Art and Literature
പി. വത്സലയുടെ നോവലുകള്‍
Art and Literature

ദുഷ്യന്തനും ഭീമനും ഇല്ലാത്ത ലോകം വത്സലയുടെ നായികമാരുടെ പ്രഖ്യാപനം കൂടിയാണ്

ഇന്ദു രമ വാസുദേവന്‍
|
22 Nov 2023 6:10 AM GMT

കടമകളുടെയും കടപ്പാടുകളുടെയും നിര്‍വചനങ്ങള്‍ ഉപേക്ഷിച്ചിറങ്ങുന്ന പെണ്ണുങ്ങളാണ് പി വത്സലയെന്ന കഥാകാരിയെ അനശ്വരയാക്കുന്നത്.

നെല്ലിലെ കുറുമാട്ടി, തുറന്ന കാമനകളുടെ ദ്രാവിഡ വേരുകളില്‍ നിന്ന് ഉയിര്‍ കൊള്ളുന്നവളാണ്. പൊന്നും കലപ്പ കൊണ്ട് ഉഴുതിട്ട മണ്ണില്‍ പ്രേമത്തിന്റെ വിത്ത് വിതയ്ക്കാന്‍ ക്ഷണിക്കുന്നവള്‍. ഉള്‍ക്കാടുകളില്‍ നിന്ന് പൂത്തിറങ്ങിയ കുളിരിന് ചൂട് തേടി ഇറങ്ങുന്നവള്‍. അവളെ കണ്ടു മല്ലന് ഭയമുളവാകുന്നത് യാദൃശ്ചികമല്ല. ഒരു പ്രച്ഛന്നരാമനായാണ് മല്ലന്റെ നില്‍പ്. മാര സീതയെ പോലെ മല്ലന്റെ മര്യാദകള്‍ കാക്കുന്നവളും. നീലപൊന്‍മാനെ എന്ന പാട്ടിലെ സ്വാഗതങ്ങള്‍ കുറുമാട്ടിക്ക് ലഭിക്കുന്നില്ല. കുറുമാട്ടിയുടെ തുടര്‍ച്ചയായാണ് അഥര്‍വത്തില്‍ പുഴയോരത്ത് പൂന്തോണി എത്തിലാ എന്ന പാട്ടില്‍ സ്മിത ഒഴുകി നിറയുന്നത്... 'രാമന്റെ വീഥിയില്‍ കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു സലജ്ജം സകാമം സവിസ്മയം' നില്‍ക്കുന്ന താടക, ശൂര്‍പ്പണഘ അങ്ങനെയുള്ള ദ്രാവിഡ രാജകുമാരികളുടെ പിന്മുറക്കാരികള്‍. 'ഇവളെ പേടിച്ചാരും നേര്‍വഴി നടപ്പീല, ഭുവനവാസി ജനം ' എന്നാണ് വിശ്വാമിത്രന് താടകയെ വിശേഷിപ്പിച്ചത്. അങ്ങനെ കാമനകള്‍ പല നിലകളില്‍ മുറിച്ചുണ്ടാക്കുന്ന രാമന്റെ 'നേര്‍വഴി'. ആര്യവംശത്തിന് അടിയറ വയ്ക്കുമോ സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം എന്ന് അനാര്യമായി ചോദിക്കുന്ന ദ്രാവിഡപെണ്ണുങ്ങള്‍ ലക്ഷ്മണരേഖകള്‍ വരച്ചു സംരക്ഷിക്കേണ്ട ഒന്നല്ല സ്ത്രീകാമന എന്ന് പ്രഖ്യാപിക്കുന്നു.

ദുഷ്യന്തനും ഭീമനും ഇല്ലാത്ത ലോകം ഒരു തലവാചകം മാത്രമല്ല. വത്സലയുടെ നായികമാരുടെ പ്രഖ്യാപനം കൂടിയാണ്. സിംഹാസനങ്ങളിലും കല്യാണസൗഗന്ധികങ്ങളിലും അവര്‍ ഒരിക്കലും തൃപ്തരല്ല. തോറ്റ് കൊടുക്കില്ല എന്ന തീവ്രമായ വാശിയാണ് അവരെ ജീവിപ്പിക്കുന്നത്.

'നിഴലുറങ്ങുന്ന വഴികള്‍' എന്ന പി വത്സലയുടെ നോവലിലെ മാധവിയും വ്യവസ്ഥയോട് നേരെ നിന്ന് നേര് ചൊല്ലുന്ന ഒരുവളാണ്. അമ്മ പൊതിരെ തല്ലി ദേഹം മുഴുവന്‍ തിണര്‍ത്തു പൊങ്ങിയിട്ടും അവള്‍ വിട്ട് കൊടുക്കുന്നില്ല. രണ്ടാനച്ഛന്റെ മകന്റെ ഹുങ്ക് കയ്യില്‍ വച്ചാല്‍ മതി എന്ന് അവള്‍ ഉറപ്പിച്ചിട്ടുണ്ട്. മുത്താച്ചിയുടെ സ്‌നേഹത്തിനും അമ്മാവന്റെ കടമ കഴിക്കലിനും ഭര്‍ത്താവിന്റെ അമ്മയുടെ സാമര്‍ഥ്യങ്ങള്‍ക്കും ഭര്‍ത്താവിന്റെ അസുഖത്തിനും അവള്‍ കീഴടങ്ങുന്നില്ല. അവള്‍ക്ക് ചുറ്റുമുള്ള ഓരോ തരം സൂക്ഷ്മ സമ്മര്‍ദങ്ങളോട് അവള്‍ നിരന്തരം യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. അവളുടെ പ്രണയം പോലും ഒരു പോരാട്ടമാണ്. പല്ലില്‍ സ്വര്‍ണ്ണം കെട്ടിച്ച വയസ്സന്‍ മുതലാളിക്ക് കഴുത്ത് നീട്ടി കൊടുക്കുമ്പോഴും അവള്‍ ഉള്ളിലെ ഉലയില്‍ ശങ്കരന്‍ കുട്ടിയുടെ മുഖം തിളക്കം വറ്റാതെ സൂക്ഷിക്കുന്നു.


ശിശിരത്തിലെ ഉറുമ്പുകളിലെ നവനീതയും വ്യവസ്ഥയോട് സന്ധി ഇല്ലാത്ത ഒരുവളാണ്. അവള്‍ പോകുന്ന വഴികളില്‍ എല്ലാം ഉറുമ്പുകള്‍ അവളെ പൊതിയുന്നു. ഓഫീസിനും വീടിനും ഇടയില്‍ ബസ് കാത്തിരിക്കുന്ന ഇരുപത് മിനിറ്റാണ് അവള്‍ക്ക് ആകെ കിട്ടുന്ന വിശ്രമം. കെട്ടിയിട്ട നാല്‍ക്കാലി പോലെയാണ് തന്റെ ജീവിതം എന്ന് അവള്‍ ഓര്‍ക്കുന്നുണ്ട്. ഉറുമ്പുകളെ കൊല്ലാന്‍ വല്ല വഴിയും ഉണ്ടോ എന്ന് അവള്‍ തേടുന്നു. ഉറുമ്പ് പോലെ പൊതിയുന്ന യാഥാര്‍ഥ്യങ്ങളോട് അവള്‍ക്ക് നല്ല അരിശമുണ്ട്. അവളുടെ ഉള്ളറകളിലേക്ക് ഉറുമ്പുകള്‍ അരിച്ചു നടക്കുന്നു. നോക്കുന്നിടത്തെല്ലാം ഉള്ള ഉറുമ്പുകളെ എന്ത് ചെയ്യുമെന്ന് അവള്‍ക്ക് ഒരു രൂപവുമില്ല. ചുമരോരങ്ങളില്‍ കമിഴ്ത്തിയ പാത്രങ്ങളില്‍, കിടക്കുന്ന കട്ടിലിന്റെ ചുവട്ടില്‍, ഉടുക്കുന്ന സാരിയില്‍ കുടത്തലയന്‍ ഉറുമ്പുകള്‍ ഘോഷയാത്ര ചെയ്യുന്നു. ആനന്ദരഹിതവും വരണ്ടതുമായ ജീവിതം അവള്‍ സ്വയം മുറിച്ചെറിയുന്നു. ദുഷ്യന്തനും ഭീമനും ഇല്ലാത്ത ലോകം ഒരു തലവാചകം മാത്രമല്ല. വത്സലയുടെ നായികമാരുടെ പ്രഖ്യാപനം കൂടിയാണ്. സിംഹാസനങ്ങളിലും കല്യാണസൗഗന്ധികങ്ങളിലും അവര്‍ ഒരിക്കലും തൃപ്തരല്ല. തോറ്റ് കൊടുക്കില്ല എന്ന തീവ്രമായ വാശിയാണ് അവരെ ജീവിപ്പിക്കുന്നത്.


ഓടക്കുഴല്‍ വിളി കേട്ട് ഭ്രാന്താലയത്തിലേക്ക് ഇറങ്ങി പോകുന്ന ഒരു പെണ്ണ് ഒരു വത്സല കഥയില്‍ ഉണ്ട്. കടമകളുടെയും കടപ്പാടുകളുടെയും നിര്‍വചനങ്ങള്‍ ഉപേക്ഷിച്ചിറങ്ങുന്ന പെണ്ണുങ്ങളാണ് ഈ കഥാകാരിയെ അനശ്വരയാക്കുന്നത്. വിട.

(കോഴിക്കോട് ദേവഗിരി കോളജ് അധ്യാപികയാണ് ലേഖിക).

ശിശിരത്തിലെ ഉറുമ്പുകള്‍

Similar Posts