നെഞ്ചുടുക്കുകള്‍
|| കവിത
'മറന്നോ..?'
'ഇല്ലല്ലോ..'
ഓര്‍മ്മയുടെ കാടിളകി നെഞ്ചിലേക്ക് നിറയുന്നു.
ഒത്ത നടുക്ക് മുടിയഴിച്ചിട്ട ഭ്രാന്തിപ്പനമരം .!
ഇടനാഴിയില്‍ നിന്നും തലയിട്ടു പാളി നോക്കിയാല്‍ ഒട്ടൊരു നീളമുള്ള ഇരുണ്ട
ക്ലാസ്സ് റൂമിന്റെ അറ്റത്തുള്ള തൂക്കുമരം.
നീളന്‍ വരാന്തയുടെയറ്റത്ത് നിരത്തിയുറപ്പിച്ച മരപ്പലകകള്‍ക്കടിയില്‍ പ്രേതങ്ങളുടെ ശവകുടീരം.
അന്ന് പ്രേതങ്ങളുടെ കഥകള്‍ മാത്രമായിരുന്നു നിറഞ്ഞു നിന്നത്. ഓടി വരുന്ന പേടിയെ ഒച്ചവെച്ചു അകറ്റിയോടുമ്പോൾ പനമരത്തിന്റെ നിഴലിൽത്തട്ടി എത്രയോ വീണു പോയിട്ടുണ്ട്.
കിഴക്കേ അതിരിലെ കുളം നിറയെ പായലായിരുന്നു. അതില്‍ നിറയെ ഒടിസേവയുടെ രക്തസാക്ഷികളുടെ ആത്മാക്കള്‍ ആയിരുന്നെന്ന് ... തലയില്‍ ആണിയടിച്ചൊരു യക്ഷിയെ കുളത്തിന്റെ ഒത്ത നടുക്കൊരു കിണറില്‍ താഴ്ത്തിയിട്ടിരുന്നത്രെ.!
ഒടിമരുന്നില്‍ ചേര്‍ക്കാന്‍ ഗര്‍ഭിണികളെ മയക്കി ഗര്‍ഭത്തിലിരിക്കുന്ന പൈതങ്ങളെ മന്ത്രവാദം ചെയ്തു വയറ് കീറി എടുത്തു ആ കുളത്തില്‍ എറിയുമത്രേ!
ഉച്ചക്കത്തെ ഇന്റര്‍വെല്ലിന് ഉപ്പില്‍ കുഴച്ച ഞാവല്‍ പഴത്തിന്റെ മണമായിരുന്നു.
കരയിലടിഞ്ഞ പായലുകളെ നോക്കി ഞങ്ങള്‍ പിന്നെയും കഥയുണ്ടാക്കും.
'ഇന്നലെ കുളം ഒരു കടലായി മാറിക്കാണും. തലയില്‍ ആണിയടിച്ച യക്ഷിയെ കരയില്‍ കുടഞ്ഞു കാണും.
കണ്ടില്ലേ.. കാലടിപ്പാട്'
മുന്നിലൂടെ കടന്നു പോകുന്ന പൂച്ചയെ നോക്കി വട്ടം വരച്ച് ഇരുമ്പിന്റെ കഷ്ണം തിരയും. നടൂല് കുത്തി വെച്ചാ ഒടിയന്‍ ഓടിപ്പോവും.
പൂച്ചയപ്പോള്‍ സൂക്ഷിച്ചൊന്നു നോക്കും.
'ഒടിയനിതൊന്നും ഏശുന്നില്ല എന്ന് പറഞ്ഞു തിരിഞ്ഞോടും'
'ഒന്ന് രണ്ട് മൂന്ന്...
ഇനിയും കുളങ്ങളുണ്ട് അതിലൊക്കെയും ഓരോ കഥയും
ചുറ്റിലൊക്കെയും നിറഞ്ഞു നില്‍ക്കുന്ന മരങ്ങളും.
മരങ്ങളില്‍ നിറയെ കിളികളാണ്.
മരങ്ങള്‍ക്കടിയിലെ ഞങ്ങളോട് മത്സരിച്ചൊരു കുയില്‍ തോറ്റു തൊപ്പിയിട്ടു
മിണ്ടാതിരിപ്പുണ്ട്.
മഴ വീണു മരം പെയ്തപ്പോള്‍ മഴയത്തൊലിച്ചു പോയ പൊട്ടിച്ചിരികള്‍.
മരപ്പൊത്തില്‍ നിന്നും വര്‍ണ്ണ ശലഭങ്ങള്‍ വിളിച്ചു പറയുന്നു
' ഒരു കവിത ചൊല്ല്.. ചൊല്ല്'
മറന്നില്ലല്ലോ ഒന്നും.
ഓര്‍മകള്‍ക്കിപ്പോള്‍ പടിഞ്ഞാറെ കുളക്കരയിലെ മരത്തിലെ
ചെമ്പകപ്പൂമണമാണ്.