Art and Literature
കവിതയിലൂടെ ഒരു യാത്ര | Poetry
Art and Literature

കവിതയിലൂടെ ഒരു യാത്ര | Poetry

അജേഷ് പി.
|
11 July 2024 1:36 PM GMT

| കവിത

നമ്മളിരുന്ന ഇടങ്ങളൊക്കെ

എനിക്കു കവിതകളായിരുന്നു.

കാറ്റില്‍ നൃത്തം വെയ്ക്കുന്ന

മണമുള്ള ഇലകളിലെഴുതി

അവ കോര്‍ത്തു വെച്ചിരുന്നു.

മഴയും മഞ്ഞും ഇണചേരുന്ന

തണുത്ത ദിനരാത്രങ്ങളിലെല്ലാം

കോര്‍ത്തുവെച്ച കവിതകള്‍

ഞാന്‍ ഉറക്കെ വായിക്കാനെടുക്കുന്നു.

അക്ഷരങ്ങളുടെ കുനിപ്പിലും

വടിവിലും ഞാന്‍ തലോടുന്നു.

വെട്ടി കളഞ്ഞ വരികളില്‍

ചുരുളന്‍ മുടിക്കെട്ടു പോലെ

മഷി കലര്‍ന്നുപോയ മുറിപ്പാടില്‍ വിരലുകള്‍ നിശ്ചലമാകുന്നു.

മലയിറങ്ങി പോകുന്ന

വെള്ളച്ചാട്ടങ്ങള്‍ പോലെ

അവയില്‍ നിന്ന്

വാക്കുകള്‍ താഴേക്ക് താഴേക്ക്

കൊഴിഞ്ഞു പോകുന്നു.

ഒരു വൈകുന്നേരം

സമയമില്ല കള്ളങ്ങളില്‍

നമ്മളില്‍ അസ്തമിച്ച

കവിതകളെക്കൂട്ടി ഞാന്‍

തീ കായുന്നു.

പുകച്ചുരുളില്‍ കുടുങ്ങിയ

വെളിച്ചത്തില്‍

നമ്മള്‍ പിരിഞ്ഞ വഴികള്‍

തിണര്‍ത്തു കിടക്കുന്നു.

അതെ ഞാനിപ്പോള്‍

ആ വഴികളില്‍

ഓര്‍മ്മകളുടെ യാത്രയിലാണ്,

അതാ നോക്കൂ,

നമ്മള്‍ മിണ്ടാതെ

ഉരിഞ്ഞു കളഞ്ഞ

വാക്കുകളൊക്കെ

കവിതകളായി തന്നെ

താഴെ വീണു പോയ ഇലകളില്‍

കാത്തു കിടക്കുന്നുണ്ട്.


ഞാനിപ്പോള്‍

മണമൊഴിഞ്ഞു പോയ

ആ ഉണങ്ങിയ ഇലകളില്‍ തലോടി

എന്നിലെ നിന്നെ

ഉണര്‍ത്താന്‍ ശ്രമിക്കുകയാണ്!

Similar Posts