിക്ക് നല്ല പരിചയമുണ്ടല്ലോ!'
'അയ്യോ! ഇതവള്‍ അല്ലേ... ആ സി.സി.ടി.വിയിലുണ്ടായിരുന്നത്!'
കഴിഞ്ഞ ദിവസം തന്റെ മുറിയുടെ വെളിയില്‍ ഒരു ദിവസത്തോളം തനിയ്ക്കു വേണ്ടി വെയ്റ്റ് ചെയ്ത അജ്ഞാത. നഥാന്റെ ഭാര്യയായിരുന്നല്ലേ സി.സി.ടി.വിയില്‍ ഞാന്‍ കണ്ടത്. ഞാന്‍ അങ്ങോട്ട് തേടിച്ചെല്ലും മുമ്പ് അവള്‍ എന്നെ തേടി ഇങ്ങോട്ട് വന്നിരിക്കുന്നു. എന്തിന്? എന്തിന്? എന്തിന്?'
ഉടന്‍ സെക്യൂരിറ്റിയെ ഇന്റര്‍കോമില്‍ കണക്ട് ചെയ്തു.
'ഹലോ ചന്ദ്രന്‍, എന്നെ അന്വേഷിച്ച് ഇന്നലെ ഒരു പെണ്‍കുട്ടി വന്നതായി പറഞ്ഞുവല്ലോ. അവര്‍ ഇന്ന് വന്നിരുന്നുവോ?'
'ഇന്ന് വന്നിട്ടില്ല.'
'ഒ... കെ... ഇനി വരികയാണെങ്കില്‍ എന്റെ പെര്‍മിഷനു വേണ്ടി ഒന്നും കാത്തു നില്‍ക്കേണ്ട. ഉള്ളിലേക്ക് പറഞ്ഞു വിട്ടേക്ക്.'
'ഓക്കേ മേഡം അതുപോലെ ചെയ്യാം. '
'ഇവള്‍ എന്തിനാണ് എന്നെ കാണാന്‍ വന്നത്? ഇവള്‍ക്ക് എന്താണ് എന്നോട് പറയാനുള്ളത്? ഒരു ദിവസം മുഴുവന്‍ കാത്തിരിക്കണമെങ്കില്‍ അവള്‍ക്ക് എന്നോട് കാര്യമായ എന്തോ ഒരു വിഷയം പറയുവാനുണ്ട്. എന്തായിരിക്കും അത്?' ഭാവന ചിന്തയിലായിരുന്നു.
It's time to open a new chapter...!
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.