നോവിന്റെ കടലിരമ്പുന്ന 'കടലിന്റെ മണം'
|പുറമേക്ക് ശാന്തവും സുന്ദരവുമായി കാണുന്ന മനുഷ്യമനസ്സുകള്‍ കലുഷിതമായ കടലാഴങ്ങള്‍ ആണെന്നും അവയില്‍ നിന്നും വമിക്കുന്ന ഗന്ധം കടലിന്റെ മണം പോലെ നിഗൂഢമാണെന്നും എഴുത്തുകാരന്‍ പറഞ്ഞുവെക്കുന്നു. പി.എഫ് മാത്യുസിന്റെ 'കടലിന്റെ മണം' നോവല്‍ വായന.
'' തിരിഞ്ഞു നോക്കിയാല്‍ പരിപൂര്‍ണ്ണമായ ഒരു അബദ്ധം മാത്രമായിരുന്നു ജീവിതം'' - പി.എഫ് മാത്യുസിന്റെ 'കടലിന്റെ മണം' എന്ന നോവലിലെ കഥാപാത്രം കഥയുടെ അന്ത്യത്തില്‍ ഇങ്ങനെ ഒരു ചിന്ത അനുവാചകരിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പല ജീവിതങ്ങളായി നോവലില്‍ ഉടലെടുക്കുന്നു. അതിഗംഭീരം എന്ന വാക്കില്‍ പോലുംപ്രശംസകുറഞ്ഞു പോകുന്ന അത്യപൂര്‍വമായ സൃഷ്ടിയാണ് കടലിന്റെ മണം.
സച്ചിദാനന്ദന്‍ എന്ന പൊതുമരാമത്തു വകുപ്പ് മേലുദ്യോഗസ്ഥന്റെ അമ്പത്തിമൂന്ന് വര്‍ഷമായി തുടരുന്ന ദിനചര്യക്കിടയില്‍ അവിചാരിതമായി കടന്നു വരുന്ന ഒരു ഫോണ്‍കാള്‍. പച്ചയും ചുവപ്പും നിറങ്ങളില്‍ തെളിയുന്ന ജീവിതം. ഏത് നിറവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ അയാള്‍ പച്ച തെരഞ്ഞെടുക്കുന്നിടത്ത് നോവല്‍ തുടങ്ങുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ചുവപ്പ് തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഈ നോവല്‍ സംഭവിക്കുമായിരുന്നില്ല. അതിപ്രധാനമായ ആ തെരഞ്ഞെടുപ്പ് മുതല്‍ ആകാംക്ഷയുടെ തിരിയും തെളിച്ചു വായനക്കാര്‍ സച്ചിദാനന്ദനെ പിന്തുടരും. കഥയുടെ അന്ത്യത്തില്‍ ഇനിയൊരു തുടര്‍ച്ചയില്ലെന്നോണം ചുവപ്പ് തെരഞ്ഞെടുത്ത് കഥ അവസാനിപ്പിക്കുകയും ചെയ്യുന്നു.
പേര് പോലും വെളിപ്പെടുത്താതെ കടന്നു വരുന്ന 'ഞാന്‍' എന്ന കഥാപാത്രം യാഥാര്‍ഥ്യത്തിനും മിഥ്യക്കും ഇടയിലുള്ള മായക്കാഴ്ചകളാണ് ചിലപ്പോഴൊക്കെ ജീവിതം എന്ന സത്യം വെളിപ്പെടുത്തുന്നു.
സഹോദരന്‍ അടിച്ചേല്‍പ്പിച്ച നിര്‍ബന്ധിത ജീവിതം ദുരന്തമായി മാറിയപ്പോള്‍ കുഞ്ഞിനെ വളര്‍ത്താനായി ശരീരം വിറ്റു ജീവിക്കേണ്ടി വന്ന സഫിയ കഥയില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി ആദ്യം മുതല്‍ അവസാനം വരെ നിലനില്‍ക്കുന്നു. സഫിയയുടെ വരവോടെ ഗതിമാറുന്ന അനേകം ജീവിതങ്ങള്‍. സച്ചിദാനന്ദന്റെ മകളായ മായ ശക്തമായ കഥാപാത്രമായി കഥാഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. മാറിവരുന്ന പെണ്‍മനസ്സുകളുടെ പ്രതീകങ്ങളാണ്മായയും സഫിയയും. എന്നാല്‍, സ്ത്രീയെ സമൂഹത്തിന്റെ ഇടുങ്ങിയ കാഴ്ച്ചപ്പാടുകളിലേക്ക് ഒതുക്കി നിര്‍ത്തുന്ന പിന്തിരിപ്പന്‍ തത്വങ്ങളോട് പ്രാതിനിധ്യം പ്രാപിച്ചവരായി സുലേഖയും ചിന്നമ്മയും ജീവിതത്തിലേക്ക് നോക്കി പകച്ചു നില്‍ക്കുന്നു. ഒടുവില്‍ സഹനത്തിന്റെ സര്‍വ്വ സീമയും കടന്നു ഉന്മാദത്തിന്റെ ആഴങ്ങളിലേക്ക് ആ അമ്മമാര്‍ഇറങ്ങിപ്പോകുമ്പോള്‍ വായനക്കാരില്‍ നോവിന്റെ കടലിരമ്പുന്നുണ്ട്.
അതിസൂക്ഷ്മമായ ഓരോ കഥാപാത്ര നിര്‍മിതിയുടെയുംചിന്താമണ്ഡലത്തിലൂടെ നീങ്ങുന്ന നോവല്‍ മനുഷ്യന്‍ ഒന്നല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ വെറും നിസ്സഹായരാണെന്ന് ബോധ്യമാക്കുന്നു. അതുകൊണ്ട് തന്നെ ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥ പെട്ടെന്ന് അനുവാചകര്‍ക്ക് മനസ്സിലാക്കാനും സാധിക്കുന്നു. പേര് പോലും വെളിപ്പെടുത്താതെ കടന്നു വരുന്ന 'ഞാന്‍' എന്ന കഥാപാത്രം യാഥാര്‍ഥ്യത്തിനും മിഥ്യക്കും ഇടയിലുള്ള മായക്കാഴ്ചകളാണ് ചിലപ്പോഴൊക്കെ ജീവിതം എന്ന സത്യം വെളിപ്പെടുത്തുന്നു.
പുറമേക്ക് ശാന്തവും സുന്ദരവുമായി കാണുന്ന മനുഷ്യമനസ്സുകള്‍ കലുഷിതമായ കടലാഴങ്ങള്‍ ആണെന്നും അവയില്‍ നിന്നും വമിക്കുന്ന ഗന്ധം കടലിന്റെ മണം പോലെ നിഗൂഢമാണെന്നും എഴുത്തുകാരന്‍ പറഞ്ഞുവെക്കുന്നു. അത്രമേല്‍ ഹൃദയത്തെ സ്വാധീനിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തു കടലിന്റെ മണം. അത്‌കൊണ്ട് തന്നെയാവും ഇടയ്ക്ക് വായന നിര്‍ത്തി വെക്കുമ്പോള്‍ ബാക്കി അറിയാനുള്ള ജിജ്ഞാസ എന്നെ ഭരിച്ചത്. ഉറക്കത്തില്‍ പോലും കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്നിറങ്ങാതെ എന്നെ പിന്തുടര്‍ന്നത്. കടല്‍ പോലെ വിശാലമേറിയതും ആഴമേറിയതുമായ മനുഷ്യജീവിതങ്ങളിലൂടെ അധികാര അടിമത്ത വ്യവസ്ഥിതികളോടും ആധുനിക വത്കരണത്തിന്റെ പൊയ്മുഖങ്ങളോടും ഗരിമയൊട്ടും ചോരാതെ എഴുത്തുകാരന്‍ പ്രതികരിക്കുന്നു.
കടലിന്റെ ഒരു തുണ്ട് പോലും പശ്ചാത്തലത്തില്‍ നീട്ടാതെ പല കഥാസന്ദര്‍ഭങ്ങളിലും കടലിന്റെ നിഗൂഢമായ മണം വായനക്കാര്‍ക്കായി ഒരുക്കി വച്ചിട്ടുള്ള ഈ നോവല്‍ മികച്ച ആഖ്യാനരീതി കൊണ്ട് അവസാനം വരെ ജിജ്ഞാസയും ഉദ്വേഗവും നിലനിര്‍ത്തുന്നുണ്ട്. ലൈംഗിക തൊഴിലാളികളെ എക്കാലവും നികൃഷ്ടരായി കാണുന്ന സാമൂഹിക വ്യവസ്ഥിതിയിലേക്ക്,സഫിയയെ പോലെയുള്ള ഒരു കഥാപാത്രത്തെ അനിഷ്ടത്തിന്റെയോ വെറുപ്പിന്റെയോ ഒരു കണിക പോലും വായനക്കാരില്‍ നിറയ്ക്കാതെ അവതരിപ്പിച്ച എഴുത്തുകാരന്റെ കഴിവ് പ്രശംസനീയം തന്നെയാണ്. ലളിതവും സുന്ദരവുമായ ഭാഷയാല്‍ സമ്പന്നമായ ഈ മനോഹര നോവല്‍ മലയാളസാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഡി. സി. ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.