പ്ലാന്‍ ബി - ലിവിങ് ടുഗെതര്‍ | നോവല്‍
|ലിവിങ് ടുഗെതര്‍ | നോവല്‍, അധ്യായം 19
പിന്നീടുള്ള സംസാരം തികച്ചും അണ്‍ഓഫീഷ്യല്‍ എന്ന നിലയിലേക്ക് മാറുകയായിരുന്നു. ഭാവനയ്ക്ക് സ്വന്തം അനിയത്തിയോട് എന്ന പോലെ താരകയോട് വാത്സല്യം തോന്നി. ഈ ചെറുപ്രായത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അതൊരു വീടാണോ കൊള്ള സങ്കേതമാണോ എന്നു പോലും തോന്നിപ്പോയി.
'പരപുരുഷ ബന്ധം സ്ഥാപിക്കാന്‍ വേണ്ടി ഭാര്യയായ എനിക്ക് എതിരെ ക്വൊട്ടേഷന്‍ കൊടുത്ത വെറും പെരട്ടയാണ് നഥാന്‍. അതിനുവേണ്ടി വിരിച്ച വലയുടെ ഭംഗി ആസ്വദിച്ച് അയാളുടേയും കൂട്ടാളികളുടേയും അഭിനയവും ഒരുക്കങ്ങളുമെല്ലാം കണ്ട് പുഞ്ചിരിയോടെ ഇരിക്കുമ്പോള്‍ 'നിന്റെ പെങ്ങള്‍ക്കും അമ്മക്കും കൂടി ഉണ്ടാക്കി കൊടുക്കടാ ശവമേ നിന്റെ സദാചാര ക്വൊട്ടേഷന്‍' എന്ന് വിളിച്ച് പറയാന്‍ അറിയാതെയല്ല. പക്ഷേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ടി.വിയിലൂടെ പുറത്ത് വരാന്‍ പോകുന്നത് മൃദുലയുടെയും അവളുടെ കാമുകന്മാരുടേയും ദാഹവും വിശപ്പും അടങ്ങിയ കാമലീലകള്‍ ആണെന്ന് അറിയാതെയുള്ള അവരുടെ കാട്ടിക്കൂട്ടലുകള്‍ ഞാന്‍ ആസ്വദിക്കുകയായിരുന്നു. ചതികള്‍ മുന്‍കൂട്ടി കണ്ട് അതെല്ലാം വിശ്വസനീയമായ ഇടങ്ങളില്‍ ഞാന്‍ ഏല്‍പ്പിച്ചിരുന്നു. ഡിവേഴ്സ് കിട്ടാനുളള പ്രധാന തന്ത്രമാണ് അവിഹിതം. ഈയടുത്ത് വളരെ വിവാദമായ ഒരു കേസില്ലേ? അതില്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവും അളിയനും തമ്മിലുളള ടെലഫോണ്‍ സംഭാഷണത്തില്‍ പറയുന്നത് നമ്മള് എല്ലാം കേട്ടിട്ടുള്ളതാണ്. അതിലെ പ്രതി ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. അയാള്‍ ജയിലില്‍ പോവുകയും ചെയ്തു. അയാള്‍ അയാളുടെ അളിയനുമായി നടത്തിയ ഒരു സംഭാഷണത്തില്‍ പറയുന്നുണ്ട് മ്യൂച്ചല്‍ ഡിവേഴ്സിന് നിര്‍ബന്ധിക്കാമെന്നും അതിനവള് സമ്മതിച്ചിട്ടില്ലെങ്കില്‍ അവള്‍ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് നാട്ടില്‍ പാടി നടക്കാം എന്നൊക്കെ. അവര്‍ പറഞ്ഞത് ശരിയാണ്, ഒരു സ്ത്രീയെ തളര്‍ത്താന്‍ ഇതുപോലെ നല്ലൊരു ആയുധം വേറെയില്ല. ഇങ്ങനെയൊന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് തകര്‍ന്നു പോയവരും ആത്മഹത്യ ചെയ്തവരും വീടുവിട്ട് ഇറങ്ങിപ്പോയവരും ബന്ധം ഒഴിഞ്ഞുപോയവരും എല്ലാം ഉണ്ടായിരിക്കും. അവരോട് എല്ലാം എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. പക്ഷേ എന്റെ കാര്യത്തില്‍ എനിക്ക് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തിയേ പറ്റൂ.
അതുകൊണ്ടുതന്നെ ആ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്ന് ഞാന്‍ ഒരു ചെറിയ അന്വേഷണം നടത്തി. അതില്‍ നിന്നും എനിക്ക് മനസ്സിലായത്. രണ്ടു കാര്യങ്ങളാണ്, ഒന്ന് അയാളുടെ കുടുംബത്തിന്റെ പാരമ്പര്യമായുള്ള സംശയരോഗം. അതിനുള്ള കാരണവും മറ്റൊന്നല്ല, സ്വന്തം മകള്‍ മൃദുലയ്ക്ക് ഉണ്ടായ പോലെ ഒരു പരപുരുഷ ബന്ധം മരുമകള്‍ക്കും കാണുമെന്നുള്ള കണക്കു കൂട്ടല്‍. മകളോട് പ്രതികരിക്കാനോ നിലക്ക് നിര്‍ത്താനോ കഴിയാത്തത് മരുമകളോട് കാണിക്കാനുള്ള വെമ്പല്‍! വര്‍ഷങ്ങള്‍ക്ക് മുമ്പ് മകളുടെ രഹസ്യങ്ങള്‍ ഒതുക്കിത്തീര്‍ത്ത് അവള്‍ക്കൊരു വിവാഹബന്ധമുണ്ടാകാന് ഓടി നടന്നവര്‍ ഇന്ന് അതേ കാരണങ്ങള്‍ ആരോപിക്കുകയും, ആരോപണങ്ങള്‍ക്ക് വ്യാജ തെളിവ് ഉണ്ടാക്കാനും, ആ അനാശാസ്യ വാര്‍ത്തക്ക് മാധ്യമങ്ങളിലൂടെ ന്യൂസ് പബ്ലിസിറ്റി കൊടുത്ത് നാറ്റിക്കാനുമായി ഓടി നടക്കുന്നു. ഇത്തരത്തിലുള്ള അവരുടെ കുടുംബത്തിലെ പെണ്ണ് വിവാഹത്തിന് മുമ്പ് തന്നെ വല്ലവന്റേയും കൂടെ കിടന്ന് കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളു. ഫ്രസ്ട്രേഷന്റെ അങ്ങേതലക്കല്‍ ജീവിക്കുന്ന ഒരു കുടുംബം- അതിനപ്പുറം വേറെ എന്തെങ്കിലും ഉണ്ടോ അവരെ അടയാളപ്പെടുത്താന്‍? നല്ല രീതിയില്‍ ജീവിച്ചിരുന്ന എത്രയോ കുടുംബങ്ങള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും പരദൂഷണം കാരണം നശിച്ചു പോയിട്ടുണ്ട്. പക്ഷേ, സ്വയം നശിക്കാന്‍ സ്വന്തമായി തിരക്കഥയും രചനയും സംവിധാനവും രചിച്ച് മുന്നിട്ട് ഇറങ്ങിയ കുടുംബത്തെ ഞാന്‍ ആദ്യമായാണ് കാണുന്നത്. അതെല്ലാം ഓര്‍ക്കുമ്പോള്‍ തന്നെ ശരീരത്തില്‍ പുഴു അരിയ്ക്കുന്നതു പോലെയാണ്.' താരക നിസംഗ ഭാവത്തില്‍ പറഞ്ഞു.
'ഇത്രയും മോശമായ ഒരാളെ ഇനിയും ജീവിതത്തില്‍ ആവശ്യമുണ്ടോ?'
താരക പുച്ഛമായ ചിരിയില്‍ ഉത്തരം ഒതുക്കാന്‍ ശ്രമിച്ചു. പക്ഷേ, അതൊരു കരച്ചിലില്‍ അവസാനിച്ചു.
'കുട്ടികളെ വെച്ച് വില പേശുന്നവര്‍ക്ക് ആ കുട്ടികളും സ്വന്തമായി വ്യക്തിത്വമുള്ളവരാണ് എന്നും അവരും മനസ് ഉള്ളവരാണ് എന്നും ഓര്‍ക്കാറില്ല. എന്നിട്ടും അയാളും കുടുംബവും എന്നോട് ചെയ്ത സകല വൃത്തികേടുകളും ചെയ്തികളും ഞാന്‍ പൂര്‍ണ മനസ്സോടെ മറക്കാനും പൊറുക്കാനും തയ്യാറായിരുന്നു. പക്ഷേ, അതിനെല്ലാം മാറ്റം വന്നത് അവര്‍ എന്നോട് ചെയ്ത അവസാനത്തെ ഒരു പ്രവൃത്തിയിലാണ്. അത്... അത്... എനിക്ക് മറക്കാനും പൊറുക്കാനും സാധിക്കില്ല. ലോകത്ത് ഒരു പെണ്ണും അത് ക്ഷമിക്കുകയില്ല. സ്വന്തം ഭാര്യയെ ലോകത്തിന് മുമ്പില്‍ ചീത്ത സ്ത്രീയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി... ഛെ.... ഇത്രയും നീചമായ പ്രവൃത്തി... അത്രയ്ക്കും വേണ്ടായിരുന്നു. ' മുഴുമിപ്പിക്കാതെ താരക പറഞ്ഞു നിര്‍ത്തി.
ഭാവനയുടെ കണ്ണുകള്‍ വികസിച്ചു. 'എഴുതി തന്നാല്‍ മതി. ഇതും കൂടി ചേര്‍ന്നാല്‍ അവന് പിന്നെ അഴികള്‍ എണ്ണി തീര്‍ക്കാന്‍ പോലും ബാക്കിയുള്ള ജീവിതം മതിയാകില്ല.'
താരക ബാഗില്‍ നിന്നും ഒരു ഫയല്‍ എടുത്ത് എസ്.പിക്ക് നേരെ നീട്ടി. 'ഇതില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും പരമാവധി ശിക്ഷ വാങ്ങിച്ച് കൊടുക്കണം. ഭാര്യയെ ചുവന്ന തെരുവില്‍ കൊണ്ടു പോയി വിറ്റിരുന്ന ഭര്ത്താക്കന്മാരുടെ കഥകള്‍ കേട്ട് ഞാന്‍ ഭയപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്വന്തം വീടിനകത്തേക്കും ഭാര്യയെ സമീപിക്കുവാനായി ഒരുത്തനെ കയറ്റി വിടാന്‍ ധൈര്യം കാണിക്കുന്ന കുടുംബത്തിന്റെ കുടിലത ഇനിയും വെച്ച് പൊറുപ്പിക്കാനാകില്ല.'
'നിങ്ങളുടെ പേഴ്സണല്‍ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല, അതെന്റെ തൊഴിലിന്റെ ഭാഗവുമല്ല. പക്ഷേ, ഇത്രയും കാര്യങ്ങള്‍ എന്നോട് തുറന്നു പറഞ്ഞ ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ചോദിക്കുകയാണ്: ഇതുപോലെ ഒരു ഭര്‍ത്താവിനെ നിങ്ങള്‍ക്കോ അഥവാ, ഇതുപോലെ ഒരു അച്ഛനെ നിങ്ങളുടെ മകള്‍ക്കോ യഥാര്‍ഥത്തില്‍ ആവശ്യമുണ്ടോ?'
'മാഡം ചോദിച്ചത് നിരവധിപേര്‍ എന്നോട് ചോദിച്ച ചോദ്യമാണ്. അവരോട് എല്ലാം ഞാന്‍ മറുപടിയും പറഞ്ഞിട്ടുണ്ട്. എങ്കിലും ഞാന്‍ കുറച്ചു കൂടി വ്യക്തമായി പറയാം, എത്രയോ പെണ്‍കുട്ടികള്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തുവെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ മരിച്ചുവെന്നോ നാം ദിനവും വായിക്കാറും കേള്‍ക്കാറുമുണ്ട്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുഭവിക്കാന്‍ കഴിയാവുന്നതിന്റെ അങ്ങേയറ്റം എത്തുമ്പോള്‍ സംഭവിച്ചു പോകുന്നതാണ് അതെല്ലാം. ജയിക്കാന്‍ വേണ്ടി അത്രയേറെ പോരാടി കഴിഞ്ഞ് ഇനി മുമ്പോട്ട് സാധ്യമല്ല എന്ന് തോന്നുമ്പോള്‍ അവരെടുക്കുന്ന തീരുമാനം. പിന്നെ സാധാരണയായി പറഞ്ഞു കേള്‍ക്കുന്നതാണ് 'നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട' എന്നുള്ളത്. അതെല്ലാം വെറുതെ ഉപദേശിക്കാന്‍ എളുപ്പമാണ്. ഉപദേശിക്കുന്നത് പോലെ അത്ര എളുപ്പമല്ല അനുഭവിക്കുന്നത്. അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതിന്റെ തീവ്രത എത്രയെന്ന് മനസ്സിലാവുകയുള്ളൂ. ഞാന്‍ ഈ അവസ്ഥയില്‍ എത്തുന്നതുവരെ ഇതുപോലെയൊക്കെ തന്നെയാണ് ചിന്തിച്ചിരുന്നത്. പക്ഷേ, ഇന്ന് ഇതുപോലെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന എന്റെ ഓരോ സഹോദരിമാരുടെയും വേദനയും എനിക്ക് മനസ്സിലാകും. എന്നാല്‍, ഞാന്‍ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവള്‍ അല്ലായിരുന്നുവെങ്കില്‍ എനിക്കും ആരെയെങ്കിലും ഒക്കെ ഉപദേശിക്കാന്‍ എളുപ്പമായിരുന്നു. എന്റെ തലയില്‍ നിന്നും ഈ മാന്‍ഡ്രേക്കിനെ ഇപ്പോള്‍ ഞാന്‍ ഇറക്കി വിട്ടാല്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൂടി ജീവിതം സമാനമായ രീതിയില്‍ തകര്‍ക്കും. മറ്റൊരു കുടുംബം കൂടി തകരും. സ്വന്തം മകളുടെ ജീവിതം തകരുന്നത് കണ്ട് എന്റെ അച്ഛനമ്മമാരെ പോലെ തന്നെ മറ്റൊരു അച്ഛനും അമ്മയും കണ്ണുനീര് പൊഴിക്കും. അതിന് എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ ശക്തമായ നിയമനടപടിക്ക് ഞാന്‍ തയ്യാറാണ്.'
കുറച്ചുനേരത്തെ സംസാരത്തിനു ശേഷം കണ്ണുകള്‍ തുടച്ചുകൊണ്ട് താരക എഴുന്നേറ്റു.
'അന്ന് ഞാന്‍ പറയാന്‍ വന്ന കാര്യങ്ങള്‍ എന്തായാലും ഇന്ന് എന്റെ ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും വായില്‍ നിന്ന് പൊലീസ് അറിഞ്ഞു കാണുമെന്നതിനാല്‍ ഇനി എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. ഈ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും എല്ലാം ടി.വി സ്ക്രീനില്‍ ആണെങ്കില്‍ അതൊരു സിനിമയാണെന്നോ സീരിയല്‍ ആണെന്നോ ആശ്വസിച്ച് ഇരിക്കാമായിരുന്നു. പക്ഷേ, ഇത് ജീവിതമായി പോയി. നമ്മള് ഒരിക്കലും വിചാരിക്കില്ല സ്ക്രീനില്‍ നടക്കുന്ന പോലെ പരദൂഷണവും പാരവെയ്പ്പും എല്ലാം ജീവിതത്തിലും സംഭവിക്കുമെന്ന്. കയറി വരുന്നത് പൊലീസ് റൂമിലേക്ക് ആയതിനാല്‍ മോളെ കെയര്‍ റൂമില്‍ ഇരുത്തിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. '
'ഇനിയും പുറം ലോകം അറിയാത്ത രണ്ട് കാര്യങ്ങളെക്കുറിച്ചാണ് എനിക്ക് താരകയോട് ചോദിക്കാനുള്ളത്. ഒന്ന്, ചന്ദ്രികയുടെ വര്‍ഷങ്ങളായി നീണ്ടു നില്ക്കുന്ന ആത്മഹത്യാ ഭീഷണി, രണ്ട് നിങ്ങള്‍ക്കെതിരെ ചന്ദ്രികയും കുടുംബവും നടത്തിയ അഡല്‍ട്ടറി ക്വേട്ടേഷനില് നിന്നും എങ്ങനെ രക്ഷപ്പെട്ടു? '
'മൃദുലയും അവളുടെ മറ്റേ ചെക്കനും കൂടി എവിടെ പോയി താമസിച്ചാലും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും അവര്‍ താമസിക്കുന്ന ഇടത്തില്‍ പോയി ചന്ദ്രികയും ബാഹുലേയനും നഥാനും കൂടി അവര്‍ക്കു മുമ്പില്‍ വെച്ച് ആത്മഹത്യ ചെയ്യും എന്നായിരുന്നു ഭീഷണി. അതിന്റെ കൂട്ടത്തില്‍ കത്ത് എഴുതി വെച്ച് ചാകുമെന്നും വീമ്പടിച്ചിരുന്നു. ഒരു തരി പൊന്നു പോലും തരില്ലെന്നും പോയാല്‍ അവര്‍ മൂന്നു പേരും ചേര്‍ന്ന് അവള് താമസിക്കുന്ന ഇടത്തില്‍ പോയി ആത്മഹത്യ ചെയ്യുമെന്നും യാതൊരു വിധത്തിലും ജീവിക്കാന്‍ സ്വസ്ഥത കൊടുക്കില്ലെന്നും പറഞ്ഞ് അവര്‍ ഒരു ഭ്രാന്തിയെ പോലെ അലറുകയും വയലന്റ് ആകുകയും ചെയ്തു. സ്വന്തം വീട്ടില്‍ ഇത്രയും മാലിന്യം ഉണ്ടായിരിക്കുമ്പോഴാണ് അവര്‍ മറ്റുള്ളവരുടെ മുഖത്ത് ചളി ഉണ്ടെന്ന് ആരോപിക്കുന്നത്. ഇതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ മകന്റെ ജീവിതം തകര്‍ക്കാനും ഉപയോഗിക്കുന്നത്. ആ തള്ളക്ക് നല്ല മുഴുത്ത ഭ്രാന്താണ്. അതിന്റെ ഭര്‍ത്താവിനും മകനും ചങ്ങലയ്ക്കിടാന്‍ ഭയമായത് കൊണ്ട് ഇടയ്ക്കിടെ ആത്മഹത്യ ഭീഷണി മുഴക്കും. വനിത കമീഷനോ പൊലീസിനോ കലക്ടര്‍ക്കോ ഒക്കെ കത്തെഴുതി വെച്ച് ചാവും എന്ന് പറയുന്ന ആള്‍ക്ക് ചാവാന്‍ ഉള്ള ഒരു ഉദ്ദേശവും ഇല്ലെന്ന് മനസിലാക്കി കൂടെ. അവരൊട്ട് ചാവുകയും ഇല്ല, ബാക്കിയുള്ളവരെ ജീവിക്കാന്‍ വിടുകയും ഇല്ല എന്നതാണ് അവരുടെ നയം. ഇതുപോലെയുള്ള വിഭ്രാന്തികള്‍ അംഗീകരിച്ച് കൊടുക്കുന്ന എല്ലായിടത്തും ഇതുപോലെയുള്ള തകര്‍ച്ചകളും പതിവാണ്. ഇതെല്ലാം ഞാന്‍ വിളിച്ചു പറയുന്നത് മറ്റൊന്നും കൊണ്ടല്ല. എന്നെ ഇത്രയും രാക്ഷസീയമായ രീതിയില്‍ അപകടപ്പെടുത്താന്‍ നോക്കിയവര്‍ നാളെ എന്നെ കൊല്ലാനും മടിക്കില്ല. അതിനു മുമ്പ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ മുഖംമൂടി ലോകം അറിയണമെന്ന് തോന്നി.' അവള് അടക്കം പറഞ്ഞു.
'ഉം.. ഒരു അവസാന ചോദ്യത്തിന്റെ ഉത്തരം കൂടി പറഞ്ഞിട്ട് താരകയ്ക്ക് പോകാം. താരകയെ അന്യപുരുഷനുമായി ചേര്‍ത്തി ചതിയില്‍ പെടുത്തി അനാശാസ്യ ബന്ധത്തിന്റെ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാനായുള്ള ആ മൂന്ന് കൃമികളുടെയും സൂത്രധാരാ നടപടികള്‍ എങ്ങനെ മുന്‍കൂട്ടി അറിഞ്ഞു? അത് എങ്ങനെ തടയാന്‍ കഴിഞ്ഞു? അതില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടു?'
അതിന്റെ ഉത്തരം ഫയലില്‍ ഉണ്ടെന്ന ഭാവത്തില്‍ അവള് ഫയല്‍ നോക്കി മന്ദഹസിച്ചു. അര്‍ഥം മനസിലായ എസ്.പി ഫയല്‍ മറച്ചു നോക്കി നിഗൂഢമായി ചിരിച്ച് പ്ലാന്‍ ബി എന്നെഴുതിയ പേപ്പറിലേക്ക് സൂക്ഷിച്ച് നോക്കി കുറച്ചുനേരം നിശബ്ദയായും നിശ്ചലമായും ഇരുന്നു.
Oh my god.... This is a terrible Plan B..!
(തുടരും)
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.