ചാന്ദ്‌നി ചൗക്
|| കവിത
ആരാണ് രാജ്ഞി?
അന്തപുരത്തിലെ
കിളിവാതിലുകള്‍ തീര്‍ത്ത
ലോകത്തെ ആസ്വദിക്കുന്ന
പട്ടുപുടവയണിഞ്ഞവള്‍
മഞ്ഞലോഹം ധരിച്ചവള്‍
വജ്രക്കല്ലുകള്‍ പതിച്ച
കിരീടമണിഞ്ഞവള്‍..
രാജാവിന്റെ
അടിമ..
'ജഹനാരാ..
ചരിത്രം തിരുത്തിയവളേ..
ചന്ദ്രപ്രഭയില്‍ മുങ്ങിയ
നിന്റെ തെരുവോരത്തു
ഞാനൊരുവളെ കണ്ടു..!
ഹാ..!
ജീവിതത്തിന്റെ ഓളവും താളവും
നഷ്ടപ്പെടാതിരിക്കാന്‍
അവളണിഞ്ഞ കിരീടം..!
അവളൊരു യോദ്ധാവാണ്..
അവളുടെ ലോകത്തിന്റെ
സര്‍വ്വസൈന്യാധിപ..!
അവളെന്തിനോടെന്നോ പൊരുതുന്നത്..?
വിശപ്പിനോട്..!
ഞാനിപ്പോ
പാതി മുറിഞ്ഞൊരു ചന്ദ്രപ്രഭ കാണുന്ന
കൗതുകത്തിലാണ്.
ശിരോലങ്കാരത്തിലെ
ഓരോ തൂവലുകളും
ഉതിര്‍ന്നു വീഴുമ്പോള്‍
അവളുടെ കണ്ണുകള്‍ക്ക്
തിളങ്ങുന്ന ചിറകുമുളയ്ക്കുന്നത്
കാണുന്ന കൗതുകത്തിലാണ്..
അവളെക്കാത്തൊരു
കുടിലിന്റെപുഞ്ചിരി
എന്നെ തഴുകുന്ന
കാറ്റ് മൂളുന്നുണ്ട്..!
ജഹാനാരാ..
നിന്റെ തെരുവിലൂടെ
നിലാവെട്ടത്തിലൊ -
രൊഴിഞ്ഞ
തോണി പോല്‍
ഇളകിയിളകി
ഒഴുകുന്ന അവളില്ലേ..!
അവളുമൊരു രാജ്ഞിയാണ്..!