ജീവിതാവശിഷ്ടങ്ങള്‍ കൊണ്ടുള്ള കഥകൗശല വിദ്യകള്‍
|നമുക്കെല്ലാം അറിയാവുന്ന ഒരു ദേശത്തെയും അവിടത്തെ ജനതയെയും മുഖ്താറിന്റെ കഥകളില്‍ കണ്ടുമുട്ടുന്നു, അവര്‍ സാമൂഹ്യജീവിതത്തിന്റെ ജനപ്രതിനിധികളായി വര്‍ത്തിക്കുന്നു - മുഖ്താര്‍ ഉദരംപൊയിലിന്റെ 'ഉസ്താദ് എംബാപ്പെ' കഥാ പുസ്തകത്തിന്റെ വായന.
ഒരാള്‍ വേറൊരാളെപ്പറ്റി ഓനൊരു കഥയില്ലാത്ത ഒരുത്തനാണെന്നു പറയുമ്പോള്‍ കഥയുടെ അര്‍ഥം മാറുന്നു, ജീവിതത്തെ ജീവിതമാക്കുന്ന ചേരുവകളിലേതോ ഒന്നിന്റെ കുറവിനെക്കുറിച്ചാണത്. കഥയുള്ള ഒരുത്തനെന്ന വിശേഷണത്തിലാവട്ടെ നേരത്തെ കുറവുവന്നത് ഇയാളിലുണ്ടെന്ന ധ്വനിയുമുണ്ട്. എന്നാല്‍, അതെന്തെന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും; പ്രതിജനഭിന്നം. അതായത് ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളുമായി കഥയ്ക്കൊരു ബന്ധമുണ്ട്. ജീവിതം കഥകളിലൂടെയാണ് പുലരുന്നത്, ആത്മകഥയില്ലാത്ത മനുഷ്യരാരുമില്ല, എഴുതാത്തവരും അവരവരുടെ ആത്മകഥ രംഗത്തവതരിപ്പിച്ചാണ് ഐഹികമായി പിന്‍വാങ്ങുന്നത്. ഈ ആത്മകഥകളുടെ സമാഹാരമാണ് മനുഷ്യജീവിതവും ലോകചരിത്രവും.
ബുക്പ്ലസ് പുറത്തിറക്കിയ മുഖ്താര്‍ ഉദരംപൊയിലിന്റെ എട്ടുകഥകളുടെ സമാഹാരമായ 'ഉസ്താദ് എംബാപ്പെ'യില്‍, മേപ്പടി ആത്മകഥയുള്ള മനുഷ്യര്‍ക്ക് അവരെഴുതാത്ത ജീവചരിത്രമുണ്ടാക്കുകയാണ് എഴുത്തുകാരന്. കഥകളാണെങ്കിലും ഈ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവരാണ്. അവരുടെ ജീവചരിത്രമാണ് മുഖ്താര്‍ കഥകള്‍കൊണ്ട് കെട്ടുന്നത്. ദൃസാക്ഷിത്വം ഉപേക്ഷിച്ച് സംഭവങ്ങളിലേക്ക് പ്രവേശിക്കുമ്പോഴാണ് അനുഭവം കഥയാകുന്നത്, കഥാകൃത്ത് റിപ്പോര്‍ട്ടറല്ല. വാര്‍ത്ത ഒളിപ്പിക്കുന്നതിനെ കഥാകൃത്ത് ഊഹിച്ചെടുക്കും, ഈ ഊഹമാണ് ഭാവന, അതാണ് മിക്കവാറും ചരിത്രത്തേക്കാള്‍ ജീവിതത്തിനും ഇന്ധനം. ചരിത്രം ജയിച്ചവന്റെ മാത്രം വാഴ്ത്തും ഇങ്ങനെ ഊഹിച്ചുകൂട്ടിയ കഥകള്‍ ജീവിച്ചവരുടെയാകെ ജീവിതവുമാണ്. ചരിത്രം വെന്നതിന്റെയും കൊന്നതിന്റെയും കണക്കു പുസ്തകമായിരിക്കുമ്പോള് സാഹിത്യമാണു അതിലുള്‍പ്പെട്ട മനുഷ്യരുടെ അനുഭവമൊന്നാകെ എഴുതി സൂക്ഷിക്കുന്നത്. ചരിത്രത്തിനു വേണ്ടാത്തതും വേണ്ടാത്തവരെയും സാഹിത്യം കരുതലോടെയെടുക്കുന്നു.
ആക്സമികതകളുടെ കാല്പെരുമാറ്റമുള്ള കളിക്കളത്തെ ജീവിത ഭാഗധേയത്തിന്റെ കളമാക്കി എഴുതുകയാണ് മുഖ്താര്‍. അന്നു നേരത്തേ ഇരുട്ടായി, ആകാശം പള്ളിപ്പറമ്പുപോലെ കറുത്തു, അവിടെ ഒറ്റക്കാലുകൊണ്ടൊരാള് പന്തുകളിക്കുന്നത് ഇടിമിന്നല്‍ വെളിച്ചത്തിലെന്ന പോലെ കണ്ടുവെന്നു ആ കഥ സമാപിക്കുന്നു. ഈ വിചിത്ര കല്പനയുടെ മനോരഥം, മനുഷ്യര്‍ ആന്തരികമായി നടത്തുന്ന സ്വതന്ത്രസഞ്ചാരത്തിന്റേതാണ്. ഭാവനയുടെ സുവര്‍ണരഥം ആരും കാശുകൊടുത്തു വാങ്ങുന്നില്ല. മനോരാജ്യം എല്ലാവരുടേതുമാണ്.
മനുഷ്യഹൃദയജ്ഞാനമുള്ള കലാകൃത്തുക്കളുടെ കൈകളിലൂടെ കാലം അതിന്റെ ജീവിതപാഠാവലി സമാന്തരമായി സംരക്ഷിക്കുന്നു. കലയുടെ ദൗത്യ നിര്വഹണമാണിതും. ജീവിതമാകട്ടെ, ഭാഷയാവട്ടെ, ഭാവനയാവട്ടെ ഈ സംരക്ഷണം അര്‍ഹിക്കുന്നു. യാഥാര്‍ഥ്യം വളരെ വിചിത്രവും അനുഭവങ്ങളുടെ കാര്യക്രമം അസുഖകരവുമായ കാലത്ത് ഒരു കലാകൃത്തിന് ഇപ്പറഞ്ഞവയെ കൂട്ടിയിണക്കുന്ന, ജീവിതത്തെയും ഭാവനയെയും ബന്ധിപ്പിക്കുന്ന, കലയുടെ കാരണത്തെയും ഫലത്തെയും സ്ഥാപിക്കുന്നതിനുള്ള ഒരു സങ്കേതം ആവശ്യമാണ്. മുഖ്താര്‍ വരച്ചും എഴുതിയും ഈ സൃഷ്ടിയിലേര്പ്പെടുന്നു, ഒരേ സമയം കലാകൃത്തും കഥാകൃത്തുമാണദ്ദേഹം. ജീവിതാവശിഷ്ടങ്ങളും ചരിത്രാവശിഷ്ടങ്ങളും ഭാവനയുടെ നൂലില്‍ കൊരുക്കുന്ന കഥകൗശലവിദ്യ കൊണ്ട് എഴുതുമ്പോളദ്ദേഹം ചരിത്രമെഴുതുന്നു. നമ്മളാരാണെന്നും അവശേഷിപ്പിക്കുന്നതെന്തെന്നും നമ്മോടും മറ്റുള്ളവരോടും പറയുന്ന കാര്യത്തില്‍ കലാസൃഷ്ടികള്‍ സമാധാനപരമായാണ് പ്രവര്‍ത്തിക്കുന്നത്. നമുക്കെല്ലാം അറിയാവുന്ന ഒരു ദേശത്തെയും അവിടത്തെ ജനതയെയും മുഖ്താറിന്റെ കഥകളില്‍ കണ്ടുമുട്ടുന്നു, അവര്‍ സാമൂഹ്യജീവിതത്തിന്റെ ജനപ്രതിനിധികളായി വര്‍ത്തിക്കുന്നു. വാസ്തവത്തില്‍, ഓരോ ദേശത്തിന്റെയും അവിടത്തെ സമൂഹങ്ങളുടെയും ഉള്ളടക്കം അവര്‍ കൂട്ടായി പരസ്പരം മെനയുന്ന കഥയാണ്, അനുഭവങ്ങളില്‍ നിന്നും ഓര്‍മകളില്‍ നിന്നും സമകാലികരുടെയും വരുന്ന തലമുറകളുടെയും ഓര്‍മകളിലേക്ക് പോകുന്ന ഒരു പാതയാണത്.
ഉസ്താദ് എംബാപ്പെ എന്ന കഥ മേല്പറഞ്ഞതിനെയെല്ലാം ഉദാഹരിക്കുന്നു. 2018ലെ ഫിഫ വേള്‍ഡ് കപ്പില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ പെറുവിനെതിരെ ഗോള്‍ നേടുന്ന മുഹൂര്‍ത്തത്തില്‍ നിന്നാണ് മുഖ്താര്‍ കഥമെനയുന്നത്. ഗ്രാമീണര്‍ കളികാണാനിരിക്കുന്ന പ്രാദേശിക സെവന്‍സ് ക്ലബ്, നന്നായി ഫുട്ബോള്‍ കളിക്കുന്ന മദ്രസാ അധ്യാപകനായ സാദിഖ് ഉസ്താദ്, അയാളെ എംബാപ്പെ എന്നു വിളിക്കുന്ന നാട്ടുകാരും കമ്മിറ്റിക്കാരും വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും ഖാളിയുസ്താദും, പുരാതനമായ പള്ളിയും പരിസരവും, കേരളത്തിലെ ഗ്രാമീണ ജീവിതം, അതിന്റെ മാപ്പിള ഭാഗധേയം കഥയുടെ കളത്തിലേക്കു വരികയാണ്. അവിടത്തെ അനേകം മനുഷ്യരുടെ ജീവിതത്തിലേക്ക് കണ്ണുവെക്കുമ്പോള്‍ കാല്പന്തുകളിയെക്കാള് ആകസ്മികതയിലുള്ള വിധിനിയോഗങ്ങള്‍ കാണാം. സാദിഖ് ഉസ്താദ് മുറിച്ചുമാറ്റപ്പെട്ട തന്റെ വലതു കാലിന്റെ അഭാവത്തെ കളിയുടെ ഭാഷയില്‍ സ്വയമേല്‍ക്കുന്നു. ഞാനൊരു നല്ല കളിക്കാരനായിരുന്നില്ല, വെറുമൊരു പാച്ചിലുകാരനായിരുന്നു, ഗ്രൗണ്ടിലും ജീവിതത്തിലും അങ്ങോട്ടുമിങ്ങോട്ടും പായുന്നുണ്ടെന്നേയുള്ളൂ, കളിയൊന്നുമായിരുന്നില്ല അതെന്ന അയാളുടെ ആത്മഗതം അവസാനിക്കുന്നത്, ഒറ്റക്കാലില്‍ ഇനി ആ പാച്ചിലിനു കുറവുണ്ടാകുമല്ലോ എന്ന ആശ്വാസത്തിലാണ്. ആക്സമികതകളുടെ കാല്പെരുമാറ്റമുള്ള കളിക്കളത്തെ ജീവിത ഭാഗധേയത്തിന്റെ കളമാക്കി എഴുതുകയാണ് മുഖ്താര്‍. അന്നു നേരത്തേ ഇരുട്ടായി, ആകാശം പള്ളിപ്പറമ്പുപോലെ കറുത്തു, അവിടെ ഒറ്റക്കാലുകൊണ്ടൊരാള് പന്തുകളിക്കുന്നത് ഇടിമിന്നല്‍ വെളിച്ചത്തിലെന്ന പോലെ കണ്ടുവെന്നു ആ കഥ സമാപിക്കുന്നു. ഈ വിചിത്ര കല്പനയുടെ മനോരഥം, മനുഷ്യര്‍ ആന്തരികമായി നടത്തുന്ന സ്വതന്ത്രസഞ്ചാരത്തിന്റേതാണ്. ഭാവനയുടെ സുവര്‍ണരഥം ആരും കാശുകൊടുത്തു വാങ്ങുന്നില്ല. മനോരാജ്യം എല്ലാവരുടേതുമാണ്.
സിദ്ദീഖ് കാപ്പന് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ദാരുണമായ കഥയില്‍ നിന്നും മുഖ്താര്‍ പുനസൃഷ്ടിച്ചതാണ് മു. മാപ്രയെന്ന കഥ. മുഖ്താറിലെ മാധ്യമപ്രവര്ത്തകന് എഴുതാനാവാത്ത വാര്ത്താവിവരണം ഈ കഥയിലുണ്ട്. ഉള്ളതു തുറന്നപറയാനാവാത്ത ഭയപ്പാടില്‍ കലാകൃത്ത് കണ്ടെത്തുന്ന പോംവഴിയാണത്. ഹിംസയെ പ്രാമാണികതയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കാനുള്ള തത്വവും പ്രയോഗവും നടപ്പാവുന്ന കാലത്ത് കലയും സാഹിത്യവും മനുഷ്യ സമുദായത്തിനായി നടത്തുന്ന എതിര് പ്രവര്‍ത്തനത്തിന്റെ രീതിയാണത്. പരമ്പരാഗത രാഷ്ട്രീയസ്ഥാനങ്ങള്‍ വെപ്രാളങ്ങളില്‍ പെട്ടുഴലുന്നേരം അധികാരനുകത്തിനു കീഴിലൊതുങ്ങാന് വിസമ്മതിക്കുന്നവരുടെ വിചാര ലോകങ്ങള്‍ പുതിയ സഖ്യങ്ങള്‍ക്കു കൈകൊടുക്കും. നമ്മള് പറയുന്നതും സമൂഹം നമ്മോട് പറയുന്നതും സത്യത്തില്‍ നിന്നും വളരെയധികം അകന്നുപോകുമ്പോള്‍, ഉള്ളിലുള്ളത് സത്യസന്ധമായി പ്രകടിപ്പിക്കാന്‍ കഴിയാത്തപ്പോള്‍, അപര്യാപ്തതയുടെയും നിരാശയുടെയും വികാരങ്ങളിലേക്ക് നാം സ്വയം തുറക്കുന്നു. നമ്മുടെ ആഖ്യാനത്തിനൊരു സങ്കേതം കണ്ടെത്തുന്നു, പിക്കാസോയുടെ ഗ്വര്ണിക്കയും യൂസുഫ് അറക്കലിന്റെ ഗുജാര്ണിക്കയും വരക്കപ്പെടുന്നു. കലാകൃത്ത് വീരനായകനാകേണ്ടതില്ല, വാസ്തവത്തില്‍, ലോകത്തിന്റെ ഭാരം നമ്മുടെ ചുമലില്‍ വഹിക്കേണ്ടതില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ആശ്വാസത്തിന്റെ ഒരു വഴി വാക്കുകള്‍ വെട്ടുന്നത്. സി.ജെ തോമസ് പണ്ടെഴുതിയതു പോലെ എതിര്‍പ്പുകള്‍ എതിരാവാന്‍ ഉദ്ദേശിച്ചുള്ളവയല്ല, പുതിയതിനായുള്ള പേറ്റുനോവുമാണ്. കലയും സാഹിത്യവും പൊതുനോവുകളെ സ്വകാര്യതയില്‍ ആവിഷ്കരിച്ചു ശമിപ്പിക്കുന്നു. നോവുകള്‍ ആദ്യമുണ്ടായി, അവയുടെ ആവിഷ്കാരങ്ങള്‍ പിന്നെയാണു മനുഷ്യരുണ്ടാക്കിയത്. ബിഥോവന്റെ രാഗങ്ങളാണു ആദ്യമുണ്ടായത്. ആവിഷ്കരിക്കാനുള്ള സംഗീത ഉപകരണങ്ങള്‍ പിന്നെയും. രക്ഷയുടെ സൂക്തം ആദ്യവും സൂത്രം പിന്നെയുമാവാം നമ്മളും കണ്ടുപിടിക്കുന്നത്.
മലയാള കഥാസാഹിത്യം, ബഷീറോടെ മുസ്ലിം സമുദായത്തിന്റെ കേരള സമൂഹവുമായുള്ള സാംസ്കാരിക വിനിമയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആഴവും അഴകും മുമ്പേ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. കവിതയുടെ സമീപകാല പരിണാമം കേരളത്തിലെ മുസ്ലിം ജീവിതത്തോടുള്ള ചരിത്രപരമായ അവഗണനയില്‍ നിന്നുള്ള ഗണ്യമായ വ്യതിചലനത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍, കഥാസാഹിത്യം അതേ ജീവിതാനുഭവങ്ങളെയും ധന്യതകളെയും ലാവണ്യങ്ങളെയും വളരെ നേരത്തെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തതാണ്. മുഖ്താറിന്റെ കഥകളുടെ സ്ഥാനം ഈ പാരമ്പര്യത്തിലാണൂന്നുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, മലയാള ചെറുകഥാസാഹിത്യം സാമൂഹിക സ്ഥൂലതകളും സാംസ്കാരിക സൂക്ഷ്മതകളും, വ്യക്തിഗത വിവരണങ്ങളും പ്രതിഫലിപ്പിക്കുന്ന ഊര്‍ജ്ജസ്വലവും വികസ്വരവുമായ ഒരു ഭൂപ്രകൃതി സ്വന്തമാക്കി. ചെറുകഥയുടെ മുന്‍ കാലത്തെ മറികടന്നുകൊണ്ട് സക്കറിയയെയും മാധവനെയും പോലുള്ളവര്‍ അവരുടെ നിശിതാഖ്യാനത്തിലൂടെ ഭാഷയെയും ഭാവനയെയും പുതുക്കി. ആഖ്യാന രൂപങ്ങളും ഭാവനാലോകങ്ങളും അനുഭവലോകങ്ങളും പുതുക്കിപ്പുതുക്കി വളരെപ്പേര്‍ കഥാസാഹിത്യത്തെ സമ്പന്നമാക്കി, മേതിലടക്കം വളരെയേറെ അക്കാല പുതുക്കക്കാര് റിയലിസത്തെ ഫാന്റസിയുടെയും മാജിക്കല്‍ റിയലിസത്തിന്റെയും ഘടകങ്ങളുമായി ലയിപ്പിച്ച കഥകള്‍ സൃഷ്ടിച്ചു. വംശപരവും ലിംഗപരവുമായ ചലനാത്മകത, പാരിസ്ഥിതിക ആശങ്കകള്‍, രാഷ്ട്രീയക്ഷോഭങ്ങളെല്ലാം മലയാള ചെറുകഥ ആഴത്തില്‍ ആവിഷ്ക്കരിക്കുന്നതാണ് പിന്നീടു കണ്ടത്. കഥയുടെ വര്‍ഷങ്ങള്‍ 2010കളിലേക്കും അതിനുശേഷവും പുരോഗമിക്കുമ്പോള്‍, കഥപറച്ചിലില്‍ ആത്മപരിശോധനയുടെ അടയാളങ്ങള്‍ വെളിപ്പെട്ടുവന്നു. കാല്പനികത, ആധുനികത, ഉത്തരാധുനികത എന്നിങ്ങനെ കാലഘട്ടങ്ങളെ എന്തുപേരിട്ടുവിളിച്ചാലും മാറ്റം സംഭവിച്ചുകൊണ്ടേയിരുന്നു. ഉണ്ണി ആര്., എസ്. ഹരീഷ് തുടങ്ങി പലരും ആഴത്തിലുള്ള ദാര്‍ശനിക അടിവരയോടുകൂടിയ സങ്കീര്‍ണ്ണമായ പ്ലോട്ടുകള്‍ നെയ്തെടുക്കാനുള്ള കഴിവില്‍ കഥയെ മറുകരകളിലേക്കെത്തിച്ചു. പാര്‍ശ്വങ്ങളിലെ ശബ്ദങ്ങളിലും കീഴാള ലാവണ്യങ്ങളിലും കഥ പിന്നെയും പിന്നെയും കൂടുതല്‍ ശ്രദ്ധയൂന്നി. കേരളത്തിന്റെ സാമൂഹിക ജീവിതവുമായി ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ട് സമകാലിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ പ്രതിഫലിപ്പിക്കുന്ന ആഖ്യാനങ്ങളുടെ വൈവിധ്യമാര്‍ന്ന ഒരു സമ്പൂര്ണസമാഹാരമായി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ മലയാള ചെറുകഥാസാഹിത്യം നിലകൊള്ളുന്നു.
അതേസമയം, മലയാള ചെറുകഥാ സാഹിത്യം കേരളത്തിലെ മുസ്ലിം ജീവിതത്തിന്റെ ഘടനയെയും അതിന്റെ ലളിതസങ്കീര്ണ്ണതകളെയും ഒരു കാലത്തും വിട്ടുകളഞ്ഞിട്ടില്ല. കേരള സമൂഹത്തിന്റെ വൈവിധ്യവും അവര്‍ കൂട്ടായി പങ്കിട്ട അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന സൂക്ഷ്മമായ ചിത്രീകരണങ്ങള്‍ മലയാള ചെറുകഥയുടെ വിദൂര ഭൂതകാലം പോലും വാഗ്ദാനം ചെയ്യുന്നു. ബഷീറും ഉറൂബും എം.ടിയും യു.എ ഖാദറും ഉള്‍പ്പടെ മുസ്ലിം ജീവിതത്തിന്റെ വിവിധ മുഖങ്ങളെ സഹാനുഭൂതിയും ഉള്‍ക്കാഴ്ചയും കൊണ്ട് പ്രകാശിപ്പിച്ചവരേറെയാണ്. 1940കളില്‍ പോലും കേരളത്തിലെ മുസ്ലിം ജീവിതത്തിന്റെ സൂക്ഷ്മമായ ചിത്രീകരണത്തെ മലയാളകവിത ഏറെക്കുറെ അവഗണിച്ചു. ഇടശേരിയും വയലാറും എഴുതിയ ഏതാനും രചനകള്‍ അപവാദങ്ങളായുണ്ട്. ഇന്നു നോക്കുമ്പോള്‍ അവ സാമുദായിക സൗഹാര്‍ദത്തെ സ്പര്‍ശിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പ്രത്യേക സാംസ്കാരിക സൂക്ഷ്മതകളിലേക്കും ദൈനംദിന അനുഭവങ്ങളിലേക്കും കവിത ആഴത്തില്‍ ഇറങ്ങിച്ചെന്നിരുന്നില്ല. സമീപകാലത്താണതില് ശ്രദ്ധേയമായ മാറ്റം സംഭവിച്ചത്. കവികള്‍ മുസ്ലിം സ്വത്വത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സാമൂഹിക വെല്ലുവിളികളുടെയും സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളുന്നതിന്റെ ശബ്ദം കേള്പിച്ചുതുടങ്ങി. എന്നാല്‍, മലയാള കഥാസാഹിത്യം, ബഷീറോടെ മുസ്ലിം സമുദായത്തിന്റെ കേരള സമൂഹവുമായുള്ള സാംസ്കാരിക വിനിമയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആഴവും അഴകും മുമ്പേ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. കവിതയുടെ സമീപകാല പരിണാമം കേരളത്തിലെ മുസ്ലിം ജീവിതത്തോടുള്ള ചരിത്രപരമായ അവഗണനയില്‍ നിന്നുള്ള ഗണ്യമായ വ്യതിചലനത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍, കഥാസാഹിത്യം അതേ ജീവിതാനുഭവങ്ങളെയും ധന്യതകളെയും ലാവണ്യങ്ങളെയും വളരെ നേരത്തെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തതാണ്. മുഖ്താറിന്റെ കഥകളുടെ സ്ഥാനം ഈ പാരമ്പര്യത്തിലാണൂന്നുന്നത്.
പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ജീവിതസന്ധികളും ഭാഷയും ഭാവവും മുഖ്താറിന്റെ ആഖ്യാനങ്ങളില്‍ കടന്നുവരുന്നു, മുസ്ലിം കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉള്ളിലെ പിരിമുറുക്കങ്ങളും പൊരുത്തപ്പെടുത്തലുകളും മതപരമായ ആചാരങ്ങളും സമ്പ്രദായങ്ങളും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചലനങ്ങള്‍ക്കിടയില്‍ വന്നുപെടുന്ന വെല്ലുവിളികളും ഈ കഥകളുടെ പിന്നാമ്പുറത്തുണ്ട്. മുസ്ലിം കുടുംബങ്ങളിലെ ലിംഗപരമായ നീക്കുപോക്കുകളും സ്ത്രീ അനുഭവങ്ങളും സാമൂഹിക മാനങ്ങളെയും മാനദണ്ഡങ്ങളെയും പ്രതിയുള്ള രൂക്ഷമായ വിമര്‍ശനങ്ങളും പ്രതിഫലനങ്ങളും, അവരെ ബാധിക്കുന്ന രാഷ്ട്രീയ സാമൂഹിക അസമത്വങ്ങളും സാമുദായിക സംഘര്‍ഷങ്ങളും സാമ്പത്തിക പോരാട്ടങ്ങളും കഥയുടെ പരിസരത്ത് അനുരണനങ്ങള്‍ കണ്ടെത്തുന്നുമുണ്ട്. മുഖ്താര്‍ മനപൂര്‍വം ഇവയെല്ലാം പ്രതിപാദ്യമാക്കുകയല്ല, കഥകള്‍ സ്വാഭാവികമായും സത്യസന്ധമായും ഈ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുകയാണ്. കേരള സമൂഹത്തിലെ സഹവര്‍ത്തിത്വത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും വിശാലതകള്‍ മനസ്സിലാക്കുന്നതിനുള്ള ഒരു റിയര്‍വ്യൂ മിറര്‍ ഈ കഥകളിലെല്ലാം ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാവനകൊണ്ടുള്ള നിവൃത്തികള്‍ എല്ലാവര്‍ക്കുമുണ്ട്. ഭാഷ കൊണ്ടുള്ള പൂരണങ്ങളും എല്ലാവര്‍ക്കുണ്ട്.
മുഖ്താറിന്റെ ഭാഷ എല്ലാ കഥകളിലും ഒറ്റക്കൊരു ജാഥ പോവുന്നുണ്ട്. കഥകളിലെ സംഭാഷണങ്ങള്‍ അതീവ ലളിതമാണ്. ഒരാംഗ്യം കൊണ്ട് ഒരൂട്ടം കാര്യങ്ങള്‍ പറയുകയോ ഏറ്റുപറയുകയോ ചെയ്യുന്ന മനുഷ്യന്റെ സഹജഭാഷയുടെ വാക്കുകളിലേക്കുള്ള മാറ്റം മാത്രമേ ഈ സംഭാഷണങ്ങളിലുള്ളൂ. എന്നാലത് നര്‍മത്തില്‍ കുതിര്‍ന്നോ തത്വത്തില്‍ പടര്‍ന്നോ അര്ഥഗര്ഭമായിരിക്കുന്നത് കാണാം. സൈറാബി നിലത്തുവിരിച്ച തട്ടത്തിലെ പാണല്‍പഴം പോലെയും മായന്കുട്ട്യാക്കയുടെ അലൂമിനിയം പാത്രത്തിലെ വറ്റുകള്‍ പോലെയുമുള്ള പാകം വന്ന വാക്കുകള്‍. ഏറ്റവും സാധാരണക്കാരനായ മനുഷ്യനും ഏതു കഠിനതകളിലും പ്രാപിക്കാനാവുന്ന കവിതയുടെ ഒരൂഴമുണ്ട്. സഹാനുഭൂതിയും ഭാവനയും ഉള്ളവര്‍ സാങ്കല്പിക സൗന്ദര്യങ്ങളിലേക്കും ദുരനുഭവങ്ങളിലേക്കും സ്വന്തത്തെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ അറിയുന്ന വിധമാണത്. ഇല്ലാത്തതിനെ അനുഭവിപ്പിക്കുന്നതാണ് വിവരണകല, ഈ കഥകളിലെ സംഭാഷണങ്ങള്‍ കവിതകളില്‍ നിന്നും ചീന്തിയതുപോലെയുണ്ട്, ഏറനാടന്‍ മലയാളത്തിന്റെ ഏറെ നാടന്വഴക്കങ്ങളുണ്ടതില്. ജിന്നെളാപ്പയും മാമുവും ഈ ഭാഷയിലൂടെ പരിചിത ജീവിത സന്ദര്‍ഭങ്ങളുടെ അപരിചിത വ്യാഖ്യാനങ്ങളിലേക്ക് അനുതാപത്തോടെ നമ്മളെ ക്ഷണിക്കുകയാണ്.
മുഖ്താറിന്റെ കഥപറച്ചിലിന്റെ സവിശേഷതയെന്താണ്.. ഈ സമാഹാരത്തിലെ എല്ലാ കഥകളും വായിച്ചശേഷം ആലോചിച്ചു. ലളിതസുഭഗമാണതിന്റെ ഭാഷയും ഘടനയും. വിഷയത്തിലും ക്രാഫ്റ്റിലും ഒതുക്കവും പുതുക്കവും കൊണ്ട് ആകര്‍ഷകങ്ങളാണവ, ജീവിതം ജീവിതമെന്ന് ആ കഥകള്‍ പതുക്കെ മന്ത്രിക്കുന്നു. ലൗകികവും അലൗകികവും തടസ്സങ്ങളില്ലാതെ ഇഴചേര്‍ന്ന് അതീതയാഥാര്‍ത്ഥ്യവും എന്നാല്‍ ആകര്‍ഷകവുമായ ഒരു ഭാവനാന്തരീക്ഷം സൃഷ്ടിക്കുന്നു. സ്വത്വവും ഓര്‍മയും നഷ്ടവും കാലക്രിയകളും അവിടെ പുനര്‍ജനിക്കുന്നു, ജിന്നും ഇന്സും പുലരുന്നു. സാധാരണ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ തീവ്രമായി അവരുടെ വാക്കുകളില്‍ പ്രതിബിംബിക്കുന്നു. എക്കാലവും എഴുത്തുകാരനു മുമ്പാകെ പ്രമേയങ്ങളെല്ലാം കാലാതീതങ്ങളാണ്, ഭാഷയില്‍ പ്രതിധ്വനിപ്പിക്കുന്നതിനും അയാളുടെ കൈവശം കാലാകാലങ്ങളായുള്ള വാക്കുകളേയുള്ളൂ. എന്നിട്ടും ഈ എട്ടു ചെറുകഥകള്‍ മുഖ്താറിന്റെ മാത്രം കഥകൗശലത്തിന്റെ തെളിവായി ജീവിതം പൊഴിക്കുന്നു. സൈറാബിയുടെ കവിളില്‍ നുണക്കുഴികള്‍ മിന്നി, ആകാശവും ഭൂമിയും പുഞ്ചിരി പൊഴിച്ചതുപോലെ...