അനാഥബാല്യങ്ങളുടെ സങ്കടപ്പെയ്ത്ത്; ഒരു യത്തീമിന്റെ 'പുഴക്കുട്ടി' വായന
|മുഖ്താര്‍ ഉദരംപൊയില്‍ എഴുതിയ 'പുഴക്കുട്ടി' നോവല്‍ വായന
കണ്ണു നിറയുന്നത് ഉമ്മ കാണാതിരിക്കാന്‍ സല്‍മാന്‍ ഉമ്മയുടെ തട്ടം കൊണ്ട് മുഖം തുടക്കും. മല്ലികപ്പൂവിന്റെ മണം മൂക്കില്‍ കുത്തുമ്പോള്‍ അവന്‍ ഉമ്മയെ നോക്കും. ഉപ്പയുടെ കുപ്പായമാണ് അന്തിയായാല്‍ ഉമ്മ ധരിക്കുക.
'ഈ കുപ്പായട്ട് കെടന്നാ ഒര് ധൈര്യാ.. ഓല് അട്ത്ത്ള്ള മാതിരി ഒര് തോന്നലാ.. അതനക്ക് പറഞ്ഞാ മനസ്സ്ലാവൂല..'
ഉമ്മ പറയുന്ന കഥകളിലെ ഉപ്പയെ അവന്‍ കണ്ടിട്ടില്ല...
- പുഴക്കുട്ടി/ മുഖ്താര്‍ ഉദരംപൊയില്‍
കഥാസന്ദര്‍ഭത്തിലെ ഉമ്മയുടെ വാക്കുകള്‍ നോവലായി വായിച്ചെടുക്കാന്‍ കഴിയാതെ മുന്നില്‍ ജീവിതമായി നിറഞ്ഞ വായനാനേരങ്ങളില്‍ എന്റെ ഉമ്മ പറയാറുള്ള കഥകളിലെ ഉപ്പയുടെ ഓര്‍മകള്‍ക്ക് മീതേ കണ്ണുനീര്‍ മൂടി അക്ഷരങ്ങള്‍ അവ്യക്തമായി. എഴുതിയും വരച്ചും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന മുഖ്താര്‍ ഉദരംപൊയിലിന്റെ, മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'പുഴക്കുട്ടി' വായിച്ചുതുടങ്ങി മുഴുമിപ്പിക്കാനാവാതെ അല്‍പ്പസമയത്തേക്ക് പുസ്തകം മടക്കി വെക്കേണ്ടിവന്നു. കാരണം, അനുഭവങ്ങളുടെ ആഴങ്ങളില്‍ പരന്ന മുഖ്താറിന്റെ എഴുത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന അനാഥബാല്യങ്ങളുടെ നെഞ്ചിടിപ്പുകള്‍ എന്റേതുമാണല്ലോ. അതുകൊണ്ട് തന്നെ കുഞ്ഞുസ്മൃതികള്‍ കൊണ്ടൊരു അക്ഷരാര്‍ച്ചനയാണ് 'പുഴക്കുട്ടി'യുടെ എന്റെ വായനാക്കുറിപ്പ്.
'പപ്പ ഉറങ്ങുവാ കരയല്ലേ മോളേ.'
വീടിന്റെ ഉമ്മറത്ത് വെള്ള പുതപ്പിച്ച് കിടത്തിയ പപ്പയെ നോക്കി നഷ്ടത്തിന്റെ കാഠിന്യം അറിയാതെ വെറുതെ കരഞ്ഞ അഞ്ച് വയസ്സുകാരിയെ സാന്ത്വനിപ്പിക്കാന്‍ ബന്ധുവായ സ്ത്രീ പറഞ്ഞ വാക്കുകള്‍ക്കൊപ്പം ചുറ്റിനും കൂടി നിന്നവരില്‍ നിന്ന് അലയടിച്ചുയര്‍ന്ന വാക്ക് ഇന്നും ഒരു തിരയായി വന്ന് ഒഴുക്കിക്കൊണ്ടുപോകാറുണ്ട്. 'യത്തീംമക്കളായി പോയല്ലോ റബ്ബേ'.
'യത്തീം', അനാഥത്വത്തിന്റെ പെരുവഴിയില്‍ പകച്ച് നിന്ന നേരങ്ങളില്‍ കേട്ട് തഴമ്പിച്ചൊരു വാക്ക്. എത്രയോ നാള്‍ ആള്‍കൂട്ടത്തിനിടയിലും, വിജനമായ വഴികളിലും, ഉപ്പയെ തേടി അലഞ്ഞ നാളുകളില്‍ യത്തീമെന്ന വാക്കിന്റെ ഭാരം പേറി കുനിഞ്ഞ ശിരസ്സുമായി നടന്നിട്ടുണ്ട്. അപകര്‍ഷതാബോധത്തിന്റേയും ആത്മനിന്ദയുടെയും നിഴലില്‍ നീറിപിടഞ്ഞിട്ടുണ്ട്. ഓര്‍മ്മയുറച്ച കാലം മുതല്‍ ആ വാക്കിന്റെ പ്രകമ്പനം ഏല്‍പ്പിച്ച ക്ഷതങ്ങള്‍ കുഞ്ഞുഹൃദയത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ആ വിഷാദം ഇന്നുമെന്നെ നിഴലായി പിന്‍തുടരുന്നുണ്ട്.
ഇരുണ്ട കാലത്തിന്റെ ചുമരുകളില്‍ കാണാതെയും കേള്‍ക്കാതെയും പോകുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകളടങ്ങിയ അധ്യായങ്ങള്‍ നോവിന്റെ പിന്‍വിളികളായി ഘനീഭവിച്ച് കിടക്കുമ്പോള്‍ ഒന്നിലൊതുങ്ങാത്ത അനാഥാലയങ്ങളിലെ മനുഷ്യത്വം മരവിച്ച വാര്‍ഡന്‍ കാക്കമാര്‍ക്ക് ഒരേ മുഖം, ഒരേ സ്വരം, ഒരേ ഭാവം. സാര്‍വലൗകികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ നോവല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന രീതി ഏറെ അഭിനന്ദാര്‍ഹമാണ്.
കുഞ്ഞുങ്ങള്‍ മാലാഖമാരാണെന്ന് പറയാറുണ്ട്. നിഷ്‌കളങ്കതയും നിസ്സാഹയതയും പേറുന്ന മാലാഖമാര്‍. ശാരീരികവും മാനസികവുമായ പിന്തുണ ആവശ്യമുള്ള ഘട്ടങ്ങളില്‍ അനാഥമന്ദിരങ്ങളില്‍ എത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ അതിദയനീയമാണ്. പട്ടിണി പ്രധാന കാരണമാകുന്നുവെങ്കിലും മുതിര്‍ന്നവരുടെ സ്പര്‍ധക്കും സുഖത്തിനും പോരാട്ടത്തിനും ജീവിതം തന്നെ അടിയറവ് വെക്കേണ്ടി വരുന്നത് കൂടുതലും കുഞ്ഞുങ്ങളാണ്. ലോകത്തെ കിടുകിടെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരോ യുദ്ധങ്ങളിലും ചിതറിത്തെറിച്ച് വീഴുന്നവരില്‍ കൂടുതലും കുഞ്ഞുങ്ങളാണ്. ദുഃഖം നിഴലിക്കുന്ന ഒരു താരാട്ട് പോലെ വായനാവസാനത്തില്‍ 'പുഴക്കുട്ടി'യെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ആയിരമായിരം കുഞ്ഞുകൈകള്‍ എന്റെ നേര്‍ക്ക് നീണ്ടുവരുന്നതായി തോന്നി. 'ഒന്നു തൊട്ട് പോകൂ' എന്ന് വെളിച്ചംകെട്ട കണ്ണുകള്‍ യാചിക്കുന്നത് പോലെ. സ്നേഹത്തിന് വേണ്ടിയുള്ള ദാഹം, പരിഗണനയുടെ ഒരു നോട്ടം, ഏത് വിശപ്പിനേയും കെടുത്തുവാന്‍ അവര്‍ക്ക് അത് മാത്രം മതിയാകും, അനുഭവിച്ചത് മാത്രമാണ് സത്യമെന്നിരിക്കെ. കഠിനസമ്മര്‍ദങ്ങളുടെ ഭൂതകാലത്ത് നിന്ന് തിളക്കമായി നിറയുന്ന ചില മുഖങ്ങള്‍ അമൂല്യമായ ഓര്‍മ്മകളായി ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു. അത് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയത് കൊണ്ടല്ല, മറിച്ച് ആന്തരികതാളം പോലെ ഇന്നും ഹൃദയത്തില്‍ പതിഞ്ഞ് കിടക്കുന്ന 'മോളേ' എന്നുള്ള ഹൃദയം തൊട്ട വിളി ഒന്ന് മാത്രമാണ്. ഇരുണ്ട കാലത്തിന്റെ ചുമരുകളില്‍ കാണാതെയും കേള്‍ക്കാതെയും പോകുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകളടങ്ങിയ അധ്യായങ്ങള്‍ നോവിന്റെ പിന്‍വിളികളായി ഘനീഭവിച്ച് കിടക്കുമ്പോള്‍ ഒന്നിലൊതുങ്ങാത്ത അനാഥാലയങ്ങളിലെ മനുഷ്യത്വം മരവിച്ച വാര്‍ഡന്‍ കാക്കമാര്‍ക്ക് ഒരേ മുഖം, ഒരേ സ്വരം, ഒരേ ഭാവം. സാര്‍വലൗകികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ നോവല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന രീതി ഏറെ അഭിനന്ദാര്‍ഹമാണ്.
ത്തീംഖാനയിലെ മാനസിക പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ മുകളിലെ പള്ളിമുറിയില്‍ നിന്ന് താഴേക്ക് ചാടി മരിക്കാന്‍ തീരുമാനിച്ച സല്‍മാന്‍ ചെന്നെത്തിയത് ചിത്രം വരക്കുന്ന ഹൈദറിന്റെ മുന്നില്‍. ചിത്രങ്ങളൊരോന്ന് മറിച്ച് നോക്കാനുള്ള ആഗ്രഹത്താല്‍ മരിക്കാന്‍ മറന്ന് നിന്ന സല്‍മാനെ മുഖ്താര്‍ എഴുതുകയല്ല നെഞ്ചില്‍ തൊട്ട ഭാഷയില്‍ വരച്ചിടുകയാണ് ചെയ്യുന്നത്. ഹൈദറിന്റെ വരയിലെ മരങ്ങള്‍ക്കിടയിലൂടെ നിവര്‍ന്ന് കിടക്കുന്ന വഴി ചെന്നെത്തുന്ന സ്ഥലത്തിലെ വീടും, വീടിന് മുന്നില്‍ പുള്ളിത്തട്ടമിട്ട ഉമ്മയും. അത് ഹൈദറിന്റെ ഉമ്മയാവുമോ? വരട്ടുചൊറിയുടെ വേവ് പുരണ്ട അന്തരീക്ഷത്തില്‍ പിറന്ന സല്‍മാന്റെ സന്ദേഹങ്ങള്‍ തന്നെയാവണം കാലങ്ങള്‍ക്കിപ്പുറം നോവലിന് വേണ്ടി ഇരുണ്ട പശ്ചാത്തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മുഖ്താര്‍ വരച്ചിട്ട ഒരോ ചിത്രങ്ങളും.
ഉറക്കത്തില്‍ പുരളുന്ന വെള്ളപ്പാടുകളെ ഭയന്ന് ഹൃദയഭാരം കൊണ്ട് വാതില്‍പാളികള്‍ ചേര്‍ത്തടച്ച് ഉറങ്ങാന്‍ കിടന്ന സല്‍മാന്റെയും കൂട്ടുകാരുടെയും സ്വപ്നത്തിന്റെ ചുളിവുകള്‍ അസ്വസ്ഥ വായനയായ രാത്രിയിലൊരു സ്വപ്നം കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. അനാഥരുടെ തെരുവ്. ഇളം മഞ്ഞ കുപ്പായം അണിഞ്ഞ കുഞ്ഞുങ്ങള്‍ ഒളിക്കാനൊരിടം തേടി പതുങ്ങി നടക്കുന്നു. ഒടുവില്‍ മാലാഖമാരുടെ ചിറകുകള്‍ക്കടിയില്‍ അവരൊരു ഇടം കണ്ടെത്തുന്നു. എന്റെ സ്വപ്നങ്ങള്‍ എന്നും വിചിത്രമാണങ്കില്‍ കൂടിയും അനാഥ ബാല്യങ്ങളുടെ സ്വപ്നത്തില്‍ തീര്‍ച്ചയായും ഒരാകാശവും നീന്തി കളിക്കാനൊരു തോണിയും നക്ഷത്രങ്ങളായി അവരുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളുമുണ്ട്. സാന്ത്വനത്തിന് മാലാഖമാരുടെ ചിറകുകളുമുണ്ട്. നോവലിലെ സല്‍മാനും ഇര്‍ഷാദും നസീഫും തുടങ്ങി ഒരോ കുഞ്ഞുങ്ങളും മരണം പോലെ വിളറിയ ജീവിതത്തിന് മുന്നില്‍ പകച്ച് നിന്ന നേരങ്ങളില്‍ കണ്ട സ്വപ്നങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാനും എത്രയോ കണ്ടിട്ടുണ്ട്. അനാഥരുടെ സ്വപ്നങ്ങള്‍ക്കെന്നും ഒരേ നിറമാണല്ലോ..
''ഒറ്റക്ക് തിളങ്ങുന്ന
നക്ഷത്രത്തിലേക്ക് കൈ ചൂണ്ടി
ഉപ്പയുടെ കണ്ണുകള്‍ കണ്ടെന്ന്
പറയുമ്പോള്‍ കേള്‍ക്കാത്ത
മട്ടില്‍ ഉമ്മ മയിലാഞ്ചിക്കാടിനോട്
മിണ്ടും.
സുറുമയെഴുതാത്ത മിഴികളിലെരിയുന്ന
കനല്‍ചൂടിലപ്പോള്‍ ഉപ്പയും
പൊള്ളി അടരുന്നുണ്ടാവും..
ഉപ്പയുടെ മോതിരകല്ല്
പകലില്‍ സൂര്യനാവും
രാത്രിയില്‍ ചന്ദ്രനും
ആ വെട്ടത്തിലൂടെ നടന്ന്
ഒരിക്കലെങ്കിലും
ഉപ്പയെ തൊടണം.''
കൂട്ടുകാര്‍ക്കൊപ്പം ഹൃദയം തുറന്ന് ചിരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, ബാല്യകാലത്തിന്റെ കൗതുകങ്ങളൊളിപ്പിച്ച ഒരു കളിപ്പാവ പോലും സ്വന്തമായിട്ടില്ലാതിരുന്ന ഓര്‍മ്മകളിലൂടെ എഴുതിയ 'ഉപ്പ' എന്ന കവിതയിലെ ആകാശത്ത് തിളങ്ങുന്ന നക്ഷത്രം എന്റെ ഉപ്പയുടെ കണ്ണുകളായിരുന്നെങ്കില്‍ മുഖ്താറിന്റെ 'പുഴക്കുട്ടി'യില്‍ ഇര്‍ഷാദിന്റെ വല്ലിമ്മയാണ്. അനുഭവങ്ങളുടെ സമാനതകളും ഏത് അനാഥരിലും ഒരേ അളവില്‍ തന്നെയാണല്ലോ.
നോവലിന്റെ പരിസമാപ്തിയില്‍ ഇര്‍ഷാദ് ഒറ്റക്കൊഴുകി കരുത്തനായി തിരിച്ചുവന്നത് പോലെ, ഒരോ യത്തീമുകളും അനുഭവങ്ങളുടെ കരുത്താല്‍ ഒഴുകി നിറയുന്ന ഒരോ പുഴകളാവും.. അതുകൊണ്ട് തന്നെ 'പുഴക്കുട്ടി' എന്ന നോവല്‍ പ്രത്യാശയുടേത് കൂടിയാണ്. ആദ്യനോവലിന്റെ ഖ്യാതിയില്‍ മുഖ്താറും പുഴക്കുട്ടിയും ഒന്നായൊഴുകുന്ന കാഴ്ച്ച സന്തോഷം നല്‍കുന്നു.
'പുഴക്കുട്ടി' സമൂഹത്തിന്റെ തന്നെ മൂല്യച്ചുതിക്കളെ ചില ഘട്ടങ്ങളില്‍ വിചാരണ ചെയ്യുന്നുണ്ട്. അശരണരെ സഹായിക്കാനെത്തി അവര്‍ക്ക് നല്‍കുന്ന ചെറുസഹായങ്ങള്‍ പോലും വമ്പ് കാട്ടാനുള്ള ഉപാധിയാക്കി മാറ്റി നിസ്സഹായമായ മുഖങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് വമ്പന്‍മാരാകുന്ന പരിഷ്‌കൃത സമൂഹത്തിന്റെ മറ്റൊരു പതിപ്പാണ് ബിരിയാണി എന്ന അധ്യായത്തിലൂടെ നോവലിസ്റ്റ് പറഞ്ഞുവെക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം യത്തീംഖാനയില്‍ വിളമ്പുന്ന ബിരിയാണിയുടേയും നെയ്ച്ചോറിന്റെയും മണം കേട്ട് വിശപ്പിന്റെ വിളിയുമായി നില്‍ക്കുന്ന കുട്ടികളുടെ മുന്നിലേക്കെത്തുന്ന സ്പോണ്‍സര്‍മാര്‍ക്ക് വേണ്ടി വാര്‍ഡനുസ്താദ് ദുആ ചെയ്യും. ഒടുവില്‍ അനാഥകുട്ടികള്‍ക്കൊപ്പമുള്ള ചിത്രമെടുത്ത് അവരുടെ മുന്നില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുമ്പോള്‍ അനാഥത്വത്തിന്റെ പെരുവഴിയില്‍ ഒരോ കുഞ്ഞുങ്ങളും അവരുടെ ഉപ്പയേയും ഉമ്മയേയും തിരയും. അതോടെ ബിരിയാണിയുടെ രസം മുറിയും.
ഒരു ജാഥയില്‍ മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് ആരോ കുത്തിക്കൊന്ന ബാപ്പയുടെ ഓര്‍മ്മകളും പേറി അനാഥാലയത്തിലെത്തപ്പെട്ട ആശിഖ് അലി ഉമ്മക്ക് എഴുതിയ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കത്ത് ഏതൊരു വായനക്കാരന്റെയും കണ്ണുകള്‍ നിറക്കും.
'ഇമ്മാ.. ഇച്ച് ഇവടെ നിക്കാനപറ്റീല. ഞാന് ഇങ്ങളെ കിനാവ് കാണാണ്. ഇപ്പാനെം കിനാവിന്‍ കാണാണ്. ഇവ്ടെ നഗരാണ്. ഈ നഗരത്തിന്ന് എന്നെ കഴിച്ചിലാക്കണം. ഇമ്മ അടുത്ത്ണ്ടായാ മാത്രം മതി. ഞാന് പട്ടിണി കെടന്നോള. കൊയപ്പല്ല. ഇമ്മാന്റെ ഒപ്പം പണിക്ക് വന്നോള. കൊയാപ്പല്ല. ഇച്ച് ഇമ്മാനെ കാണണം.. വാര്‍ഡന്‍ കാക്ക ഒരു നായിയാണ്. കണ്ണീച്ചോരയില്ലാത്ത നായി...'
നരകം അക്ഷര തെറ്റ് കൊണ്ട് നഗരമായ കത്ത് കിട്ടിയത് വാര്‍ഡന്‍ കാക്കയുടെ കയ്യില്‍. ക്രൂരതയുടെ പര്യായമായ വാര്‍ഡന്‍ കാക്കയുടെ മുന്നില്‍ പേടിച്ചരണ്ട് നില്‍ക്കുന്ന ആശിഖ് അലി അനാഥനാവുമായിരുന്നില്ല. അവന്റെ ഉപ്പ പകയുടെ ഇരയാകാതിരുന്നെങ്കില്‍. എത്രയോ രക്തസാക്ഷികള്‍, എത്രയോ ആശിഖ് അലിമാര്‍. യുദ്ധഭൂമിയുടെ മറ്റൊരു മുഖം.
പട്ടിണി സഹിക്കവയ്യാതായപ്പോള്‍ അടുത്ത പറമ്പില്‍ കയറി ഒരു ചക്ക പറിച്ചതിന് നാട്ടുകാര്‍ ഓടിക്കൂടി കള്ളിയാക്കി മുദ്ര കുത്തിയപ്പോള്‍ അപമാനഭാരത്താല്‍ ജീവന്‍ ഒടുക്കിയ ഉമ്മയെ ഓര്‍ത്ത് കരയുന്ന അന്‍സഫും അവന്റെ രണ്ട് സഹോദരിമാരും. ഉമ്മയുടെ ജീവനെടുക്കാന്‍ കാരണമായ വിശപ്പില്‍ തിളക്കുന്ന അന്‍സഫിന് വേണ്ടി സ്വന്തം വിശപ്പ് മറന്ന സല്‍മാന്‍. വായന അവസാനിച്ചിട്ടും ഹൃദയം കൊണ്ട് 'പുഴക്കുട്ടി'യിലെ കുഞ്ഞുങ്ങളെ വാരിപ്പുണരുന്നതായി അനുഭവവേദ്യമാകുന്നു. ആ നേരങ്ങളില്‍ കണ്ണുകള്‍ ഈറനാകുന്നു. ആ നനവില്‍ കരുണയെന്ന മഹത്തായ ദൈവവചനം വീണ്ടും വീണ്ടും മനസ്സിന്റെ വാതിലില്‍ മുട്ടിവിളിക്കുന്നത് പോലെ.
ഉമ്മയും ഉപ്പയുമുണ്ടായിട്ടും അനാഥനായി വളരേണ്ടി വന്ന ഇര്‍ഷാദിനോട് ഏക ആശ്രയമായ വല്ലിമ്മ പറഞ്ഞത് അവനെ പുഴയില്‍ നിന്ന് കിട്ടിയതാണത്രേ! നൈല്‍ നദിയിലൂടെ മൂസാ നബി ഒഴുകി വന്ന പോലെ. വല്ലിമ്മയുടെ മരണത്തോടെ ആരൂല്ലാത്ത 'പുഴക്കുട്ടി'യായ ഇര്‍ഷാദ് സല്‍മാന്റെ ഉറ്റ സുഹ്യത്താണ്. ഒരര്‍ഥത്തില്‍ ഒരോ യത്തീമുകളും ഒരോ പുഴകളാണ്. നൊമ്പരത്തിന്റെ കുത്തൊഴുക്കില്‍ ദിശയറിയാതെ ഒഴുകുന്ന പുഴകള്‍. നോവലിന്റെ പരിസമാപ്തിയില്‍ ഇര്‍ഷാദ് ഒറ്റക്കൊഴുകി കരുത്തനായി തിരിച്ചുവന്നത് പോലെ, ഒരോ യത്തീമുകളും അനുഭവങ്ങളുടെ കരുത്താല്‍ ഒഴുകി നിറയുന്ന ഒരോ പുഴകളാവും.. അതുകൊണ്ട് തന്നെ 'പുഴക്കുട്ടി' എന്ന നോവല്‍ പ്രത്യാശയുടേത് കൂടിയാണ്. ആദ്യനോവലിന്റെ ഖ്യാതിയില്‍ മുഖ്താറും പുഴക്കുട്ടിയും ഒന്നായൊഴുകുന്ന കാഴ്ച്ച സന്തോഷം നല്‍കുന്നു.
ജസീന റഹിം