മരണഭയം | Short Story
|| കഥ
ഒരു തരം ഭയം മനസ്സിനെ പിടികൂടിയിട്ടു കുറച്ചു ദിവസങ്ങളായി. അതിങ്ങനെ ചിരിയേയും ചിന്തകളേയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. പഴയ പ്രസരിപ്പില്ല.
തുറന്നു പറഞ്ഞാല്‍ ഒക്ടോബര്‍ ഇരുപത്തൊമ്പതിനു തുടങ്ങിയതാണ് എന്റെ ഈ മനമുരുകല്‍. കൃത്യമായിപ്പറഞ്ഞാല്‍ ഒക്ടോബര്‍ 30 രാവിലെ എഴുന്നേറ്റപ്പോള്‍. സമയം 7:02 എഎം. അലാറം അടിച്ചു തളര്‍ന്നു ഉറങ്ങിയിരിക്കുന്നു. രാവിലെ അഞ്ചു മണിമുതല്‍ തുടങ്ങിയതായിരിക്കണം. വെറുതെയല്ല, സ്വപ്നത്തില്‍ സ്‌കൂളിലെ ബെല്ലായും കോളിങ് ബെല്ലായും അലോസരപ്പെടുത്തുന്ന കാര്‍ ഹോണായും അലാറം വേഷം മാറി വന്നതെന്ന് ഞാനോര്‍ത്തു. വൈഫൈ വന്നിട്ടുണ്ടാകണേ എന്ന പ്രാര്‍ഥനയാണ് മനസ്സിലേക്കാദ്യം ഓടി വന്നത്. എഴുന്നേറ്റാലാദ്യം എല്ലാവരേം പോലെ ഫോണിന്റെ ചിഹ്ന്നമുള്ള ആ പച്ച ഐക്കണില്‍ ഞെക്കുക എന്ന സ്വഭാവം എനിക്കുമുണ്ട്. മനപ്പൂര്‍വ്വമല്ല, ശീലമായിപ്പോയി. ഫോണുമതേ
'ഫ്രിഡ്ജുമതേ അകത്തൊന്നുമില്ലെന്നറിയാമെങ്കിലും ഇടയ്ക്കിടയ്ക്ക് തുറന്നു നോക്കിയില്ലെങ്കിലൊരു വെഷമമാണ്' എന്ന നെസ്ലെന്റെ 'ഹോമി'ലെ ഡയലോഗ് അക്ഷരാര്‍ഥത്തില്‍ സത്യമാണ് ഈ ഞാനുള്‍പ്പടെ ഉള്ള ഇന്നത്തെ സമൂഹത്തിന്റെ കാര്യത്തില്‍. ഇന്നലെ രാത്രി കറണ്ടില്ലാതിരുന്നതിനാല്‍ നേരത്തെ കിടന്നുറങ്ങിയതാണ്. പ്രത്യേകിച്ചൊന്നും വേണ്ടല്ലോ കറണ്ട് പോകാന്‍. കാറ്റടിച്ചാല്‍ കറന്റു പോകുമെന്ന കാര്യത്തില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവിടെ വലിയ വ്യത്യാസമൊന്നുമില്ല. അതിനു പുറകേ വന്ന ഇടിമിന്നലോര്‍ക്കുമ്പോള്‍ കറണ്ടില്ലാത്തത് തന്നെയാണ് നല്ലത്. അല്ലെങ്കില്‍ പിന്നെ അടിച്ചു പോയ ബള്‍ബോ ഫാനോ ചിലപ്പോള്‍ ടിവിയോ നന്നാക്കാന്‍ പോക്കെറ്റില്‍ നിന്നും പണമിറങ്ങിപ്പോകും. ഷഹീന്‍ ചുഴലിക്കാറ്റിനു പിന്നാലെ വന്ന മുല്ലപ്പെരിയാര്‍ ഭീഷണിയില്‍ മുങ്ങിക്കിടക്കുന്ന കേരളത്തിലിനി കാലം മാറിയ സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ കൂടി താങ്ങാന്‍ ശേഷി കൊടുക്കണേ എന്ന് പ്രാര്‍ഥിച്ച് കൊണ്ട് ഞാന്‍ വാട്സാപ്പ് അങ്ങ് തുറന്നു.
ഗ്രൂപ്പുകള്‍ നിറയെ ഒരൊറ്റ വാര്‍ത്ത മാത്രമേ ഉള്ളു. നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗം. ചെറുപ്പക്കാരന്‍. ആരോഗ്യവാന്‍. സുന്ദരന്‍. അവസാനം പറഞ്ഞത് രോഗം വരാതിരിക്കാനൊരു കാരണമാണോ എന്ന് ചോദിച്ചാലല്ല. എന്നാല്‍, ആദ്യം പറഞ്ഞ കാര്യങ്ങളൊക്കെ?
ഫോണിന്റെ ഫ്രെണ്ട് കാമറ ഓണാക്കി നോക്കി. അനുപംഖേറിനെപ്പോലെ തിളങ്ങുന്ന മൊട്ടത്തല (അത്രയ്ക്ക് തിളക്കമില്ല). പണ്ടു എല്ലാ ഞായറാഴ്ചയും രാത്രി പത്തു മണി ആകുമ്പോള്‍ അങ്ങേരുടെ 'ഏരിയല്‍ മിസ്റ്റര്‍ ഗോള്‍ഡ്' കാണാന്‍ അപ്പന്റെ കൂടെ ഞാനും ടിവിക്കു മുന്നില്‍ ഇരിക്കുമായിരുന്നു. അന്ന് ഞാന്‍ കരുതിയോ എന്റെ തലയുമൊരിക്കല്‍ ഇങ്ങനെ ആകുമെന്ന്? പരസ്യങ്ങളില്‍ കാണുന്ന മരുന്നെല്ലാം തേച്ചു നോക്കി. ഞാറു പോലെ അവിടിവിടെ ഉണ്ടായിരുന്ന മുടിയും കൂടി പോയത് മിച്ചം.
അങ്ങേരുടെ മുഖം കിട്ടിയിരുന്നെങ്കില്‍ ഞാനുമൊരു സൂപ്പര്‍സ്റ്റാറായേനെ. ഇതിപ്പോള്‍ കണ്ണിനു ചുറ്റും കറുത്ത പാടുകള്‍, വളഞ്ഞു കുറികിയ മൂക്ക്, വിശറിപോലത്തെ ചെവികള്‍. എല്ലാം കൂടി ഓര്‍ക്കുമ്പോള്‍ കലി വരുന്നു. ക്രിസ്മസ് ഫാദറിന്റേതുപോലെ മുന്നോട്ടുന്തി നില്‍ക്കുന്ന വയറപ്പോള്‍ എന്നെ നോക്കി കൊഞ്ഞനം കാട്ടി. അതെന്റേതല്ലെന്ന ഭാവത്തില്‍ ഞാനിരുന്നു. ഒരു സ്മാര്‍ട്ട് ലുക്ക് കിട്ടട്ടേയെന്നു വിചാരിച്ചിട്ടാണ് ഈ കുടവയറെങ്കിലും കുറക്കാമെന്നു വെച്ചത്. അതിപ്പോ ഇങ്ങനെയുമായി. ഇനിയിപ്പോ, ഇങ്ങനങ്ങു പോട്ടെ.
തുരങ്കത്തിലൂടെ കുതിച്ചു വരുന്ന ട്രെയിനിനെപ്പോലെ ഒരു സീല്‍ക്കാരം എന്റെ ഉള്ളിലൂടെ ചീറിപ്പാഞ്ഞുമരണഭയം. പെട്ടന്നങ്ങനെ വല്ലതും സംഭവിച്ചാല്‍? ഒരു നെഞ്ചുവേദന വന്നാല്‍? ഗൂഗിളില്‍ അടുത്തുള്ള ഹോസ്പിറ്റലുകളുടെയും ആംബുലന്‍സ് സര്‍വീസുകളുടെയും ഫോണ്‍ നമ്പര്‍ തപ്പിക്കണ്ടു പിടിച്ചു, ഫോണില്‍ സേവ് ചെയ്തു. ഇനിയിപ്പോ എനിക്ക് ഫോണ്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലോ?
തൊണ്ടയില്‍ തങ്ങി നില്‍ക്കുന്ന ഭാരമപ്പോള്‍ ട്രീസയുടെ ഫോണില്‍ ചെന്ന് നിന്നു. അവളുടെ ഫോണിലും ഈ നമ്പറുകള്‍ സേവ് ചെയ്തു. ഇനിയിപ്പോള്‍ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ മാര്‍ട്ടിനു കൊടുത്ത പൈസ? ഉടനെ മാര്‍ട്ടിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.
''എന്താ മച്ചാനെ ഈ വെളുപ്പാന്‍ കാലത്ത്? ഞാന്‍ നല്ല ഒറക്കവാരുന്നു.''
''അത്...ആ പതിനായിരം രൂപയുടെ കാര്യം?''
''അത് ഇന്നലേം കൂടി പറഞ്ഞല്ലേ ഉള്ള്? അടുത്ത മാസം കുറികിട്ടുമ്പം തരാ. ശെരിയെന്നാ.''
''ഞാനില്ലേലും നീയത്... ട്രീസക്ക് കൊട്ക്കണം.''
ഈ വാചകങ്ങള്‍ തന്നെക്കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാകുമോ എന്ന ചിന്ത കൈവിരലുകളെ തണുപ്പിച്ചു. തൊണ്ട വരണ്ടുപോയി. പിന്നെ വാക്കുകള്‍ പുറത്തു വന്നില്ല.
''എന്നാ പറ്റി? അത് പിന്നെ കൊടുക്കത്തില്ലെയോ? മച്ചാനെന്നെ വിശ്വാസമില്ലെയോ? എന്തെങ്കിലും പ്രശ്നമുണ്ടോ?''
അവസാനം മാര്‍ട്ടിന്‍ പറഞ്ഞത് തലയ്ക്കു മുകളിലൂടെ പറന്നുപോയി.
തന്റെ ഡയറിയില്‍ നിന്നും ഒരു പേപ്പറു കീറി ബാങ്കക്കൗണ്ട് ഡീറ്റെയില്‍സും മാര്‍ട്ടിന്റെ ഫോണ്‍ നമ്പറും കുറിച്ചിട്ടു. അപ്പൊ ഡേവീസിന്റെ കയ്യില്‍ നിന്നു വാങ്ങിയ 5500? മറ്റൊരു ഞാന്‍ എന്നെത്തന്നെ ചോദ്യം ചെയ്തു. അത് വിട്ടുകളാന്നു, അതങ്ങനെയങ്ങു പോകുമല്ലോ എന്ന് മനസ്സ് പറഞ്ഞപ്പോള്‍ അതവിടെയിരുന്നു കണ്ണുരുട്ടി. മൂന്നാമതൊരു കൈ വന്നു കടലാസില്‍ കുറിച്ചു.
ഡേവീസിനു കൊടുക്കാനുള്ളത് - 5500 രൂപ.
ഒരു യന്ത്രമനുഷ്യനെപ്പോലെ ഞാനെന്റെ മുറിയില്‍ തലങ്ങും വിലങ്ങും നടന്നു. തലയിലാകെ ഒരു തരിപ്പ്. ഇനി വല്ല കാന്‍സറോ മറ്റോ ഉണ്ടെങ്കിലോ? ഹോസ്പിറ്റലില്‍ വിളിച്ചു ഒരു ഫുള്‍ ബോഡീ ചെക്കപ്പിന് ബുക്ക് ചെയ്യാമെന്ന് വിചാരിച്ചു. ഗൂഗിളില്‍ നമ്പര്‍ അന്വേഷിച്ചപ്പോള്‍ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന് കണ്ടു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കാത്തിരുന്നപ്പോളാണ് ട്രീസ ചായയുമായി വന്നത്. ഇനി ഷുഗര്‍ വല്ലതുമുണ്ടെങ്കിലോ എന്നാലോചിച്ചു ചായ പകുതി വാഷ് ബേസിനിലേക്കൊഴിച്ചു കളഞ്ഞു. രാവിലത്തെ പ്രാതലിനുള്ള പുട്ടും കടലയും കഴിക്കുമ്പോള്‍ യുട്യൂബില്‍ കണ്ട ഹയ് കാര്‍ബ് ഫുഡിന്റെ വീഡിയോ എന്നെക്കൊണ്ട് ഒരു പുട്ട് കഷ്ണം തിരികെ കാസറോളില്‍ വെപ്പിച്ചു.
ഹോസ്പിറ്റലില്‍ നിന്നുള്ള സന്ദേശം വന്നു. കൃത്യം പതിനൊന്നു മണിക്കെത്തണം. ഒരു രണ്ടു മൂന്നു മണിക്കൂര്‍ കൊണ്ട് കാര്യം കഴിയുമായിരിക്കുമെന്ന് കരുതി അന്ന് ബാങ്കില്‍ വിളിച്ചു ലീവ് പറഞ്ഞു. ഒരാള്‍ ലീവെടുക്കാന്‍ കാത്തിരിക്കുകയാണ് മറ്റുള്ളവര്‍ എന്ന അവസ്ഥയാണവിടെ. ബാങ്കിലാണെന്ന് പറയുമ്പോള്‍ ബാങ്ക് മാനേജറാണെന്നു കരുതേണ്ട. അവിടത്തെ ഹെല്‍പ്ലൈനിലാണ് ജോലി.
എംബിയേക്കൊന്നുമീ നാട്ടിലൊരു വിലയുമില്ലല്ലെന്ന് മനസ്സിലാക്കിയത് പഠിച്ചിറങ്ങിയപ്പോഴാണ്. എംബിഎ ചെയ്തതിനാല്‍ മറ്റാരുടെ മുന്‍പിലും തലകുനിക്കാതെ ബിസിനസ് ചെയ്യാമെന്നായിരുന്നു അപ്പോള്‍ മനസ്സില്‍. അന്നൊക്കെ രാവിലെ ടിപ് ടോപ്പായി ബാങ്കിലേക്കോടുന്ന ഉദ്യോഗസ്ഥന്മാരെ പുച്ഛമായിരുന്നു. ബെന്‍സിലും മിനികൂപ്പറിലും യാത്ര ചെയ്യുന്നതെല്ലാം സ്വപ്നം കണ്ടു നമ്മുടെ ശ്യാമളയിലെ വിജയേട്ടനെപോലെ കുറെ ബിസിനസുകള്‍ തുടങ്ങി. ഒടുക്കം നാടോടിക്കാറ്റിലെ വിജയന്റെ അവസ്ഥയിലായി.
ഞാനന്നു ഓഫിസ്സില്‍ പോകുന്നില്ലെന്നറിഞ്ഞ മകള്‍ തുള്ളിച്ചാടി. അടുത്താവശ്യം അവളുടെ കൂടെ കളിക്കുക എന്നതാണ്. അത് പറ്റില്ലെന്നും ഡാഡിക്കു അസുഖമാണെന്നും ഒരു വിധത്തില്‍ മകള്‍, ടീനയെപ്പറഞ്ഞു മനസ്സിലാക്കി. അവളു ചെന്നത് ട്രീസയോടു പറഞ്ഞു കൊടുത്തു. പുറകേ വന്നു ട്രീസയുടെ ചോദ്യാവലി. അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കള്ളങ്ങളായ കള്ളങ്ങള്‍ പറഞ്ഞു നോക്കി. അവസാനം എനിക്കെന്തോ മാരകരോഗമാണെന്ന് കരുതി അവളുമെന്റെ കൂടെ ഹോസ്പിറ്റലില്‍ വരാമെന്നേറ്റു. സ്‌കൂളില്ലാത്തത് കൊണ്ട് ടീനയും.
കോവിഡ് കാലമായതിനാല്‍ ഹോസ്പിറ്റലില്‍ തിരക്ക് കുറവായിരിക്കുമെന്നോര്‍ത്തു ഹോസ്പിറ്റല്‍ റിസെപ്ഷനിലെത്തിയ എനിക്ക് പക്ഷെ തെറ്റി. അവിടെ പൂരത്തിനേക്കാള്‍ തിരക്ക്. വലിയ ക്യൂ നിന്നു പണമടച്ചു കഴിഞ്ഞു നോക്കുമ്പോള്‍ കിരീടം ധരിച്ച കീടാണുവെന്നെ വലയം ചെയ്തു. വല്ലാത്ത ബുദ്ധിമുട്ട്. ശ്വാസമെടുക്കാനൊരു പ്രയാസവും. അവിടെ നിന്നാല്‍ ഹാര്‍ട്ട് അറ്റാക്കിനുപകരം കോവിഡ് വന്നു ചത്തു പോകുമെന്ന് പേടിച്ചു ഞാന്‍ ടീനയേയും ട്രീസയേയും കൂട്ടി വേഗം സ്ഥലം വിട്ടു.
ഓട്ടോയില്‍ കയറി മ്യൂസിയം ജങ്ഷനിലെത്തിയപ്പോള്‍ അവിടെ ഒരാക്സിഡന്റ്. ടീനയുടെ പുസ്തകങ്ങളിലെ വഴികാണിക്കല്‍ പസ്സിലുപോലെ ഊടു വഴികളിലൂടെ മൂന്നിരട്ടി ദൂരം ഓടിക്കിതച്ചു ഒട്ടോ വീടിനു മുമ്പില്‍ നിന്നപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ഒരാള്‍ക്കൂട്ടം കണ്ടു. അന്വേഷിച്ചപ്പോള്‍ നമ്മുടെ നാരായണേട്ടന്റെ അമ്മ മരിച്ചതാണെന്നറിഞ്ഞു.
ഡബിള്‍ മാസ്‌ക് ഫിറ്റ് ചെയ്തു അവിടൊന്ന് കൂടി വന്നപ്പോഴേക്കും എന്റെ മനസ്സ് പിന്നെയും കലുഷിതമായിരുന്നു. മരണമെന്നെ പിന്തുടരുന്നത് പോലെ. വൈകിട്ടത്തെ കൊന്തയെത്തിക്കലില്‍ ഞാന്‍ കൂടിയപ്പഴേ ട്രീസയുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. എന്നെ കളിയാക്കിച്ചിരിച്ചതാണെന്നു മനസ്സിലായെങ്കിലും ഞാനൊന്നും പറഞ്ഞില്ല.
രാത്രി അത്താഴം കഴിഞ്ഞത് മുതല്‍ നെഞ്ചിനൊരു നീറ്റല്‍. ഇനിയിപ്പോള്‍ ഹോസ്പിറ്റല്‍ ചിലവും ആംബുലന്‍ഡിന്റെ ചിലവുമെല്ലാം കൂടി വലിയ തുകയായാലോ? അപ്പോള്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ സെബാസ്റ്റിനെ വിളിച്ചു ചോദിച്ചു. രാത്രി വിളിച്ചതു കൊണ്ടു എന്തോ അത്യാവശ്യത്തിനു വിളിക്കുകയാണെന്ന് വിചാരിച്ചുവെന്നു തോന്നുന്നു, പാവം. ഒറ്റ റിങ്ങില്‍ ഫോണെടുത്തു. ആംബുലന്‍സ് ചാര്‍ജ് ചോദിക്കുന്നതിനിടയില്‍ കൂടെയുള്ള ആകുലത മരണാനന്തര ചടങ്ങുകളെറിച്ചുമന്വേഷിച്ചു. കല്യാണം മാത്രമല്ല ഇപ്പോള്‍ മരണന്തര ചടങ്ങുകളും നടത്തിക്കൊടുക്കുന്ന ഇവന്റ് മാനേജ്‌മെന്റുകളുണ്ടെന്നു സെബാസ്റ്റിന്‍ പറഞ്ഞു. കൂട്ടത്തിലൊരു നമ്പറും തന്നു. അത് സേവ് ചെയ്തു കിടക്കയിലേക്കു തല വെക്കുമ്പോഴേക്കും ഹൃദയം പടപടാ മിടിക്കുകയായിരുന്നു.
രാവിലെ എഴുന്നേല്‍പിച്ചതു ഡെറ്റോളിന്റെ കുത്തുന്ന മണമാണ്. നോക്കുമ്പോള്‍ ആശുപത്രി. നെഞ്ച് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. മുഖത്തു ഒക്സിജന്‍ മാസ്‌ക് പിടിപ്പിച്ചിട്ടുണ്ടെങ്കിലും മതിയായി ശ്വാസമെടുക്കാനാവാത്തത് പോലെ.
ഒരു കൂട്ടം ഡോക്ടര്‍മാരും നഴ്‌സുമാരുമോടി വന്നു. ഒരാള്‍ നെഞ്ചില്‍ പിടിച്ചമര്‍ത്തുകയും മറ്റെയാള്‍ ശ്വാസം നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. നിലവിളികള്‍. എനിക്കെല്ലാവരെയും കാണാം. ഞാന്‍ അവരോട് സംസാരിക്കുവാന്‍ ശ്രമിച്ചു. ആരുമൊന്നും കേട്ടില്ല. ആവി കണക്കെ എന്റെ ശബ്ദം അന്തരീക്ഷത്തിലലിഞ്ഞു ചേര്‍ന്നു.