Art and Literature
ഓത്തുപള്ളി | Poetry
Art and Literature

ഓത്തുപള്ളി | Poetry

ഷറീന തയ്യില്‍
|
23 July 2024 1:21 PM GMT

| കവിത

ഞങ്ങള് കുട്ട്യോളെല്ലാരും കൂടി

മദ്‌റസയിലേക്കു പുറപ്പെടുമ്പോള്‍

നേരം വെളുത്തു വരണതേയുണ്ടാകൂ

കുഞ്ഞൂട്ടേട്ടന്‍ നീളത്തിലുള്ള

ഒരു വടിയും പിടിച്ച്

വഴീല് കാത്തു നില്‍ക്കും

പീടികത്തിണ്ണയിലും

റോട്ടിലുമൊക്കെയായി

കിടന്നുറങ്ങുന്ന നായകള്‍

പതിയെ തലപൊക്കി

ഞങ്ങളെ നോക്കും

പേടിപ്പിക്കാനെന്നോണം

കുരയ്ക്കും

കുഞ്ഞൂട്ടേട്ടന്‍

കുനിഞ്ഞ് നിന്ന് മുരളും

കല്ലെറിയും

ഞങ്ങളെല്ലാരും മൂപ്പരുടെ

പുറകിലൊളിക്കും

നീളന്‍ വടികൊണ്ട്

നായയെ ഓടിച്ച്

മദ്‌റസയിലെത്തും വരെ

കൂട്ടുവരും

അങ്ങേരാണ്

സ്‌നേഹത്തിന്റെ മതം

പഠിപ്പിച്ച ആദ്യത്തെ ഉസ്താദ്

ഇങ്ങക്കറിയോ...

മുത്തു നബിയോടുള്ള

മുഹബ്ബത്താണ്

ആകാശത്ത് നീതിയെ

വിരിയച്ചത്

അധകൃതനെ സ്വപ്നം കാണാന്‍

പഠിപ്പിച്ചത്

സ്‌നേഹത്തിന്റെ

വിദ്യുത് പ്രവാഹങ്ങളെ

ഹൃദയത്തിലേക്ക്

ഉരുക്കിയൊഴിച്ചത്

അസമത്വത്തിന്റെ

ത്രാസുകളില്‍

സമത്വത്തിന്റെ

ബലാബലം പ്രയോഗിച്ചത്

അന്നൊക്കെ.... ഉസ്താദ്

ഖലീഫ ഉമറിന്റെ

കഥ പറയുമ്പോള്‍

കുട്ട്യോളുടെ കണ്ണു നിറയും

പോരും വഴി കണ്ടവന്റെ

തൊടിയില്‍ക്കേറി

പെറുക്കിയ മാങ്ങയും,

പുളിയും, നെല്ലിക്കയുമൊക്കെ

നിരുപാധികം മേശപ്പുറത്ത് വച്ച്

തല കുനിച്ചു നില്‍ക്കും

സാരംല്ല ഇനി ചെയ്യരുതെന്ന്

പറഞ്ഞ് നെറുകില്‍ തലോടി

ആശ്വസിപ്പിക്കുമ്പോള്‍

മക്കത്തെ മണലില്‍

അല്‍ അമീന്‍ എന്ന

തിരുവചനമെഴുതി

കാറ്റ് പടിഞ്ഞാറോട്ടു വീശും

പെരുന്നാളിന്

കുഞ്ഞൂട്ടേട്ടന്

ബിരിയാണി വിളമ്പി

ഇടതു കരമറിയാതെ

യത്തീമിനൊരു

കുപ്പായം വാങ്ങിച്ച്

സ്നേഹാലിംഗനം

ചെയ്യുമ്പോള്‍

ഓത്തുപള്ളിയില്‍ നിന്നൊരു

ബാങ്കൊലി ഉയരും

കാരുണ്യത്തിന്റെ

നൂറായിരം കവിതകളപ്പോള്‍

ഭൂമിയില്‍ പൊട്ടിവിടരും

ഇശ്ഖിന്റെ കിളികള്‍

ദിക്‌റുകള്‍ ചൊല്ലും

ആകാശവും ഭൂമിയും

മണ്ണും മരവുമെല്ലാം

സ്തുതി ചൊല്ലി

സുജൂദിലമരും

Similar Posts