Art and Literature
ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ
Art and Literature

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

എച്ച്. അന്‍വര്‍ ഹുസൈന്‍
|
17 Nov 2022 3:06 AM GMT

സ്‌നേഹത്തിന്റെ മുളങ്കാടാകുന്ന കുഞ്ഞിനെ വിട്ട് ഉപ്പയും, ഉമ്മിയും യാത്രയായത് ഹൃദയസ്പര്‍ശിയായ ഭാഷയിലാണ് കവി പറയുന്നത്. മറഞ്ഞു പോയിട്ടും, കാവല്‍ നില്‍ക്കുന്ന തണല്‍മരവും തണുപ്പുമാണുപ്പ. ഉമ്മിയാവട്ടെ, പ്രാണന്‍ പ്രാണനില്‍ കുരുത്തു ഹൃദയം പകുത്ത വാത്സല്യനിധിയാണ്. നിഖില സമീറിന്റെ 'അമേയ' വായന.

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്. നിഖില സമീറിന്റെ 'അമേയ'. 59 കവിതകള്‍ ഉണ്ടിതില്‍. അവയൊക്കെ ജീവിതം തൊടുന്നു. എന്തുകൊണ്ടാണെന്നറിയില്ല ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ പിന്നണിയില്‍ ഒരു പാട്ട് വന്ന് നിറയും. ഇത് വായിച്ചു കൊണ്ടിരുന്നപ്പോള്‍ ബാബുക്കയുടെ 'ഒരു പുഷ്പം മാത്രമെന്‍' പിന്നണിയില്‍ ആരോ പാടിക്കൊണ്ടിരുന്നു.

നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലും സ്‌നേഹമായ പരംപൊരുളിനെ തേടലാണുള്ളത്. ഇതിന്റെയൊക്കെ ചുവടു പിടിക്കുന്ന കവിതകളാണ് അമേയയില്‍ നിറയെ. സൂഫികളും സന്യാസിമാരും 'അഹം ബ്രഹ്മാസ്മി എന്നും ' അനല്‍ ഹഖ് എന്നും പറഞ്ഞു കൊണ്ടിരുന്നതിനെപ്പറ്റി ബഷീര്‍ എഴുതിയിട്ടുണ്ട്.

സൃഷ്ടാവിനോടുള്ള അദമ്യമായ സ്‌നേഹമാണ് അമേയയുടെ കാതല്‍. അത് ആര്‍ജിക്കുന്നത് സൃഷ്ടികളെ ചേര്‍ത്തു പിടിച്ചു കൊണ്ടായിരിക്കണം എന്ന് വരികള്‍ക്കിടയില്‍ വായിക്കാം. അതുകൊണ്ട് തന്നെ ഇത് ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ പുസ്തകം കൂടിയാണ്. 'അമേയ'എന്നാല്‍ അളക്കാനാവാത്തത് എന്നാണര്‍ഥം. ദിവ്യപ്രണയത്തെ ആര്‍ക്കും അളന്ന് തൂക്കാനാവില്ല. പ്രണയ വാരിധിയാണത്. അതുണ്ടാക്കുന്നത് ആത്മാനന്ദം തന്നെ. പ്രാണ ഞരമ്പിനേക്കാള്‍ സമീപസ്ഥനായ അവനെ തേടുകയത്രേ ജീവിത സാഫല്യം.

ആ കാരുണ്യക്കടലിലൊരു തുള്ളി ആയാല്‍ മതി. നിര്‍വചനങ്ങളില്‍ ഒതുങ്ങാത്ത ആത്മബന്ധം അതിലേക്കെത്തിയാല്‍ പിന്നെ രണ്ടില്ല, ഒന്നു മാത്രം. സ്‌നേഹത്തിന്റെ മുളങ്കാടാകുന്ന കുഞ്ഞിനെ വിട്ട് ഉപ്പയും, ഉമ്മിയും യാത്രയായത് ഹൃദയസ്പര്‍ശിയായ ഭാഷയിലാണ് കവി പറയുന്നത്. മറഞ്ഞു പോയിട്ടും, കാവല്‍ നില്‍ക്കുന്ന തണല്‍മരവും തണുപ്പുമാണുപ്പ.


ഉമ്മിയാവട്ടെ പ്രാണന്‍ പ്രാണനില്‍ കുരുത്തു ഹൃദയം പകുത്ത' വാത്സല്യനിധിയാണ്. 'പവിത്ര പ്രണയമേ നിന്നില്‍ ജ്വലിക്കണം'എന്നാണ് കവിയുടെ സ്‌നേഹ പ്രാര്‍ഥന. ബഷീര്‍ പറഞ്ഞ പോലെ അനന്തമായ പ്രാര്‍ഥനയാണ് ജീവിതം. സമര്‍പ്പണത്തിന്റെ സാരവും സത്തയും നിറവേറാന്‍ അഹം ഒഴിഞ്ഞു ഒന്ന് തന്നെ ആയിത്തീരുന്ന ആത്മീയ അവസ്ഥയിലാണ് 'ഫന'എന്ന കവിത നിലനില്‍ക്കുന്നത്.

'ആഗ്രഹങ്ങളുടെ ലോകം തന്നെ എനിക്കൊരു പദത്തിലൊതുക്കാം. പക്ഷേ, സ്‌നേഹം എന്ന വലിയ തണലില്‍ നില്‍ക്കാന്‍ ഞാനെന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു' എന്ന് ഇഖ്ബാല്‍ എഴുതി. നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലും സ്‌നേഹമായ പരംപൊരുളിനെ തേടലാണുള്ളത്. ഇതിന്റെയൊക്കെ ചുവടു പിടിക്കുന്ന കവിതകളാണ് അമേയയില്‍ നിറയെ. സൂഫികളും സന്യാസിമാരും 'അഹം ബ്രഹ്മാസ്മി എന്നും ' അനല്‍ ഹഖ് എന്നും പറഞ്ഞു കൊണ്ടിരുന്നതിനെപ്പറ്റി ബഷീര്‍ എഴുതിയിട്ടുണ്ട്.


ദിവ്യാനുരാഗത്തോടൊപ്പം, സൗഹൃദം, സ്‌നേഹം, കരുണ, ജീവിതം, മരണം, പ്രണയം തുടങ്ങിയ മാനുഷിക വികാരഗരിമയെ വായനക്കാരില്‍ ലയിപ്പിക്കുന്നു 'അമേയ'. ആഴമേറിയ വായനക്ക് വിധേയമാക്കേണ്ട കവിതകളാണ് അമേയയില്‍ ഉള്ളത്. ജീവിത വഴിത്താരയില്‍, സ്‌നേഹങ്ങള്‍ ഏറ്റുവാങ്ങി ഈ കവയത്രി ഇനിയും പാടട്ടെ.

എഴുത്തുകാരിയുടെ മകള്‍ ഫാത്തിമ സെഹ്‌റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ ചേതോഹരമാക്കുന്നു. പ്രശസ്ത സാഹിത്യകാരി സബീന എം. സാലിയുടേതാണ് അമേയയിലുള്ള പഠനക്കുറിപ്പ്. ഹരിതം ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.


റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് നടന്ന 'ആമേയ'യുടെ പ്രകാശന ചടങ്ങ്


എച്ച്. അന്‍വര്‍ ഹുസൈന്‍

Similar Posts