വിഗ്രഹം തലവര മാറ്റിയ കാകപുരത്തിന്റെ വര്‍ത്തമാനം
|ലോകത്ത് എവിടെയും സംഭവിക്കുന്ന യുദ്ധവും-പലായനവും-ഏകാധിപത്യ-ഫാഷിസ്റ്റ് ഭരണവും ഏറ്റവുമാദ്യം ബാധിക്കുന്നൊരു കൂട്ടര്‍ സ്ത്രീകളാണ്. യുദ്ധാനന്തരം എന്ന പുസ്തകത്തില്‍ ഈയൊരു സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. അതേ പുസ്തകത്തെ പിന്‍പറ്റി, ഒരു ദേശത്തിലേക്ക് ഇത്തരം ഭരണപദ്ധതികള്‍ എങ്ങനെ നടപ്പാക്കുന്നുവെന്നും അത് രാജ്യത്തിന്റെയാകമാനം പരീക്ഷണശാലയാവുന്നതും നോവലിന്റെ ഉള്ളടക്കത്തിലുണ്ട്. 'കാകപുരം' നോവലെഴുത്തിനെ കുറിച്ച് നോവലിസ്റ്റ്.
രണ്ടുവര്‍ഷം മുന്നെയാണ് കാകപുരത്തിന്റെ ആദ്യഡ്രാഫ്റ്റ് എഴുതുന്നത്. പുതുതായി എന്തെഴുതും എന്ന ആലോചനയില്‍ നിന്നാണ് 'കാകപുരം'പിറവിയെടുക്കുന്നത്. രാഷ്ട്രത്തിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നടക്കുന്ന ഭയാനകരമായ മാറ്റത്തില്‍ പൗരന്‍ എന്ന നിലയില്‍ പേടിപ്പെടുത്തുന്ന പലതിന്റേയും തുടക്കമായിരുന്ന അക്കാലം. എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കാമെന്ന ഉത്തരവാദിത്വവും നോവല്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ഇതൊരു ഗംഭീരമായ നോവലാണെന്ന അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല. സ്വന്തം എഴുത്തില്‍ എന്നുമുള്ള 'നന്നാവുമോ?' എന്ന പേടി ഇതിലുമുണ്ട്. മുന്‍രചനകളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സമാധാനം ആശിക്കുന്ന വലിയ വിഭാഗം മനുഷ്യരുടെ ആധികള്‍ മുന്‍നിര്‍ത്തിയാണ് നോവല്‍ എഴുതിയിരിക്കുന്നത്.
കാകപുരമെന്ന സാങ്കല്‍പ്പിക ദേശത്ത് കോടതി നിര്‍മാണത്തിന് എത്തുന്ന തക്ഷകന്‍ എന്ന ദലിത് യുവാവില്‍ നിന്നാണ് കഥയുടെ തുടക്കം. കോടതികെട്ടിടത്തിനായി വാരം കീറുമ്പോള്‍ തക്ഷകനു ലഭിക്കുന്ന വിഗ്രഹം കാകപുരത്തിന്റെ തലവര മാറ്റുകയാണ്. അത്രനാളും കാകപുരത്ത് സാമാധാനത്തിലും പരസ്പരസഹകരണത്തോടെയും ജീവിച്ച ദലിത്-മുസ്‌ലിം വിഭാഗങ്ങള്‍ നേരിടേണ്ടി വരുന്ന ജീവല്‍പ്രതിസന്ധികളിലൂടെയാണ് പിന്നീട് നോവലിന്റെ സഞ്ചാരം. സമകാലീന രാഷ്ട്രീയത്തെ, ഫിക്ഷന്റെ സാധ്യത ഉപയോഗിച്ച് അടയാളപ്പെടുത്താനുള്ള ശ്രമമെന്ന നിലയിലതിനെ കാണാവുന്നതാണ്. തക്ഷകന്‍ തന്റെ യൗവനവും മധ്യവയസും പിന്നിടുന്നതിന് ഇടയില്‍ കാകപുരത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഒരു ജനവിഭാഗത്തെയാകെ ഏതുവിധമാണ് ബാധിക്കുന്നതെന്ന് പറയുന്നത് മറ്റു കഥാപാത്രങ്ങളുടെ വിവരണങ്ങളാണ്. കന്യകയെന്ന ലൈംഗിക തൊഴിലാളി, സ്വസ്തികന്‍ എന്ന വക്കീല്‍, ശതാനന്ദന്‍ എന്നു പേരുള്ള സ്വവര്‍ഗലൈംഗിക താത്പര്യക്കാരന്‍.. തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങള്‍. അതേസമയം ഒരു ദേശവിവരണത്തിന്റെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട്, രാജ്യത്ത് എവിടേയും ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന സംഭവവികാസങ്ങളെക്കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യം ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സമയത്ത് പൗരന്‍ എന്ന നിലയില്‍ വളരെ ആശങ്കയോടെയാണ് തെരഞ്ഞെടുപ്പിനേയും അതിനോടനുബന്ധിച്ചുള്ള മറ്റു സംഭവിവികാസങ്ങളേയും നോക്കി കാണുന്നത്. കാകപുരത്തും ഇത്തരത്തിലുള്ള ശക്തികളുടെ ഇടപെടലുണ്ടാവുന്നുണ്ട്.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പോലും ഇടപെടാന്‍ സാധിക്കുന്ന, നോവലിലെ സേനക്കാരെന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാകപുരത്തേയും നോവലില്‍ പറയുന്ന മറ്റ് ദേശങ്ങളായ ചൊവ്വല്ലൂരിനേയും പാണ്ഡ്യപുരത്തേയും സ്വാധീനിക്കുന്നു. തെരുവോത്ത് രാമന്‍ എന്ന പേരുള്ള കഥാപാത്രത്തിന്റെ പിന്‍കാലചരിത്രവും സമകാലീന ഇടപെടലുകളും നോവലിന്റെ മര്‍മ്മപ്രധാനമായ ഭാഗമായി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.
''ഒരുകാലത്ത് ഇവിടെയുണ്ടായിരുന്നു മനുഷ്യത്വവിരുദ്ധമായ എല്ലാത്തിനേയും വീണ്ടും തിരികെ കൊണ്ടുവരാനുള്ള ഗൂഢശ്രം. ഇനിയൊരു അംബേദ്ക്കറോ ശ്രീനാരായണ ഗുരുവോ ഗാന്ധി തന്നെയും ഉയര്‍ന്നു വരാന്‍ അവര്‍ അനുവദിക്കുകയുമില്ല. അങ്ങനെയാരെങ്കിലും ശ്രമിക്കുന്നതു കണ്ടെത്തിയാല്‍ ഒന്നുകില്‍ അയാള്‍ കൊല്ലപ്പെടും. അല്ലെങ്കില്‍ എന്നെന്നേക്കുമായി തുറുങ്കിലടക്കപ്പെടും. ആലോചിക്കുമ്പോള്‍ തന്നെ ഭയമാണ്. മറ്റൊരു ഗാന്ധിയെ അവരും ഭയപ്പെടുന്നുണ്ട്''. ശതാന്ദന്റെ ഈ ഭയം എഴുത്തുകാരനെന്ന നിലയില്‍ എനിക്കുമുണ്ട്. രാജ്യം ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സമയത്ത് പൗരന്‍ എന്ന നിലയില്‍ വളരെ ആശങ്കയോടെയാണ് തെരഞ്ഞെടുപ്പിനേയും അതിനോടനുബന്ധിച്ചുള്ള മറ്റു സംഭവിവികാസങ്ങളേയും നോക്കി കാണുന്നത്. കാകപുരത്തും ഇത്തരത്തിലുള്ള ശക്തികളുടെ ഇടപെടലുണ്ടാവുന്നുണ്ട്. അവിടെയുള്ള മുസ്‌ലിംകളേയും ദലിതരേയും എവ്വിധമാണാ ഇടപെടലുകള്‍ പ്രതിസന്ധിയിലകപ്പെടുത്തുന്നതെന്ന് പറയാന്‍ ശ്രമിച്ചിട്ടുണ്ട്.
ലോകത്ത് എവിടെയും സംഭവിക്കുന്ന യുദ്ധവും-പലായനവും-ഏകാധിപത്യ-ഫാഷിസ്റ്റ് ഭരണം ഏറ്റവുമാദ്യം ബാധിക്കുന്നൊരു കൂട്ടര്‍ സ്ത്രീകളാണ്. യുദ്ധാനന്തരം എന്ന പുസ്തകത്തില്‍ ഈയൊരു സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. അതേ പുസ്തകത്തെ പിന്‍പറ്റി, ഒരു ദേശത്തിലേക്ക് ഇത്തരം ഭരണപദ്ധതികള്‍ എങ്ങനെ നടപ്പാക്കുന്നുവെന്നും അത് രാജ്യത്തിന്റെയാകമാനം പരീക്ഷണശാലയാവുന്നതും നോവലിന്റെ ഉള്ളടക്കത്തിലുണ്ട്.
അതേസമയം മറവിയുടെയും ഓര്‍മകളുടെയും ഇടയിലകപ്പെട്ട അഹല്യയെന്ന സ്ത്രീയും അവര്‍, സ്ത്രീകളുടെ പ്രതിനിധിയായി രാഷ്ട്രത്തിന്റെ തെറ്റായ പോക്കിനെ നോക്കി കാണുന്ന രീതിയും അവരുടെ പ്രതിഷേധവും ഭയവും ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ഇതടക്കം നോവലിലെ ഓരോ കഥാപാത്രങ്ങളുടെയും പേരുകള്‍ക്ക് എഴുത്തുകാരനെന്ന നിലയില്‍ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്.
നമുക്ക് ചുറ്റിലും കാണുന്ന സംഭവികാസങ്ങളെ കാകപുരമെന്ന സാങ്കല്‍പ്പിക ദേശത്തിനുള്ളിലെ കല്ലമ്പല നിര്‍മാണത്തിന്റെ രഹസ്യങ്ങളിലുടെ അനാവരണം ചെയ്യുകയാണ്. പുസ്തകത്തിന് ഗംഭീരമായ അവതാരിക എഴുതിയ സജയ് കെ.വി മാഷെ ഓര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാക്കാനാവില്ല. പുസ്തകശാലകളില്‍ ഈയടുത്ത ദിവസങ്ങളില്‍ കാകപുരം ലഭ്യമാവുമെന്നാണ് കരുതുന്നത്.