Art and Literature
ബഷീറിന്റെ മതിലുകള്‍, നാരായണി
Art and Literature

നാരായണി എറിയുന്ന ആ ചുള്ളിക്കമ്പ് അവളുടെ ഹൃദയവും പ്രതീക്ഷയുമാണ്

ദീപ ഗോപകുമാര്‍
|
31 July 2024 10:42 AM GMT

മതിലുകളില്‍ പ്രണയത്തിന്റെ പ്രതീകം പൂവോ, പൊന്നോ, പ്രണയം തുന്നിയ തൂവാലയോ ഒന്നുമല്ല; ഒരു ഉണക്കച്ചുള്ളിക്കമ്പ് ആണ്! പെണ്‍ജയിലിന്റെ ചുറ്റുമതിലിനുമുകളില്‍ നാരായണി എറിയുന്ന ആ ചുള്ളിക്കമ്പ് അവളുടെ ഹൃദയവും പ്രതീക്ഷയുമാണ്.

1989-ല്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ഇറങ്ങിയ 'മതിലുകള്‍' എന്ന സിനിമ കണ്ടത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാഖ്യാനപ്രകൃതമുള്ളതും, അതേ പേരിലുള്ളതുമായ നോവല്‍, 'മതിലുകള്‍' ആയിരുന്നു' സിനിമയ്ക്ക് ആധാരം. ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പാണല്ലോ. അന്ന് കോളജ് വിദ്യാര്‍ഥിനിയായിരുന്നു. ബഷീറിന്റെ കൃതികളുടെ പരന്ന വായനയൊന്നും അന്ന് അവകാശപ്പെടുവാനില്ല. ബാല്യകാല സഖി, ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകളും പൂവമ്പഴം, ഭൂമിയുടെ അവകാശികള്‍, വിശ്വ വിഖ്യാതമായ മൂക്ക് എന്നീ ചെറുകഥകളും - തീര്‍ന്നു..! 'മതിലുകള്‍' എന്നൊരു നോവല്‍ ബഷീറിന്റേതായി ഉണ്ടെന്ന് അന്ന് അറിയുക പോലുമില്ലായിരുന്നു.

ഈ അടുത്ത കാലത്താണ് 'മതിലുകള്‍' എന്ന ആ നോവല്‍ വായിക്കുവാന്‍ ഇടയായത്. ഒരുപാട് പ്രേമകഥകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലെല്ലാം പ്രണയം അതിന്റെ ചിരപരിചിതമായ ട്രാക്കിലൂടെ, ചിരപരിചതങ്ങളായ ഉള്‍പ്പുളകങ്ങളില്‍ അഭിരമിച്ചും, അപരിചിതങ്ങളായ നൊമ്പരങ്ങളില്‍ പകച്ചും സഞ്ചരിക്കുകയായിരുന്നു. എന്നാല്‍, 'മതിലുകളി'ലെ പ്രണയം വ്യത്യസ്തമാണ്. ബഷീര്‍ എഴുതിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാധാരണത്വമുള്ള പ്രണയകഥയാവാം, ഒരുപക്ഷേ 'മതിലുകള്‍'. പ്രണയം ഇതില്‍ അശരീരിയാണ്. മറ്റൊരുവിധത്തിലും വേണമെങ്കില്‍ പറയാം - ഈ നോവലില്‍ പ്രണയത്തിന്റെ ശരീരം ശബ്ദം മാത്രമാണ്.

കഥാകൃത്തിന്റെ കാരാഗൃഹവാസമാണ് നോവലിലെ പ്രമേയം. കാരാഗൃഹ ചരിതമെങ്ങനെയൊരു കാതലിന്‍ കഥയാകുമെന്നത് തികച്ചും ന്യായമായ സംശയം. എന്നാല്‍, 'ഈ പേരില്‍ (മതിലുകള്‍) ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ'യെന്ന ചോദ്യത്തോടെയാണ് നോവല്‍ ആരംഭിക്കുന്നതുതന്നെ. തന്നെയുമല്ല, തടവുകാലത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെച്ചൊല്ലിയോ, രാഷ്ട്രീയത്തടവുകാര്‍ സാധാരണഗതിയില്‍ നേരിടേണ്ടി വരാറുള്ള യാതനകളെക്കുറിച്ചോ നോവലില്‍ കഥാകാരന്‍ തീര്‍ത്തും നിശബ്ദനാണ്. നോവല്‍ അവസാനിക്കുമ്പോള്‍ അനുവാചകരുടെ നെഞ്ചിനുള്ളില്‍ ബാക്കിയാവുന്നതാവട്ടെ, ജയില്‍ വളപ്പിനെ ചുറ്റിവരിഞ്ഞു നീളുന്ന കന്മതിലുകളുടെ വിരസവും, നിഗൂഢവുമായ നിതാന്ത മൗനത്തിനും ഒരു സ്ഥായിമാത്രം മേലെ സ്പന്ദിക്കുന്ന ഹൃദയവിലോലതയുടെ അടക്കിപ്പിടിച്ച സ്വകാര്യങ്ങള്‍ മാത്രം.


തടവറകളുടെ വിട്ടുവീഴ്ചകളില്ലാത്ത കാര്‍ക്കശ്യങ്ങളില്‍ ഒരു പ്രണയത്തിന്റെ താരള്യങ്ങള്‍ക്ക് മുളപൊട്ടുവാനും ഇലനീര്‍ത്തുവാനുമാകുമോ? ആകും. ആയതു കൊണ്ടാണ് ഈ കൃതി ഒരു അസാധാരണ പ്രണയകഥയാവുന്നത്. ഈ കഥയില്‍, പ്രണയത്തിന്റെ സരണികള്‍ പൂവിരിച്ചവയല്ല; പ്രണയചിഹ്നങ്ങളേപ്പോലെ ചിറകുകളുള്ള പൂമ്പാറ്റകളുമില്ല. പകരം, കരിങ്കല്ലുകളുടെ കനത്ത കാവലും, കഴുമരങ്ങളുടെ അപശകുനവും. അനുവാചകരുടെ സംശയം കൂടുതല്‍ ന്യായമാകുന്നു-ഇവിടെയെങ്ങനെ പ്രണയം സംഭവിക്കും? സംഭവിക്കുമോ?

പക്ഷേ, സംഭവിച്ചു.

പൊലീസ് ലോക്കപ്പില്‍ വിചാരണ കൂടാതെ പതിനാലു മാസത്തോളം അനുഭവിച്ച അനന്താനന്ദത്തില്‍ നിന്നും സെന്‍ട്രല്‍ ജയിലിന്റെ കറുത്ത കാര്‍ക്കശ്യത്തിലേക്കുള്ള യാത്രയില്‍, കഥാകാരന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ലോകത്തില്‍ വച്ച് ഏറ്റവും മാദകമായ ഗന്ധത്തിന്റെ രൂപത്തില്‍, ലോകത്തില്‍ വച്ച് ഏറ്റവും മാദകമായ ശബ്ദത്തിന്റെ രൂപത്തില്‍ പ്രണയം സംഭവിച്ചു! കരിങ്കല്ലുകളുടെ ഹൃദയശൂന്യതയ്ക്ക് അപ്പുറവും ഇപ്പുറവും നിലകൊണ്ട രണ്ട് ഹൃദയങ്ങളില്‍ ഏകാന്ത ജീവപര്യന്തത്തിന് വിധിക്കപ്പെട്ടിരുന്ന പ്രണയം തടവുചാടി അശരീരിയായൊഴുകി! അവിടുന്നങ്ങോട്ടാണ് 'മതിലുകള്‍' പ്രണയത്താല്‍ ചുവന്നത്!

ഒരു എഴുത്തുകാരനായ ബഷീറിനെ എന്തു കുറ്റത്തിനാണ് തടവിലിട്ടത്? തീര്‍ച്ചായും ഈയൊരു ചോദ്യവും വായനക്കാര്‍ക്കുണ്ടാകും. അതിന് പക്ഷേ ഉത്തരം നല്‍കുന്നത് 1950- കളിലെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹികാന്തരീക്ഷമായിരിക്കും. 'എന്തുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍? ' എന്ന, ഏറെ പ്രസക്തമായൊരു ചോദ്യത്തിന്റെ കൂടി ഉത്തരമാണത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ സാംസ്‌കാരികാന്തരീക്ഷത്തിന് രണ്ടു കൈവഴികള്‍ ഭവിച്ചു. - അതില്‍ ഒരുവിഭാഗം ഭാരതീയ ജനജീവിതത്തിലെ ബഹുസ്വരതയെ ആദരിക്കുകയും പരിഗണിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്തപ്പോള്‍, മറു വിഭാഗം സമൂഹത്തിലെ വെണ്ണപ്പാടകളെ മാത്രം കാണുകയും കേള്‍ക്കുകയും ചേര്‍ത്തു നിര്‍ത്തുകയം ചെയ്തു. സ്വഭാവികമായും സാഹിത്യത്തിലും ഈ പ്രവണതയുടെ അനുരണനങ്ങള്‍ ഉണ്ടായി. രണ്ടാമത്തെ കൂട്ടര്‍ ജീവിതത്തിന്റെ സൗന്ദര്യാത്മകതകളെയും അധികാരാസക്തികളെയും ആനന്ദങ്ങളെയും വാഴ്ത്തിയും വളര്‍ത്തിയും മാത്രം സാഹിത്യം ചമച്ചു. എന്നാല്‍, ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവരാകട്ടെ, സമൂഹത്തിലെ ഉച്ചനീചത്വങ്ങളോടും അനീതികളോടും അപ്രിയസത്യങ്ങളോടും തങ്ങളുടെ രചനകളിലൂടെ നിരന്തരം കലഹിച്ചു കൊണ്ടേയിരുന്നു. ആയതിനാല്‍ ഭൂരിപക്ഷം വായനക്കാര്‍ അവരോടൊപ്പം നിന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകള്‍ ഇക്കൂട്ടത്തില്‍ വരുന്നവയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. തങ്ങളിലൊരാള്‍ തന്നെയായ അവരുടെ വേവലാതികളും, പ്രത്യാശകളും നൊമ്പരങ്ങളും, ഭാഷയും, ചിന്തകളും വായനക്കാര്‍ക്ക് എളുപ്പം ദഹിച്ചു. തനിക്ക് പറയുവാനുള്ളത് തന്റെ കഥാപാത്രങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ബഷീര്‍. തീയും, പ്രണയവും, ചിരിയും, കനലും, നോവും, ഭ്രാന്തും, മിത്തും വാക്കുകളില്‍ നിന്നിറങ്ങിവന്ന് വായനക്കാരിലേക്ക് അംഗഭംഗപ്പെടാതെ സന്നിവേശിച്ചു. യാഥാസ്ഥിതിക അധികാരപ്രമത്തതയുടെ പിണിയാളുകള്‍ ക്ഷമിക്കുമോ? എതിര്‍ശബ്ദങ്ങള്‍ അഴിക്കുള്ളിലായി; അവ പുറപ്പെടുവിക്കുന്ന നാവുകള്‍ക്ക് പൂട്ട് വീണു; അക്ഷരങ്ങള്‍ക്ക് വിലങ്ങിട്ടു.. അതാണ് സംഭവിച്ചത്.

മതിലുകള്‍ ഈ പ്രണയകഥയിലെ നിരന്തര സാന്നിധ്യമാണെന്നുകാണാം. ജയിലും ജയിലിനുള്ളിലെ തടവറകളും മാത്രമല്ല, തടവറയ്ക്കുള്ളിലെ തടവുപുള്ളികള്‍ പോലും സ്വയം സൃഷ്ടമായ ഓരോ മതിലുകള്‍ക്കുള്ളിലാണ്. ബഷീറിന്റെ തടവറയും പെണ്‍ജെയിലും അടുത്തടുത്താണ്. അവയുടെ ഇടയില്‍ ഒരു മതില്‍ ഉണ്ട്. ഇടയ്ക്ക് ഒരു മതിലേയുള്ളു എന്ന ബഷീറിന്റെ ആത്മഗതത്തെ ഒരു പക്ഷേ ഈ കഥയുടെ ആത്മാവെന്നുതന്നെ പറയാം. കാരണം, ഒരു മതിലുണ്ടല്ലോ എന്ന തടസ്സമല്ല, ഒരു മതിലേയുള്ളു എന്ന ശുഭാത്മക സമാശ്വാസമാണ് അയാളുടെ പ്രണയഭരിതമായ മനസ്സില്‍ നിറയുന്നത്.

'മതിലുകള്‍' എന്ന നോവലില്‍, ജയിലിലെ അന്തരീക്ഷം വളരെ സൗഹൃദാത്മകമാണ്. കഥാനായകനായ ബഷീറിന് എല്ലാവരോടും സൗഹൃദമാണ്. തിരിച്ച് എല്ലാവര്‍ക്കും അദ്ദേഹത്തോടും അങ്ങനെ തന്നെ. അറസ്റ്റ് ചെയ്യാന്‍ വീടുവളഞ്ഞ സന്ദര്‍ഭത്തില്‍പ്പോലും'ആരും എന്നെ തല്ലിയില്ല' എന്നേ അദ്ദേഹത്തിന് പറയാനുള്ളൂ. രണ്ടു കെട്ടു ബീഡിയും, തീപ്പെട്ടിയും പിന്നെ ഒരു ബ്ലേഡും നല്‍കിയാണ് ലോക്കപ്പില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് പൊലീസുകാര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കുന്നത്. അക്ഷരങ്ങളില്‍ തീപ്പൊരിയും പ്രണയക്കനലും കാത്ത എഴുത്തുകാരന് എഴുതുവാനുള്ള പേപ്പര്‍ നല്‍കുവാന്‍ ജയിലിലെ ഉദ്യോഗസ്ഥരും സന്നദ്ധരായെന്നു വായിക്കുമ്പോള്‍, അക്ഷരങ്ങളുടെ അപാരസാധ്യതകള്‍ എതിര്‍ക്കപ്പെടുന്നതിനേക്കാള്‍ എത്രയോ ഇരട്ടി തീവ്രതയില്‍ എതിരേല്‍ക്കപ്പെടുന്നു എന്നാണ് വായിച്ചെടുക്കേണ്ടത്.


പ്രണയത്തില്‍ നിന്നാരംഭിച്ച് പ്രണയ ഭംഗത്തില്‍ അവസാനിക്കുകയാണ് 'മതിലുകള്‍'. പ്രണയം അശരീരമാണെങ്കിലും കാല്‍പനിക മനോഹരമായ പ്രണയ മുഹൂര്‍ത്തങ്ങള്‍ അനവധിയുണ്ട്, ഈ കഥയില്‍. ഈ പ്രണയകഥയില്‍ പ്രണയത്തിന്റെ പ്രതീകം പൂവോ, പൊന്നോ, പ്രണയം തുന്നിയ തൂവാലയോ ഒന്നുമല്ല; ഒരു ഉണക്കച്ചുള്ളിക്കമ്പ് ആണ്! പെണ്‍ജയിലിന്റെ ചുറ്റുമതിലിനുമുകളില്‍ നാരായണി എറിയുന്ന ആ ചുള്ളിക്കമ്പ് അവളുടെ ഹൃദയവും പ്രതീക്ഷയുമാണ്. പെണ്‍ ജയിലിലെ 'മനോഹരമായ'ഒരു പേരുമാത്രമായ 'നാരായണി' യെന്ന തടവുകാരിയെ ബഷീര്‍ ഒരിക്കലും കാണുന്നില്ല; തിരിച്ച്, അവള്‍ അയാളെയും. എന്നിട്ടും പെണ്‍ജയിലിന്റെ കരിങ്കല്‍ മതിലിന് മുകളിലൂടെ അയാള്‍ എറിഞ്ഞിട്ടു കൊടുത്ത റോസാച്ചെടിയില്‍ നിന്ന് ഒരു പൂങ്കാവനം തന്നെ അവള്‍ ഉണ്ടാക്കിയത്രെ! കനലൊരുതരിമതിയെന്നുപറയുന്നത്, ഇവിടെ അവരുടെ പ്രണയത്തിന്റെ കാര്യത്തില്‍ എത്ര ഭംഗ്യന്തരേണ പറയാതെ പറയുന്നു കഥാകാരന്‍! ജയിലിലെ ആശുപത്രിയില്‍ വച്ച് കാണാമെന്ന പ്രതീക്ഷയുടെ മുനയൊടിച്ചു കൊണ്ട് ബഷീറിനെ വിമോചിതനാക്കുവാനുള്ള ഉത്തരവിന്റെ കാര്യം ജയിലര്‍ അയാളെ അറിയിക്കുമ്പോഴും പെണ്‍ജയിലിന്റെ മതിലിനു മേലെ ആ ചുള്ളിക്കമ്പ് ഉയരുന്നതും, താഴുന്നതും, വീണ്ടും ഉയരുന്നതും അയാള്‍ കാണുന്നുണ്ട്; പക്ഷേ, അപ്പോള്‍ അത് പ്രണയത്തിന്റെ പ്രതീകമല്ല; പ്രണയ ഭംഗത്തിന്റെ നോവ് ആണെന്നു മാത്രം.

എന്തുകൊണ്ട് മതിലുകള്‍?

മതിലുകള്‍ ഈ പ്രണയകഥയിലെ നിരന്തര സാന്നിധ്യമാണെന്നുകാണാം. ജയിലും ജയിലിനുള്ളിലെ തടവറകളും, മാത്രമല്ല തടവറയ്ക്കുള്ളിലെ തടവുപുള്ളികള്‍ പോലും സ്വയം സൃഷ്ടമായ ഓരോ മതിലുകള്‍ക്കുള്ളിലാണ്. ബഷീറിന്റെ തടവറയും പെണ്‍ജെയിലും അടുത്തടുത്താണ്. അവയുടെ ഇടയില്‍ ഒരു മതില്‍ ഉണ്ട്. ഇടയ്ക്ക് ഒരു മതിലേയുള്ളു എന്ന ബഷീറിന്റെ ആത്മഗതത്തെ ഒരു പക്ഷേ ഈ കഥയുടെ ആത്മാവെന്നുതന്നെ പറയാം. കാരണം, ഒരു മതിലുണ്ടല്ലോ എന്ന തടസ്സമല്ല, ഒരു മതിലേയുള്ളു എന്ന ശുഭാത്മക സമാശ്വാസമാണ് അയാളുടെ പ്രണയഭരിതമായ മനസ്സില്‍ നിറയുന്നത്. ഒരിക്കലും കാണാത്ത, ഒരിക്കലും കാണുവാനിടയില്ലാത്ത പ്രണയിനിയെ അയാള്‍ പ്രതീകവത്കരിക്കുന്നതും മതിലുകളിലൂടെത്തന്നെ.

അതെ; മതിലുകള്‍ എല്ലായ്‌പോഴും വിലക്കുകളും വേര്‍തിരിവുകളും അല്ല. ചിലപ്പോഴൊക്കെ അവ സാന്ത്വനമോ സംരക്ഷണമോ ഒക്കെയാണ്...



Similar Posts