ഓള് പായുകയാണ്.. ഒറ്റക്ക്
|പതിനേഴ് സംസ്ഥാനങ്ങള്‍, അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍, മൂന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ - പതിമൂവായിരം കി.മീ ദൂരം അറുപത് ദിവസങ്ങള്‍ കൊണ്ട് ഇന്നോവ ക്രിസ്റ്റയില്‍ ഒറ്റക്ക് താണ്ടിയ നാജി നൗഷി എന്ന വീട്ടമ്മ. നാജിയുടെ യാത്രാനുഭവങ്ങള്‍ ഭൂമിയിലുള്ള സകലര്‍ക്കും അവരവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു പ്രചോദനമാണ്.
കാലത്തിന് മായ്ക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിക്കുന്ന സത്യങ്ങളാണ് യാത്രകള്‍. വഴി അറിയാതെ പോവുന്ന യാത്രകള്‍ പോലും കടലോളം ഓര്‍മകള്‍ സമ്മാനിക്കുമ്പോള്‍ യാത്രയെന്ന ലഹരിയെ ഇഷ്ടപ്പെടാതിരിക്കാനാവില്ലല്ലോ. ഇഷ്ടപ്പെടുന്ന യാത്രയെ കഷ്ടപ്പെട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ യാത്രികനും. വഴിയോരങ്ങള്‍ ഒരുക്കി വെക്കുന്ന രുചിക്കൂട്ടുകളോടൊപ്പം വിശ്രമിച്ചുള്ള യാത്രയുടെ മനോഹാരിത സ്വപ്നം കാണാത്തവര്‍ വിരളമായിരിക്കും.
യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ട് ജീവിതയാത്രയില്‍ നല്ലപാതിയായി കിട്ടുന്നത് അപൂർവ്വം. ആ ഭാഗ്യം സ്വന്തമാക്കിയ കണ്ണൂര്‍ക്കാരി നാജി നൗഷിയുടെ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.
ലോക സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ അവതാരികയോടെയാണ് ഓള് കണ്ട ഓളെ ഇന്ത്യയുടെ തുടക്കം. ലളിതമായ ഒരു രചനയിലൂടെ ഏതൊരാള്‍ക്കും നിര്‍ഭയമായി യാത്ര ചെയ്യാന്‍ പ്രചോദനമാകുന്ന അക്ഷരങ്ങളാണിവയെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒമാനില്‍ സ്ഥിരതാമസമാക്കിയ നാജി നൗഷി എന്ന വീട്ടമ്മ അഞ്ചു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ശേഷം ഏറ്റെടുത്ത സാഹസത്തിന്റെ അനുഭവ സാക്ഷ്യമാണിത്. ഏതൊരു സ്ത്രീയും വീടുകളില്‍ ഒതുങ്ങി പോവാന്‍ കാരണമായി പറയുന്നതൊന്നും യാത്രയോടുള്ള അഭിനിവേശത്തിന് തടസ്സമാവില്ലെന്ന് ബോധ്യപ്പെടുത്തിത്തരുന്ന സത്യമാണിത്.
നാല്‍പ്പത്തഞ്ച് അധ്യായങ്ങളിലൂടെ യാത്രാനുഭവങ്ങള്‍ മുന്നില്‍ തെളിയുമ്പോള്‍ പോവുന്ന വഴികളിലൂടെയെല്ലാം വായനക്കാര്‍ക്കും യാത്രചെയ്യാനാവുന്നത് യാത്രയോടുള്ള കൗതുകത്തോടൊപ്പം ഈ അക്ഷരങ്ങളുടെ മാന്ത്രികത കൂടിയാണ്. മനസ്സില്‍ ആരംഭിച്ച യാത്രയുടെ തുടക്കം മുതല്‍ സഞ്ചാരിയുടെ പാതയിലേക്ക് കടന്നുവരുന്ന ആളുകളും ജീവിതങ്ങളുമെല്ലാം മൊഞ്ചുള്ളതാക്കി മാറ്റുന്നകാഴ്ച വായന സമ്മാനിക്കുന്നു.
ബാംഗ്ലൂരില്‍ നിന്നാണ് യാത്രയുടെ ആരംഭം. ഹൈവേയിലെ പൂപ്പാടങ്ങളില്‍ ജോലി ചെയ്യുന്ന അളകമ്മയുടെ ഏകാന്തതക്ക് സഞ്ചാരി കുറച്ചു നേരമെങ്കിലും ആശ്വാസം പകരുമ്പോള്‍ വാക്കുകള്‍ക്കിടയിലൂടെ നന്മ എത്തി നോക്കുന്നു. ഹൈദരാബാദിലെ ഹലീമിന്റെയും സ്പെഷ്യല്‍ തലാവ ഗോഷ്ടിന്റെയും മണം വായനയില്‍ കൊതിയൂറുന്നു.
ആന്ധ്രപ്രദേശിലെ ഗ്രാമ കാഴ്ചകളിലേക്ക് യാത്ര നീങ്ങുമ്പോള്‍ സൂര്യകാന്തിയും ചെണ്ടുമല്ലിയും വായനയെ സുഗന്ധപൂരിതമാക്കുന്നു. തെലുങ്കാനയിലെ ബഞ്ചാരകളുടെ ജീവിത രീതിയും കണ്ട് ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശിലൂടെ യാത്ര തുടരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമകാഴ്ചകളും ചരിത്രമുറങ്ങുന്ന ആഗ്രയും തലസ്ഥാന നഗരിയും കടന്നാല്‍ വീണ്ടും ഹരിയാനയുടെ ഗ്രാമ വീഥികളിലേക്ക്.
ഓരോ നാടും സമ്മാനിക്കുന്ന രുചി വൈഭവങ്ങളും ആസ്വദിച്ച് ഹിമാചല്‍ മലനിരകളിലേക്ക്. ഇരുണ്ട ഇടുങ്ങിയ വഴികളിലൂടെ കടന്ന് ചെന്നാല്‍ ആപ്പിള്‍ പൂക്കുന്ന കാഴ്ച സമ്മാനിക്കുന്ന കഫ്രി താഴ്വാരമാണ്. പിന്നെ മണാലിയിലേക്കും ലഡാക്കിലേക്കും. മനസ്സ് എത്തും പോലെ എളുപ്പമല്ല വഴികളെങ്കിലും യാഥാര്‍ഥ്യമാകുന്ന നിമിഷങ്ങളില്‍ അനുഭവിക്കുന്ന അനുഭൂതി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജമേകുന്നു.
നീലക്കണ്ണുള്ള പാംഗോങ്, കാര്‍ഗില്‍, ദ്രാസ്, കാശ്മീര്‍ തുടങ്ങി വായനയിലുടനീളം യാത്രയുടെ വൈവിധ്യങ്ങള്‍ ഒരുക്കുന്നു. ദാല്‍ തടാകവും സഞ്ചരിക്കുന്ന ഷിക്കാര മാര്‍ക്കറ്റുകളും യാത്രയുടെ കണ്ണുകളാകുന്നു. യാത്രയില്‍ കാണുന്ന വിദ്യ അറിയാതെ പോകുന്ന പിഞ്ചു ബാല്യങ്ങള്‍ വായനയിലെ നോവാകുന്നു.
പുഴയോരത്തെ കല്ലുകള്‍ അടുക്കി വെച്ച കെട്ടിപ്പടുത്ത ചെറിയ കൂരകളില്‍ ഗുജ്ജാരികളുടെ സ്നേഹവായ്പ്പുകള്‍ ഏറ്റുവാങ്ങി നെഞ്ചില്‍ മൊഞ്ചുള്ള പഞ്ചാബിലൂടെ ഹൃദയം തകര്‍ത്ത ജാലിയന്‍വാലാബാഗില്‍ എത്തുമ്പോള്‍ നമ്മളിലും ഓര്‍മകളുടെ കണ്ണീര് പൊടിയുന്നു. വാഗയിലെ പരേഡ് കാഴ്ചകള്‍ക്ക് ശേഷം ഹരിയാനയും തലസ്ഥാന നഗരിയും വീണ്ടും കടന്നു നമ്മെയും കൊണ്ട് രാജസ്ഥാനിലേക്ക്. കുത്തക കമ്പനികള്‍ക്ക് പറയുന്ന വിലക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വരുന്ന അതീവ വേദനാജനകമായ കര്‍ഷകരുടെ കണ്ണീരുകളിലൂടെ നാജിയുടെ യാത്ര തുടരുന്നു. ജയ്പൂരും അജ്മീറും കടന്ന് പട്ടേല്‍ പ്രതിമയുടെ ഓരത്തെ ദരിദ്രരുടെ ജീവിതക്കാഴ്ചകളിലേക്ക് നമ്മുടെ കണ്ണ് എത്തിക്കുന്നു.
സ്വപ്നങ്ങള്‍ പൂക്കുന്ന മുംബൈയിലെ ധാരാവി എന്ന ചേരിയിലെ ഹിജഡ ജീവിതം വായനക്കാരുടെ ഹൃദയം കൊളുത്തിവലിക്കുന്നു. സ്ത്രീശരീരത്തിന്റെ കാമാത്തിപുര വായനയില്‍ കാണുന്നവരുടെ കണ്ണിലും കരളിലും കനലാവുന്നു. 14 വയസ്സു മുതല്‍ പെണ്‍കുട്ടികള്‍ അറിഞ്ഞും അറിയാതെയും കടന്നുവരുന്ന ചിത്രം യാത്രക്കിടയില്‍ പരിചയപ്പെട്ട ഒരു മാലിനിയിലും അശ്വിനിയും ഒതുങ്ങില്ലെന്ന് തീര്‍ച്ചയാണെന്ന സത്യം ഹൃദയം പൊള്ളിക്കുന്നു.
ചുട്ടുപൊള്ളുന്ന ഹൃദയ കാഴ്ചകളുമായി കടലിന്റെ വിസ്മയമായ ഗോവയിലൂടെ കര്‍ണാടകയിലേക്കെത്തുമ്പോള്‍ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട വണ്ടിയുടെ ബ്രേക്ക് അപകടമായി മാറുമ്പോഴും തളരാത്ത മനസ്സുമായി സഞ്ചാരി അത്ഭുതകരമായി ജീവന് വീണ്ടെടുക്കുന്ന നിമിഷം വായനയില്‍ ആശ്വാസമേകുന്നു. വീണുകിട്ടിയ ജീവനുംകൊണ്ട് കോയമ്പത്തൂര്‍ നിന്നും പാലക്കാട് വഴി കേരളത്തിന്റെ മണ്ണിലേക്കെത്തുമ്പോള്‍ അക്ഷര യാത്ര അവസാനിക്കുന്നു.
പ്ലസ് ടു വിദ്യാഭ്യാസം മാത്രം കൈമുതലായിട്ടുള്ള പത്തൊമ്പതാം വയസ്സില്‍ വിവാഹം കഴിക്കേണ്ടി വന്ന സാധാരണ കുടുംബത്തിലെ ഒരു പെണ്ണ് എന്ന രീതിയില്‍ സ്വപ്നതുല്യമായ ഈ യാത്ര സാഹസികതയുടെ പര്യായമായി കാണാം. സ്വപ്നം നമ്മുടേതാണ് എന്ന് എല്ലാ സഹോദരിമാരും ഉറച്ചു പറയാനുള്ള നാജിയുടെ മനസ്സാണ് ഓള് സ്വന്തം വണ്ടിയില്‍ ഒറ്റക്ക് ഓടിതീര്‍ത്ത ഈ യാത്ര. അകക്കണ്ണില്‍ തെളിഞ്ഞ യാത്രകളുടെ നേര്‍കാഴ്ചകളാണ് 157 താളുകളിലായി നാജിയ അനാവരണം ചെയ്തത്. വിഭ ബുക്സ് ആണ് പ്രസാദകര്‍.
17 സംസ്ഥാനങ്ങള്‍, അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍, മൂന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ എന്നിവയിലൂടെ 13,000 കി.മീ ദൂരം 60 ദിവസങ്ങള്‍ കൊണ്ട് ഇന്നോവ ക്രിസ്റ്റിയില്‍ ഒറ്റക്ക് താണ്ടിയ ഈ വീട്ടമ്മയുടെ അക്ഷരങ്ങള്‍ ഭൂമിയിലുള്ള സകലര്‍ക്കും അവരവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരു പ്രചോദനമാണ്.