Art and Literature
നൂല്‍ക്കൂട | Short Story
Art and Literature

നൂല്‍ക്കൂട | Short Story

പങ്കു ജോബി
|
11 Oct 2024 11:31 AM GMT

| കഥ

വേനല്‍ച്ചൂട് വമിക്കുന്ന മണ്ണിലേക്ക് വീണ് മറയുന്ന ജലത്തുള്ളികള്‍ പോലെ ആഹ്ലാദത്തിന്റെ ഓരോ തരിയും അവളെക്കുറിച്ചുള്ള ചിന്തയുടെ ചൂടിലേക്ക് വീണ് മായുന്നു.

ഇനിയും എത്ര നാള്‍?

എത്ര നാള്‍ അവള്‍ക്കായ് ഈ ഭൂമി വിരുന്നൊരുക്കും? അവള്‍ക്കിനിയൊരു മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. തിരിച്ചുവരവില്ലാത്ത യാത്ര. ആ നിമിഷം മെറീനയ്ക്ക് അവളെയൊന്ന് കാണണമെന്ന് തോന്നി. നഴ്‌സിന്റെ അകമ്പടിയും ഫയലും മരുന്നും ഒന്നും ഇല്ലാതെയാണ് മെറീന അവള്‍ക്കരികിലേക്ക് നടന്നത്. മെറീന ചെല്ലുമ്പോള്‍ അവള്‍ വൂള്‍ നെയ്യുന്ന തിരക്കിലാണ്. മെറീന കടന്ന് ചെല്ലുമ്പോഴൊക്കെ അവള്‍ വൂള്‍ നെയ്യുകയായിരിക്കും. അവളുടെ കുഞ്ഞ് ധമനിയിലേക്ക് മരുന്നുകള്‍ വേദനയായ് പടരുമ്പോഴും അവള്‍ അതീവ ശ്രദ്ധയോടെ വൂള്‍ നെയ്തുകൊണ്ടേ ഇരിക്കും.

മെറീന അവളുടെ കിടക്കയ്ക്കരുകില്‍ എത്തിയതും അവള്‍ വൂളില്‍ നിന്നും മിഴികളുയര്‍ത്തി മുഖം അല്‍പമൊന്ന് ചരിച്ച് മെറീനയെ നോക്കി.

'ഡോക്ടര്‍... ഡോക്ടര്‍ക്ക് ഭംഗിയുള്ള കണ്ണുകളാണ്.'

അവള്‍ വീണ്ടും വൂളിലേക്ക് തന്നെ മിഴികളൂന്നി.

മറ്റൊരവസരത്തിലാണെങ്കില്‍ ഡോക്ടര്‍ ആ വരികളെ ആസ്വദിക്കുമായിരുന്നു. ആ വാചകങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു സ്വകാര്യതയെ ഓര്‍ത്തെടുക്കുമായിരുന്നു.

''വര്‍ഷങ്ങള്‍ക്കിപ്പുറവും നീ എന്തിനാണ് എന്റെ മിഴികളുടെ ഭംഗിയെ ഓര്‍ത്ത് വച്ചിരിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം നീയെനിക്ക് വാക്കുകളായല്ല, ഈണമായ് നല്‍കണം. എന്നിട്ട് വേണം എനിക്ക് നിന്റെയാ വിരലുകളെ പ്രണയിക്കാന്‍. സംഗീതം കൊണ്ട് ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന നിന്റെയാ വിരലുകളെ!'

ചുണ്ടുകളില്‍ വിരിയുന്ന ഒരു പുഞ്ചിരിയോടെ അവളീ വാക്കുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും പറയുമായിരുന്നു. പക്ഷേ, ഇന്നതിന് അവള്‍ക്കാവില്ല. അവളുടെ മനസ്സ് നോവിന്റെ വേവുകൊണ്ട് ചുട്ടുപഴുത്തിരിക്കുന്നു.

''വൈരിതാ... മോളെന്തിനാ വൂള്‍ നെയ്യുന്നത്? ദിവസങ്ങളായി, ഇത്ര ശ്രദ്ധയോടെ നീ ഇത് തന്നെ ചെയ്യുകയാണല്ലോ?''

പെട്ടന്ന് അവള്‍ വൂളിന്റെ നൂലുണ്ടയും അത് വരെ നെയ്‌തെടുത്ത കമ്പിളിയും കിടക്കയിലേക്ക് വച്ച് മെറീനയ്ക്ക് നേരെ തിരിഞ്ഞു.

''ഇത് ഞാന്‍ നെയ്യുന്നത് ഒരു നൂല്‍ക്കൂട ഉണ്ടാക്കാനാണ്.''

''എന്തിനാ ഇപ്പോ കുഞ്ഞ് വൈരിതയ്ക്ക് നൂല്‍ക്കൂട?''

''അത്... മഹീമിന് കൊടുക്കാന്‍. അവനല്ലേ എനിക്ക് കഥാപുസ്തകങ്ങള്‍ കൊണ്ട് തരുന്നത്. മലകള്‍ക്കപ്പുറത്തെ പുഴയിലെ തെളിനീരിനെകുറിച്ചും വെള്ളാരം കല്ലുകളെ കുറിച്ചും നിറമുള്ള മത്സ്യങ്ങളെക്കുറിച്ചും പറഞ്ഞു തരുന്നത്. പക്ഷേ, ഞാനിതുവരെ അവനൊന്നും കൊടുത്തിട്ടില്ലല്ലോ... അതുകൊണ്ട് ഈ നൂല്‍ക്കൂട അവനാ.. ഇത് എനിക്ക് പൂര്‍ത്തിയാക്കണം. സര്‍ജറിയ്ക്ക് മുന്‍പ് അവനിത് കൊടുക്കണം.''

''അതെന്താ? സര്‍ജറി കഴിഞ്ഞ് മിടുക്കിക്കുട്ടിയായി തിരികെ ചെന്നും വൈരിതയ്ക്ക് നൂല്‍ക്കൂട മഹീമിന് കൊടുക്കാല്ലോ..''

''എനിക്കറിയാം ഡോക്ടര്‍... സര്‍ജറിയ്ക്ക് ശേഷം പിന്നെ... ഞാന്‍ ഉണ്ടാവില്ലെന്ന്. സര്‍ജറി മുറിവരെയാണ് എന്റെ ആയുസ്സെന്ന്... അതല്ലേ, ഞാനിത് ഇത്ര പെട്ടെന്ന് നെയ്‌തെടുക്കുന്നത്. എനിക്ക് ഇത് പൂര്‍ത്തിയാക്കാനുള്ള സമയമെങ്കിലും ഉണ്ടാവോ ഡോക്ടര്‍?''

അടക്കിപിടിച്ചിരിക്കുന്ന ശക്തമായ വേദനയുടെ അടയാളം പോലെ ആ സമയം അവളുടെ അമ്മയുടെ മിഴികളില്‍ അടരാന്‍ കൊതിച്ച നീര്‍ത്തുള്ളി തിളങ്ങി നിന്നു.

''എത്രയും പെട്ടന്ന് എനിക്കിത് നെയ്‌തെടുക്കണം. മരണത്തിന് മുന്‍പ് എനിക്കിത് അവന് കൊടുക്കണം. അവന്റെ ഓര്‍മകളിലെങ്കിലും ഞാനുണ്ടാവണമെങ്കില്‍ എന്റേതെന്ന് പറയുന്ന ഒരടയാളമെങ്കിലും അവന്റെ കണ്മുന്നില്‍ ശേഷിക്കണ്ടേ..''

അതൊരു കൊച്ചുകുട്ടിയുടെ വാക്കുകളാണോ?

നോവിന്റെ നീറ്റല്‍ പിഞ്ചുവാക്കുകള്‍ക്ക് പോലും അവിശ്വസനീയമായ പക്വത നല്‍കുമായിരിക്കും.

''ഡോക്ടര്‍ പൊയ്‌ക്കോ... ഞാനിതൊന്ന് തീര്‍ത്തോട്ടെ. ഇല്ലെങ്കില്‍ പിന്നൊരിക്കലും എനിക്കിത് മഹീമിന് കൊടുക്കാന്‍ പറ്റിയില്ലെങ്കിലോ?''

മെറീന തിരിഞ്ഞു നടന്നു. മുറിയുടെ വാതില്‍ക്കല്‍ നിന്ന് അവള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ വൈരിത വീണ്ടും പൂര്‍ണ ശ്രദ്ധയോടെ വൂള്‍ നെയ്തു തുടങ്ങിയിരുന്നു. അതിന്റെ അടുത്ത ദിവസങ്ങളിലോക്കെയും മെറീന വൈരിതയുടെ കേസ് മാത്രം പഠിക്കുകയായിരുന്നു. അവളുടെ ജീവന്‍ രക്ഷിച്ചു പിടിക്കാനുള്ള എന്തെങ്കിലും ഒരു വഴി പുസ്തകത്താളുകളിലെ അക്ഷരങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിപ്പുണ്ടെങ്കിലോ? ആ ദിവസമത്രയും വൈരിത വൂള്‍ നെയ്തുകൊണ്ടേ ഇരുന്നു.

പിന്നീട് മെറീന വൈരിതയെ കാണുമ്പോള്‍ അവള്‍ നൂല്‍ക്കൂടയ്ക്കാവശ്യമായ കമ്പിളി പകുതിയും നെയ്തു കഴിഞ്ഞിരുന്നു.

മെറീനയെ കണ്ടതും അവള്‍ വീണ്ടും ചോദിച്ചു.

''എനിക്കീ നൂല്‍ക്കൂട പൂര്‍ത്തിയാക്കാനുള്ള സമയമെങ്കിലും ഉണ്ടാവോ ഡോക്ടര്‍?''

മൗനമാവും മറുപടി എന്നറിയാവുന്നത് കൊണ്ടാവണം അവള്‍ മറുപടിയ്ക്ക് പ്രതീക്ഷിക്കാതെ വീണ്ടും വൂളിലേക്ക് തന്നെ മുഖം കുനിച്ചത്.

മരുന്ന് നല്‍കി നഴ്‌സ് മടങ്ങി. മെറീനയും മടങ്ങാന്‍ തുടങ്ങുമ്പോഴാണ് അവള്‍ മെറീനയുടെ കൈയ്യില്‍ പിടിച്ചത്.

''ഡോക്ടര്‍.. എനിക്കീ നൂല്‍ക്കൂട പൂര്‍ത്തിയാക്കണം. അത് വരെ എനിക്ക് ജീവിക്കണം ഡോക്ടര്‍. അത് വരെ... അതുവരെ എനിക്കീ സര്‍ജറി വേണ്ട. എന്റെ സര്‍ജറി നീട്ടി വച്ചൂടേ ഡോക്ടര്‍. ഞാനീ നൂല്‍ക്കൂട പൂര്‍ത്തിയാക്കുന്നത് വരെ.''

മെറീന വേദനയോടെ വാത്സല്യത്തോടെ അവളുടെ നെറുകയില്‍ തഴുകി.

''കുഞ്ഞ് വൈരിതയ്ക്ക് ഒന്നും ആവില്ല. സര്‍ജറികഴിഞ്ഞ് മിടുക്കിയായി വൈരിത വീട്ടിലേക്ക്മടങ്ങും.'' വൈരിത മെറീനയുടെ കൈവിട്ട് വൂളിലേക്ക് മടങ്ങി. അവളുടെ മുഖത്ത് നിരാശയുടെ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.

മരണം വരെ അവള്‍ ജീവിക്കട്ടെ, അവളുടെ ആ ആഗ്രഹമെങ്കിലും പൂര്‍ത്തിയാക്കട്ടെ, അവളുടെ കൂട്ടുകാരനുള്ള നൂല്‍ക്കൂട അവള്‍ പൂര്‍ണമായും നെയ്‌തെടുത്തോട്ടെ. അതാണ് മെറീന അവളുടെ സര്‍ജറി കുറച്ച് കൂടി നീട്ടവച്ചത്.

അന്ന് മെറീന വൈരിതയുടെ മുറിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ അവള്‍ നൂല്‍ക്കൂടയ്ക്കാവശ്യമായ കമ്പിളിയില്‍ മൂക്കാല്‍ ഭാഗത്തില്‍ കൂടുതല്‍ നെയ്തുകഴിഞ്ഞിരുന്നു. ബാക്കി കൂടി എത്രയും പെട്ടെന്ന് നെയ്‌തെടുക്കാനുള്ള വല്ലാത്തൊരു ധൃതിയിലായിരുന്നു അവള്‍. പെട്ടെന്നാണ് അവള്‍ കിടക്കയിലേക്ക് മലര്‍ന്ന് വീണത്. അവളുടെ വലത് കൈയ്യില്‍ നിന്നും വൂള്‍ തെറിച്ച് നിലത്ത് വീണു. അവളുടെ മടിയില്‍ നിന്നും താഴെ വീണ നൂലുണ്ട നൂലിന്റെ ഒരു വഴി വരച്ചുകൊണ്ട് മെറീനയുടെ പാദത്തില്‍ തട്ടി നിശ്ചലമായി.

വൈരിതയുടെ സര്‍ജറികഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ട് മാസം ആയിരിക്കുന്നു. മെറീന അവളുടെ മുറിയില്‍ എത്തുമ്പോള്‍ വൈരിത വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി ഇരിക്കുകയാണ്. അവള്‍ പൂര്‍ണ സന്തോഷവതിയാണ്. അവള്‍ നെയ്‌തെടുത്ത നൂല്‍ക്കൂട അവള്‍ക്കരികില്‍ ഇരിപ്പുണ്ട്.

''വീട്ടിലേക്ക് മടങ്ങാന്‍ ഇരിക്കയാ, അല്ലേ? ഞാന്‍ പറഞ്ഞിരുന്നില്ലേ... കുഞ്ഞ് വൈരിതയ്ക്ക് മിടുക്കിയായി വീട്ടിലേക്ക് മടങ്ങാം ന്ന്.''

അവള്‍ ചിരിച്ചു. വേദനയില്ലാത്ത ചിരി.

''നൂല്‍ക്കൂട പൂര്‍ത്തിയായല്ലോ... നല്ല ഭംഗിയുള്ള നൂല്‍ക്കൂട. മഹീമിന് ഇത് ഒത്തിരി ഇഷ്ടമാവും.''

വൈരിത പതിയെ കിടക്കയില്‍ നിന്നും എഴുന്നേറ്റു. നൂല്‍ക്കൂട കൈയ്യില്‍ എടുത്തു. അത് അവള്‍ മെറീനയ്ക്ക് നേരെ നീട്ടി.

''അമ്മേ... ഇത് അമ്മയ്ക്കാണ്..''

മെറീന അത്ഭുതത്തോടെ അവളെ നോക്കി.

''ജന്മം നല്‍കിയവരെ അമ്മേന്ന് അല്ലേ വിളിക്കേണ്ടത്. അമ്മയാണ്! ഇത് അമ്മയാണ്...''

നീര്‍ത്തിളങ്ങുന്ന മിഴികളോടെ അവള്‍ മെറീനയുടെ മുഖത്തേയ്ക്ക് നോക്കി.

''സ്‌നേഹമുണ്ടമ്മേ.. ഒരുപാടൊരുപാട്. എനിക്കെന്റെ ജീവന്‍ തിരികെ തന്നതിന്. എനിക്കെന്റെ ജീവിതം തിരികെ തന്നതിന്. ഈ നൂല്‍ക്കൂട... ഇത് അതിന് പകരമാവില്ല, അറിയാം... എങ്കിലും, ഇതെങ്കിലും ഞാന്‍ അമ്മയ്ക്ക് തരണ്ടേ... ''

മെറീന അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ നെറുകയില്‍ തഴുകി. അവള്‍ മെറീനയെ മുറുകെ കെട്ടിപിടിച്ചു.

''അമ്മേ...''

'അമ്മ' എന്ന ആ രണ്ടക്ഷരം ആ സമയം അവളുടെ ഹൃദയത്തില്‍ നിന്നാവണം ഉതിര്‍ന്ന് വീണത്.

അതല്ലേ.. ആ അക്ഷരങ്ങള്‍ അത്ര തീവ്രതയോടെ മെറീനയുടെ മനസ്സിനെ വന്ന് തൊട്ടത്.



Similar Posts