Art and Literature
ലൂസര്‍ | ലിവിങ് ടുഗെതര്‍ - നോവല്‍
Art and Literature

ലൂസര്‍ | ലിവിങ് ടുഗെതര്‍ - നോവല്‍

അനിത അമ്മാനത്ത്
|
12 July 2024 11:31 AM GMT

അനിത അമ്മാനത്ത് എഴുതിയ നോവല്‍ - അധ്യായം 23.

'അതേ... അലക്‌സ് തന്നെ... നിങ്ങള്‍ക്ക് അലക്‌സിനെ നന്നായി അറിയാം. അലക്‌സ് അദ്ദേഹത്തിന്റെ ഡ്രൈവറും സര്‍വോപരി വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്. എന്നാല്‍, സ്വന്തം മകനെ കൊല്ലുവാന്‍ വര്‍ഗീസ് സാറുടെ കൈ വിറച്ചപ്പോള്‍ ആ ഉദ്യമം നല്ലവനായ ആ മനുഷ്യന് വേണ്ടിയും സ്വന്തം പെങ്ങളെ ചതിച്ച അളിയന് വേണ്ടിയും അയാള്‍ നടപ്പാക്കി കൊടുക്കാം എന്ന് ഉറപ്പു നല്‍കി.'

'നിനക്ക് ഇതില്‍ എന്താ...'

'എനിക്ക് എന്താ റോള്‍ എന്ന് അല്ലേ? ഞാനൊരു പത്രപ്രവര്‍ത്തകയല്ലേ മിസ്റ്റര്‍. ഞങ്ങളെ പോലുള്ളവര്‍ക്ക് ബന്ധങ്ങള്‍ സാഹചര്യവും സന്ദര്‍ഭവും ആവശ്യവും അനുസരിച്ച് ഉണ്ടാക്കേണ്ടി വരും. എന്റെ ഭര്‍ത്താവ് കുരുങ്ങി കിടക്കുന്നത് അദ്ദേഹത്തിന്റെ മരുമകളുടെ വിരലിന്‍ തുമ്പിലാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാതെ പറ്റില്ലല്ലോ മിസ്റ്റര്‍ നഥാന്‍. അദ്ദേഹത്തിന്റെ മകന്റെ ജീവിതം ഇപ്രകാരം തുലയാന്‍ കാരണക്കാരന്‍ സ്വന്തം അളിയനാണെന്ന് അറിഞ്ഞ ആ പാവപ്പെട്ട തൊഴിലാളി മുതലാളിക്ക് വേണ്ടിയും സ്വന്തം സഹോദരിക്കു വേണ്ടിയും ആ കൃത്യം ചെയ്യാന്‍ തയ്യാറായി. എന്താ ഇത്രയും പോരേ വിശദീകരണം? കഴുത്തില്‍ താലി കെട്ടിയവന്‍ ഒരു മനുഷ്യനല്ല, മൃഗമാണെന്ന് തിരിച്ചറിഞ്ഞാല്‍ എന്തു ചെയ്യാം? പക്ഷേ, ഇത്രയും വൃത്തികേട് നിങ്ങള്‍ കാണിക്കുന്നതില്‍ പരാതി പറയാന്‍ പറ്റില്ല. സ്വന്തം മകന് വെപ്പാട്ടിയെ ഉണ്ടാക്കി കൊടുക്കുന്ന...' പാതിയില്‍ നിര്‍ത്തി താര.

'സ്റ്റോപ്പ് ഇറ്റ്... എന്റെ അച്ഛനേയും അമ്മയേയും കുറിച്ച് മേലില്‍ നീ ഒന്നും പറയരുത്.' അവന്‍ അലറി.

'ഹ ഹ ... ഇത് നല്ല തമാശ... അവരെക്കുറിച്ച് ഞാനൊന്നും ഇനി കൂടുതല്‍ പറയേണ്ട ആവശ്യം ഇല്ല. പൊലീസ് കസ്റ്റഡിയില്‍ ആയപ്പോള്‍ മുതല്‍ നിങ്ങള്‍ എല്ലാവരും ഞങ്ങള്‍ക്ക് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞില്ലേ. അതൊന്നും ആരും അറിഞ്ഞില്ലെന്നാണോ ഇപ്പോഴും വിചാരം? നിങ്ങളിലെ കുറുക്കനെ ഈ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഹ... ഹ... ഹ.... പിന്നെ അവര്‍ക്ക് ഞാന്‍ ബഹുമാനം കൊടുക്കാത്തതിനെക്കുറിച്ച് നിങ്ങള്‍ അധികം അലറണ്ട. അച്ഛന്റെയും അമ്മയുടെയും സ്ഥാനം തന്നെയാണ് എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും ഞാന്‍ നല്‍കിയിരുന്നത്. ആ രീതിയില്‍ തന്നെയാണ് അവരെ പരിപാലിച്ചിരുന്നതും സംരക്ഷിച്ചിരുന്നതും. പക്ഷേ, എന്നാണോ അവര്‍ എന്റെ ഭര്‍ത്താവിന് ഭാര്യയായ ഞാനുണ്ടായിട്ടും, ആ വീട്ടില്‍ മരുമകളായി ഞാന്‍ ഉണ്ടായിട്ടും മകന്റെ കൂടെ കിടക്കാന്‍ മറ്റൊരു പെണ്ണൊരുത്തിയെ അന്വേഷിച്ചത്, അന്നുമുതല്‍ അവരെന്റെ ശത്രുവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്രകാരം ചെയ്യുന്നവരെല്ലാം മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ആ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കാരണം, ഒരിക്കല്‍ ഞാന്‍ അവരെ അച്ഛന്‍, അമ്മ എന്നൊക്കെ വിളിച്ചിരുന്നതാണ്. ഇന്ന് മനസ്സില്‍ അങ്ങനെയൊരു സ്ഥാനമില്ലെങ്കിലും മറ്റൊരു പേര് വിളിക്കാന്‍ ഞാന്‍ ശീലിച്ചിട്ടില്ല.

അച്ഛന്‍-അമ്മ പദങ്ങളുടെ അര്‍ഥം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? അറിയാന്‍ സാധ്യതയില്ല, കാരണമെന്തെന്നാല്‍ അത് അറിയുന്ന ഒരു മനുഷ്യനായിരുന്നു നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ സ്വന്തം ചോരയായ മകള്‍ക്ക് അച്ഛനെയും അമ്മയേയും നഷ്ടപ്പെടുത്താന്‍ നിങ്ങള്‍ കൂട്ടുനില്‍ക്കില്ല. അതിനു വേണ്ടി അവളുടെ അമ്മയുടെ ജീവിതം നശിപ്പിക്കാന്‍ ഒരുങ്ങില്ല. അതെല്ലാം നിങ്ങള്‍ ചെയ്തത് നിങ്ങള്‍ക്ക് യഥാര്‍ഥ അര്‍ഥമെന്തെന്ന് അറിയാത്തതുകൊണ്ട് മാത്രമാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് തോന്നുന്നത് അമര്‍ഷമായിരിക്കും. പോത്തുപോലെ വളര്‍ന്ന നിങ്ങള്‍ക്ക് അച്ഛനും അമ്മയും കൂടെ വേണം. പക്ഷേ, നിങ്ങളുടെ മകള്‍ക്ക് അതേ മാതൃത്വവും കുടുംബബന്ധങ്ങളും നിഷേധിക്കുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് അതിന്റെ ഒന്നും യഥാര്‍ഥ വികാരമോ അര്‍ഥമോ എത്രയുണ്ടെന്നും എന്താണെന്നും അറിയുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. അത് പറഞ്ഞു തരേണ്ട നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ തികഞ്ഞ പരാജിതരാണ് ആ വിഷയങ്ങളില്‍. എനിക്ക് നഷ്ടപ്പെട്ടത് അറിയണമെങ്കില്‍ മക്കളെ വളര്‍ത്തി വലുതാക്കണം. വീട് മുഴുവന്‍ വേലക്കാരെ വെച്ച് കുട്ടികളെ വളര്‍ത്തിയവര്‍ക്ക് യാതൊന്നും അറിയില്ല.'

'എടീ...മതി... നിര്‍ത്തിക്കോ... കവലപ്രസംഗം കഴിഞ്ഞെങ്കില്‍ സ്ഥലം വിടാന്‍ നോക്ക്. ഇത്രയൊക്കെ ആയിട്ടും അവളുടെ സംസാരം കേട്ടില്ലേ... ഇതു കൊണ്ടൊക്കെ തന്നെയാണ് നിന്നെ ഞങ്ങള്‍ക്ക് വേണ്ടാത്തത്. നാവിന് ലൈസന്‍സ് ഇല്ലാത്ത സംസാരം... ത്ഫൂ...'

'ഹ ഹ .... ഈ ആക്രോശങ്ങളെ ഭയപ്പെട്ടിരുന്ന കാലം കഴിഞ്ഞു മിസ്റ്റര്‍. എന്നെ ഈ വിധത്തില്‍ മാറ്റിയെടുത്തത് നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് തന്നെയാണ്. ഞാന്‍ ഇങ്ങനെ ആയിരുന്നോ? നിങ്ങള്‍ തന്നെ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ ചെയ്ത കാര്യം പറയുമ്പോള്‍ നല്ല രീതിയില്‍ ചൊറിച്ചില്‍ ഉണ്ടല്ലോ. ഇത്ര ചൊറിയുന്ന കാര്യമാണെങ്കില്‍ പിന്നെ അതങ്ങ് ചെയ്യാതിരിക്കണം. ആദര്‍ശം പ്രസംഗിച്ചാല്‍ മാത്രം പോര, നടപ്പാക്കണം. അയല്‍ വീട്ടിലേയും നാട്ടിലേയും നല്ല രീതിയില്‍ ജീവിക്കുന്നവരെ കാണുമ്പോള്‍ ഓടിയൊളിച്ചിട്ട് കാര്യമില്ല. സ്വന്തം വീട് കുട്ടിച്ചോറാക്കാന്‍ സ്വയം ഇറങ്ങി തിരിച്ചവര്‍ അല്ലേ? നിങ്ങള്‍ക്ക് തന്നെ അറിയാം അതൊന്നും സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന്. പിന്നെ എന്തിനാണ് ഈ മൂന്നാംകിട കലാപരിപാടികള്‍ എഴുന്നള്ളിച്ചത്? നിങ്ങള്‍ എന്നെ ഭയപ്പെടുത്താന്‍ വേണ്ടി തുടങ്ങിയ പൊറാട്ട് നാടകം എവിടെ എത്തിയിരിക്കുന്നു എന്ന് നോക്കുക, എന്നിട്ടും ഇപ്പോഴും അഹങ്കാരത്തിന് കുറവൊന്നുമില്ല! കഷ്ടം തന്നെ. കടുവ എന്ന സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്, 'പള്ളിയിലെ പിയാനോയെ ചൊല്ലി തുടങ്ങിയ വഴക്കാണ്, അത് സെന്‍ട്രല്‍ ജയില്‍ വരേക്കും എത്തിച്ചു' എന്ന്. അത് തന്നെയല്ലേ മിസ്റ്റര്‍ വീട്ടില്‍ സംഭവിച്ചത്. നിസ്സാര കാര്യങ്ങളെ ഊതി പെരുപ്പിച്ചാല്‍ ഇതൊക്കെ തന്നെ ആയിരിക്കും ഫലം.'

വരുന്ന ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ട് പല്ലുരുമ്മി അവളെ തുറിച്ചു നോക്കി...

'നോക്കി പേടിപ്പിക്കേണ്ട. ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞേക്കാം. നിങ്ങളും നിങ്ങളുടെ വീട്ടുകാരും ചേര്‍ന്ന് ഇവിടെ കാട്ടിക്കൂട്ടിയ ഗോഷ്ടികളുടേയും പേക്കൂത്തുകളുടേയും എല്ലാം കയ്പ്പുനീര് ചവച്ചിറക്കിയത് നമ്മുടെ മകളാണെന്ന് മറക്കണ്ട. സ്വന്തം കൂട്ടുകാര്‍ക്ക് മുമ്പിലും ക്ലാസ് മുറികളിലും തലകുനിച്ച് അവളെ നിര്‍ത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ഉണ്ടാക്കാനും നില്‍ക്കരുതെടോ! സ്വന്തം മകളുടെ മുകളില്‍ അപമാനവും കണ്ണുനീരും വീഴ്ത്തി ജീവിക്കുന്നതിലും ഭേദം താനൊക്കെ പോയി തീവണ്ടിക്ക് തലവെയ്ക്കുന്നതാണ്.

'വാ വിട്ട വാക്കും കൈവിട്ട ആയുധവും' തിരിച്ചെടുക്കാന്‍ പറ്റില്ല എന്നല്ലേ. സ്വന്തം പെങ്ങളുടെ പരപുരുഷ ബന്ധത്തിന്റെ കഥ ഭാര്യയുടെ കഥയെന്ന പേരില്‍ നാട്ടുകാരുടെ ഇടയില്‍ റിലീസ് ചെയ്യുമ്പോള്‍ അതിന്റെ അപമാനത്തില്‍ ഞാന്‍ ആത്മഹത്യ ചെയ്യും എന്ന് നിങ്ങള്‍ അതിമോഹിച്ചു. ആ അതിമോഹം തെറ്റല്ലേ മോനേ ദിനേശാ... എന്റെ തൊലിക്കട്ടി എത്രത്തോളം ഉണ്ടെന്ന് എന്റെ കൂടെ ഇത്രകാലം ജീവിച്ചിട്ടും നിങ്ങള്‍ക്ക് അറിയാന്‍ സാധിച്ചില്ലല്ലോ.

പരമ കഷ്ടം തന്നെ!

സ്വന്തം മകള്‍ക്ക് അത്രയേറെ അപമാനം ഉണ്ടായിട്ടും മരുമകളും അതേ രീതിയില്‍ തന്നെ നശിച്ചു കാണണമെന്ന് നിങ്ങളുടെ പാരന്റ്‌സ് ആഗ്രഹിച്ചത് ഏതു തരം രോഗമായി കാണണം? സാഡിസം എന്ന് വിളിച്ചാല്‍ മതിയോ മിസ്റ്റര്‍ നഥാന്‍? നിങ്ങള്‍ എല്ലാവരും കൂടി വിചാരിച്ചു വച്ചിരിക്കുന്ന ഒരു കാര്യമുണ്ട്, ഒരു പെണ്ണിന്റെ മാനത്തിനെ ചോദ്യം ചെയ്താല്‍ അവള്‍ അങ്ങ് കെട്ടിത്തൂങ്ങി ചത്തോളുമെന്ന്. അവള്‍ ആത്മഹത്യ ചെയ്താല്‍ കുറച്ചുദിവസം പൊലീസും കേസുമായി നടക്കേണ്ടി വന്നേക്കാം. പിന്നെ ആരും അത് ഓര്‍ക്കുക പോലും ഇല്ല എന്ന് നിങ്ങള്‍ കരുതി, അല്ലേ? അതൊക്കെ കോത്താഴത്തെ പള്ളിപ്പറമ്പില്‍ പോയി പറഞ്ഞേച്ചാല്‍ മതി. കാലം മാറി മിസ്റ്റര്‍ നഥാന്‍ ബാഹുലേയന്‍. പെണ്ണുങ്ങള്‍ പഴയ പോലെ തൊട്ടാവാടികള്‍ അല്ല, നിന്റെയൊന്നും വായ്ത്താരി കേട്ട് ഭയപ്പെടാനും കിട്ടില്ല.

'കണ്ണിന് കണ്ണ്, പല്ലിന് പല്ല്...' പഴയ നിയമം ആണെങ്കിലും പുതിയ ജനറേഷനു ഇതാണ് പഥ്യം.

കുറുക്കുവഴികളില്‍ നിങ്ങള്‍ പണം വാരിക്കോരി എറിയുന്നുണ്ടെന്ന് അറിയാം. അതുകൊണ്ട് ഇനിയും നിങ്ങളുടെ പൈസ ഒഴുക്കി കളയാതിരിക്കാന്‍ ഞാന്‍ നിങ്ങളോട് മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. അതില്‍ ഏതെങ്കിലും ഒന്നെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചാല്‍ ഇവിടെ നിന്നും ഞാന്‍ നേരെ ഇറങ്ങുന്നത് നിങ്ങളുടെ വക്കീലിന്റെ ഓഫീസിലേക്ക് ആയിരിക്കും. യാതൊരു ചില്ലി പൈസയും നഷ്ടപരിഹാരം വാങ്ങാതെ ഞാന്‍ ഒപ്പിട്ട് തരാം. അല്ലെങ്കില്‍ നിങ്ങളുടെ സകല തെമ്മാടിത്തരങ്ങളും പുറത്തു കൊണ്ടു വരാന്‍ ഏതറ്റം വരെയും പോകും'

നഥാന്റെ ഉള്ളിലെ ചതിയനായ മൃഗം ഉണര്‍ന്നു:-

'എന്ത് പണ്ടാരമായാലും വേണ്ടില്ല. ഒന്നാക്കണ്ട, മൂന്നും ഞാന്‍ ചെയ്ത് തരാം. ഒന്ന് ഒഴിഞ്ഞ് പോകുമോ. നാശം! ബാധ കൂടുന്ന പോലെ കൂടിയിരിക്കുകയാണ്. ശവം! കടിച്ച് തൂങ്ങി കിടക്കുകയാണ് നാണം കെട്ട ജന്മം...' നഥാന്‍ പുച്ഛത്തോടെ പറഞ്ഞു.

താര അതു കേട്ട് ചിരിച്ചു കൊണ്ട് മൂന്നു കണ്ടീഷന്‍സ് പറഞ്ഞു.

1. ഒന്നാമത്തെ കാര്യം, നിങ്ങളുടെ അച്ഛന്‍ ഈ അടുത്തകാലം വരെയും നിങ്ങളുടെ അമ്മയുടെ മാനസിക പീഡനം മൂലം സഹികെട്ട് വീട്ടില്‍നിന്ന് ഇറങ്ങി പോവുകയും സുഹൃത്തുക്കളുടെ അടുത്ത് പോയി ബീഡിയും വലിച്ച് കള്ളും കുടിച്ച് ഇരിക്കുമ്പോള്‍ നിങ്ങളുടെ അമ്മയുടെ പീഡനത്തെ കുറിച്ച് ഒരുപാട് വിളമ്പുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സാക്ഷികളാണ്. ദിവാകരന്‍ നായര്‍, കുട്ടപ്പേട്ടന്‍ തുടങ്ങി എല്ലാവരോടും അമ്മ അച്ഛനോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. ഇതൊന്നും അത്ര പഴക്കമുള്ള കാര്യങ്ങളല്ല. ഈ വയസ്സുകാലം വരയ്ക്കും നിങ്ങളുടെ അമ്മ അച്ഛന് സമാധാനം കൊടുത്തിട്ടില്ല എന്നത് മാത്രമല്ല, അച്ഛന്‍ അമ്മയില്‍ നിന്നും ഡിവേഴ്‌സ് ആഗ്രഹിക്കുകയും ചെയ്തിരുന്നു. നിങ്ങളുടെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണല്ലോ നിങ്ങളെന്നെ ഡിവേഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് ആദ്യം നിങ്ങളുടെ അച്ഛന് അമ്മയില്‍ നിന്നും ഡിവേഴ്‌സ് നടത്തി മോചനം വാങ്ങിച്ച് കൊടുക്കുക. ഒത്തുചേരാത്ത ബന്ധത്തില്‍ കടിച്ചു തൂങ്ങി കിടക്കുന്നതിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് മരുമകളായ എന്നോട് അവര്‍ കാണിക്കുന്നത്. ഇത്രയേറെ നാട്ടില്‍ പാട്ടായ കാര്യം ആയിരുന്നിട്ടും അവരുടെ ബന്ധം തുടര്‍ന്ന് കൊണ്ടു പോകാന്‍ അവര്‍ക്ക് നാണക്കേടില്ല. പക്ഷേ, എന്നെ തിരിച്ച് വീട്ടില്‍ സ്വീകരിക്കാന്‍ നാണക്കേടാണ് പോലും. വെരി ഫണ്ണി! അതുകൊണ്ട് അവരെ നമുക്ക് വിവാഹമോചിതര്‍ ആക്കി എല്ലിന്റെ ഇടയിലുള്ള കുത്തല്‍ അങ്ങ് അവസാനിപ്പിക്കാം.

2. ഇനി രണ്ടാമത്തെ കാര്യം നിങ്ങളുടെ സഹോദരിക്ക് വിവാഹത്തിന് മുമ്പ് ക്രിസ്ത്യാനിയായ ഒരുത്തനുമായി ബന്ധം ഉണ്ടായിരുന്നല്ലോ. പിന്നീട് നല്ലപോലെ അവനെ തേച്ച് ഇപ്പോള്‍ പതിവ്രത ചമഞ്ഞ് നടക്കുന്നത് എങ്ങനെ ശരിയാകും? വേറൊരുത്തനെ കെട്ടി ആ കുടുംബത്തിരുന്നുകൊണ്ട് നമ്മുടെ കുടുംബം കുട്ടിച്ചോറാക്കാന്‍ അവള്‍ ശ്രമിക്കുമ്പോള്‍ കണ്ടവന്റെ പുറകെ അവള്‍ നടന്ന കാരണം കൊണ്ട് എല്ലാ പെണ്ണുങ്ങളും അങ്ങനെ നടക്കുന്നവരാണ് എന്ന ധാരണയിലാണ് നിങ്ങള്‍ടെ കുടുംബം. വിവാഹ ശേഷവും അന്യപുരുഷന്‍മാരുമായി വഴിവിട്ട ബന്ധങ്ങള്‍ സൂക്ഷിക്കുന്ന അവളെ ഇനിയും വിശുദ്ധ പുണ്യാളത്തിയാക്കി വെക്കുന്നത് ശരിയാണോ. മരുമകള്‍ വല്ലവന്റേയും കൂടെ ഓടിപ്പോകാതിരിക്കാന്‍ വേണ്ടി ഇടം വലം കാവല്‍ ഇരിക്കുന്ന കണ്ണന്റെ മാതാപിതാക്കള്‍ക്കും വേണ്ടേ ഒരു ആശ്വാസവും മോചനവും. അപ്പോള്‍ അവളുടെ ഡിവേഴ്‌സ് ആദ്യം നടത്തി കപട സദാചാരത്തിനെതിരെ മാതൃക കാണിക്കണ്ടേ മിസ്റ്റര്‍ നഥാന്‍ ബാഹുലേയന്‍! (മുഖത്ത് പുച്ഛ ഭാവം)

3. ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്... മുകളിലെ രണ്ടും പരിഗണിക്കുന്ന കൂട്ടത്തില്‍ സ്വന്തം അളിയനും കൂടി ഒരു ലിവിംഗ് ടുഗതര്‍ ഒപ്പിച്ച് കൊടുക്കുക. പെങ്ങളോട് അങ്ങനെ നീതി കാണിച്ചാല്‍ പിള്ളേര്‍ക്ക് ഫ്രീ ആയി രണ്ടാനമ്മയെ കിട്ടുമല്ലോ. ആ സുഖം അവര്‍ക്ക് നിഷേധിക്കുന്നത് പാപമല്ലേ മിസ്റ്റര്‍. വല്ലവന്‍മാരുടെ കൂടെ അഴിഞ്ഞാടി നടന്നവളെ പെടലിയില്‍ വെച്ചു കൊടുത്തതിന് അളിയനും കിട്ടട്ടെ ഒരു ആശ്വാസം! അവന്റെ അസ്ഥാനത്തുള്ള ചൊറിച്ചിലിന് ശമനവും ആകും.

'എടീ... പറഞ്ഞ് പറഞ്ഞ് എന്തും പറയാമെന്നുള്ള ലൈസന്‍സ് നിനക്ക് ആരാ തന്നത്. വൃത്തികേട് പറയുന്നോടീ ശവമേ..' അവളെ തല്ലാന്‍ അയാളുടെ കൈ ഉയര്‍ന്നു. മുടിയില്‍ കുത്തി പിടിച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്.

'അപ്പോള്‍ അറിയാം, അതെല്ലാം വൃത്തികേട് ആണെന്ന്. വല്ലവരുടെയും വാക്കുകേട്ട് താലി കെട്ടിയ പെണ്ണിനെതിരെ അതെല്ലാം പ്രയോഗിക്കുമ്പോള്‍ നിന്നെ പോലുള്ളവര്‍ക്ക് അതൊക്കെ പുണ്യപ്രവര്‍ത്തി ആയിരുന്നല്ലോ. ഇപ്പോള്‍ അതെല്ലാം വൃത്തികെട്ട കാര്യങ്ങളായോ? പേരാല് പോലെ വളര്‍ന്ന നിങ്ങള്‍ക്കും നിങ്ങളുടെ പെങ്ങള്‍ക്കും അളിയനും അവരുടെ മക്കള്‍ക്കും എല്ലാം അച്ഛനും അമ്മയും വേണം. പക്ഷേ, നമ്മുടെ മകള്‍ക്ക് മാത്രം അതൊന്നും പാടില്ല. അത് നിങ്ങള്‍ നിഷേധിച്ചത് നിങ്ങളുടെ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും ആജ്ഞ ധിക്കരിക്കുന്നതിലുള്ള ഭയത്താലാണ്. നിങ്ങള്‍ കുടുംബമായി വന്ന് എന്നെ പെണ്ണുകണ്ട്, ബന്ധുക്കളോട് കൂടി ആലോചിച്ചു സമ്മതം അറിയിച്ച്, വീട്ടില്‍ വന്ന് പെണ്ണ് ചോദിച്ചു വിവാഹ നിശ്ചയം നടത്തി, വിവാഹം നടത്തി നിങ്ങളായിട്ട് തന്നെ കൈപിടിച്ച് നിങ്ങളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയിട്ടുള്ളതാണ്. നിങ്ങളുടെ ആവശ്യപ്രകാരവും ക്ഷണപ്രകാരവുമാണ് ഞാന്‍ ആ വീട്ടിലേക്ക് വന്നിട്ടുള്ളത്. അങ്ങനെയുള്ള എന്നെ നിങ്ങള്‍ക്ക് ഇപ്പോ പൂച്ചയെ ചാക്കില്‍ കെട്ടി ഒഴിവാക്കുന്ന പോലെ ഇല്ലാതാക്കണം. പഠിപ്പും വിവരവും ഒന്നും വിവേകത്തിന്റെ ഭാഗമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു.

സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് വലിയ വീക്‌നെസ് ആണല്ലോ, നിങ്ങളുടെ ഏതെങ്കിലും ഒരു സുഹൃത്ത് ഉണ്ടോ അവരുടെ ഭാര്യയോട് ഇപ്രകാരം പെരുമാറുന്നത്? ആരും കാണില്ല. നിങ്ങളോട് എത്ര വലിയ സൗഹൃദം കാണിച്ചാലും അവര്‍ക്കെല്ലാം വലുത് അവരുടെ ഭാര്യയും കുടുംബവും തന്നെ ആയിരിക്കും. എന്തുകൊണ്ടാണ് നിങ്ങള്‍ ഈയടുത്ത കാലത്തായി പഴയ സുഹൃത്തുക്കളെ ഒഴിവാക്കാന്‍ തുടങ്ങിയത്? അതിന്റെ കാരണവും ഞാന്‍ തന്നെ പറയാം. നിങ്ങള്‍ അവരില്‍ നിന്നെല്ലാം മറച്ചു പിടിച്ചിരുന്ന നിങ്ങളുടെ വിചിത്രമായ മുഖംമൂടി അഴിഞ്ഞു വീണുവെന്ന് നിങ്ങള്‍ മനസിലാക്കി. നിഷ്‌കളങ്കമായ മുഖഭാവം അണിഞ്ഞ് വില്ലന്റെ സ്വഭാവം ഉള്ളില്‍ കരുതിയിരുന്ന നിങ്ങളുടെ പുറംപൂച്ച് ഇന്ന് അവര്‍ക്കെല്ലാം മനസിലായി. അതവര്‍ തിരിച്ചറിഞ്ഞു എന്നറിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ഫോണ്‍ കോളുകളില്‍ പോലും നിങ്ങള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ഇല്ലാത്ത തിരക്കുകള്‍ അഭിനയിക്കുമ്പോള്‍ ചെന്നായയുടെ തോലണിഞ്ഞ നഥാനോട് വെറുപ്പിന്റെ ധൂളിയല്ലാതെ മറ്റെന്ത് ഉണ്ടാകാന്‍?

നിങ്ങളെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ച നിങ്ങളുടെ പെങ്ങള്‍ പോലും അവളുടെ കുടുംബം വിട്ട് കളിക്കാന്‍ തയ്യാറായിട്ടുണ്ടോ? നിങ്ങളുടെ അമ്മ അച്ഛനെ അടിച്ചു വെളിയില്‍ കളഞ്ഞിട്ടാണോ ഈ കളികള്‍ക്ക് എല്ലാം ചരട് വലിച്ചത്? അവരെല്ലാം കുടുംബമായി നിന്നുകൊണ്ട് തന്നെയാണ് നിങ്ങളെ ഈ കളിക്കളത്തില്‍ കരുവായി ഉപയോഗിച്ചിട്ടുള്ളത്. കാരണം എന്തെന്നാല്‍ നിങ്ങള്‍ക്ക് കുടുംബം പാടില്ല, ബന്ധങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അവരുടെ ചാവേറായി നില്‍ക്കണം. ഞാനീ പറഞ്ഞതിനെല്ലാം മാതാപിതാക്കളെ ഉപേക്ഷിക്കണമെന്ന അര്‍ഥമില്ല. ഓരോരുത്തരുടേയും സ്ഥാനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വെച്ച് മാറാന്‍ കഴിയില്ല.

സ്വന്തം കുടുംബം നോക്കാത്തവരെ ആര്‍ക്കും വില കാണില്ല. അത് നിങ്ങളുടെ സുഹൃത്തായാലും ശരി, കുടുംബത്തിലുള്ളവര്‍ ആയാലും ശരി, ഏത് ബന്ധത്തിലായാലും ശരി. സ്വന്തം കുടുംബം നോക്കാത്തവന്‍ എന്നും തോല്‍വിയാണ്... പൂജ്യമാണ്... ബിഗ് സീറോ... ഇതൊന്നും ഞാന്‍ വിളിച്ച് പറയില്ലായിരുന്നു. പക്ഷേ നിങ്ങളുടെ കുബുദ്ധി വളര്‍ന്ന് വളര്‍ന്ന് എനിക്കെതിരെ അഡല്‍ട്ടറി ക്വെട്ടേഷന്‍ വരെ എത്തിയെന്ന് അറിഞ്ഞപ്പോള്‍ സദാചാരം അഭിനയിക്കുന്ന നിങ്ങളുടെ കഥകള്‍ എനിക്ക് വിളിച്ച് പറയേണ്ടി വന്നതാണ്. അതുകൊണ്ടു സ്വയം നന്നായ ശേഷം മാത്രം എനിക്ക് എതിരെ ഇറങ്ങി തിരിക്കുക. കുറച്ചെങ്കിലും നാണം എന്ന വാക്കിന്റെ അര്‍ത്ഥം അറിയുമെങ്കില്‍ നീയൊക്കെ പച്ചയ്ക്ക് സ്വയം കൊളുത്തിയേനെ !

മിസിസ് ബാഹുലേയന്റെ ആത്മഹത്യാ ഭീഷണിയൊക്കെ എന്റെ ഭര്‍ത്താവിന്റെ അടുക്കലും അവരുടെ ഭര്‍ത്താവിന്റെയും അടുക്കലും ചെലവാകും. പക്ഷേ, കാലാകാലങ്ങളായി എല്ലാരും പ്രയോഗിക്കുന്ന ഈ ക്ലീഷേ ബാലെ എന്റെ അടുക്കല്‍ വിലപ്പോകില്ല. നിന്നെ പോലുള്ളവന്‍മാര്‍ കാരണം വ്യാജകഥകളില്‍ മനം നൊന്ത് ആരും ആത്മഹത്യ ചെയ്യേണ്ടതില്ല. സധൈര്യം ഇറങ്ങി തിരിച്ചാല്‍ കുടുംബ കല്ലറകള്‍ വരെ നീളുന്ന ചരിത്രമാണ് പ്രയോഗിച്ച കുതന്ത്രങ്ങള്‍ക്കും കുബുദ്ധികള്‍ക്കും കാരണമെന്ന് മനസിലാകും.''

അവനെ അടിമുടി നോക്കി കൊണ്ട് അവള്‍ ചോദിച്ചു;

'മിസ്റ്റര്‍ നഥാന്‍ എന്ന എന്റെ ഭര്‍ത്താവേ, നിങ്ങള്‍ ബൈബിളില്‍ ഒബദ്യാവിന്റെ പുസ്തകം വായിച്ചിട്ടുണ്ടോ?

'നീ ചെയ്തതിന് ഒക്കെയും ഞാന്‍ നിന്നോട് പകരം ചെയ്യും. നിന്റെ പ്രവൃത്തികള്‍ നിന്റെ തലമേല്‍ തന്നെ മടങ്ങി വരും. നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടു കൂട്ടിയാലും, അവിടെനിന്നു എല്ലാം ഞാന്‍ നിന്നെ താഴെ ഇറക്കും. അത് ഇവിടെ നിന്നും തുടങ്ങുന്നു. നിന്നോടു സഖ്യം ചെയ്തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര് നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണി വച്ചിരിക്കുന്നു.'- ഒബദ്യാവിന്റെ പുസ്തകം (ബൈബിള്‍). '

ഇത്രയും പറഞ്ഞ് ആളിക്കത്തുന്ന രോഷത്തിന്റെ തീയിലൂടെ തിരിഞ്ഞു നോക്കാതെ അവള്‍ നടന്നകന്നു.

'ഇവള്‍ എന്താ ബി.ബി.സിയില്‍ ആണോ? ശ്ശെ എല്ലാ നാണം കെട്ട വാര്‍ത്തകളും കൃത്യമായി തോണ്ടിയെടുക്കുന്നു. പൊലീസും രാഷ്ട്രീയക്കാരും മാധ്യമക്കാരും നാട്ടുകാരും അയല്‍ക്കാരും ബന്ധുക്കളും കൂട്ടുകാരും എല്ലാരും കൂടെ ഇങ്ങനെ ഒരുമിച്ച് എന്റെ അടിവേര് മാന്താന്‍ കൂട്ടുനില്‍ക്കുമെന്ന് വിചാരിച്ചില്ല. ഏത് എരണം കെട്ട നേരത്താണാവോ ഇവളെ ശത്രുവായി കാണാന്‍ തോന്നിയത്. വീട്ടില്‍ ചോറും കൂട്ടാനും വെച്ച് ടിവിയും കണ്ടോണ്ട് മാത്രം ഇരുന്നവളാണ് ഇപ്പോ ഇക്കണ്ട കാര്യങ്ങളെല്ലാം കുത്തിപ്പൊക്കി ഡയലോഗ് തട്ടിവിട്ട് പോയത്. ഇങ്ങനെ ഒരുമ്പെട്ട് ഇവള്‍ ഇറങ്ങുമെന്ന് സ്വപ്നത്തിലെങ്കിലും കരുതിയിരുന്നെങ്കില്‍ ഇവളെ ഞാന്‍ റെയ്പ്പ് ചെയ്യില്ലായിരുന്നു. അതും ഒന്നല്ല, പലതവണ! ഇനി ഇവള്‍ അതൊക്കെ ആരൊടൊക്കെ വിളമ്പിയോ എന്തോ? എന്തായാലും ഉപേക്ഷിക്കുകയല്ലേ, എന്നാ പിന്നെ അവളുടെ വേദന കൂടി ആസ്വദിച്ചേക്കാം എന്നോര്‍ത്ത് മനഃപൂര്‍വ്വം ചെയ്തതാണ്. ഛെ... ! ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നു! എനിക്ക് എന്തിന്റെ കേടായിരുന്നോ എന്തോ?

ഇത്രയൊക്കെ കേള്‍ക്കേണ്ടി വന്നെങ്കിലും അമ്മയുടേയും മൃദുലയുടേയും അമ്മയുടെയും പെങ്ങളുടേയും സ്ഥാനത്ത് കാണേണ്ടവരുടേയും ഉടുതുണി മാറുന്നത് ഒളിഞ്ഞു നോക്കിയത് ഇവള്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇല്ലെങ്കില്‍ അതും കേള്‍ക്കേണ്ടി വന്നേനെ. '

അവള്‍ പോകുന്നത് നോക്കി നഥാന്‍ നിശബ്ദനായി നിന്ന് സ്വയം ചോദിക്കുന്നു: എന്തിന് വേണ്ടിയായിരുന്നു? ആര്‍ക്ക് വേണ്ടി? എന്ത് നേടി? ഇതിനു വേണ്ടി തുലച്ച ലക്ഷങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു നല്ല വീട് വെയ്ക്കാമായിരുന്നു. എന്തായാലും എന്റെ കയ്യിലെ ലക്ഷങ്ങള്‍ പല പേരില്‍ ഊറ്റിയവര്‍ എന്റെ ജീവിതവും ആയുസും ആരോഗ്യവും വിറ്റ പൈസയില്‍ സുഖമായി ആര്‍ഭാടത്തോടെ ജീവിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആകെ എനിക്ക് പ്രയോഗിക്കേണ്ടിയിരുന്നത് സ്വന്തം കുടുംബമാണ് നഷ്ടപ്പെടുന്നത് എന്ന തിരിച്ചറിവും ചങ്കൂറ്റവും പ്രായോഗിക ബുദ്ധിയും ആയിരുന്നു. ആണിന്റെ ചങ്കൂറ്റമെന്നത് മുഖത്ത് വളര്‍ന്ന താടിയോ മീശയോ അല്ല. അത് നെഞ്ചിനകത്ത് നിന്ന് ഉണ്ടാകണമെന്ന് മറന്നു പോയി. എല്ലാം അടിയറവ് വെച്ച് ജീവിച്ച ഞാന്‍ എന്ന നഥാന്‍ ബാഹുലേയന്‍ ലോകം കണ്ട എറ്റവും വലിയ വിഡ്ഢിയായി അവശേഷിക്കുന്നു.

നഥാന്‍ അസ്വസ്ഥതയോടെ അവള്‍ പോയ വഴിയെ നോക്കിക്കൊണ്ട് സ്വയം പ്രാകി :- വിനാശകാലേ വിപരീത ബുദ്ധി.

Similar Posts