മരിച്ചവരുടെ ഭാഷ
|| കവിത
ഞാന്‍ മൃതദേഹത്തിന്റെ
ഭാഷ പഠിക്കുകയായിരുന്നു.
അത് മൗനമായ് എന്നോട് സംസാരിച്ചു കൊണ്ടിരുന്നു.
ജീവിത വിരക്തിയോ
മരണത്തോട് അഗാധമായ
ആസക്തിയോ
എന്താണ്
മരണകാരണമെന്ന്
ചികയുമ്പോഴാണ്
അവള്‍
ഹൃദയത്തില്‍
തീക്ഷ്ണപ്രണയത്തിന്റെ ആഴമേറിയ മുറിപ്പാടുകള്‍
കാണിച്ചു തന്നത്.
അവളുടെ
തൊണ്ടക്കുഴിയിലിരുന്ന്
ശ്വാസംകിട്ടാതെ
പിടഞ്ഞുമരിച്ച വാക്കുകളില്‍ ചിലത് എനിക്ക് കിട്ടി.
ഒരു ദീര്‍ഘചുംബനത്തില്‍ അലിഞ്ഞുചേര്‍ന്ന
ചുണ്ടുകളില്‍
അവന്റെ പേരിന്റെ
ആദ്യാക്ഷരം ഞാന്‍ വായിച്ചെടുത്തു.
ജീവിത നിരാസങ്ങളുടെ
നീണ്ട പട്ടിക
അവളുടെ തലച്ചോറില്‍
പുതഞ്ഞ് കിടന്നിരുന്നു.
തണുത്തുറഞ്ഞ ഞരമ്പുകള്‍
ജീവിതതൃഷ്ണയുടെ
അവശേഷിക്കുന്ന
രക്തസാക്ഷികളായി മാറി.
ആമാശയത്തില്‍
പ്രണയത്തിന്റെ അമ്ലരസം
തികട്ടിക്കിടന്നിരുന്നു.
നീണ്ട വിരലുകളില്‍
അവന്റേതെന്ന് തോന്നിക്കുന്ന
മുടിയിഴകള്‍ കൊരുത്തു വച്ചിരുന്നു.
വെളുത്തു കൊലുന്ന ഉടലില്‍
വിയര്‍പ്പുപ്പുകളുടെ
ഉന്മാദഗന്ധം
പഴകി കിടന്നിരുന്നു.
ഒരിക്കലും അവസാനിക്കാത്ത
സ്വപ്നമായ് പ്രണയം
അവളുടെ കണ്‍പോളകള്‍ വലിച്ചടച്ചിരുന്നു.
ഇതൊരാത്മഹത്യയല്ല, കൊലപാതകമാണെന്ന്
ഞാന്‍ കുറിച്ചിടാനൊരുങ്ങുമ്പോള്‍
അവളെ സ്‌നേഹിച്ചു കൊന്നവന്റെ
നാല്‍പതു പ്രാര്‍ത്ഥന
തൊട്ടടുത്ത സെമിത്തേരിയില്‍ നടക്കുന്നുണ്ടായിരുന്നു.
അതില്‍ പങ്കെടുക്കാന്‍
പ്രേത പരിശോധന മുറിയില്‍ നിന്നവള്‍
തിരക്കിട്ടിറങ്ങിപ്പോയ്!