Art and Literature
മുസാഫിറുകളുടെ ആകാശവും  നൂലറ്റ് പോകുന്ന പട്ടങ്ങളും
Click the Play button to hear this message in audio format
Art and Literature

മുസാഫിറുകളുടെ ആകാശവും നൂലറ്റ് പോകുന്ന പട്ടങ്ങളും

എം.ടി ഫെമിന
|
9 Nov 2022 6:40 AM GMT

മരുഭൂമിയിലെ ഉമ്മയും, തീ വെയില്‍ ചോട്ടിലെ നോമ്പുകാരനും, കഥയില്‍ ഒതുങ്ങാത്ത ചില ജീവിതങ്ങളും അക്ഷരാകാശത്തിലൂടെ യാത്ര തുടരുന്നു. കാരുണ്യത്തിന്റെ തണല്‍ ചിറകുകള്‍ തേടുന്നവര്‍ക്കിടയിലും സമൂഹത്തിന്റെ അകകണ്ണ് തുറപ്പിക്കാനുള്ള ഭാഗ്യവതി പ്രതീക്ഷയാവുന്നു. പ്രവാസം നഷ്ടപ്പെടുത്തുന്ന ഇന്നിന്റെ യാഥാര്‍ഥ്യങ്ങളെ വ്യക്തമാക്കുന്ന അധ്യായങ്ങളും വായനക്കിടയില്‍ കാണാം. നജീബ് മൂടാടിയുടെ 'മുസാഫിറുകളുടെ ആകാശങ്ങള്‍' വായന.

ആകാശങ്ങളെത്രത്തോളം വിശാലമാണല്ലേ... ആകാശത്തോളം ചിന്തകളും വിശാലമാക്കാന്‍ കൊതിക്കുന്നവരാണല്ലോ നമ്മള്‍. ഓര്‍മകളുടെ വിശാല ലോകത്ത് പാറി പറക്കുന്ന ചില യാത്രികരുടെ ജീവിതങ്ങളാണ് നജീബ് മൂടാടിയുടെ 'മുസാഫിറുകളുടെ ആകാശങ്ങള്‍'.

മജീദ് സെയ്ദ് ന്റെ 'മനഃസാക്ഷിയെ മാറ്റിപ്പണിയുന്ന മുസാഫിറുകളുടെ ആകാശങ്ങള്‍' എന്ന തലക്കെട്ട് കൂടിയുള്ള അവതാരികയില്‍ വ്യക്തമായി ഈ ആകാശത്തെ വരച്ചുകാട്ടുന്നു. പരദേശി വീണ്ടും ജാലകം തുറക്കുമ്പോള്‍ എന്ന ആമുഖത്തോടെയാണ് പരദേശിയുടെ ജാലകം എന്ന പ്രവാസികുറിപ്പുകള്‍ വിപുലീകരിച്ചെഴുതിയ ഈ അക്ഷരകൂട്ടങ്ങളുടെ ആകാശം തുടങ്ങുന്നത്.

അടക്കിപ്പിടിച്ച് തേങ്ങലുകള്‍ നിറച്ച പെട്ടികള്‍ ആകാശത്തിലൂടെ വായനയിലുടനീളം കറങ്ങിക്കൊണ്ടിരിക്കുന്നു. പ്രവാസി ഭാര്യമാരുടെ ഭാഗ്യം നിറഞ്ഞ ജീവിതം നിശബ്ദ ജീവിതം ആയി മാറുന്നു. പാട്ടുവഴിയിലൂടെ ഓടിയെത്തുന്ന പ്രവാസി ഓര്‍മകള്‍ വായനക്കിടയിലെ കൗതുകമാകുന്നു.

കുറേ മനുഷ്യരുടെ വേദന അവര്‍ തന്നെ നേരിട്ട് നമ്മളോട് വിസ്തരിക്കും പോലെയാണ് കഥാകാരന്റെ പ്രതിപാദ്യം. മനസ്സലിവുള്ള ആര്‍ക്കും ഈ സങ്കടങ്ങള്‍ക്ക് നേരെ കണ്ണടക്കാനാവില്ല. ഒരിക്കലെങ്കിലും പ്രവാസിയായിട്ടുള്ളവര്‍, അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തില്‍ ഒരു മുസാഫിര്‍(യാത്രക്കാരന്‍) ഉണ്ടായിട്ടുണ്ടെങ്കില്‍, ഈ പുസ്തകം തീര്‍ച്ചയായും വായിക്കണം. ഇതിലെ പല കഥാപാത്രങ്ങളും നമ്മള്‍ പലപ്പോഴും കണ്ട, എന്നാല്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ മനുഷ്യരാണ്. തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുമായുള്ള കഥാകൃത്തിന്റെ ഉള്ളു തുറന്നുള്ള ഇടപെടലിന്റെ നേര്‍ചിത്രമാണ് ഈ കുഞ്ഞു കഥാലോകം.


വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളുടെ സമന്വയ രൂപം. ഏറെക്കാലം നാടിനു പുറത്തു ജീവിച്ച ഒരാളുടെ ഓര്‍മകള്‍ മാത്രമല്ലേ ഇത് എന്നതിനപ്പുറം ചിന്തയെ വലിച്ചു കൊണ്ടുപോകുന്ന പലതും ഇതിന്റെ ആത്മാവിലുണ്ട് എന്ന് അവതാരകന്‍ സാക്ഷ്യപ്പെടുത്തുന്നു. മുപ്പത്തി നാല് അധ്യായങ്ങളിലൂടെയായി പ്രവാസത്തിന്റെ വേറിട്ട തലങ്ങളിലൂടെ കഥാകൃത്ത് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. തന്റെ ദീര്‍ഘമായ പ്രവാസജീവിതത്തിനിടയില്‍ കഥാകാരന്‍ കണ്ടുമുട്ടിയ മനുഷ്യരുടെ അനുഭവങ്ങള്‍ അദ്ദേഹം ഈ പ്രവാസകുറിപ്പുകളിലൂടെ വളരെ ലളിതമായ ഭാഷയില്‍ പങ്കുവെക്കുന്നു.

പേര്‍ഷ്യക്കാരന്റെ വരവിലൂടെയാണ് മുസാഫിറുകളുടെ ആകാശത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അവിശ്വസനീയം എന്ന് തോന്നിക്കുന്ന എന്തെല്ലാം അനുഭവങ്ങളുടെ ലോകം കൂടിയാണ് പ്രവാസം എന്ന് തോന്നിപ്പിക്കുന്ന ജീവിതങ്ങളില്‍ നൂറ ഒന്നു മാത്രമാകുന്നു. തലക്ക് മേലെ ഗുല്‍മോഹര്‍ മരത്തില്‍ നിന്ന് ഉതിരുന്ന ചുവന്ന പൂക്കള്‍ പോലെ എഴുത്തുകാരന്‍ വാക്കുകളാല്‍ പൂക്കളം തീര്‍ക്കുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും വിരഹവും കണ്ണീരുമായി പച്ചപ്പില്‍ നിന്നും മരുഭൂമിയിലേക്കുള്ള വിമാനം പറന്നുയരുമ്പോള്‍ മരുക്കാറ്റില്‍ കേള്‍ക്കാതെ പോവുന്നതെല്ലാം നെഞ്ച് പതക്കുന്ന നിമിഷങ്ങളാകുന്നു. പാതിരാത്രി പോലും അധ്വാനത്തിന്റെ പകലാക്കി മാറ്റുന്ന ബംഗ്ലാദേശി ജോലിക്കാര്‍ പോലും വായനയുടെ ഭാഗമാകുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതെ തന്നെ സുബയ്യയും നോവുണര്‍ത്തുന്ന ചിന്തയാകുന്നു. അത്തര്‍ മണമുള്ള പെട്ടിയേറി വന്ന സിനിമാക്കാലം അക്ഷരങ്ങള്‍ക്കും അത്തറിന്റെ സുഗന്ധം നല്‍കുന്നു. അടക്കിപ്പിടിച്ച് തേങ്ങലുകള്‍ നിറച്ച പെട്ടികള്‍ ആകാശത്തിലൂടെ വായനയിലുടനീളം കറങ്ങിക്കൊണ്ടിരിക്കുന്നു. പ്രവാസി ഭാര്യമാരുടെ ഭാഗ്യം നിറഞ്ഞ ജീവിതം നിശബ്ദ ജീവിതം ആയി മാറുന്നു. പാട്ടുവഴിയിലൂടെ ഓടിയെത്തുന്ന പ്രവാസി ഓര്‍മകള്‍ വായനക്കിടയിലെ കൗതുകമാകുന്നു. മരുഭൂമിയില്‍ നൂലറ്റ് പോകുന്ന പട്ടങ്ങളും, മരുഭൂമിയിലെ കാവല്‍ക്കാരനും മുസാഫിറുകളുടെ ആകാശമാകുമ്പോള്‍ കാത്തിരിപ്പ് ഹൃദയത്തിനുള്ളിലെ നീരുറവ് തേടുന്നു. മരുഭൂമിയിലെ മുല്ലപ്പൂക്കള്‍ പ്രണയത്തിന്റെ ഹൃദയാനുഭവം പകരുന്നു. ഏത് കനല്‍ചൂടിനെയും കുളിരേകുന്ന സ്‌നേഹത്തിന്റെ കുളിരാണ് റുത്വുബ. മരുഭൂമിയിലെ ഉമ്മയും, തീ വെയില്‍ ചോട്ടിലെ നോമ്പുകാരനും, കഥയില്‍ ഒതുങ്ങാത്ത ചില ജീവിതങ്ങളും അക്ഷരാകാശത്തിലൂടെ യാത്ര തുടരുന്നു. കാരുണ്യത്തിന്റെ തണല്‍ ചിറകുകള്‍ തേടുന്നവര്‍ക്കിടയിലും സമൂഹത്തിന്റെ അകകണ്ണ് തുറപ്പിക്കാനുള്ള ഭാഗ്യവതി പ്രതീക്ഷയാവുന്നു. പ്രവാസം നഷ്ടപ്പെടുത്തുന്ന ഇന്നിന്റെ യാഥാര്‍ഥ്യങ്ങളെ വ്യക്തമാക്കുന്ന അധ്യായങ്ങളും വായനക്കിടയില്‍ കാണാം. പെണ്‍ജീവിതങ്ങള്‍ ഉള്ളുലക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ പൂര്‍ണവിജയം നേടിയിരിക്കുന്നു. നോമ്പും പെരുന്നാളും പ്രവാസവും എല്ലാം ഓര്‍മയാകുമ്പോഴും ഉമ്മ കാത്തിരിക്കുന്നതോടെ ഈ ആകാശം വായനക്കൊടുവിലെ ചിന്തകളുടെ ആകാശമായി പരിണമിക്കുന്നു.




ആയുസ്സും ആരോഗ്യവും ഏതോ ഇരുട്ടറകളില്‍ ഹോമിക്കപ്പെട്ട് നിറമുള്ള സ്വപ്നങ്ങളുടെ ഭാരമില്ലാതെ നാടിന്റെ പച്ചപ്പില്‍ തിരിച്ചെത്തപ്പെടുന്നവരുടെ ശൂന്യമായ ആകാശങ്ങള്‍ ഇന്നും ഒരു യാഥാര്‍ഥ്യമായി തുടരുന്നു എന്നതാണ് വാസ്തവം. ഇന്ന് പ്രവാസത്തിന്റെ രൂപവും ഭാവവും മാറിയെങ്കിലും ജീവിതയാത്രകളില്‍ പലതും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് നേര്. അവതാരകന്റെ എഴുത്ത് കടമെടുത്താല്‍, മനുഷ്യന്‍ ഉടലിനാല്‍ സ്പര്‍ശിക്കുമ്പോള്‍ എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട് ജീവിതത്തില്‍ സ്പര്‍ശിക്കുന്നു. വായനക്കൊടുവില്‍ അത്തരമൊരു സ്പര്‍ശനം ഉള്ളില്‍ തട്ടുന്നതിനാല്‍ ആണ് മുസാഫിറുകളുടെ ആകാശങ്ങള്‍ എനിക്കും പ്രിയപ്പെട്ടതാവുന്നത്.

ഗൂസ്‌ബെറി ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.



ഫെമിന എം.ടി


Similar Posts