നമുക്ക് വേണ്ടാത്ത നമ്മെ കാത്തിരിക്കുന്ന വഴികള്‍
|| കവിത
നമ്മെ ബന്ധിപ്പിക്കുന്ന
വേരുകളറുത്തു മാറ്റുമ്പോള്‍
നിന്നിലൊലിച്ചുനീറുന്നൊരുണല്‍
എന്നില്‍ നിറം മാറിയലറിയാര്‍ക്കുന്നു
വരിവെള്ളം.
കാണാതാകുമ്പോള്‍
മഴചുമന്നിടിക്കും മിടിപ്പുകള്‍
കാലിടുക്കിലെയുറവകള്‍
കാട്ടുവള്ളികള്‍ പോലെ
വരിഞ്ഞു മുറുക്കുന്നു.
കേള്‍ക്കാം
കരച്ചിലിന്റെ മധുരം
ഉറവെടുക്കാനൊരുങ്ങുന്ന
പുഴയുടെ മര്‍മ്മരം.
കണ്മുന്നിലേക്ക് പറിച്ചു നട്ടതിന്റെ നീറ്റലുമെല്ലാമെങ്കിലും
ഞാനൊളിപ്പിച്ച
പൂക്കളില്‍ തേന്‍ കുടിക്കാന്‍
വരുമെന്നൊരാശ്വാസം.
സാരമില്ലെന്നുപറയാന്‍
ഒരുപാടുണ്ടാളുകള്‍
കണ്ണീര്‍ കുടിച്ചുവറ്റിക്കാന്‍ മാത്രം
കരുത്താര്‍ന്ന കരങ്ങളുമുണ്ട് ചുറ്റും.
കണ്ണുകളില്‍
സദാപൊട്ടിത്തെറിക്കുമൊരഗ്നി പര്‍വ്വതം.
ഒലിച്ചിറങ്ങുന്ന ലാവ
വീര്‍ത്തവയറുവരച്ചുകളിച്ച
ചെറുചാലുകളിലൂടെ
നീ വന്ന വഴി തിരഞ്ഞുതിരഞ്ഞ്
പൊക്കിള്‍കുഴിയിലൂടെ
ഗര്‍ഭപാത്രത്തിലേക്കിറ്റിറ്റു
വീണടിഞ്ഞുകൂടി
ഗുഹ്യവായ്മുഖം
ഒരിക്കല്‍ കൂടി
നിന്നെ പെറ്റുനോക്കാന്‍
അട്ടഹസിക്കുന്നു.
**************************